മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Tuesday, September 30, 2008

മലയാളത്തിലെ ആദ്യത്തെ മര്‍ഡോക്കിയന്‍ ബ്ലോഗ്...”മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍”

ഞാന്‍ നട്ടപിരാന്തന്‍.........നിങ്ങളറിയും പോലെ "നട്ടപിരാന്തന്‍ ഹോള്‍ഡിംഗ് കമ്പനി"യുടെ ജീവാത്മാവും, പരമാത്മാവുമായ ഞാന്‍, ഒരു ഫുഡ്ബോള്‍ മൈതാനം പോലുള്ള എന്റെ നെറ്റിത്തടവും, തെങ്ങില്‍ കോളാമ്പിമൈക്ക് വച്ചത് പോലുള്ള ആനചെവിയും, എന്തും മണത്ത് അറിയുന്ന ഡാകിനി മൂക്കും, പിന്നെ രണ്ട് കരാളഹസ്തങ്ങളും വച്ച്, ഏതോ അഭിശപ്ത നിമിഷത്തില്‍ ഒരു ബ്ലോഗും, അതിനു അനുസാരിയായി "നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍" എന്നോരു മീഡിയ ചാനലും സ്ഥാപിച്ചത് അതിന്റെ ഷയര്‍ഹോള്‍ഡെഴ്സാ‍യ നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലോ.

ഇത്രയും കാലമായി, നമ്മുടെ രണ്ട് സ്ഥാ‍പനവും, ഈ ബൂലോകത്തില്‍ ക്ലിക്കായിട്ടില്ല എന്നത്, എന്നെ പോലെ നിങ്ങള്‍ക്കും അറിയാവുന്നതാണ്.......മാത്രമല്ല നിങ്ങള്‍ നിക്ഷേപിച്ച തുകയ്ക്കുള്ള ഡിവിഡ്ന്‍സോ, ബോണസോ നിങ്ങള്‍ക്കൊട്ട് കിട്ടിയിട്ടുമില്ല.......ഷെയര്‍വാങ്ങി സ്ഥാപിച്ച കൈരളി, ഇന്ത്യാവിഷന്‍, ജയ്ഹിന്ദ് എന്നി ചാനലുകള്‍ ഇതു വരെ ഒരു നക്കാപിച്ച പൈസപോലും അതിന്റെ ഷെയര്‍ ഹോള്‍ഡേഴ്സിനു തിരിച്ചു നല്‍കിയിട്ടില്ലാത്തതിനാല്‍, എനിക്കും വേണെമെങ്കില്‍ പൊടിയും തട്ടിപോവാം, എങ്കിലും നമ്മുടെ ചാനലും, ബ്ലോഗും ക്ലിക്കാവാത്തതിനു അതിന്റെ പിന്നിലെ ചില തുണിയഴിച്ചിട്ട സത്യങ്ങളും, നിങ്ങളെ അറിയിക്കുവാനും, ബ്ലോഗും, ചാനലും എങ്ങിനെ ലാഭകരമായി നടത്തികൊണ്ട്പോവാം എന്നുള്ള എന്റെ ചില ചിന്തകളുമാണു ഞാനിവിടെ നിങ്ങളുടെ മുമ്പില്‍ വയ്കൂന്നത്.

