മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍
Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Monday, August 02, 2010

ജീവിതത്തിലെ ആദ്യത്തെ (അവസാനത്തെയും) ഐ ഡബ്ലി യൂ



മെ ഐ കമിന്‍ ടീച്ചര്‍?

ഒരു കളകൂജനം….

ഞാന്‍ കോളേജില്‍ ചേര്‍ന്ന ആദ്യ ദിവസമാണ്. മാത്രമല്ല ക്ലാസില്‍ വന്ന് ചേര്‍ന്നതു തന്നെ കോളെജ് എല്ലാം തുറന്ന് 10-15 ദിവസങ്ങള്‍ക്ക് ശേഷവുമാണ്, ആരെയും പരിചയമില്ല. അതുപോലെ ഞാന്‍ തന്നെ വളരെ വൈകിയുമാണ് അന്ന് കോളെജില്‍ വന്ന് ചേര്‍ന്നത്. വൈകിവന്ന എന്നെയും തോല്‍പ്പിച്ചുകൊണ്ട് ഒരു കളകൂജനമാണ് ക്ലാസിന്റെ വാതില്‍ നിന്നും കേള്‍ക്കുന്നത്.. തലതിരിച്ച് ആ കളകൂജനം കേട്ട വശത്തേക്ക് നോക്കുന്നതിനു മുമ്പ് മറ്റു പല കാര്യങ്ങളുമാണ് മനസ്സില്‍ വന്നത്. കരുവാരക്കുണ്ട് നിന്നും ഷോര്‍ണൂര്‍ പള്ളിപുറം പോവുന്ന മയില്‍ വാഹനത്തിലാണ് ഞാന്‍ അന്ന് കോളെജില്‍ വന്നത്. പിന്നീട് അതായിരുന്നു എന്റെ പ്രിയപ്പെട്ട ബസ്സ് സര്‍വീസ്. ഒരു മാതിരി പെട്ട വിദ്യാര്‍ത്ഥികള്‍ ഒന്നും മയില്‍ വാഹനത്തില്‍ കയറില്ല. അതിന്റെ സ്പീഡ് കൊണ്ട് തന്നെ. അതുകൊണ്ടും, റബ്ബര്‍ വെട്ട്, പാലൂറ്റല്‍ തുടങ്ങിയ അസാരം ജോലികള്‍ രാവിലെ ഉള്ളതുകൊണ്ടുമാണ് ക്ലാസില്‍ ഏറ്റവും അവസാനം വന്നത്, അതിനാല്‍ തന്നെ എന്നെക്കാള്‍ താമസിച്ച് ക്ലാസില്‍ വന്ന കളകൂജനത്തെ ഒന്ന് കാണണമായിരുന്നു.. തല തിരിച്ച് നോക്കുമ്പോള്‍ അതായിരുന്നു മനസ്സില്‍ വന്ന ആദ്യത്തെ കൌതുകം.

പ്രൈമറി ക്ലാ‍സില്‍ പഠിച്ച പാഠത്തെ ഓര്‍മ്മിച്ചുകൊണ്ട്, ക്ലാ….ക്ലാ….ക്ലി….ക്ലീ……ക്ലൂ…..ക്ലൂ…….. ഞാന്‍ തിരിഞ്ഞു നോക്കി…..സംശയമില്ല പെണ്‍ക്കുട്ടി തന്നെ, തത്തമ്മപച്ച കലര്‍ന്ന വെളുത്ത പുള്ളികള്‍ ഉള്ള പാവാട, പിന്നെ ആ പാവാടയ്ക്ക് യോജിക്കുന്ന ഒരു വെളുത്ത കളറുള്ള ഒരു ജാക്കറ്റ്, നല്ല മുഖശ്രീയുള്ള കൊലുന്നനെയുള്ള ഒരു പെണ്‍ക്കുട്ടി. ആ രൂപം ഇപ്പോഴും മറക്കാന്‍ കഴിയില്ല. ചില പെണ്‍ക്കുട്ടികളുടെ സുന്ദരരൂപങ്ങള്‍ അങ്ങിനെയാണ്, ജീവിതത്തില്‍ ആദ്യം കാണുന്ന അത്തരം ചില സുന്ദരമുഖങ്ങള്‍ അവസാനശ്വാസം വരെ മനസ്സില്‍ നിന്ന് പോവില്ലല്ലോ. ഇന്നെനിക്ക് വിവാഹം കഴിഞ്ഞ് 2 കുട്ടികള്‍ ആയി, എന്നിട്ടും ആ തത്തമ്മപച്ച വസ്ത്രധാരിയായ പെണ്‍ക്കുട്ടിയുടെ രൂപം ഇന്നും മനസ്സില്‍ ഉണ്ട്, ഇതു വരെ അവിടെനിന്നും പോയിട്ടില്ല.. പണ്ട് മാത്യൂമറ്റത്തിന്റെ നോവല്‍ മംഗളം ആഴ്ചപ്പതിപ്പില്‍ കുഞ്ഞുനാളില്‍ വായിച്ചത് ഇപ്പോഴും മനസ്സിലുണ്ട്, അതില്‍ പറഞ്ഞിരുന്നത് ചില പെണ്‍ക്കുട്ടികളെ ആദ്യമായി കാണുമ്പോള്‍ എന്തോ ഒരു വൈബ്രേഷന്‍ നമ്മള്‍ ആണുങ്ങളുടെ ഉള്ളില്‍ ഉണ്ടാവുമെന്ന് അദ്ദേഹത്തിന്റെ നിത്യഹരിത ജോഡികളായ ജോര്‍ജ്ജ് കുട്ടി-ജാന്‍സി, ജയിംസ്-സിസിലി, ഫിലിപ്പ്-അമ്മിണിക്കുട്ടി, പൊറിഞ്ചു-ജൂലിയറ്റ് തുടങ്ങിയ ജോഡികളെ മുന്‍ നിറുത്തി എനിക്ക് പറയാന്‍ കഴിയും, മംഗളത്തില്‍ പണ്ടത് വായിച്ചറിഞ്ഞത് ആ പെണ്‍ക്കുട്ടിയെ കണ്ടപ്പോള്‍. ഞാനും ജീവിതത്തില്‍ ആദ്യമായിട്ടന്ന് അനുഭവിച്ചു.

