മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Thursday, July 29, 2010

2- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. ബെര്‍ളി തോമസ്)

ഈ ആഴ്ചയില്‍ നട്ടപ്പിരാന്തുകളിലെ “ബ്ലാക്ക് & വൈറ്റ് അഭിമുഖത്തില്‍ പങ്കെടുക്കുന്നത് ശ്രീ. ബെര്‍ളി തോമസ് ആണ്. ബൂലോകത്തില്‍ യാതൊരു പരിചയപ്പെടുത്തലും വേണ്ടാത്ത ഒരു മലയാളം ബ്ലോഗര്‍.  ഈ ഇന്റര്‍വ്യൂവിന്റെ കാര്യത്തിനായിട്ടാണ് ഞാന്‍ ആദ്യമായി ബെര്‍ളിയെ വിളിക്കുന്നത്. എന്നോടുള്ള സംസാരത്തില്‍, ശ്രീ. ബെര്‍ളി പുലര്‍ത്തിയ മാന്യതയും, സ്നേഹവും എടുത്ത് പറയേണ്ടതാണ്. നമ്മള്‍ ഒരു വ്യക്തിയുടെ ബ്ലോഗ് വായിച്ച് ഒരു വ്യക്തിയെ ആ പോസ്റ്റിലൂടെ  അയാളുടെ സ്വഭാവത്തെ, ജീവിത വീക്ഷണങ്ങളെ, അല്ലെങ്കില്‍ ചില മുന്‍വിധികളോട് ചേര്‍ന്ന് വിലയിരുന്നത് തെറ്റാണെന്ന ഒരു നിലപാടിലാണ് ഞാന്‍ ഇത്തരം ഒരു അഭിമുഖത്തിന് തയ്യാറായത്.അങ്ങിനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബ്ലോഗരിലൂടെയുള്ള ഒരു യാത്രയാണ് “ബ്ലാക്ക് & വൈറ്റ് അഭിമുഖം”.  അതില്‍ പങ്കെടുക്കാന്‍ കാണിച്ച സൌമനസ്യത്തിന് ശ്രീ. ബെര്‍ളിയോട് എന്റെ അകമഴിഞ്ഞ സ്നേഹം ഇവിടെ പ്രകടിപ്പിക്കുന്നു. 

1-“ബെര്‍ളി തോമസ്” എന്നത് ഒരു ബ്ലോഗറുടെ പേരിനപ്പുറം, “ബെര്‍ളി” എന്ന നാമം ബൂലോകത്തൊരു “ബ്രാന്‍ഡ്” ആയി മാറിയതിനെ എങ്ങിനെ നോക്കി കാണുന്നു.?

അടിവാരം ഓമന, വട്ടവള തുളസി എന്നൊക്കെയുള്ളതുപോലെയൊരു ബ്രാന്‍ഡിങ് ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നു. ഒക്കെ വിധി അല്ലാതെന്തു പറയാന്‍.

2-പാര്‍ശ്വവല്‍ക്കപ്പെട്ടവരെ ശ്രദ്ധിക്കുകയും, അവരുടെ വിഷയം മറ്റാരും കാണാത്ത രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് ബെര്‍ളിയുടെ ഒരു കഴിവാണല്ലോ. അത്തരത്തില്‍ ബെര്‍ളി പുലര്‍ത്തുന്ന സമീപനത്തിന് ഉദാഹരണമല്ലേ “സില്‍സില“ എന്ന പുതിയ പോസ്റ്റ്?
യൂ ട്യൂബില്‍ ഏറ്റവും അധികം ഹിറ്റ് നേടിയ മലയാളം സംഗീത ആല്‍ബം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതാണ് എന്നത് തന്നെ തെറ്റാണ്. സത്യത്തില്‍ അതിനെ തെറിവിളിക്കുന്നവരാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍.അതുപോലെ തന്നെയാണ് എല്ലാ പോസ്റ്റുകളും, അല്ലാതെ വേറൊരു ശ്രമവുമില്ല.

3-ആര്‍ക്കും കമന്റ് ഇടാത്തത് ഒരു പോസ്റ്റിനും നിലവാരമില്ലെന്നു തോന്നുന്നത് കൊണ്ടാണോ?

നല്ല നല്ല ബ്ലോഗുകളില്‍ കയറി കമന്‍റിട്ട് ഞാന്‍ ആ ബ്ലോഗ് കൂടി നാറ്റിച്ചു എന്നാരും പറയാതിരിക്കാനാണ്. ഇതിപ്പോള്‍ ഞാനും ബ്ലോഗും മൊത്തത്തിലൊരു നാറ്റക്കേസാണെന്ന ചീത്തപ്പേരെയുള്ളൂ.
4-സ്വന്തം ബ്ലോഗിലെ പരസ്യത്തില്‍ നിന്നും വരുമാനം കിട്ടുന്നുണ്ടോ?

തീര്‍ച്ചയായും ഉണ്ട്.

5-എന്തുകൊണ്ടാണ് ബ്ലൊഗ് മീറ്റുകളില്‍ പ്രത്യക്ഷപ്പെടാത്തത്?

സുരക്ഷാപ്രശ്നം കൊണ്ടാണ്.
6-ആ‍രാണു‍/ആരൊക്കെയാണ് ബൂലോകത്തെ അടുത്ത സുഹൃത്തുക്കള്‍?

അടുത്ത ശത്രുക്കളുടെ പേരു ചോദിച്ചാല്‍ പറയാം.
7-ഗള്‍ഫുകാരോട് NRI / ഒരു പുച്ഛം ഉണ്ടോ? അതു വിദേശത്ത് പോകാന്‍ പറ്റാത്തതുകൊണ്ടല്ലേ?

ഗള്‍ഫുകാരോട് എനിക്കു ബഹുമാനമാണ്. പ്രവാസികളില്‍ നാടിനോട് നാട്ടിലുള്ള മലയാളിയെക്കാള്‍ സ്നേഹമുള്ളവര്‍ അവര്‍ മാത്രമാണ്. നാടിനുവേണ്ടി അധ്വാനിക്കുന്ന അവരോട് പുച്ഛം തോന്നുന്നവന്‍ മനുഷ്യനല്ല.

8-ഒരു പത്രപ്രവര്‍ത്തകന്‍ ആയ അനുഭവത്തില്‍ നിന്നും, അറിവില്‍ നിന്നും, സമൂഹത്തില്‍ അറിയപ്പെടുന്ന ഏതെങ്കിലും മാന്യവ്യക്തി, വ്യക്തിജീവിതത്തില്‍ അങ്ങിനെ അല്ലെന്നും, അതിനാല്‍ തന്നെ ആ വ്യക്തിയിലുള്ള വിശ്വാസം നഷ്ടപ്പെടുവാനുമായിട്ടുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ?

മുടിഞ്ഞ ജാഡയും അഹങ്കാരവുമാണെന്നു കരുതി മുട്ടാന്‍ ചെന്നിട്ട് വിനയപൂര്‍വമുള്ള പെരുമാറ്റം കൊണ്ട് എന്നെ ലജ്ജിപ്പിച്ചവര്‍ അനേകമുണ്ട്.

9- വിവാഹം കഴിച്ചിട്ടുണ്ടോ. വിവാഹിതനാണെങ്കില്‍ സ്കൂളിലോ, കോളെജിലോ, അല്ലെങ്കില്‍ ജീവിതത്തില്‍ എവിടെയെങ്കിലും വച്ച് പരിചയപ്പെട്ട കുട്ടിയാണോ വധുവായി വന്നത്?

ഉവ്വുവ്വ്.

10-ബൂലോകത്തിനു വെളിയില്‍ ബെര്‍ളി ആരാണ്?,( വീട്ടില്‍, നാട്ടില്‍, സുഹൃത്തുക്കളുടെ ഇടയില്‍, ഭാര്യയുടെ മുന്‍പില്‍, പള്ളിയില്‍..)

വലിയ വിവരവും കാര്യപ്രാപ്തിയുമില്ലാത്ത, സൗന്ദര്യവും ആകാരസൗഷ്ഠവവും വ്യക്തിപ്രഭാവവും മാത്രമുള്ള ഒരു പാവം കോടീശ്വരന്‍.

11-മമ്മുട്ടിയുമായിട്ടുള്ള ബന്ധം, ഒന്ന് വിശദികരിക്കാമോ?

2008 ജനുവരി ഒന്നിന് അദ്ദേഹത്തിന്‍റെ ബ്ലോഗ് ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. പറഞ്ഞു പരിചയപ്പെടുത്തിയാല്‍ അദ്ദേഹം ഓര്‍ക്കാന്‍ സാധ്യതയുണ്ട്.
12-ബെര്‍ളി തന്നെയാണ്, സ്വയം രൂപീകൃതമായ “ചാര്‍ളി”യെന്ന കഥാപാത്രമായി വരുന്നതെന്ന് പറഞ്ഞാല്‍ അതില്‍ എത്രമാത്രം സത്യമുണ്ട്. ചാര്‍ളിയെന്ന ഒരു കഥാപാത്രസൃഷ്ടിയുടെ പുറകിലുള്ള ചേതോവികാരം എന്തായിരുന്നു?

ചാര്‍ളിയുടെ അപ്രകാശിതപ്രേമലേഖനം എന്ന സൃഷ്ടിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഞാന്‍ തന്നെയാണ്. അതിലെ സംഗീത ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഒരുത്തന്‍റെ ഭാര്യയായി ജീവിക്കുന്നുണ്ട്.

13-എത്രാമത്തെ വയസ്സില്‍ ആദ്യമായി ബ്ലൂഫിലിം കണ്ടു..... ഇഷ്ടപ്പെട്ട ബ്ലൂഫിലിം എതായിരുന്നു. “ടാര്‍സന്‍ - ഷെയിം ഓഫ് ജയിന്‍” എന്ന ലോകപ്രസിദ്ധമായ, അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പോണ്‍ മൂവി കണ്ടിട്ടുണ്ടോ?

ബ്ലൂഫിലിം ആദ്യമായി കണ്ടത് പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണെന്നു തോന്നുന്നു. നൈറ്റ് ട്രെയിന്‍ എന്നൊരു വിഡിയോ കാസറ്റ് ആയിരുന്നു. ആകെക്കൂടി ആയിരമെണ്ണമെങ്കിലും കണ്ടു കാണും. ടാര്‍സനൊക്കെ പണ്ടേ കണ്ടതാണ്.ഇപ്പോള്‍ കാണാറില്ല. ഡീസന്‍റായതുകൊണ്ടല്ല പുതിയ പടങ്ങള്‍ക്ക് നിലവാരമില്ല.
14-ഫാന്റസികളില്‍ വ്യാപൃതനായി സ്വയംഭോഗം ചെയ്തിട്ടുണ്ടോ? സെക്സില്‍ ഫാന്റസിയുടെ പങ്കിനെക്കുറിച്ച് ബെര്‍ളി എന്തു പറയുന്നു?

ഫാന്‍റസി ഒന്‍പത് എയിലും ഞാന്‍ ഒന്‍പത് ബിയിലുമായിരുന്നു. അവളില്‍ വ്യാപൃതനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ വ്യാപൃതനാകാന്‍ പറ്റിയാല്‍ പിന്നെ മറ്റേത് ചെയ്യേണ്ട ആവശ്യമില്ലല്ലോ.
15-മനോരമ പോലുള്ള ഒരു പത്രത്തില്‍ ജോലി ചെയ്യുകയും, ലോകത്തിന്റെ നാനാത്തലത്തിലുള്ള പ്രസ് ഏജന്‍സിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാനുള്ള ഭാഗ്യം ബെര്‍ളിക്കുണ്ട്. അത്തരത്തില്‍ ഒരു പത്രം ചവറ്റ്ക്കുട്ടയില്‍ തള്ളുന്ന വാര്‍ത്തകള്‍, സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞു ബെര്‍ളി സ്വന്തം പോസ്റ്റിലിടുന്നുവെന്നുള്ള വിമര്‍ശനത്തെ എങ്ങിനെ നോക്കികാണുന്നു?

നിരുപാധികം തള്ളിക്കളയുന്നു. ഗൂഗിള്‍ ന്യൂസില്‍ നിന്നുള്ള സംഗതികള്‍ മാത്രമേ ഞാന്‍ പോസ്റ്റിനുപയോഗിക്കാറുള്ളൂ.