സത്യത്തില്‍, ബൂലോകത്തില്‍ പ്രചാരത്തിലുള്ള പ്രശസ്തമായ 10-25 ബ്ലോഗിനെക്കാള്‍ 15248548455748658522548 ഹിറ്റ്, എല്ലാ ദിവസവും കൂടുതലാണു നമ്മുടെ ബ്ലോഗിന്, നമ്മളത് ബ്ലോഗില്‍ കാണിക്കാത്തതും, പിന്നെ വിളിച്ച് പറയാത്തതും നമ്മുടെ മര്യാദ.......കാരണം നമ്മള്‍ മനോരമയല്ലല്ലോ. മാത്രമല്ല നിങ്ങള്‍ നമ്മുടെ ബ്ലോഗിലെ പരസ്യത്തില്‍ കുത്തുമ്പോള്‍ നട്ടപിരാന്തന്‍ കാശു വാരുന്ന ഗൂഗിള്‍ പരസ്യതന്ത്രവും നമ്മള്‍ പരിക്ഷിച്ചിട്ടില്ല, "പണം നമ്മുക്ക് പുല്ലെടി.....പക്ഷേ ഇല്ലെടി" എന്നുള്ള വാറന്‍ ബഫറ്റിന്റെ പ്രശസ്തമായ മണിമാനേജ്മെന്റ് ആണല്ലോ നമ്മുടെ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ പോളിസി.

ബൂലോകത്തെ പല പ്രശസ്തബ്ലോഗ്ഗെഴുത്തുകാരായ വമ്പന്മാര്‍ക്ക് കഥയ്ക്കുള്ള ത്രെഡും, വമ്പത്തികള്‍ക്ക് കഥാബീജവും, സപ്ലെ ചെയ്യുന്നത് നമ്മുടെ "നട്ടപിരാന്തന്‍ ഹോള്‍ഡിംഗ് കമ്പനി"യാണെന്നുള്ള ഞെട്ടിക്കുന്ന രഹസ്യം ഞാനിവിടെ പരസ്യമാക്കുകയാണു.........കഴിഞ്ഞ 3-4 മാസമായി നമ്മുടെ കമ്പനി ത്രെഡും, കഥാബീജവും പല ബ്ലോഗന്മാര്‍ക്കും, ബ്ലോഗത്തികള്‍ക്കും കൊടുക്കാത്തതിന്റെ കുറവ് നിങ്ങള്‍ ബൂലോകത്തില്‍ കാണുന്നുണ്ടല്ലോ........ബൂലോകമെന്നാല്‍ “കൊടകരപുരാണം” എന്നാണെന്ന് വിചാരിച്ചിരുന്ന ബൂലോകവാസികള്‍, കഴിഞ്ഞ കുറേ മാസങ്ങളായി കാത്തിരുന്നാണു കൊടകരയില്‍ ഒരു പോസ്റ്റ് വായിച്ചത് അതും ഒരു പീറ കുണ്ഡലിനിയുടെ കഥ, പക്ഷേ അതിനും 125 കമന്റ് കിട്ടിയെന്ന് പറയുമ്പൊള്‍ നമ്മുക്ക് കണ്ണുകടിയുണ്ടായില്ല എന്നു പറയുന്നത് ഒരു വിരോധാഭാസമായിരിക്കുമല്ലോ..........പിന്നെ ബൂലോകരേ വെര്‍ളി പിടിപ്പിക്കുവാന്‍ ബെര്‍ളിയെന്നൊരുത്തന്‍ ബെര്‍ളിത്തരങ്ങള്‍ എഴുതുകയാണു......നമ്മുടെ സ്റ്റോക്ക് കിട്ടാതായപ്പോള്‍, പുരാണങ്ങളും, പഴയ സിനിമാകഥകളും മൊഴിമാറ്റി, ഉത്താരാധുനികമായ ചവറുകള്‍ എഴുതി ബൂലോകം മലീമസമാക്കുന്നു. പിന്നെ വിഷയങ്ങള്‍ കിട്ടാത്തവര്‍.......കരിവാരവും, മറ്റും ആചരിച്ച് കളിച്ചത് നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ......അങ്ങിനെ ഒത്തിരി പുലികളും, പുലിച്ചികളും......