മഞ്ചേരി എന്‍.എസ്.എസ് കോളെളില്‍ നിന്നും കയ്യിലിരിപ്പുകൊണ്ട് മലയാളത്തിന് വരെ തോറ്റമ്പി പ്രീഡിഗ്രി കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍, ചേട്ടന്റെ വക മഹിഷാസുരമര്‍ദ്ദനവും, അമ്മയുടെ വക തിരുവിളയാട്ടവുമായിരുന്നു എനിക്ക് കിട്ടിയത്. ഒപ്പം എന്റെ സ്വന്തമായിരുന്ന എല്ലാ സര്‍വ്വ മൂലധനങ്ങളും മുറ്റത്തെ ചെന്തങ്ങിന്‍ ചുവട്ടില്‍ പറന്നിറങ്ങി.. ആകെയുള്ള ആശ്വാസം പ്രാക്ടിക്കല്‍ പരീക്ഷയില്‍ നല്ല മാര്‍ക്ക് കിട്ടിയിരുന്നുവെന്നതാണ്.. അത് കൊണ്ട് കാര്യമില്ലല്ലോ. എല്ലാ വിഷയവും സെപ്തബറില്‍ എഴുതിയെടുത്തുകൊള്ളാമ്മെന്ന് വീട്ടിലെ അന്നത്തെ എ.ഡി.ബി ബാങ്കായ അമ്മച്ചിയോട് ഏതോ ഒരു മഞ്ഞുരുകിയ ദിവസം പറഞ്ഞപ്പോള്‍, മലയാളസിനിമയിലെ ഫിലോമിന ചേച്ചിയ്ക്ക് പോലും അത്ര നല്ല ഒരു ഡയലോഗ് നമ്മുടെ സിദ്ദീഖ്-ലാല്‍ പോലും പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല.. എന്റെ വളര്‍ത്തമ്മയായ പൂതംക്കോടന്‍ ആയിച്ചാത്ത പോലും അത്ര കടുപ്പത്തില്‍ ആരെയും കളിയാക്കിയിട്ടുണ്ടാവില്ല.. പിന്നെ സ്വന്തമായി വട്ടചിലവിനുള്ള പൈസയുണ്ടാക്കുക, സ്വന്തമായി ഫീസ് സംഘടിപ്പിച്ച് സെപ്റ്റബറില്‍ തന്നെ പരീക്ഷ പാസാവുക എന്നതായിരുന്നു. മുഖ്യ അജണ്ടയും വാശിയും. അങ്ങിനെയാണ് പിന്നെ ഞാനെന്റെ ജീവിതത്തില്‍ ഒരു പെറ്റിബൂര്‍ഷ്വാ ആയി മാറുന്നത്.