16-മമ്മുട്ടി, മോഹന്‍ലാല്‍, കമലഹാസന്‍-അമീര്‍ഖാന്‍ എന്നിവരുടെ കാള്‍ഷീറ്റ് കയ്യിലുണ്ടെങ്കില്‍ ഇതില്‍ ആരെ വച്ച് ബെര്‍ളി ഒരു സിനിമ ചെയ്യും, അതിനുള്ള കാരണം വിശദികരിക്കാമോ?

ആമിര്‍ ഖാനെയും മമ്മൂട്ടിയെയും വച്ച് സിനിമ ചെയ്യും. ഇരുവരും അതുല്യനടന്‍മാരാണെങ്കിലും കഠിനാധ്വാനം കൊണ്ട് സിനിമയെ വിജയിപ്പിക്കുന്നവരാണ്. ലാലേട്ടനും കമല്‍ഹാസനും അദ്ഭുതപ്രതിഭകളാണ്. അവരുടെ അധ്വാനമല്ല പ്രതിഭയെ വിനോയോഗിക്കുന്നതിലാണ് സിനിമയുടെ വിജയം.അതിനുള്ള കഴിവോ സമാനമായ പ്രതിഭയോ എനിക്കില്ല.

17-ബെര്‍ളി എന്ന വ്യക്തിയില്‍ മതവിശ്വാസവും, ഈശ്വരചിന്തയും എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്?

മതത്തിന്‍റെ സ്വാധിനം കുറവാണ്. എന്നാല്‍, ഈശ്വരനെ ഓരോ നിമിഷവും അറിയുന്നുണ്ട്. ദൈവാധീനം എന്ന ഓപ്ഷന്‍ ഒന്നുകൊണ്ടു മാത്രം മുന്നോട്ടുപോകുന്നവനാണ്, പ്രാര്‍ഥനയിലൂടെ പടുത്തുയര്‍ത്തിയ ചെറിയ ജീവിതമാണ് ആകെയുള്ള കൈമുതല്‍.

18-ബെര്‍ളിയെ ജോലി ചെയ്യാന്‍ മോഹിപ്പിക്കുന്ന ഏതെങ്കിലും പത്രമാധ്യമമോ, ചാനലുകളോ ഉണ്ടോ? ഉണ്ടെങ്കില്‍ ആ‍ പത്ര/വാര്‍ത്താചാനലുകളില്‍ ബെര്‍ളി കണ്ട പോസിറ്റീവ് സമീപനങ്ങള്‍ എന്തെല്ലാം?

ഇതുവരെ ഇല്ല. സ്വന്തമായി ഒരെണ്ണം തുടങ്ങിയാലോ എന്നാലോചിക്കുന്നുണ്ട്.

19- ബൂലോകത്ത് ഒരു റിബല്‍ ആവുന്നതില്‍ ആനന്ദം കണ്ടെത്തുന്നുണ്ടോ? ബെര്‍ളി മലയാളത്തില്‍ സ്ഥിരം ശ്രദ്ധിക്കുന്ന ഒരു ബ്ലോഗ് ഏതാണ്?
ഞാനെവിടെയും ഒരു റിബല്‍ അല്ല. എന്‍റെ അറിവില്ലായ്മയെയും വിവരക്കേടുകളെയും ആളുകള്‍ അങ്ങനെ തെറ്റിദ്ധരിക്കുന്നതാണ്. ഒരു ബ്ലോഗും പ്രത്യേകമായി നോക്കാറില്ല.
 20-താങ്കളെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത്, ദുഖിപ്പിക്കുന്നതും എന്താണ്?

ജീവിതം !!


Download This Post In PDF Format

Thursday, July 22, 2010

1- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം - (സജി മാര്‍ക്കോസ് )

നട്ടപ്പിരാന്തുകളില്‍ ഒരു പുതിയ പംക്തി തുടങ്ങുകയാണ്. ഒരു അഭിമുഖപംക്തി. പലരും, പല ബ്ലോഗ് കൂട്ടായ്മകളും പലവിധത്തില്‍ ബ്ലോഗില്‍ അഭിമുഖം നടത്തിയിട്ടുണ്ട്. അതെല്ലാം കേവലം ഉപരിപ്ലവമായ ചോദ്യങ്ങളും, അവയ്ക്കുള്ള ഉത്തരവും ആയിരുന്നുവെന്ന എന്റെ വിശ്വാസത്തിലാണ് (അല്ലെങ്കില്‍  അത്തരം ഒരു തെറ്റിദ്ധാരണയുടെ) ഞാന്‍ ഇത്തരം ഒരു അഭിമുഖവുമായി മുമ്പോട്ട് വന്നത്. 

ഒരു വ്യക്തിയെ , അയാളുടെ ഹൃദയത്തില്‍ നിന്നും അറിയുക എന്ന രീതിയില്‍ രാഷ്ടീയം, മതം, കുടുംബം, സാമൂഹികജീവിതം, ലൈംഗികത എന്നിങ്ങനെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു പിടി ചോദ്യങ്ങളുമായി ഒരു “ബ്ലാക്ക്  ആന്റ് വൈറ്റ്” അഭിമുഖം. 

ഇപ്രാവിശ്യം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീ. സജി മാര്‍ക്കോസിനെയാണ്. എനിക്ക് സജിയോട് ചോദിക്കാന്‍ ബാക്കി വച്ച ചോദ്യങ്ങളാണ് ഞാനിവിടെ ചോദിച്ചിരിക്കുന്നത്. നിങ്ങള്‍ക്കും ചോദ്യമുണ്ടാവാം അത് കമന്റായി ചോദിക്കാം. അതിനും ചുണ്ടില്‍ നിന്നല്ലാത്ത ഉത്തരം ശ്രീ. സജി മാര്‍ക്കോസ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

1-സജിമാഷിനെ എനിക്ക് നേരിട്ട് പരിചയമുള്ളതിനാല്‍ ചോദിക്കട്ടെ, ഞാന്‍ കണ്ട, അല്ലെങ്കില്‍ അറിഞ്ഞ പെന്തക്കോസ്റ്റ് വിശ്വാസികളില്‍ നിന്നും തീര്‍ത്തും വിഭിന്നനായ, അല്ലെങ്കില്‍ സാമൂഹിക ഇടപെടലുകള്‍, അതു വ്യക്തിപരമായും, സര്‍ഗാത്മകമായും ജീവിതത്തില്‍ പുലര്‍ത്തിക്കൊണ്ട് ജീവിക്കുന്ന ഒരു വ്യക്തിയാണ് താങ്കള്‍. ഈ വ്യത്യസ്ഥത പാലിക്കാന്‍ കഴിയുന്നത് മുമ്പ് മനസ്സില്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ തുടര്‍ച്ചയായി കരുതാമോ.? 
ഇടതു പക്ഷ ചിന്താഗതിയുടെ സ്വാധീനം ചെറുതല്ല. ചെറുപ്പത്തില്‍ പരന്ന വായനയുണ്ടായിരുന്നു എന്നു പറയാം. ഒരു വര്‍ഷം കൊണ്ട് ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചു തീര്‍ത്ത ചരിത്രമുണ്ട്. പിന്നീട് വായന പൂര്‍ണ്ണമായും നിന്നും പോയിരുന്നു. കാലങ്ങള്‍ക്കു ശേഷം ബ്ലോഗ്ഗിലൂടെ വായന ശീലം പുനര്‍ജ്ജനിക്കുകയായിരുന്നു. അങ്ങിനെ ഒരു ഗ്യാപ്പ് ഉള്ളതുകൊണ്ട് ആധുനിക രചന സങ്കേതങ്ങളേക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും വലിയ പിടിയില്ല.


പെന്തക്കോസ്തു വിശ്വാസി എന്ന നിലയില്‍ ഒരു വലിയ അന്തഃസംഘര്‍ഷം നേരിടുന്നുണ്ട്.  രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ക്ക് ആ വിശ്വാസത്തില്‍ വലിയ സ്കോപ്പ് ഇല്ല എന്നതാണ് കാരണം.
2-വിശ്വാസത്തിന്റെയും, സൌഹൃദത്തിന്റെയും പേരില്‍ കൂട്ടുകാരില്‍ നിന്നോ, അതു പോലെ പരിചയക്കാ‍രില്‍ നിന്നോ ചതിയോ, സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ടോ.... ഉണ്ടെങ്കില്‍ ഒരു ദൈവവിശ്വാസിയെന്ന നിലയില്‍ അതിനെ ഇപ്പോള്‍ എങ്ങിനെ കാ‍ണുന്നു? ഇപ്പോള്‍ അവരുമായിട്ടുള്ള ബന്ധം എങ്ങിനെയാണ്? ആ ബന്ധത്തിനുള്ള ന്യായികരണം എന്താണ്.
നിത്യവും പള്ളിയില്‍ പോകുന്നതോ മതപമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതോ ഭക്തന്റെ ലക്ഷണമായി നമ്മള്‍ കരുതിന്നു. എന്നാല്‍ നഷ്ടവരുമ്പോള്‍, അപമാനിതനാവുമ്പോള്‍ എങ്ങിനെ പ്രതികരിക്കുവന്നത് വളരെ പ്രധാനമാണ്. അതിനു യോശുവിനോളം നല്ല  മാതൃക ലോകത്തിലില്ല.


എന്റെ ആത്മീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതില്‍ വന്‍ പാകത  തന്നെ. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എല്ലാവരുമായുള്ള ബന്ധത്തിനു പത്തിരുപതു  വര്‍ഷത്തിനു മുകളില്‍ പഴക്കമുണ്ട്. മിക്കപ്പോഴും സൌഹ്രുദവും സ്നേഹവും സഹായങ്ങളുമാണ് കിട്ടിയിട്ടുള്ളത്. എന്നാല്‍, അടുത്ത സ്നേഹിതനാല്‍ ഭയങ്കരമായ ഒരു വഞ്ചനയില്‍പ്പെടുകയുണ്ടായി, അടുത്തയിടയ്ക്ക്. തുക പറഞ്ഞാല്‍ ഞെട്ടിപ്പോകും. ആ ആഘാതത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും.