ആ ബോഗ്ഗുകള്‍ വായിച്ചു രസിക്കുന്ന നിങ്ങള്‍, ഇങ്ങനെയൊരു കടുത്ത തീരുമാനത്തില്‍ നമ്മളെത്തിയതില്‍ ഇത്തിരി വിഷമിക്കുമെന്നറിയാം, എന്നാലും നിങ്ങളുടെ ഭാവി സന്തോഷത്തിലാണ് "നട്ടപിരാന്തന്‍ ഹോള്‍ഡിംഗ് കമ്പനി"യുടെ സംതൃപ്തി. ഇനി വിഷയത്തിലേക്ക് വരാം........ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏഷ്യാനെറ്റ് എന്ന ഒരു ചാനല്‍ മര്‍ഡോക്ക് എന്നോരു സായിപ്പ് വന്ന് വാങ്ങിയത് നിങ്ങള്‍ക്കറിയാമായിരിക്കുമല്ലോ.....സത്യത്തില്‍ ഞാനുമായുള്ള ഒരു മീറ്റിംഗില്‍ അറിയാതെ ആരോ ടിവി ഓണാക്കുകയും, അവരുടെ സ്റ്റാര്‍സിംഗര്‍ എന്ന പരിപാടി പുള്ളിക്കാരന്‍ കാണാന്‍ ഇടയായി....അതിലെ സ്റ്റാര്‍ കണ്ടാണു പുള്ളിക്കാരന്‍ അത് പുള്ളിക്കാരന്റെ സ്റ്റാര്‍ ആക്കാന്‍ തിരുമാനിച്ചത്......

“നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍” നമ്മുക്ക് ഒരു മഹാസംഭവമായി വളര്‍ത്തിയെടുക്കാവുന്നതേയുള്ളു, രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോണ്‍ബ്രിട്ടാസ് നടത്തിയ ഫാരിസ് ഗഫൂറ് അഭിമുഖം മാതിരിയൊന്ന്, അല്ലേങ്കില്‍........ഇന്ത്യാവിഷന്റെ മൂലക്കല്ല് ഒരിക്കലൂരിയ കുഞ്ഞാപ്പുവുമായി, നികേഷ് കുമാര്‍ നടത്തിയ ഒത്തുത്തിര്‍പ്പ് അഭിമുഖം പോലൊന്ന്, അങ്ങിനെ പലതും നമ്മുടെ പെട്ടിയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്......
.
എന്നിരുന്നാലും നമ്മളുമായുള്ള കച്ചവടത്തില്‍, “നട്ടപിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍” ഒരു നഷ്ടകച്ചവടമാണെന്ന് മനസ്സിലാക്കി പുള്ളിക്കാരന്‍ ഒഴുവായി........എന്നാല്‍ അതിനിരട്ടിയായി......നമ്മുടെ “മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍“ എന്ന ബൌദ്ധികബ്ലോഗ് മര്‍ഡോക്കുമായി കച്ചവടം ഉറപ്പിപ്പിക്കുകയും, അതിനു നല്ല ഒരു സംഖ്യ നമ്മുക്ക് പ്രതിഫലമായി കിട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.....അതിന്റെ ലാഭവിഹിതം നിങ്ങള്‍ക്ക് താമസിയാതെ കിട്ടുന്നതായിരിക്കും........

അതിനാല്‍ ബൂലോകത്തെ ആദ്യത്തെയും, അവസാനത്തെയും മര്‍ഡോക്കിയന്‍ ബ്ലോഗായി “മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍“ തിരഞ്ഞെടുത്തതായി നിങ്ങളെ ഞാന്‍ സസന്തോഷം അറിയിക്കുന്നു. ഞങ്ങള്‍ക്ക് പാരയായി ഇനി ആരെങ്കിലും മലയാളം മര്‍ഡോക്കിയന്‍ ബോഗ്ഗായാല്‍.......അവരുടെ ബ്ലോഗ്..........കണ്ടംതുണ്ടമാക്കുമെന്ന് ഇതിനാല്‍ ഭീഷണിപെടുത്തുന്നു.

