മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Saturday, June 28, 2008

ആ ഗോതമ്പ് ഉപ്പുമാവ് ഇപ്പോഴും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?????

ആ ഗ്രാമത്തില്‍ നിന്നും അന്നവര്‍ മൂന്ന് പേരും (അലവി, മധു, വര്‍ഗീസ്) ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്. അവരെയൊന്ന് ഇഴപിരിച്ചാല്‍ കിട്ടുക ഒരു പണക്കാരനായ ഒരു മേനോന്‍ കുട്ടിയും, ഇടത്തരക്കാരനായ ഒരു നസ്രാണി പയ്യനും, പിന്നെ ഒരു മുസ്ലിമായ കൂലിപണിക്കാരന്റെ മകനുമായിരുന്നു. ഒരുമിച്ച് ചിരിച്ചും കളിച്ചുമാണു അവര്‍ പള്ളിക്കുടത്തിലേക്ക് പോയിരുന്നതെങ്കിലും, രാവിലെ പള്ളിക്കുടത്തിലെ പ്രാ‍ര്‍ത്ഥനയ്ക്ക് മുമ്പേ അവരെത്തിയിരുന്നു. രാവിലെ ബിന്ദുവും, സുനിലും, ഖദീജയും കൂടി പാടുന്ന “അഖിലാണ്ഢമണ്ഢലമണിയിച്ചോരുക്കി.....അതിനുള്ളിലാനന്ദ ദീപം കൊളുത്തി.........“ എന്ന പ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു അവരുടെ പള്ളിക്കൂടത്തിലെ ഒരു ദിവസം ആരംഭിച്ചിരുന്നത്. പിന്നെ ഉച്ചക്ക് സ്കൂളില്‍ നിന്നും കിട്ടുന്ന ഗോതമ്പ് ഉപ്പുമാവ് കൊതിയോടെ പങ്കിട്ടും അവര്‍ കഴിച്ചിരുന്നു..... വൈകുന്നേരമാവുമ്പോള്‍ കളിച്ച് ചിരിച്ച് വീണ്ടും വീടുകളിലേക്ക്.....


ഇന്ന് മധുവിന്റെ കുട്ടി പോവുന്നത് “വിശ്വഭാരതി പബ്ലിക്ക് സ്കൂളില്‍”

അലവിയുടെ കുട്ടി പഠിക്കുന്നത് “ദാറുല്‍ നജ്ജാത്ത് ഇസ്ലാമിക് സ്കൂളില്‍”

വര്‍ഗീസിന്റെ കുട്ടി പഠിക്കുന്നത് “സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍”

അങ്ങിനെ മധുരമനോഹരമായ ഒരു നാളെയ്ക്ക് വേണ്ടി അവര്‍ അവരുടെ കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നു........ പക്ഷേ ആ പിഞ്ചുമനസ്സുകളില്‍ വന്നു നിറയുന്നതോ... ദുഷ്ടമനുഷ്യര്‍ ചവച്ചു തുപ്പുന്ന മതത്തിന്റെ കാളകൂടവിഷം.

ഹേയ്..“പിരാന്താ..അല്ലെങ്കില്‍ പിരാന്തി” ഈ വിഷം പരത്തുന്നതില്‍ എനിക്കും നിനക്കും പങ്കില്ലേ ???????????????