എന്റെ മുന്‍പില്‍  പല ഓപ്ഷനുകള്‍ ഉണ്ടായിരുന്നു.  ഒരു കേസെങ്കിലും കൊടുക്കാമായിരുനു. ഒന്നും ചെയ്തില്ല. എനിക്കു 40 വയസാകുന്നു.കേസു തീരണമെങ്കില്‍ അഞ്ചു പത്തു കൊല്ലമെടുത്തേക്കാം  ഇനിയെത്ര വര്‍ഷം ഉണ്ട് മുന്‍പില്‍?  ഒരു മനുഷ്യനോടും പിണങ്ങാനും പ്രതികാ‍രം ചെയ്യാനും  സമയമില്ല. ചെയ്യേണ്ട അത്യാവശ്യം കാര്യങ്ങള്‍  ചെയ്യാന്‍ പോലും സമയമില്ല. കേസു നടക്കുന്നിടത്തോളം കാലവും ദേഷ്യവും പകയും, കേസു ജയിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സമയവും പണവും കണ്ടെത്തണം. അതു അപ്പോഴേ വിട്ടുകളഞ്ഞു. ഇങ്ങനെ ചിന്തിക്കുന്നത് ബുദ്ധിപരമായ തീരുമാ‍നമേയല്ലന്നറിയാം. എല്ലാവര്‍ക്കും പിന്തുടരാവുന്ന വഴിയും അല്ല.ക്ഷേ അത്തരം തീരുമാനങ്ങള്‍ തരുന്ന മനസ്സമാധാനം ചെറുതല്ല.താണ് മുഖ്യമെന്നു നമ്മള്‍  തീരുമാനിക്കക. ഗുണമായാലും  ദോഷമായാലും അവനവനു തന്നെ.
പണ്ട്      ബോംബെയില്‍ വച്ച് ബാപ്പുട്ടിക്കയ്ക്ക് വാടക കൊടുക്കാതെ മുങ്ങിയതും, ബംഗാളിയുടെ കൈയ്യില്‍ നിന്നും വിസയ്ക്ക് പൈസ വാങ്ങിച്ചിട്ട് തിരിച്ചു കൊടുക്കാന്‍ പറ്റാഞ്ഞതും,     എനിക്ക് കൊടുത്തു തീര്‍ക്കാന്‍കഴിയാതെ പോയ പല കടങ്ങളും ഇങ്ങനെത്തന്നെ ആയിരുന്നുവല്ലോ
3-സ്വന്തം ഭാര്യയില്‍ നിങ്ങള്‍ കാണുന്ന ഗുണവും ദോഷവും എന്താണ്?
ഞാന്‍  ഏറ്റവും അടുത്തറിയാവുന്നതില്‍  വലിയ ആത്മീയ വ്യക്തി എന്റെ ഭാര്യയാണ്. അതിനേക്കാള്‍ വലിയ ആത്മീയര്‍ ധാരാളം ഉണ്ട്. പക്ഷേ എനിക്ക് അവരെ അടുത്തു  പരിചയമില്ലല്ലോ. അടുത്തറിയുമ്പോള്‍ പലരുടെയും ആത്മീയ മുഖം പൊളിഞ്ഞു വീഴാറാണ് പതിവ്.
4- ബൂലോകത്തില്‍ നിന്നും കിട്ടിയ ഏറ്റവും ഗുണം സമാനമനസ്കരും, രാഷ്ടീയ സാമൂഹികബോധമുള്ള, ലോകത്തിന്റെ പലകോണിലുള്ള  ഒരുപിടി സൌഹൃദങ്ങള്‍ ആയിരിക്കുമല്ലോ... ഇനിയൊരു സാങ്കല്പിക ചോദ്യം.... കൈലാസയാത്രയില്‍ മാഷിന്റെ കൂടെ പോരാന്‍ 3 ബ്ലോഗര്‍മ്മാര്‍ക്കും, 2 ബ്ലോഗിണികള്‍ക്കും അവസരമുണ്ടെങ്കില്‍, അറിഞ്ഞ സൌഹൃദത്തില്‍ നിന്നും, ആരെയൊക്കെ തിരഞ്ഞെടുക്കും. അതിന് അവരില്‍ കണ്ട ഗുണങ്ങള്‍.?
കുഴക്കുന്ന ചോദ്യം. എനിക്കു മറ്റുള്ളവരുമായി പൊരുത്തപ്പെടാന്‍ എളുപ്പം കഴിയാറുണ്ട്. അതുകൊണ്ട്, ഞാന്‍ പരിചയെപ്പെട്ടിട്ടുള്ള ആരുടെ കൂടെ പോകുന്നതിലും ബുദ്ധിമുട്ട് ഇല്ല. പിന്നെ എടുത്തു പറഞ്ഞാല്‍, ഒന്നാമത്തേതു നിരക്ഷരന്‍ ആയിരിക്കും. ഞങ്ങള്‍ കഴിഞ്ഞ അവധിക്കു ഞങ്ങള്‍ ഗവിയ്ക്കു പോയിരുന്നു.നിരക്ഷരനുമായി ഇടപെടുമ്പോല്‍ അനായസത തോന്നാറുണ്ട് ചാര്‍വ്വാകന്‍ ചേട്ടന്‍, നിസ്സഹായന്‍, ഷൈജു ( വിക്കിപീഡിയ) എരെല്ലാവരും യാത്രാ പ്രിയരും രസികന്മാരും ആയിരുന്നു. നാട്ടില്‍ വച്ചു കണ്ട നന്ദന്‍,മനോരാജ്, സജ്ജീവേട്ടന്‍ നാട്ടുകാരന്‍..എനിക്കു ആരുടെപോകാനും ബുദ്ധിമുട്ടില്ല. 
പോങ്ങുമ്മൂടനെ കണ്ടിട്ടു മണിക്കൂറുകളോളം ചിരി തന്നെയായിരുന്നു. പൊങ്ങുവിനെ ചെറുപ്പം മുതല്‍ക്കേ  പരിചയമുള്ളതുപോലെ തോന്നി.
ദുബായില്‍ വച്ചു കണ്ടതില്‍, വിശാലന്‍ കുഴൂര്‍, കുറുമാന്‍ പൊറാടത്ത് അപ്പു, കൈതമുള്ള് ..എല്ലാവരും ഇടപെടാന്‍ വളരെ സുഖമുള്ളവര്‍ തന്നെ.ബഹറില്‍ ബൂലോകത്തിലെ ആരുടെയും കാര്യം പറയേണ്ടല്ലോ!. കഴിഞ്ഞ അവധിക്കു ബന്യാമിനോടൊപ്പം മൂന്നാറിനു പോയിരുന്നു. അത്യന്തം രസകരമായിരുന്നു.

ബ്ലോഗിണികള്‍- എനിക്കു അത്ര അടുത്ത്  ആരേയും പരിചയമില്ല, കിച്ചുവും ലക്ഷ്മി (യു.കെ) ഒഴികെ.  ലക്ഷ്മിയുമായി   സംസാരിക്കുമ്പോഴും, ഒരു സ്വാതന്ത്ര്യം അടുപ്പവും തോന്നാറുണ്ട്.


യേസ്, എനിക്കു ആരുടെ കൂടെ യാത്ര ചെയ്യാനും ഇഷ്ടമാണ്..
5-വിവാഹത്തിന് മുമ്പ് ലൈംഗീകതയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? അല്ലെങ്കില്‍ അത്തരം പ്രവൃത്തിയെ ന്യായികരിക്കുന്നുണ്ടോ?
ചോദ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ ഉത്തരത്തിനു ഇനി എന്തെങ്കിലും പ്രസക്തി ഇനിയുണ്ടെന്നു തോന്നുന്നില്ല.  എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റ് വിവാഹമായിരുന്നില്ല.. ക്രിസ്തു മതത്തിലേയ്ക്കുള്ള തിരിച്ചു വരവായിരുന്നു. അതിനു മുന്‍പുള്ള ജീവിത വീക്ഷണമല്ല ഇന്നുള്ളത്. ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ ആര്‍ക്കും ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നതായിരുന്നു അന്നുവരെയുള്ള  എന്റെ ഒരു വിശ്വാസപ്രമാണം. സാഹചര്യം, മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.
 
പക്ഷേ, ഇപ്പോഴത്തെ  ചിന്താഗതി അതല്ല. വിവാഹപൂര്‍വ്വ ലൈംഗികത തെറ്റു തന്നെ. ഒരു തരത്തിലും അംഗീകരിക്കുന്നില്ല.
6-ക്രിസ്റ്റാനിറ്റിയില്‍, പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നതുപോലെ തന്നെ...... വിശുദ്ധമറിയം, വിശുദ്ധയൌസേപ്പ് പിതാവ് എന്ന് മറ്റു എപ്പിസ്ക്കോപ്പല്‍ സഭകള്‍ ആരാധിക്കുന്ന വിശുദ്ധന്മാരെ ആരാധികാതിരിക്കാനുള്ള കാരണമെന്ത്.
ബൈബിളിന്റെ പുതിയ നിയമത്തില്‍ 65 വര്‍ഷത്തെ ക്രിസ്തീയ സഭയുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതില്‍ ഒരിടത്തും,മറിയത്തിനോയോ, ജോസഫിനെയോ, മറ്റു പുണ്യളന്മാരെയോ അരാധിച്ചുരുന്നതായോ,  മദ്ധ്യസ്ഥ്നായി കരുതിയിരുന്നതായോ ഒരു സൂചന    പോലും  ഇല്ല. യേശു നേരിട്ടു പഠിപ്പിച്ചതും (നാലു സുവിശേഷങ്ങള്‍) ശിഷ്യന്മാര്‍ നിര്‍വഹിച്ചതും, (അപ്പോസ്തോല പ്രവര്‍ത്തികള്‍)  അപ്പോസ്തോലോന്മാര്‍ വിശദീകരിച്ചുമാണ്  ( ലേഖനങ്ങള്‍) ക്രിസ്തീയ സഭയുടെ ആധാര വിശ്വാസ പ്രമാണങ്ങള്‍. അവയില്‍ ഒരിടത്തും ഇത്തരം ആരാധനയുടെ സൂചന ഇല്ല. അവയെല്ലാം പിന്നീട് വന്ന കൂട്ടിച്ചേര്‍ക്കലുകളാണ്.
7-ജീവിതത്തില്‍ മദ്യവും, മയക്ക് മരുന്നുകളും ഉപയോഗിച്ചിരുന്നോ? അത് തുടരുന്നുണ്ടോ. ഇല്ലെങ്കില്‍ അതിനുള്ള കാരണമെന്ത്?
ഹ ഹ .. ഇതു വായിക്കുമ്പോല്‍ പണ്ട് വാളുവച്ച എന്നെ ചുമന്നു കൊണ്ടുപോയ സുഹൃത്തുക്കള്‍ ചിരിക്കുന്നുണ്ടാവും.


ഞങ്ങളുടെ കാമ്പസില്‍ മരിജുവാന വന്നു വാഴ്ച തുടങ്ങിയത് ഞങ്ങളുടെ കാലത്താണ്.  മദ്യപാനത്തെക്കാള്‍ ആസ്വാദ്യത ഉണ്ടായതുകൊണ്ടാവണം,  വളരെപ്പെട്ടെന്നു എല്ലാവര്‍ക്കും ഇഷ്ടവായി. എതാണ്ട്  രണ്ടു വര്‍ഷം അതു തുടര്‍ന്നു, പഠനം കഴിഞ്ഞു, ഞാനും ജൈസണ്‍ (ഹിമാലയ യാത്രയിലെ സഹയാത്രികന്‍) ബോംബെയില്‍ എത്തി. ജോലിയൊന്നും ഇല്ലാതെ ഒരു ദിവസം ഡോക്ക് യാര്‍ഡ് റോഡിലെ തെരുവിന്റെ ഓരത്ത് ഇരിക്കുകയായിരുന്നു. റോഡില്‍  ഭിക്ഷക്കാര്‍ നിര നിരയായി കിടന്നു ഉറങ്ങുന്നു..


പെട്ടെന്ന് എങ്ങു നിന്നോ കഞ്ചാവു പുകയുടെ നേര്‍ത്ത മണം.  ഒരു കിലോമീറ്ററുനുള്ളില്‍ നിന്നും പോലും ആ മണം ഞങ്ങള്‍ക്കു തിരിച്ചറിയാമായിരുന്നു. അന്വേഷിച്ച് നടന്ന് അവസാനം തെരുവിന്റെ മൂലയില്‍ ഒരു പിച്ചക്കാരന്‍ പഴകി ദ്രവിച്ച ഒരു കട്ടിലില്‍ കുത്തിയിരുന്നു വലിക്കുന്നു.

“ഭായ് സാബ് ധോടാ കഞ്ച്ചാവ് ദിയേഗാ ?”-


ഭിക്ഷകാരന്‍ ജീവിതത്തില്‍ ആദ്യമായ് ഭായി സാബ് എന്ന വിളി കേള്‍ക്കുകയായിരിക്കും.


“ഗഞ്ച ഗിഞ്ച കോന്‍ പീത്താഹേ?  ഹം ചരസ് പീത്താഹേ..”. ഞെട്ടിപ്പോയി.


എന്നാലും ഒന്നു നോക്കുക തന്നെ.. അന്നു തുടങ്ങിയത് പിന്നീട് ഒന്നര വര്‍ഷം തുടര്‍ന്നു. ഏഴു രൂപ ഒരു ഗോലിയ്ക്ക്.  ഒരെണ്ണം രണ്ടുപേര്‍ ചെറ്ന്നു വലിച്ചാല്‍ രണ്ടു നേരത്തെ ഭക്ഷണം ലാഭിക്കാം.


അവസാനമായി വലിച്ചതും കുടിച്ചതും എന്നാണെന്നു ഓര്‍മ്മയില്ല. ആദ്യമായി സുവിശേഷപ്രസംഗം കേല്‍ക്കാന്‍ സെക്ടര്‍ സെവനിലെ മൈതാനത്ത് പോയപ്പോഴും നന്നായി മദ്യപിച്ചിരുന്നു, അതിനു ശേഷം ഒന്നു രണ്ടു വട്ടം കൂടി കുടിച്ചിട്ടുണ്ടെന്നു തോന്നുന്നു.പിന്നീട് എപ്പോഴോ ആ ശീലങ്ങളൊക്കെ വിട്ടു പോയി..
8- ഒരു പിതാവെന്ന നിലയില്‍ എന്തൊക്കെയാണ് സ്വയം കാണുന്ന ഗുണങ്ങളും, ദോഷങ്ങളും?
നല്ല മാതാപിതാക്കളായിരുന്നു എന്റേത്, പക്ഷേ,ഒരു കുടിയേറ്റ കര്‍ഷകകുടുംബത്തിലെ എല്ലാ പരിമിതികളും ഉണ്ടായിരുന്നു, ദാരിദ്രമൊഴികെ. ആഗ്രഹിച്ചതൊന്നും നടന്നിട്ടില്ല. അതുകൊണ്ടാവാം  എന്റെ മക്കളുടെ ഏറ്റവും വലിയ ആഗ്രഹങ്ങള്‍ കഴിയുമെങ്കിലും  സാധിപ്പിക്കാറില്ല. ഒരു പടി  താഴെയുള്ള  കാര്യങ്ങള്‍ ചെയ്തുകൊടുക്കും. പരാജയവും അവകാശം നിഷേധിക്കുമ്പോഴത്തെ അവസ്ഥയും അറിയിച്ചു തന്നെയാണ് വളര്‍ത്തുന്നത്. പല മാതാപിതാക്കളും സൂപ്പര്‍മാര്‍ക്കെറ്റിലും മറ്റു പുറത്തു പോകുമ്പോല്‍ മക്കളുടെ സംസാരവും, ഇടപെടലും കാരണം ബുദ്ധിമുട്ടുന്നതു കാണാറുണ്ട്. ഞാന്‍ ഒരിക്കലും അനുവദിക്കാറില്ല.