മര്‍ഡോക്കിയന്‍ കരാര്‍ പ്രകാരം, ഇനി മുതല്‍ “മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍“ എന്ന ബ്ലോഗില്‍ തികച്ചും റിയലിസ്റ്റികായ പോസ്റ്റുകള്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും, അത് വായിക്കുവാന്‍ 21 വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

പുതിയ മര്‍ഡോക്കിയന്‍ ബിസിനസ് തന്ത്രങ്ങളായി തുടര്‍ന്ന് പ്രസിദ്ധീകരിക്കുവാന്‍ പോവുന്ന പോസ്റ്റുകള്‍ നമ്മള്‍ ഇവിടെ വായനക്കാരുടെ മുമ്പിലിടുകയാണ്.

1. ഖമറുന്നിസയുടെ ലൈംഗികകുറ്റകൃത്യങ്ങള്‍
2. സഖാവ് കുഞ്ഞിരാമേട്ടന്റെ ചില “വിസ്മയ”ചിന്തകള്‍
3. ഒരു ചന്തിയും ചില വാലെന്റെയിന്‍ ബലൂണ്‍ ബിസിനസ്സും...........ഇത്യാദി എരിവും പുളിയും, മസാലയും കൂട്ടിയ പോസ്റ്റുകളായിരിക്കണമത്രേ ഒരു മര്‍ഡോക്കിയന്‍ ബ്ലോഗിന്റെ മുഖമുദ്ര.

എഷ്യാനെറ്റിലെ കെ.പി.മോഹനന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ “നിങ്ങളുടെ സുന്ദരമസൃണമായ മുഖദാവില്‍ നിന്നും പൊഴിഞ്ഞിറങ്ങുന്ന പാല്‍ പുഞ്ചിരി വിരിഞ്ഞു കാണാനായി ഞാനോരു കാര്യം ചോദിക്കട്ടെ?

ചളമാക്കിയില്ലല്ലോ....................................കല്ലേറിഞ്ഞാലും, ഞാനീ മൊട്ടത്തലകൊണ്ട് തടുക്കും.Sunday, September 28, 2008

പ്രണയവും, ദാമ്പത്യവും............പിന്നെ........

പ്രണയം മനുഷ്യനു എത്തിച്ചേരാന്‍ കഴിയുന്ന ദൈവവസ്ഥയാണെങ്കില്‍ ദാമ്പത്യം മനുഷ്യനു ആയി്ത്തീരാന്‍ കഴിയുന്ന ഏറ്റവും ഉദാത്തമായ മനുഷ്യവസ്ഥയാണു. പ്രണയം ഉരുവാക്കപ്പെടുമ്പോള്‍ ആ വ്യക്തിയില്‍ ദൈവം പിറക്കുന്നു എന്നര്‍ത്ഥം. ദൈവം വിശ്വാസമാണു. ആ‍ നിറവ് വ്യക്തിയെ ദൈവത്തെപ്പോലെ സ്വയം സ്നേഹിക്കാനും തന്നില്‍നിന്നും വേര്‍പ്പെട്ടുപോയിനില്‍ക്കുന്നവയെല്ലാം തന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിയാനും സഹായിക്കുന്നു. ഭുമിയെ സ്വര്‍ഗ്ഗമാക്കി മാറ്റുന്ന പ്രണയകാലം അന്ത്യം വരെ നിലനിര്‍ത്താന്‍ ഒരിക്കല്‍ പ്രണയത്തില്‍ അകപ്പെട്ട ആരും കൊതിച്ചു പോവും.

ദൈവികമായ ആനന്ദം - ആത്മാവിന്റെ നിറവ്, ഇവ ഒരാള്‍ക്ക് അനുഭവിക്കാന്‍ കഴിയുക വ്യക്തി സ്വയം പൂര്‍ണ്ണമാകുമ്പോഴാണു. ഇവ ഒരുമിച്ചാണു സംഭവിക്കുക. ഒരാള്‍ പൂര്‍ണ്ണമാവുമ്പോള്‍ പ്രണയാതുരമാവുന്നു.പ്രണയാതുരമാവുമ്പോള്‍ പൂര്‍ണ്ണമാവുന്നു. ആണും പെണ്ണൂം പരസ്പരം പൂരിപ്പിക്കപെടുമ്പോള്‍ മാത്രം പൂര്‍ണ്ണമാവും വിധമാണു മനുഷ്യന്‍ എന്ന സൃഷ്ടി. ഈ പൂര്‍ണ്ണതയെ, ആനന്ദത്തെ നിത്യമായി നിലനിര്‍ത്താ‍ന്‍ ആഗ്രഹിച്ച മനുഷ്യന്‍ തങ്ങളാവും വിധം സമൂഹജീവിതത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു ക്രമമാണു ദാമ്പത്യവും, കുടുംബവും. അത് മനോഹരമാവുന്നത്....ആ വ്യക്തികള്‍ തമ്മിലുള്ള സ്നേഹബന്ധത്തിലാണു.

ബൈബിളിലെ ഉത്തമഗീതത്തിലെ പ്രണയമോ, കൈലാസത്തിലെ പ്രണയതുരമായ ദാമ്പത്യമോ എല്ലാം നമ്മള്‍ സങ്കല്‍പ്പിക്കാറുണ്ട്. അര്‍ദ്ധഭാഗം നാരിയായിരിക്കുമ്പോള്‍, മനുഷ്യന്‍ ഈശ്വരനാവുന്നു എന്ന സങ്കല്‍പ്പം പോലും നമ്മള്‍ ഉണ്ടാക്കിയതാണു. ഈ രണ്ട് ദാമ്പത്യങ്ങളും, എല്ലാ ദമ്പതികള്‍ക്കും പ്രണയത്തിലൂടെ മാത്രം എത്തിച്ചേരാ‍വുന്ന ഒരു സാദ്ധ്യതയായി പൂര്‍വ്വികര്‍ നമ്മുക്ക് മുമ്പില്‍ തുറന്ന് വച്ച അനുഭവമാണു. ഇപ്രകാരം സാദ്ധ്യതകള്‍ സ്വര്‍ഗത്തിലേക്കുള്ള വാ‍തിലായി തുറന്ന്കിടക്കുമ്പോഴും ദാമ്പത്യവും, കുടുംബവും ഒരു തടവറയാണെന്നും മനുഷ്യജീവിതത്തെ ഇത്രയേറെ ദുരന്തപൂര്‍ണ്ണമാക്കുന്നത് ഈ ദാമ്പത്യ-കുടുംബ വ്യവസ്ഥയാണു എന്നൊക്കെയുള്ള ചിന്തകള്‍ ആദ്യം മുതല്‍ക്കേ പ്രബലമാണു. എന്നാല്‍ ബദലായി ഉയര്‍ന്ന് വന്ന സങ്കല്‍പ്പങ്ങള്‍ക്കൊന്നും കാര്യമായ സാദ്ധ്യതകളെ തുറന്നു വയ്ക്കാനായില്ല. ആ സ്ഥിതിക്ക് മനുഷ്യന്റെ പരിമിതികളെ കൂടി പരിഗണിച്ച് ഇനിയും ഏറെനാള്‍ നാം നിലനില്‍ക്കുന്നത് നമ്മുടെ കുടുംബങ്ങളില്‍ തന്നെയായിരിക്കും. എന്നിരുന്നാലും ഇന്നത്തെ കുടുംബത്തിലെ പുരുഷാധിപത്യവും, ഹിംസയും, ആര്‍ത്തിയും ദുരയും വിമര്‍ശനവിധേയമാക്കപ്പെട്ടുകതന്നെ വേണം.