മക്കളെ ശിക്ഷിക്കുമ്പോല്‍ പലപ്പോഴും, അവര്‍ ചെയ്ത  തെറ്റിന്റെ കാഠിന്യത്തേക്കാള്‍ എനിക്കു വന്ന കോപത്തിന്റെ അളവു ശിക്ഷയെ സ്വാധീനിക്കാറുണ്ട്. അതു തെറ്റു തന്നെ.
9-മാഷിന്റെ ബ്ലോഗില്‍ നിന്നും വായിച്ചിട്ടുണ്ട് ഹിന്ദുപുരാണങ്ങളോടും,  അതുപോലെ തന്നെ ഹിന്ദു മിത്തോളജിയോടുമുള്ള അടുപ്പവും, ആദരവും.... ഇന്നും അത് മനസ്സിലുണ്ട്. എങ്കില്‍ എന്തുകൊണ്ട് കയ്യില്‍ പച്ച കുത്തിയ ശ്രീകൃഷ്ണന്റെ രൂപം എടുത്ത്മാറ്റി?
ഹിന്ദു തത്വചിന്തയോടുള്ള പ്രതിപത്തി എന്നു തുടങ്ങിയെന്നോ എങ്ങിനെ തുടങ്ങുയെന്നോ കൃത്യമായി പറയാനാവില്ല.എന്തായാലും ഗൌരവമായി ഒരു മതം മാറ്റത്തേപ്പറ്റി ചിന്തിച്ചിരുന്നു.  ക്രിസ്ത്യാനി ആയി ജനിച്ച ഒരാള്‍ ഹിന്ദു മതത്തിലേയ്ക്കു ചേരുന്നത് അത്ര സാധാരണമല്ല.. പുല്ലുവഴിയിലുള്ള ഒരു ആര്യ സമാജം പ്രവര്‍ത്തകനായ സ്നേഹിതന്‍ ഉണ്ടായിരുന്നു. പല വഴികളും ചിന്തിച്ചു.   രസകരമായ കാര്യം ഒരാള്‍ക്കു ഹിന്ദു മതത്തിലേയ്ക്കു ചേരാനാവില്ല എന്നതാണ്. അതിന്റെ ഏതെങ്കിലും ഒരു ജാതിയിലേ ചേരാനാവൂ. നായരോ, ഈഴവനോ പുലയനോ...അല്ലാതെ ഹിന്ദുവില്ല.


എന്തായാലും ഇതിന്റെ ഭാഗമായ അദ്വൈത വേദാന്തം തലയ്ക്കു പിടിച്ചപ്പോള്‍ കൂടുതല്‍ പഠനത്തിനായി ചെന്നത് ഒരു ആശ്രമത്തില്‍ ആയിരുന്നു. അതിന്റെ ചരിത്രം ഇവിടെ (ലിങ്ക്) എഴുതിയിട്ടുണ്ട്. പക്ഷേ അവിടുത്തെ പഠിപ്പിക്കലുമായി ഒത്തു ചേരാനാവാതെ അധികം താമസിയാതെ  പുറത്തു പോന്നു. ഹിന്ദുമത വിശ്വാസങ്ങളോടും പുരാണേതിഹാസങ്ങളോടും എനിക്ക് ഇന്നും വളരെ താല്പര്യം തന്നെയാണ്. അതെല്ലാം പഠിച്ചിട്ട് തെറ്റാണെന്നു മനസിലാക്കി  തിരികെ ക്രിസ്തുമത വിശ്വാസത്തിലേയ്ക്കു വന്നതല്ല.

മുപ്പതു രൂപ കൊടുത്തു പച്ച കുത്തിയതായിരുന്നു, ശ്രീകൃഷ്ണനെ,. അതു കളയുവാന്‍ ഇരുപതിനായിരം രൂപയോളം മുടക്കു വന്നു.


അപ്പോള്‍ അങ്ങിനെ തോന്നി, ഇപ്പോളിങ്ങനെയും.
10- ഭാര്യഭര്‍ത്തൃബന്ധത്തില്‍ പ്രത്യുല്പാദനത്തിലുപരി......സെക്സിന് എന്തു സ്ഥാനമാണുന്നത്. അതില്‍ ഫാന്റസിക്കുള്ള അതിര്‍വരമ്പെത്ര? ഇണയുടെ സംതൃപ്തിയില്‍ ആണോ സന്തോഷം തോന്നാറുള്ളത്.
ഇക്കാര്യത്തില്‍ ഞാനൊരു സാധാരണ ഡേര്‍ട്ടി മല്ലു തന്നെ.


എന്റെ വിശ്വാസം മാത്രം പറയാം. സോളമന്‍ രാജാവും പറഞ്ഞ രസകരമായ ഒരുവാചകമുണ്ട്   ഇതിനെ പറ്റി ബൈബിളില്‍, “ വേലി പൊളിക്കുന്നവനെ പാമ്പു കടിക്കും”


ഭാര്യ ഒരു വേലിയാണ്. വരുമാനം മറ്റൊരു  വേലിയാണ്-


ഇത്തരം വേലികള്‍ക്കു ഉള്ളില്‍ നില്‍ക്കുന്നതാണ് അഭികാമ്യം. ഇവിടെ പറഞ്ഞിരിക്കുന്ന പാമ്പ് ഹവ്വായെ ചതിച്ച പാമ്പു തന്നെ. 
11-ഒരു സൌഹൃദത്തിന് സജിമാഷ് അവലംബമാക്കുന്ന മാനദന്ധങ്ങള്‍ എതാണ്?
സൌഹൃദം എനിക്കു ലഹരിയാണ്.  സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതും യാത്ര ചെയ്യുന്നതും ആണ് ഏറ്റവും സന്തോഷകരമായ പ്രവൃത്തികള്‍. ഇപ്പോള്‍, പുതിയ സുഹൃത്തുകളെ സമ്പാദിക്കുമ്പോള്‍ കഴിയുമെങ്കില്‍ മദ്യപിക്കുന്നവരെ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. (പക്ഷേ പലപ്പോഴും കഴിയാറില്ല.കാരണം കണ്ടു മുട്ടിയ മിക്കവര്‍ക്കും ദുശ്ശീലങ്ങളെ കവച്ചുവയ്ക്കുന്ന മറ്റു ഗുണങ്ങളും, കഴിവുകളും,  സ്നേഹവും ഉണ്ട്)


അതേസമയം പഴയ സുഹൃത്തുക്കള്‍ മിക്കവരും മദ്യപിക്കുന്നവരാണ്‍ ‍, അവരെ ഒഴിവാക്കാറില്ല, ഒഴിവാക്കാന്‍ കഴിയില്ല.


അഹങ്കാരവും പൊങ്ങച്ചവും ഉള്ളവരുമായി ഒത്തുപോകാന്‍ വലിയ ബുദ്ധിമുട്ടാണ്. 
12-ബ്ലോഗര്‍ കൈപ്പള്ളിയില്‍ സജിമാഷ് കാണുന്ന ഏറ്റവും വലിയ ഗുണമെന്താണ്?
കൈപ്പള്ളിയെ ഒരിക്കലേ കണ്ടിട്ടുള്ളൂ. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ദുബായിയില്‍ പോയപ്പോള്‍. അദ്ദേഹത്തിന്റെ ചെറുപ്പം തന്നെ ആദ്യം എന്നെ അല്‍ഭുതപ്പെടുത്തി. അറിവുള്ളവരോടും,  വാദമുഖങ്ങളെ സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ കഴിയുന്നവരോടും പണ്ടേ ബഹുമാനമാണ്. അര മണിക്കൂര്‍ മാത്രമേ സംസാരിച്ചുരുന്നുള്ളൂ. പക്ഷേ, ഭാഷയെ സംബന്ധിച്ചുള്ള കൈപ്പള്ളിയുടെ വാദഗതികള്‍ എന്റെ ധാരണകളെത്തെന്നെ മറിച്ചു കളഞ്ഞു. 
കൈപ്പള്ളിയുടെ പരിസ്ഥിതി സം‌രക്ഷണപ്രവര്‍ത്തികള്‍ പ്രശസ്തമാണ്. അവധി ദിവസം ബീച്ചില്‍ പോയി ചപ്പു ചവറുകള്‍ പെറുക്കി ഒരു കൂട്ടില്‍ ശേഖരിച്ച് കുപ്പത്തൊട്ടിയില്‍ ഇടുമത്രേ! കൈപ്പള്ളി ഒരു അസാമാന്യ വ്യക്തി തന്നെ, സംശയമില്ല. വ്യക്തിപരമായി കൂടുതല്‍ അടുപ്പമില്ല.
13- ഭാര്യയെ പ്രണയിച്ച് വിവാഹം കഴിച്ചതാണോ. അല്ലെങ്കില്‍ വിവാഹത്തിന് മുമ്പ് പ്രണയമുണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ പഴയ പ്രണയിണിയെ ഇന്ന് കാണുമ്പോള്‍ അവരുടെ അവസ്ഥയില്‍ സന്തോഷമോ ദു:ഖമോ?
ഭാര്യയെ ആദ്യം കാണുന്നത് വിവാഹം ഉറപ്പിക്കുന്ന അന്നാണ്. അന്നു എനിക്കു ജോലി സൌദിയില്‍, സുനി ഡെല്‍ഹിയിലും. ഫോട്ടോ കണ്ടിട്ടുണ്ടായിരുന്നു, ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. പ്രണയമായിരുന്നൊ എന്നു ചോദിച്ചാല്‍,  വിവാഹം നടക്കുമെന്ന് ഉറപ്പായതിനു ശേഷമുള്ള അടുപ്പത്തെ അങ്ങിനെ തന്നെ പറയാം.


വിവാഹത്തിനു മുന്‍പ് കാക്കത്തൊള്ളായിരം  പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട്. ഇച്ചിരെകൂടി കൃത്യമായിപ്പറഞ്ഞാല്‍, കാണാന്‍ കൊള്ളാവുന്ന, നന്നായി ഇടപെടുന്ന, നന്നായി സംസാരിക്കുന്ന  പെണ്‍കുട്ടികളോടെല്ലാം  ഇഷ്ടം തോന്നിയിട്ടുണ്ട്.


എനിക്കു വളരെ ഇഷ്ടമുള്ള ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവള്‍ സുന്ദരി ആയിരുന്നില്ല.പക്ഷേ അത്രയ്ക്കും മധുരമായി സംസാരിക്കുന്ന ആരേയും പിന്നീട് പരിചയപ്പെട്ടിട്ടില്ല. അവളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ദുഖമുണ്ട്- വളരെ, വളരെ.   അത്രയേ ഇവിടെ പറയനാകൂ. (ആരോ ഇങ്ങനെ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ, പ്രണയിച്ചിരുന്ന പെണ്‍കുട്ടി, അവളുടെ പിന്നീടുള്ള ജീവിതത്തില്‍ എപ്പോഴും അസംതൃപ്തയായിരുക്കുന്നത്  കാണാനാണ് പുരുഷന്‍ ഇഷ്ടമെന്ന്. എങ്കിലേ അവള്‍ മുന്‍ കാമുകനെ ഓര്‍ക്കുകയുള്ളൂവത്രേ!!)
14- വചനശുശ്രൂഷയിലെ പൊള്ളത്തരവും, ഡോള്‍ബിസിസ്റ്റത്തില്‍ നടക്കുന്ന കരിസ്മാറ്റിക്ക് ഹിസ്റ്റീരിയകളും കേരളത്തില്‍ ഒരു ബിസിനസ്സ് ആയി നടക്കുമ്പോള്‍, അത്തരം ചട്ടക്കുടിലുള്ള പെന്തക്കോസ്റ്റ് സഭയില്‍ നിന്നും, ഇതര സമുദായങ്ങളെയും, അവരുടെ ആശയത്തെയും, ദൈവവിശ്വാസത്തെയും എങ്ങിനെ നോക്കിക്കാ‍ണുന്നു.
ഇന്റര്‍നെറ്റ് വഴി കറങ്ങി നടക്കുന്ന ബൈബിള്‍ പ്രസംഗങ്ങളുടെ ക്ലിപ്പിങ്ങുകള്‍ കാണുമ്പോള്‍ വേദന തോന്നാണ്ട്. ക്രിസ്തുമത പ്രചാരകര്‍ എങ്ങിനെ ഇത്രമാത്ര അപഹാസ്യരും, ധനമോഹികളും ആശയ ദാരിദ്ര്യം ബാധിച്ചവരും ആയിത്തീര്‍ന്നു എന്നോര്‍ത്തിട്ട്.


ജനത്തെക്കൂട്ടുന്ന എല്ലാ പ്രകടനങ്ങളും പൊള്ളത്തരമാണ്. “വരിക ക്രൂശിക്കപ്പെടുക..“( ബ്രോണ്‍ ഹോഫര്‍), ഇതാണ് ക്രിസ്തുവിന്റെ വിളി. ഇങ്ങനെ വിളിച്ചാല്‍ എങ്ങിനെ ജനം ഓടിക്കൂടും.?  മൂന്നരകൊല്ലക്കാലം ഈ ഭൂമിയില്‍ ദൈവം തന്നെ സുവിശേഷം പറഞ്ഞിട്ട്, ലഭിച്ചത് വെറും പതിനൊന്നു ശിഷ്യന്മാരെയാണ്.  അപ്പം തിന്നു സന്തോഷിച്ചവര്‍ അയ്യായിരത്തലധികമായിരുന്നു എന്നോര്‍ക്കണം.


ഡോള്‍ബി സിസ്റ്റത്തിന്റെ പ്രഭാവത്തില്‍, കിലുക്കി കുത്തുകാരന്റെ അടുത്തു ചെല്ലുന്ന പോലെ , ഒന്നു വച്ചാല്‍ രണ്ടു കിട്ടും എന്നു വിചാരിച്ച് ചെന്ന്  “മയങ്ങി വീഴുന്നവരോന്നും” ക്രിസ്തു ശിഷ്യന്മാരായി മാറുന്നില്ല. ആരും അവരെ അവരെ മാറ്റുന്നിമില്ല.


മറ്റു സമുദായങ്ങളുമായി, ദൈവ വിശ്വാസികളുമായി ഒത്തുപോകുന്നതില്‍ ഒരു ബുദ്ധിമുട്ടും തോന്നാറില്ല. സൌദിയിലെ ജീവിതം  ഇസ്ലാം മതത്തോട്  ഒരു അകല്‍ച്ചയ്ക്കു കാരണമാക്കിയിട്ടുണ്ട്.  പലപ്പോഴും മുന്‍‌വിധിയോടെ കാണാറും ഉണ്ട്. അങ്ങിനെ പാടില്ലാത്തതാണ് ‍.  മനുഷ്യനോടുള്ള ക്രൂരതകളെ (ശത്രുവിനോടാണെങ്കില്‍പ്പോലും) സാധൂകരിക്കുന്ന എന്തോ ഒരു ഘടകം ഇസ്ലാമിലുണ്ടെന്നു തോന്നുന്നു. പക്ഷേ നന്നായി അറിയില്ലാത്തതുകൊണ്ടായിരിക്കാം, ഇതുവരെ പഠിക്കാന്‍ ശ്രമിച്ചിട്ടില്ല, പഠിക്കാന്‍  തോന്നും വിധം ആകര്‍ഷകമായി ആരും അവതരിപ്പിച്ച് കണ്ടിട്ടും ഇല്ല. എം എം അക്ബറിനേപ്പോലുള്ള മത പ്രചാരകര്‍ ആ അകല്‍ച്ച കൂട്ടിയിട്ടേയുള്ളൂ.
15-സജിമാഷ് ജനനം കൊണ്ട് ക്രിസ്ത്യാനിയോ, അതോ ജീവിതംകൊണ്ട് ക്രിസ്ത്യാനിയോ?
വീട്ടുകാര്‍ എല്ലാവരും ജാക്കോബൈറ്റ് വിശ്വാസികളാണ്.  ഹൈന്ദവ ആചാരങ്ങളിലും മിത്തുകളിലുമുള്ള താല്‍പ്പര്യം പറഞ്ഞുവല്ലോ!  ക്രിസ്ത്യാനിത്വം ജനനം കൊണ്ട് കിട്ടുന്നതല്ല.


“നിങ്ങള്‍ തമ്മിള്‍ തമ്മില്‍ ഉള്ള സ്നേഹം കണ്ടിട്ട് എന്റെ ശിഷ്യന്മാര്‍ എന്ന് അറിയപ്പെടും”- ഇതാണ് ക്രിസ്തുവിന്റെ നിര്‍വ്വചനം.


മീശവടിക്കുന്നതും, വെള്ള ഷര്‍ട്ട് ഇടുന്നതും,കൈയ്യില്‍ ബൈബിള്‍ കൊണ്ടുനടക്കുന്നതും  ളോഹ ധരിക്കുന്നതും കണ്ടാല്‍ മനുഷ്യര്‍ ക്രിസ്ത്യാനി എന്നു വിളിക്കും. ക്രിസ്തുവോ, അവന്റെ ഉള്ളില്‍  സഹജീവിയോടു ഹൃയപൂര്‍വ്വമായ സ്നേഹമില്ലെങ്കില്‍, മേല്‍പ്പറഞ്ഞ എല്ലാ ഗുണവുമുണ്ടെങ്കിലും ക്രിസ്ത്യാനി എന്നു പറയുകയില്ല.


ശിഷ്യത്വം എന്ന ഹിമാലയ ആരോഹണത്തിലാണ് ഞാന്‍. വേഗത കുറവാണ്, ഒത്തിരി ഒന്നും കയറാനും കഴിഞ്ഞിട്ടില്ല. പക്ഷേ എന്റെ ദിശ മുകളിലോട്ടു തന്നെയാണ്.
16- സാജുജോണ്‍ എന്ന വ്യക്തിയില്‍ താങ്കള്‍ കാണുന്ന കുറവുകള്‍ എന്തെല്ലാം...?
സൌഹ്രുദം നിലനില്‍ക്കാന്‍ കുറവുകളോടുകൂടിത്തന്നെ സുഹൃത്തുക്കളെ അംഗീകരിക്കുകയാണ് ഉത്തമം. യോജിക്കാന്‍ കഴിയാത്ത മേഖലകളില്‍ വിട്ടു നില്‍ക്കുക.കറക്ട്ചെയ്യാന്‍ ശ്രമിക്കാതിരിക്കുക. അതേസമയം ഗ്ലോറിഫൈഡ്  ആയിട്ടുള്ള കുറവുകളുണ്ടല്ലോ (ക്ഷമ കുറവാണ്, ക്ഷിപ്ര കോപിയാണ് തുടങ്ങിയ) , അവ  പറയുന്നത് കുറച്ച് അപകടമേ വരുത്തൂ.


സാജുവിന് സംസാരിക്കുമ്പോള്‍ കണ്‍സിസ്റ്റന്‍സി ഇല്ല. വാചകങ്ങള്‍ പൂര്‍ത്തിയാക്കില്ല. പക്ഷേ വക്രതല്ലാത്തതും, ഹൃദയപൂര്‍വ്വമായ  സംഭാഷണം എല്ലാ കുറവുകളേയും മറികടക്കുന്നു.


Download This Post In PDF Format

Tuesday, July 13, 2010

മുസ്ലീം ജനത.. പച്ചക്കണ്ണടയിലുടെ കാണേണ്ടവരോ???

കേരളത്തിലെ മുസ്ലിം ജനതയിലെ ഭൂരിപക്ഷം മതവിശ്വാസികളും, പൊതുസമൂഹത്തില്‍ നിന്നും ഒരു  ഒരു വേര്‍തിരിവ്  സ്വയം കണ്ടെത്തിയ സംഭവമായിരുന്നു ബാബറി മസ്ജിത് തകര്‍ക്കപ്പെട്ട കുപ്രസിദ്ധമായ 1992 ലെ ഡിസംബര്‍ 6 എന്ന ദിവസം. അതിന് ശേഷം കേരള ജനതയിലെ ഭൂരിപക്ഷം , മുസ്ളിം സമൂദായത്തെ ഒരു വേര്‍തിരിവില്‍ എത്തിച്ച ഒരു സംഭവമാണ്  കുപ്രസിദ്ധമായ മൂവാറ്റുപുഴ കൈവെട്ട് കേസ്

കേരളജനതയിലുള്ള നാനാമതസ്ഥരായ ജനസമൂഹം പൊതുവിലും, തമ്മില്‍ തമ്മിലും ജാതിയമായതും, മതപരവുമായ വേര്‍തിരിവിന്റെ വേലിക്കെട്ടുകള്‍ ഉണ്ടാക്കുന്നെങ്കില്‍ അതിന് കേരളത്തിലെ ജനത കൊടുക്കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. ഞാന്‍ വിശ്വസിക്കുന്ന എന്റെ മതവിശ്വാസം ഈശ്വരനെ അറിയാനും, എന്റെ ആത്മീയമായ ചോദനകള്‍ക്ക് ഉത്തരം തരാനും മാത്രം ഉപയോഗിക്കുന്ന ഒരു സാധാരണമനുഷ്യനെന്ന നിലക്ക്കേരളത്തില്‍ ഇന്ന് രൂപപ്പെട്ടുവരുന്ന മതധൃവീകരണം ഒരു മലയാളിയെന്ന നിലയില്‍, നാളെ എന്റെ മക്കളും ജീവിക്കേണ്ട എന്റെ നാട് കൂടിയാണെന്നുള്ള ഒരു ബോധമുള്ളതിനാലും എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു. ഒരു പക്ഷെ മതാതിതമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന ഏതൊരു മലയാളിയുടെ മനസ്സിലും ഉണ്ടാവുന്ന പേടിയായിരിക്കാം എന്റെ മനസ്സിലും....