മനുഷ്യനിര്‍മ്മിതമായ ദാമ്പത്യത്തിനും കുടുംബത്തിനും ദൈവപരിവേഷം കല്‍പ്പിക്കുമ്പോള്‍ തന്നെ അവ കാലദേശങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത രൂപഭാവങ്ങള്‍ കൈക്കൊള്ളുന്നതും വെല്ലുവിളികള്‍ നിറഞ്ഞതുമാണു. മനുഷ്യന്റെതായ എല്ലാ പരിമിതികളും സാദ്ധ്യതകളും ഇതിന്റെ ഭാഗമാണു. പ്രണയവിവാഹത്തിലും, നിശ്ചയിക്കപ്പെട്ട വിവാഹത്തിലും ഇത് ഒരു പോലെ ബാധിക്കപ്പെടുന്നു.അതിനാല്‍ തന്നെ നിരന്തരം പുനര്‍നിര്‍മ്മിക്കപ്പെടുകയും, ശുശ്രൂഷിക്കപ്പെടുകയും ചെയ്യുക എന്നത് ഇവരുടെ സ്ഥായിയായ സ്വഭാവമാണു. അത് കൊണ്ടാവാം വിവാഹം പോലെതന്നെ വിവാഹമോചനവും ഒരു ആചാരമാവുന്നത്.

ദമ്പതിമാര്‍ പ്രണയാതുരമാണെങ്കില്‍ ആ കുടുംബം സ്വര്‍ഗ്ഗവും, അവിടെ കുഞ്ഞുങ്ങള്‍ മാലാഖമാരുമായിരിക്കും. എന്നാല്‍ അവര്‍ക്കിടയിലെ പ്രണയം നഷ്ടമാവുമ്പോള്‍ അവിടം മഹാനരകവും, കുഞ്ഞുങ്ങള്‍ക്കും നരകതുല്യമായ അവസ്ഥയായിരിക്കും വീട്ടില്‍. മൂന്ന് കാര്യങ്ങളാണു ലോകത്തില്‍ സുന്ദരമായിരിക്കുന്നത്. ഒന്ന്. സഹോദരങ്ങള്‍ സ്നേഹത്തോടെ വസിക്കുന്നത്, രണ്ട്: അയല്‍ക്കാര്‍ സ്നേഹത്തോടെ വസിക്കുന്നത്, മൂന്ന്: ദമ്പതികള്‍ സ്നേഹത്തോടെ വസിക്കുന്നത്. ആദ്യത്തെ രണ്ടും സാധ്യമാവണമെങ്കില്‍ മൂന്നാമത്തേത് ആദ്യത്തില്‍ സാദ്ധ്യമാവണം.

പ്രണയാതുരമായ ദമ്പതികള്‍ പരസ്പരം അഗ്നിയും കാറ്റും എന്നപോലെ ഒരാള്‍ മറ്റോരാളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും, പ്രണയം നഷ്ടമാവുമ്പോള്‍ അവര്‍ പരസ്പരം അഗ്നിയും ജലവും പോലെ പ്രണയത്തെ തല്ലിക്കെടുത്തുന്നു. അതുകൊണ്ട് തങ്ങളില്‍ ഉരുവാക്കപ്പെട്ട പ്രണയത്തെ നിലനിര്‍ത്തേണ്ടതും, അത് നിലനിര്‍ത്തുക എന്നതും മണ്‍കുടത്തിലെ നിധി കാക്കും പോലെ ശ്രദ്ധയേറിയ ഒന്നാണു.

പ്രണയം നഷ്ടമാവുമ്പോള്‍, പരസ്പരം പൂരകങ്ങളും, അനന്യരുമായി കഴിഞ്ഞവര്‍, അപരിചിതരും, ശത്രുക്കളുമായി മാറുന്നു. ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല്ല, മറിച്ച് ഒരു വലിയ മരത്തിന്റെ വേരു നിത്യവും കരണ്ട് കരണ്ട് എലി മരത്തെയുണക്കും പോലാണിത്. നമ്മളില്‍ തന്നെയുള്ള അഹന്ത ഇത് നിരന്തരം ഈ ജോലി ചെയ്യുന്നുണ്ട്. സ്നേഹം പോലെ തിന്മയും മനുഷ്യമനസ്സിലുണ്ട്.