ഇത് എഴുതുമ്പോള്‍...... എന്റെ കുട്ടികാലം എനിക്ക് ഓര്‍ക്കാതിരിക്കാന്‍ വയ്യ...... അന്നത്തെ കൊച്ചുകൊച്ചു സംഭവങ്ങളെ ഇന്നത്തെ ജനതയുടെ രീതി വച്ചു നോക്കുമ്പോള്‍ എത്ര നിര്‍മലവും, ഓര്‍ക്കുമ്പോള്‍ നൈര്‍മല്യവും തോന്നുന്ന സംഭവങ്ങള്‍ ആയിരുന്നു. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന മാപ്പിളപ്പാട്ടുഎഴുത്തുകാരനായ ശ്രീ. .എം. കരുവാരകുണ്ട് എന്നറിയപ്പെടുന്ന അധ്യാപകന്‍ ഞങ്ങളുടെ കരുവാരകുണ്ടിലെ ചേറുമ്പ് പ്രൈമറി സ്കൂളില്‍ അറബി മാഷായി പഠിപ്പിക്കുന്ന സമയം. ഒരു ദിവസം ഉണ്ട് എന്റെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന അനിയത്തി അന്ന് നാലില്‍ പഠിക്കുന്ന എന്റെ അടുത്ത് വന്ന് പറയുന്നു. “ചേട്ടായി.... നാസറും ജമീലയും എല്ലാം മദ്രസയില്‍ പഠിക്കുന്ന ഖുറാന്‍ ഓതാന്‍ ഞാന്‍ പഠിച്ചു...കേക്കണോ?” ഇതും പറഞ്ഞ് അവള്‍ സൂറത്തുല്‍ ഫ്വാത്തിഹ “ബിസ്മിലാഹി റഹ്മാനുറഹീം......” എന്ന് വളരെ ഈണത്തില്‍ ചോല്ലുന്നു. ഇത് മദ്രസയില്‍ നിന്നും ഞാനൊക്കെ സ്ഥിരം കേള്‍ക്കാറുള്ളതാണ്. അവളെ അത് പഠിപ്പിച്ചത് മേല്‍ പറഞ്ഞ ആ മാഷാണ്ശ്രീ. .ഏം. മാഷ് വന്നതിന് ശേഷം എല്ലാ കുട്ടികളെയും ക്ലാസില്‍ ഇരുത്തി അറബി പഠിപ്പിക്കും. (ഇന്നാണെങ്കില്‍ അത് ഒരു മതവിശ്വാസം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ബഹളമുണ്ടാക്കാന്‍ മതിയായ കാരണമായി).  എനിക്കും അത് ഒരു പുതു അറിവായിരുന്നു. കാരണം അത് വരെ എന്റെ കൂടെ പഠിച്ചിരുന്ന, എന്റെ കൂടെ കളിച്ചിരുന്ന നാസറും, ഫിറോസും എല്ലാം പറഞ്ഞ് പേടിപ്പിച്ചിരുന്നത് അറബി എന്നത് ദൈവ ഭാഷയാണെന്നും, മുസ്ലീങ്ങള്‍ അല്ലാത്ത കുട്ടികള്‍ മുസായബ് തൊട്ടാല്‍ കണ്ണ് പൊട്ടിപോവും എന്നായിരുന്നു. അതിനാല്‍ തന്നെ മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് തൊടാന്‍ പേടിയായിരുന്നു. ശ്രീ. .എം മാഷിനോട്  ഞങ്ങള്‍ക്കൊക്കെ നല്ല ഇഷ്ടമായിരുന്നു. ക്ലാസില്‍ വന്നാല്‍ വളരെ മനോഹരമായി മാപ്പിളപ്പാട്ടുകള്‍ പാടിതരും.....(എന്നെ മാപ്പിളപാട്ട് പഠിപ്പിച്ച് വണ്ടൂര്‍ ഉപജില്ല കലോത്സവത്തിന് മാഷ് കൊണ്ടുപോയിട്ടുണ്ട്, അന്ന് ഇമ്പമുള്ള പാട്ടുകള്‍ കേട്ടതിനാലാവാം എരഞ്ഞോളി മൂസ എന്റെ പ്രിയപ്പെട്ട പാട്ടുകാരന്‍ ആയതും) ആ സമയത്ത്  എന്താ മുസായബില്‍ തൊട്ടാല്‍ കണ്ണുപോട്ടുമെന്ന് പറയുന്നതെന്ന് മാഷോട് ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞ ഉത്തരം..... അത് കുട്ടികള്‍ പുസ്തകം വൃത്തിയായി സുക്ഷിക്കാനും, അലക്ഷ്യമായി മദ്രസയിലെ പുസ്തകങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും ആരോക്കെയോ പറഞ്ഞുപേടിപ്പിക്കുന്നതിനായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞൂ (എല്ലാവരും പേടിപ്പിച്ചാണല്ലോ വരുതിയില്‍ വരുത്തുന്നത്) തന്നുകുഞ്ഞുമനസ്സുകളില്‍ ഒരു മതത്തിനെയും, മതഗ്രന്ഥങ്ങളെപ്പറ്റിയും പേടിപ്പെടുത്തുന്ന അറിവുകള്‍ ഉണ്ടായിരിക്കുന്നത് നല്ലതല്ല എന്നുള്ള സദുദ്ദേശ്യത്തിലാണ് മാഷ് അത് പറഞ്ഞ് മനസ്സിലാക്കി തന്നത്. പക്ഷെ എത്ര മനസ്സുകളില്‍ ഇന്നും മുസ്ലിം ജനതയും വി.ഖുറാനും ഒരു പേടിസ്വപ്നമായി കരുതുന്നു. പക്ഷെ കേരളത്തില്‍ ജമായത്ത് ഇസ്ലാമിയിലൂടെയും, മുജാഹിദ് സംഘടനകളും നടത്തിയ പരിഷ്ക്കരണ പ്രക്രിയയിലൂടെ വി.ഖുറാന്‍ ഏവര്‍ക്കും വായിക്കാന്‍ പറ്റുന്ന പുസ്തകമാണെന്നും, അതിന് പാ‍രായണ യോഗ്യമായ മലയാള പരിഭാഷയൊരുക്കി കേരളിയര്‍ക്ക് വായിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്ഞാന്‍ വളര്‍ന്നതും, ഇന്ന് ജീവിക്കുന്നതും ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ പാര്‍ക്കുന്ന മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിലാണ്. പണ്ട് എന്റെ കുട്ടികാലത്ത് പരസ്പരം ആശ്രയിച്ചും മനസ്സിലാക്കിയും ജീവിച്ചിരുന്ന മലപ്പുറം ജില്ലയിലെ ജീവിതചുറ്റുപാടിലല്ല, കേരളത്തില്‍ മലപ്പുറം ജില്ലയെ ഒരു രണ്ടാം നിര ജില്ലയായി കണക്കാക്കുന്ന വിദ്യാസമ്പന്നരെന്ന് മേനി നടിക്കുന്ന ഇതര ജില്ലക്കാര്‍ കഴിയുന്നത്. കൂട്ടുകാരുടെ നിക്കാഹിന് കൂട്ടുപോവാനും പരിശുദ്ധ റംസാന്‍ മാസത്തില്‍ നോമ്പുതുറക്കാ‍നും വിളിക്കുന്നവരായിരുന്നു എന്റെ കൂട്ടുകാരും, അയല്‍വാസികളും, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പത്തിരിയും, പച്ചതേങ്ങയിട്ട് വച്ച് കോഴിക്കറിയും ആയത് പൂതംക്കോടന്‍ ആയിച്ചാത്ത ഉണ്ടാക്കിതന്ന കറികളിലൂടെയാണ്. കൂട്ടുകാരുമൊത്ത് രാത്രിയില്‍ ഒഴിപ്പുഴയുടെ തീരത്തിരുന്ന് പാട്ട് പാടിയിരിക്കുമ്പോള്‍, പാടാന്‍ ഒരു പാട്ടും ഇല്ലെങ്കില്‍ “മൌലൂദിനു” പാടുന്ന “ഇന്ന ബൈയ്ത്തന്‍ അന്ത സാക്കിനഹു....ലൈസ മുഹ്താജന്‍ നുല്വറുജി......” എന്റെ കൌമാരക്കാലത്ത് പാടിയ ആ പാട്ടുകള്‍ ഇന്നും എന്റെ മനസ്സില്‍ ഉണ്ടെങ്കില്‍, എത്ര സുന്ദരസുരഭിലമായി ഒരു നാടായിരിക്കും ഞങ്ങളുടെ ഗ്രാമവും, അതിലെ സ്നേഹത്തോടെയുള്ള നാട്ടുകാരും.
 
പണ്ട് ഉണ്ടായിരുന്ന ആ സാഹോദര്യവും, സഹിഷ്ണുതയും എവിടെ പോയിയോളിച്ചു നമ്മുക്കിടയില്‍ നിന്നും. ഇത്തരം ഒരു സാഹോദര്യത്തിലും, സഹവര്‍ത്ത്വത്തിലും വസിച്ചിരുന്ന ഒരു ജനതയുടെ ഇന്നത്തെ അവസ്ഥ ആലോചിക്കുമ്പോള്‍ എനിക്ക് പേടിയാവുന്നു. എവിടെയാണ് ജനങ്ങള്‍ക്ക്  ഇതര മതവിഭാഗങ്ങളില്‍ അവിശ്വാസവും, അസഹിഷ്ണുതയും, ഹിസയുടെ ത്വരയും വന്നുപെട്ടത്. ഇതിന്റെയെല്ലാം കാരണങ്ങള്‍ ചികയുമ്പോള്‍ പരസ്പരം പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുന്നത് അന്ത്യന്തം അപകടകരവും, പ്രത്യഘാതങ്ങള്‍ ഉളവാക്കുന്ന അവസ്ഥയിലായിരിക്കും നമ്മളെയെല്ലാം കൊണ്ടുപോവുന്നത്

ഒരു പക്ഷേ കേരളത്തില്‍ മുസ്ലിം രാഷ്ടീയധാരമാറിയതുതന്നെ.... മദനിക്ക് മുമ്പും, മദനിയ്ക്ക് ശേഷവും എന്നു പറയുന്നതായിരിക്കും ഉചിതം... മദനി പ്രാവര്‍ത്തികമാക്കിയെന്നു പറയുന്ന തീവ്രനിലപാടുകള്‍ ഒരു യുവതയെ തെറ്റായമാര്‍ഗ്ഗത്തില്‍ കൊണ്ടുപോയിരിക്കാം.....എങ്കില്‍ പോലും, അത്തരം നിലപാടുകള്‍ മലപ്പുറം ജില്ലയില്‍ അധികം വേരോട്ടം പിടിച്ചില്ല എന്നുള്ളത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. മുസ്ലിം ലീഗിന്റെ മിതവാദ നിലപാടുകളില്‍ എതിര്‍പ്പുള്ള ഒരു കൂട്ടം ആളുകള്‍ മറുചേരികളിലേക്ക് പോയിരിക്കാം... പക്ഷെ നീതിന്യായ വ്യവസ്ഥയാണ് ഇന്ത്യന്‍ ജൂഡിഷറിയുടെ അന്തിമവാക്കെങ്കില്‍ കോയമ്പത്തൂര്‍ കലാപത്തില്‍ മദനി വിചാരണ കൂടാതെ കിടന്ന ആ നീണ്ട സംവത്സരങ്ങള്‍ ഇന്ത്യന്‍ ജൂഡിഷ്യറിയ്ക്ക് ഒരു കളങ്കമാണ്. ഒരു പുതിയ മനുഷ്യനും, ഒരു പുതിയ രാഷ്ടീയപ്രവര്‍ത്തനവും ആയിരിക്കും എന്റെ വഴിയെന്ന് പ്രഖ്യാപിച്ച് വന്ന മദനിയെ വീണ്ടും ചില ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ കേസിലെക്ക് വലിച്ചിഴച്ച് കൊണ്ടുപോവുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ ജൂഡിഷ്യറിയും, ഭരണകൂ‍ടവും ഒരു ജനതയുടെ സംശയത്തില്‍ വരുന്നതിനെ ന്യായികരിക്കാന്‍ കഴിയില്ലെങ്കിലും, അവിശ്വസിക്കാന്‍ കഴിയില്ല എന്നാണ് എന്റെ വിശ്വാസം. ഇനി സ്വന്തം ജീവിതത്തില്‍ നിന്നും മദനി പാഠം പഠിച്ചില്ലെങ്കില്‍ അദ്ദേഹമായിരിക്കും കേരളത്തിലെ മുസ്ലിം ജനനേതാക്കളില്‍ ഏറ്റവും വലിയ വിഡ്ഡി. ശ്രീ. ബഷീര്‍ വള്ളിക്കുന്ന് എഴുതിയ ചില ബ്ലോഗ് പോസ്റ്റുകള്‍ ഈയൊരു വിഷയത്തില്‍ വളരെ പോസിറ്റീവ് ആയ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. ഒരു പക്ഷെ എന്റെ ഈ പോസ്റ്റു പോലും.....അതിനെ ചുവട് പിടിച്കാവണം. സൂഫിയ മദനിയെപ്പോലും (സഫിയ എന്ന ഒരു സാധാരണ സ്ത്രീയെ സൂഫിയ മദനിയെന്ന വ്യാജനാമത്തില്‍ മാധ്യമങ്ങള്‍ കൊണ്ടാടിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് എന്തുകൊണ്ട് മദനി അത് തിരുത്തുന്നില്ലെന്ന്). ഇതെല്ലാം കണ്ട് ശ്രീ. അബ്ദുള്‍നാസര്‍ മദനിയുടെ ആദ്യഭാര്യ ചിരിക്കുകയായിരിക്കുമോ. സഫിയയുടെ അറസ്റ്റും ജയില്‍വാസവും, മാധ്യമങ്ങള്‍ കൊണ്ടാടിയതില്‍ നമ്മുടെ മുമ്പില്‍ ഒളിഞ്ഞിരിന്നു പല്ലിളിച്ചത്.....മലയാളിയുടെ ലൈംഗികപട്ടിണിയായിരുന്നു. അങ്ങിനെയാണിന്ന് കേരളത്തിലെ പത്രചാനല്‍ മാധ്യമങ്ങള്‍........ സഫിയയുടെ മുഖത്തേക്കും, ഷെറിന്റെ ഉടലളവുകളിലേക്കും, വ്യഭിചാരകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രികളുടെ ശരീരം ക്യാമറക്കണ്ണിലൂടെ നമ്മുടെ മുമ്പിലേക്ക് ഇട്ടുതന്ന് നമ്മുടെ ലൈംഗീകപട്ടിണി മാറ്റിതരുന്നത്. ന്യുസ് അവറുകളില്‍ 5-10 മിനുട്ടില്‍ വാദിച്ച് ജയിക്കാനായി ഓരോ രാഷീയപാര്‍ട്ടിയുടെയും മതസംഘടനകളുടെയും നേതാക്കള്‍ വന്ന് ആക്രോശിച്ച് വന്ന് തുപ്പിയിട്ട് പോവുന്നതും നമ്മള്‍ യഥേഷ്ടം സഹിക്കുന്നു. 

മലപ്പുറം വിദ്യാഭ്യാസത്തില്‍ കൈവരിച്ച വിജയത്തെ സംശയദൃഷ്ടിയോടെ കമന്റുകള്‍ പാസാക്കിയതും ഒരു ജനതയുടെ യഥാര്‍ത്ഥമനസ്സ് അറിയാതെയായിരുന്നു. (. വി.എസ്. എന്റെ കൂടെ നേതാവാണെങ്കിലും അദ്ദേഹം നടത്തിയ ഒരു കമന്റ് അനുചിതമായിരുന്നു. മാത്രമല്ല അത് പിന്നീട് അദ്ദേഹം തന്നെ തിരിത്തി. അതു ഒരു പക്ഷെ ശ്രീ. സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ കൈകൊണ്ട ചില തെറ്റായ നിയമനങ്ങളെ സാധുകരിച്ചുകൊണ്ടായിരിക്കാം). ഒരു ജനതയുടെ മാധ്യമസംസ്ക്കാരം അത് നല്ല രീതിയിലോ, തെറ്റായ രീതിയിലൊ വായനക്കാര്‍ക്ക് വിവഷിക്കാം, എന്നിരുന്നാലും, “മാധ്യമം“ എന്നെ പത്രവും, ജമായത്ത്, മുജാഹിദ് സംഘടനകളും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസരംഗത്ത് നല്‍കേണ്ട ഉത്തരവാദിത്വവും, ആവിശ്യകതയും ഒരു തിരിച്ചറിവായി നല്‍കിയതിനാലാണ് മുസ്ലിം സമൂഹത്തില്‍ വിദ്യാഭ്യാസത്തില്‍ വളരെ മുമ്പില്‍ വരാനും ഏതോരു കുട്ടിയോടും മത്സരിക്കാനുള്ള വീര്യവും അവന് നല്‍കിയത്. അത്തരം ഒരു ബോധമാണ് മലപ്പുറം ജില്ലയെ വിദ്യാഭ്യാസമേഖലയില്‍ ഏവരേയും അസൂയപ്പെടുത്തുന്ന ഒരു നിലയില്‍ ഇന്ന് എത്തിച്ചിരിക്കുന്നത്.

എന്നിട്ടും എനിക്ക് മനസിലാവാത്ത ചിലകാര്യങ്ങളും ഉണ്ട് ഇന്ന് ഞാന്‍ കാണുന്ന എന്റെ ഗ്രാമത്തിലെ മുസ്ലിം മതവിശ്വാസത്തില്‍. വി.മുഹമ്മദ് () ജീവിതരീതികളും, സുന്നത്തുകളും, ഹദീസുകളും, വി. ഖുറാന്‍ മുന്‍നിറുത്തി ദീനിബോധത്തില്‍ കഴിയുന്ന ആ സമൂഹം എങ്ങിനെ പല ഉപവിഭാഗങ്ങള്‍ ആയി, മുജാഹിത്, ജമായത്ത്, സുന്നി, അതിന്റെ ഉപവിഭാഗങ്ങ്ള്‍ ആയിപ്പിരിഞ്ഞു. ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ക്ക് അതിനുള്ള ന്യായികരണം നല്‍ക്കാന്‍ കഴിയുമെന്നിങ്കിലും, മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകാമെന്ന് ഒരു വിഭാഗവും, അത് ഹറാമാണെന്ന് ഒരു വിഭാഗവും, അങ്ങിനെ അനേകം ആരോപണപ്രത്യാരോപണങ്ങള്‍. അങ്ങിനെ വിശ്വാസത്തിലെ ചില വാക്കുകളില്‍ പിടിച്ച് സംഘടനയും ഉപസംഘടനയും ആയികഴിയുന്നതെന്തിനാണ്. പണ്ട് എന്റെ കുട്ടികാ‍ലത്ത് ഒരു നിസ്കാരപള്ളിയുണ്ടായിരുന്ന എന്റെ കൊച്ചുഗ്രാമത്തില്‍ ഇന്ന് 5 നിസ്കാരപള്ളികള്‍ ആണ്. സ്വന്തം സംഘടനയുടെ പേരും പ്രതാപവും കാണിക്കാന്‍ മാത്രമുള്ള ചില ആരാധനാലയങ്ങള്‍. ആ ഉപവിഭാഗങ്ങള്‍ക്ക് ഇടയില്‍ വേര്‍തിരിവും, മത്സരങ്ങളും എനിക്ക് കാണാന്‍ കഴിയുമ്പോള്‍ ഇതെല്ലാം ശരിക്കും മുതലെടുക്കുന്ന കൂട്ടര്‍ പുറത്തുണ്ടാവില്ലേ.

ഇവിടെയാണ് മുസ്ലിം ജനസമൂഹം ചില പൊയ്മുഖങ്ങളെ തിരിച്ചറിയാതെ പോയത്. മുസ്ലിം സമൂഹത്തിലെ തീവ്രവാദനിലപ്പാടിനെതിരെ സത്യസന്ധമായ അഭിപ്രായങ്ങള്‍ നടത്തുന്ന ആര്യാടന്‍ മുഹമ്മദും , മകനും വെറുക്കപ്പെട്ടവനാവുന്നതും, നാല് വോട്ടിന് വേണ്ടിയും തന്റെ കസേരയ്ക്ക് വേണ്ടിയും കേരളത്തെ ഉമ്മന്‍ ചാണ്ടിയോളവും, പിണറായിയോളവും ചെറുതാക്കുന്ന നേതാക്കള്‍ മുസ്ലിം മതനേതാക്കള്‍ക്ക് പ്രിയങ്കരനാവുന്നതും, രാഷ്ടീയമായ ഒത്തിരി എതിര്‍പ്പുണ്ടെങ്കിലും ഇന്ന് കേരളത്തില്‍ ആര്‍ജവമുള്ള ഒരു യുവനേതാവ് ഒരു പക്ഷെ മുസ്ലിം യൂത്ത് ലീഗിന്റെ ഷാജിയായിരിക്കും. അത് ഒരു പൊയ്മുഖമല്ലെങ്കില്‍ നാളെ ആ യുവാവില്‍ ഒരു നല്ല നേതാവിനെ കേരളത്തിന് കിട്ടാം. ആ ഷാജിയും മുസ്ലിം തീവ്രനിലപാടുകള്‍ എടുക്കുന്ന ചില സംഘടനകള്‍ക്ക് അനഭിമതനാണ്. അദ്ദേഹത്തെ പരാജയപ്പെടുത്തിയത്  ചില മുസ്ലിം സംഘടനകള്‍ തന്നെ മുന്നിട്ടിറങ്ങിയാണ്.
കലഹം മൂലം നിത്യദു:ഖമനുഭവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങളെപോലാവും, കേരളത്തില്‍ പരസ്പരം മതവിഭാഗങ്ങള്‍ പോരാടിയാല്‍. ഇന്ന് കേരളത്തില്‍ നടക്കുന്ന പോലീസ് റെയ്ഡുകള്‍ തികച്ചും ഏകപക്ഷിയമായ രീതിയില്‍ ആണ് നടക്കുന്നത്. അത് ഒരു ജനസമൂഹത്തെ വിശ്വാ‍സത്തില്‍ എടുത്തിട്ടല്ല നടക്കുന്നത്. അത് കേവലം രാഷ്ടീയലാഭത്തിനാണ് ഇവിടെയുള്ള രാഷ്ടീയപാര്‍ട്ടികള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒരു മദനിയുടെ വര്‍ഷങ്ങളായുള്ള ജയില്‍വാസം ഒരു ജനതയില്‍ ഉണ്ടാക്കിയ മരപ്പിപ്പ് ആയിരിക്കില്ല ഈ റെയ്ഡിലൂടെ അതിന്റെ ഉപഉത്പന്നമായി കേരളത്തില്‍ പടരാന്‍ പോവുന്നത്. ഒരു പക്ഷെ കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ചില സ്ക്കൂളുകളില്‍ നിന്നും സ്കാര്‍ഫ് ധരിച്ച ചില പെണ്‍ക്കുട്ടികളെ പുറത്താക്കിയ സംഭവം ആയിരുന്നിരിക്കാം ഒരു പക്ഷെ ശ്രീ. ജോസഫിലേക്കുള്ള പ്രതികാരനടപടിയായി എത്തിയത്. മതപരമായ സ്ക്കൂളുകള്‍ നടത്തി, മതത്തിന്റെ പേരില്‍ ന്യൂനപക്ഷമെന്ന പദവി നേടി,  മതപരപായ വസ്ത്രങ്ങള്‍ ധരിച്ച ഒരു സ്ക്കൂളിലും അധ്യാപികയും എങ്ങിനെ ഇതര മതവിശ്വാസം പുലര്‍ത്തുന്ന ഒരു കുട്ടിയെ വസ്ത്രധാരണത്തിന്റെ പേരില്‍ പുറത്താക്കാന്‍ കഴിയും,  എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ അധികം ചര്‍ച്ചചെയ്യാതെ പോവുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തില്‍ വീഴുന്ന വിഷവിത്തുകള്‍ ആണ്. വിഷവിത്തുകള്‍ ഇവിടെ നട്ടുവര്‍ത്തുന്നതില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും, രാഷ്ടീയസാമുദായികസംഘടനകള്‍ക്കും പങ്കുണ്ട്. ഇനി വരുന്ന ഇഫ്താര്‍ വിരുന്നില്‍ ഈ നേതാക്കളെല്ലാം കെട്ടിപ്പിടിച്ച് ചിരിച്ച ചിത്രം നോക്കി നമ്മുക്ക് വിശപ്പടക്കാം. 

ഒരു അധ്യാപകന്‍ എന്നനിലയില്‍ ഒരു അര്‍ത്ഥത്തിലും ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളിലൂടെയാണ് ശ്രീ. ജോസഫ് ആ ചോദ്യപേപ്പര്‍ ഉണ്ടാക്കിയത്. പക്ഷെ അതിന് കിട്ടിയ ശിക്ഷ ശരിക്കും ശ്രീ. ജോസഫിനല്ല. മറിച്ച് കേരളസമൂഹത്തിന്‍ നിലവില്‍ ബാക്കിയുണ്ടായിരുന്ന സഹിഷ്ണുതയ്ക്കും, സാഹോദര്യത്തിനുമാണ്.

ഇപ്പോള്‍ ഇതാ പ്രചരിക്കുന്നു ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളുടെ കടകള്‍ നിശബ്ദമായി ബഹിഷ്ക്കരിക്കുന്നുവെന്ന്. കോയമ്പത്തൂര്‍ തെരുവില്‍ നടന്ന ഒരു ചെറിയ സംഭവത്തില്‍ നിന്നും തുടങ്ങിയ ഇത്തരം ജാതിപരമായ ബഹിഷ്ക്കരണമാണ് കോയമ്പത്തൂര്‍ കലാപമായി മാറിയത്. നമ്മള്‍ ഓരോരുത്തരുഅം ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ കാണുന്നുവെങ്കില്‍ അതു തടയേണ്ടതും, അതിന്റെ ഭവ്യഷിത്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുമാണ്. ഇത്തരം വാര്‍ത്തകള്‍ കൊടുത്ത് മുതലെടുപ്പ് നടത്തുന്ന ദുഷ്ടശക്തികളെയും കരുതിയിരിക്കേണ്ടതാണ്.