പ്രണയികള്‍ വിവാഹിതരാവുമ്പോള്‍, അവരിലെ പ്രണയം അവസാനിക്കുന്നു, അവരുടെ ചരിത്രം അവിടെ ആരംഭിക്കുന്നു. പ്രണയം സ്വാതന്ത്ര്യവും, വിവാഹം ഉത്തരവാദിത്തവുമാണു എന്നോക്കെ നമ്മള്‍ സങ്കല്‍പ്പിക്കുന്നത് ഇത് മൂലമാവാം. എന്നാല്‍ വിവാഹത്തിന്റെ രണ്ട് ചിറകുകളാണ് സ്വാതന്ത്ര്യവും, ഉത്തരവാദിത്തവും. സ്വാതന്ത്ര്യത്തെ നേരിടാന്‍ സ്വാതന്ത്ര്യം തന്നെ ഉപയോഗിക്കണമെന്ന് നമ്മള്‍ മറന്ന് പോവുന്നു. ഉപേക്ഷിച്ച് പോവലല്ല ചേര്‍ത്ത്പിടിക്കലാണ് സ്വാതന്ത്യം.

ദമ്പതികള്‍ പ്രണയാതുരരെങ്കില്‍ കുഞ്ഞുങ്ങള്‍ എത്രമാത്രം ശാന്തപ്രകൃതരും സന്തുഷ്ടരുമായിരിക്കുമെന്ന് ഒരിക്കലെങ്കിലും അനുഭവിക്കാത്ത മാതാപിതാക്കന്മാരുണ്ടാവില്ല. എന്നാല്‍ കുട്ടികളെ വലിയവരുടെ ജീവിതം ജീവിക്കാന്‍ നാം നിര്‍ബന്ധിക്കുമ്പോള്‍ അവര്‍ കുട്ടികള്‍ അല്ലാതാവുകയും, അവര്‍ നമ്മുക്കൊരു ഭാരമാവുകയും ചെയ്യുന്നു. ദമ്പതികളില്‍ പ്രണയം നഷ്ടപെടുമ്പോഴാണു അവര്‍ അവര്‍ കുഞ്ഞുങ്ങളില്‍ അമിത പ്രതീക്ഷയര്‍പ്പിക്കുന്നതും മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുന്നതും ഇത് കുട്ടികളില്‍ അധികഭാരമാണു ഏല്‍പ്പിക്കുന്നത്. അവിടെ സ്നേഹമെന്ന പേരില്‍ നാം അവര്‍ക്ക് നല്‍ക്കുന്നത് ഇണയോടുള്ള ശത്രുതയായിരിക്കും.

മറ്റാര്‍ക്കും തകര്‍ക്കപ്പെടാനാവാ‍ത്ത വികാരത്തിന്റെ ഭാഷയായിരിക്കണം ദാമ്പത്യം, പ്രണയത്തെ ദാമ്പത്യത്തില്‍ കുടിയിരുത്താനുള്ള ഏകമാര്‍ഗ്ഗമാണത്.

(കടപ്പാട്‍...........ഡോ:റോസി തമ്പി, പിന്നെ തൊട്ടറിഞ്ഞ ഒത്തിരിയാളുകളോടും)

വാ‍ല്‍കഷ്ണം:

ഭര്‍ത്താവ്, പൂജിക്കുന്ന ദേവിയെപ്പോലെ ഭാര്യയെ ഹൃദയത്തില്‍ സുക്ഷിക്കുന്നു. ഹൃദയത്തില്‍ സ്നേഹം ഒളിച്ചുവയ്ക്കുന്നു. പക്ഷേ ഭാര്യയ്കാവശ്യം തുറന്ന സ്നേഹപ്രകടനമാണ്. അത് പ്രകടിപ്പിക്കുന്നവനത്രേ അവര്‍ക്ക് നല്ല ഭര്‍ത്താവ്.