എനിക്ക് പറയാനുള്ളത്....കേരളത്തിലെ മുസ്ലിം സഹോദരങ്ങളും, സഹോദരികളും മുന്നിട്ടിറങ്ങി “സലാം=സമാധാനം” എന്ന വാക്കില്‍ നിന്നും ഉത്ഭവിച്ച “ഇസ്ലാം” എന്ന മതത്തിന്റെ സൌന്ദര്യവും, നീതിബോധവും, ആ മതത്തെപ്പറ്റി തെറ്റിദ്ധാരണകള്‍ പുലര്‍ത്തി വളര്‍ന്നുവരുന്ന കേരളജനതയ്ക്ക് മുമ്പില്‍ തുറന്നിടണമെന്നാണ്. അല്ലെങ്കില്‍....... പോലീസ് വീടുകളില്‍ കയറിയിറങ്ങുമ്പോള്‍, അതെന്താ പോലീസ് വന്നതെന്ന ചോദ്യത്തിന് നമ്മള്‍ക്ക് കുട്ടികള്‍ക്ക് ഉത്തരം കൊടുക്കാന്‍ കഴിയില്ല. ഇത് പറയാന്‍ കാരണം...ലുകൌട്ട് നോട്ടിസ് കൊടുത്തു കുറ്റം ആരോപിക്കപെടുന്ന ഒരു വ്യക്തിയുടെ ചിത്രത്തില്‍ ഒരു പിഞ്ചുകുഞ്ഞിന്റെ കയ്യുടെ ഭാഗം കാണാം. ഒരു കുടുംബചിത്രത്തില്‍ നിന്നും ഒരു പിതാവിന്റെ ചിത്രം മുറിച്ച് മാറ്റപ്പെടുമ്പോള്‍ അവിടെ പലതും പിന്നീട് മുറിച്ച് മാറ്റപ്പെടാം......അത്തരം ചിത്രങ്ങള്‍ കൊടുക്കുമ്പോള്‍ പോലീസും വളരെ ജാഗ്രതപാലിക്കേണ്ടതായിരുന്നു. 

ജാതിമതചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അനേകായിരം ആളുകള്‍ നിങ്ങള്‍ക്ക് കൂടെയുണ്ടാവും, അതല്ല മറിച്ച് നമ്മുടെയെല്ലാം ലക്ഷ്യബോധമില്ലാത്ത രാഷ്ടീയനേതൃത്വത്തിനും, നാല് വോട്ടിനു വേണ്ടി സ്വന്തം ജനസമൂഹത്തെ വ്യഭിചരിക്കാന്‍ വിടുന്ന സംഘടനനേതൃത്വത്തിനോ ആണ് ഇതിന്റെ ഉദരവാദിത്വമെന്നും, അവര്‍ തീര്‍ക്കട്ടെയെന്ന് പറഞ്ഞിരുന്നാല്‍ പിന്നെ മുഴങ്ങികേള്‍ക്കുന്നത് നമ്മുടെ വീട്ടില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ തേങ്ങല്‍ ആയിരിക്കും.

മുസ്ലിം ജനത... തങ്ങളെ മറ്റുള്ളവര്‍ പച്ചകണ്ണടയിലൂടെ നോക്കികാണേണ്ടവരല്ല എന്ന് തീരുമാനിക്കേണ്ടത് ആ ജനസമൂഹം തന്നെയാണ്.

അതിനാല്‍ ഒരു കണ്ണടയും വയ്ക്കാതെ ജീവിക്കുന്ന ഒരുത്തന്റെ നട്ടപ്പിരാന്തുകള്‍ ആണിത്.

Saturday, July 10, 2010

ചതിയന്‍ നീരുവും ഹിമാലയന്‍ അച്ചായനും

കൊന്ന പാ‍പം തിന്നു തീര്‍ക്കണം എന്നാണ് ഞങ്ങള്‍ നിരപ്പേല്‍ കുടുംബക്കാരുടെ അലിഖിത നിയമം.......

ഇത് പറയാന്‍ കാരണം...... ബൂലോകയാത്രക്കാരെ പറ്റി കുറ്റവൂം പരദൂഷണവും പറഞ്ഞതിനാല്‍ എന്റെ കൈ എങ്ങാനും വെട്ടിയാലോ എന്ന് പേടിച്ച് ഞാന്‍ “ചതിയന്‍ നീരു” എന്ന ഗാഥ പിന്‍വലിച്ച് നല്ല കുട്ടിയാവാനും, നീരുവിനെയും, ഹിമാലയന്‍ അച്ചായനെപ്പറ്റിയും നല്ല രണ്ട് പറയാനും കൂടിയാണ് ഈ പോസ്റ്റ് എഴുതുന്നത്.

ബൂ‍ലോകത്ത് യാത്രാവിവരണബ്ലോഗിംഗില്‍ സ്വന്തമായ പാത വെട്ടിത്തെളിച്ച ആളാണ് “നിരക്ഷരന്‍” യാത്രകളുടെ വൈവിധ്യം കൊണ്ടും, ആ യാത്രയില്‍ വേണ്ട മുന്നോരുക്കങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചും, കണ്ടുമുട്ടുന്ന ചരിത്രസ്മാരകങ്ങളെയും, അവശേഷിപ്പുകളെപ്പറ്റിയും വസ്തുനിഷ്ടമായി വിശദികരിച്ചും നിരക്ഷരന്‍ പ്രസിദ്ധികരിക്കുന്ന പോസ്റ്റുകള്‍ തികച്ചും ഒരു പ്രഫഷണല്‍ ടച്ചിംഗ് ഉള്ളവയാണെന്ന് ബൂലോകത്തുള്ള ആയിരക്കണക്കിന് വായനക്കാര്‍ക്ക് അറിയാവുന്നതാണ്.  മാത്രമല്ല നിരക്ഷരന്റെ യാത്രകളും, അതില്‍ അര്‍പ്പിക്കുന്ന അര്‍പ്പണബോധത്തിനും, സിംഗപ്പൂരില്‍ നടന്ന വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ അംഗീകാരവും, അവാര്‍ഡും കിട്ടിയത് ഏവര്‍ക്കും അറിയാവുന്നതാണ്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, നിരക്ഷരന്‍ ബഹറൈനില്‍ വന്നപ്പോള്‍ ഞാനും സജിഅച്ചായനും, നിരക്ഷരനും ഇരുന്ന് സംസാരിച്ച ഒരു വേളയില്‍ ആണ്  ബൂലോകത്ത് യാത്രാവിവരണം എഴുതുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും, യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും, യാത്രയെപ്പറ്റിയും, പുതിയ പുതിയ സ്ഥലത്തെ പറ്റിയും അറിയാന്‍ ഒരു വെബ് സൈറ്റിന്റെ ആവിശ്യകതയും അതിന്റെ ഐഡിയയും നിരക്ഷരനില്‍ നിന്നും കേള്‍ക്കുന്നത്. അതൊരു നല്ല തീരുമാനമായിരിക്കുമെന്ന് സജി അച്ചായന്‍ പറഞ്ഞതിനോട് ഞാനും യോജിച്ചു. 

അങ്ങിനെ നിരക്ഷരന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു.... യാത്രകള്‍.കോം എന്ന തന്റെ സ്വപ്നം എല്ലാ മലയാളികള്‍ക്ക് വേണ്ടി നമ്മുടെ സ്വന്തം നീരു പ്രകാശനം ചെയ്തിരിക്കുന്നു.

ബൂലോകത്തെ സ്നേഹിക്കുന്നവരും, യാത്ര ഇഷ്ടപ്പെടുന്നവരും, യാ‍ത്രകള്‍.കോം സന്ദര്‍ശിക്കണമെന്നും, അതിന്റെ ഫോളോവേഴ്സ് ആയി ആ നല്ല സംരംഭം ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. അത് നീരുവിന്റെ യാത്രകള്‍.കോം അല്ല മറിച്ച് നമ്മുടെ ഓരോരുത്തരുടെയും സ്വന്തം വെബ് സൈറ്റ് ആയി എല്ലാവരും കരുതുമെന്ന് എനിക്കുറപ്പുണ്ട്. ക്രിയാത്മകമായ എല്ലാ നിര്‍ദ്ദേശവും, ഒപ്പം ആ സൈറ്റിന്റെ പ്രമോഷന് സഹായിക്കുന്ന ടിപ്സുകളും നിരക്ഷരന്‍ സസന്തോഷം സ്വീകരിക്കുന്നതും പ്രാവര്‍ത്തീകമാക്കുന്നതായിരിക്കും. കൂടുതല്‍ അറിയാന്‍ യാത്രകള്‍.കോം സന്ദര്‍ശിക്കുക. കഴിവതും ആളുകളെ അതിന്റെ ഫോളോവേഴ്സ് ആക്കി അത് കൂടുതല്‍ ജനസമ്മതമായ ഒരു ബൂലോകസംരംഭമാക്കി നിങ്ങളെല്ലം വിജയിപ്പിക്കുന്നു വിശ്വസിക്കുന്നു.

ഇവിടെ വേറൊരാള്‍..... നമ്മുടെ ബൂലോകരുടെ സജിയച്ചായന്‍, അല്ലെങ്കില്‍ സ്വന്തം ഹിമാലയനച്ചായന്‍ ഇരിക്കുന്നു. പുള്ളിക്കാരനും സ്വന്തമായി ഒരു യാത്രാബ്ലോഗിന്റെതായ ഒരു ഡൊമൈന്‍ തുടങ്ങിയിട്ടുണ്ട്. "മൈ വേള്‍ഡ് വാക്ക്.കോം” എന്ന പേരില്‍.

നിരക്ഷരന്‍ ബൂലോകത്ത് യാത്ര വിവരണങ്ങള്‍ക്ക് ഒരു നിയതവും, ശോഭനവുമായ ഒരു പാത കാണിച്ചുതന്നെങ്കില്‍, യാത്രവിവരണങ്ങളെ തന്റെ സ്വതസിദ്ധമായ രചനാപാടവം കൊണ്ടും, തന്റെ ജീവിതാനുഭവങ്ങളെ  നമുക്കായി വിവരിക്കുന്ന യാത്രയില്‍ കൃത്യവും ഉചിതവുമായ രിതിയില്‍ സന്നിവേശിപ്പിച്ചും, യാത്രാവിവരണത്തെ വായനയുടെയും ഒപ്പം അറിവിന്റെയും പുതിയ അനുഭവമാക്കി, ഒപ്പം എസ്.കെ. പൊറ്റക്കാടിനെ പോലെ ബൂലോകയാത്രവിവരണം വളരെ ജനകീയമാക്കി, ഏവര്‍ക്കും  മനോഹരമായി എഴുതാന്‍ കഴിയുമെന്ന്  തന്റെ മനോഹരമായ ഹിമാലയന്‍ യാത്ര, നൈല്‍ യാത്ര എന്നിവയിലൂടെ സജി മാര്‍ക്കോസ്  എന്ന വ്യക്തിയുടെ ഒരു പുതുജന്മമാണ്  ബൂലോകത്തില്‍ പിന്നീട് നമ്മള്‍ കാണുന്നത്. 

നിങ്ങളുടെ ഹിമാലയനച്ചായന്‍ തന്റെ യാത്രകള്‍ക്ക് വേണ്ടി നടത്തുന്ന മുന്നോരുക്കവും, അതിനായി നടത്തുന്ന ശാരീരികവും, മാനസീകവുമായ തയ്യാറെടുപ്പുകളും, പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള പഠനവും എല്ലാം വളരെ പ്രശംസനീയമാണ്. കഴിയുമെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ ഒരു കുഞ്ഞു യാത്രയ്ക്ക് അവസരമുണ്ടാക്കുക.......ശേഷം നിങ്ങള്‍ അനുഭവിച്ചറിയുക.

ഒരു പക്ഷെ ഇനി അദ്ദേഹം നടത്തുന്ന യാത്രകള്‍ തന്റെ സ്വന്തം യാത്രയുടെ സൈറ്റില്‍ ആയിരിക്കും പ്രസിദ്ധികരിക്കുക...... ഞാന്‍ സസ്പെന്‍സ് നേരത്തെ പൊളിക്കുന്നില്ല.........അദ്ദേഹം ഇനി യാത്ര പോവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പേര്‍ കേട്ടാല്‍ ഏതൊരുവന്റെയും മനസ് കുളിര് കോരുന്നിടമാവും.... കാത്തിരിക്കുക.....അത് വായിച്ച് തന്നെ അറിയുക.

ഹിമാലയനച്ചായന്റെ സൈറ്റും വിസിറ്റ് ചെയ്ത്, അദ്ദേഹത്തിന്റെ യാത്രവിവരണം വായിക്കാന്‍ നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്യുക. ഒപ്പം അതിന്റെ വിജയത്തിനായും നിങ്ങളുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

----------


വേണ്ടവിധത്തില്‍ വന്ന് കണ്ടാല്‍, ഇതുപോലെ ആരുടെ ബ്ലോഗും പ്രമോട്ട് ചെയ്യുന്നതായിരിക്കും.