സെപ്തബറില്‍ എല്ലാ വിഷയവും എഴുതിയെടുത്തു. അടുത്ത വര്‍ഷം വീണ്ടും ഡിഗ്രിയ്ക്ക് മഞ്ചേരി എസ്. എസ്സ്. എസ്സില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, എന്റെ മുന്‍കാലപരിചയം വച്ച് വീട്ടുകാര്‍ അതിന് മുടക്കം പറഞ്ഞു. അടുത്ത അധ്യായാ വര്‍ഷം വരെയുള്ള വെറുതെയുള്ള സമയം കളയണ്ടല്ലോ എന്ന് കരുതി, മണ്ണാര്‍ക്കാട് എം. ഇ. എസ്സ് കോളെജില്‍ പുതിയതായ തുടങ്ങിയ കമ്പ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്നു.(പ്രി.ഡിഗ്രി സമയത്ത് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവര്‍ക്ക് അനുകൂലമായിരുന്നു എന്റെ മനസ്സ്. ബൂര്‍ഷ്വ ആയാല്‍ പിന്നെ എല്ലാം തള്ളീപ്പറയാമല്ലോ). പ്രീഡിഗ്രിക്ക് എന്റെ കൂട്ടുകാരായ അനിലും, ഹംസയും യഥാക്രമം. പട്ടാളത്തിലും, സൌദിയ്ക്കും പോയതിനാല്‍ തിരിച്ച് വീണ്ടും മഞ്ചേരി കോളേജില്‍ ചേരാന്‍ ഒരു മാനസീകമായ ഒരാഗ്രഹവും എനിക്കുണ്ടായിരുന്നില്ല. പിന്നെ എന്തായാലും ഒരു ഡിഗ്രി എഴുതിയെടുക്കണമെന്ന് കരുതിയാണ് പെരിന്തല്‍മണ്ണയിലുള്ള കോ.ഓപ്പറേറ്റിവ് കോളേജില്‍ പ്രൈവറ്റായി ബി. കോമിന് ചേര്‍ന്നത്, പെരിന്തല്‍മണ്ണ തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണമായിട്ടുണ്ടായിരുന്നത്. ഹോട്ടല്‍ സബ്രീനയിലെ മുത്തപ്പന്‍ ബാര്‍, ഏതു സിനിമയും റിലീസിംഗ് നടത്തുന്ന അലങ്കാര്‍(കെ/സി), ജഹനറ, സവിത, സംഗീത, എന്തിന് അങ്ങാടിപ്പുറം ചിത്രാലയ എങ്ങിനെ പരന്ന് കിടക്കുന്ന തിയ്യറ്ററുകള്‍. പിന്നെ ഒരു ഫസ്റ്റ് ഷോ കണ്ടാലും, ആ ആളുകളെയെല്ലാം സ്വീകരിച്ച് രാത്രി ഒമ്പതര കഴിഞ്ഞു നടത്തുന്ന പെരിന്തല്‍മണ്ണ-കരുവാരകുണ്ട് ബസ്സ് സര്‍വീ‍സ്. വിദ്യാര്‍ത്ഥിക്കള്‍ക്കുള്ള ഇത്തരം സൊഫിസ്റ്റിക്കേറ്റഡ് യൂസര്‍ ഫ്രണ്ട് ലി കസ്റ്റമര്‍ സെര്‍വീസ് ഉണ്ടായത് കൊണ്ടാണ് പെരിന്തല്‍മണ്ണ പഠിക്കാനായിട്ട് തിരഞ്ഞെടുത്തത്. അങ്ങിനെ കോളെജില്‍ ചേര്‍ന്ന ആദ്യ ദിവസത്തെ കാര്യമാണ് മുകളില്‍ എഴുതിയത്.

അന്നും ഇന്നും പഞ്ചാരയെന്റെ ഒരു വീക്ക്നെസ് ആയതിനാലും, ക്ലാസിലെ കുട്ടികളെക്കാള്‍ ഒരു വയസ്സ് കൂടിയതിനാലും, ആ ഗുണങ്ങള്‍ വളരെ സ്വതസിദ്ധമായി ഉപയോഗിച്ച് കുറച്ച് ദിവസ്സത്തിനുള്ളില്‍ ക്ലാസിലെ എല്ലാ പെണ്‍കുട്ടികളോടും ഞാന്‍ പരിചയപ്പെടുകയും, സംസാരിക്കുകയും ചെയ്തെങ്കിലും ആ “തത്തമ്മപച്ച”യോട് എനിക്ക് സംസാരിക്കാന്‍ നാണവും, സംസാരിക്കാന്‍ ശ്രമിക്കുന്ന സമയത്ത് തന്നെ തോണ്ടയിലെ വെള്ളം വറ്റും, ഒരു വിധത്തില്‍ പറഞ്ഞാല്‍ ചിന്നവൈക്ലബ്യം. അതിനാല്‍ തന്നെ ആ കുട്ടിയോട് ഒന്ന് സംസാരിക്കണമെന്ന ആഗ്രഹം ഗണപതിയുടെ വിവാഹം പോലെ സോറി കോഴിക്ക് മുല വരുന്നത് പോലെ നീണ്ടു പോയി,

വിവാഹം എന്ന ബന്ധത്തോട് ചെറുപ്പത്തില്‍ തന്നെ എതിര്‍പ്പായിരുന്നു എനിക്ക്, എന്റെ കണ്ണില്‍ ഇതു പോലെ വിവാഹജീവിതം കഴിച്ച് സ്നേഹത്തോടെ ജീവിക്കണമെന്ന് കരുതുന്ന തരത്തിലുള്ള ഒരു കുടുംബമോ, കുടുംബബന്ധമോ ഞാന്‍ നേരില്‍ കണ്ടിരുന്നില്ല. എന്തിന് എന്റെ അച്ഛനും അമ്മയും, ഞങ്ങള്‍ മക്കളുടെ മുമ്പില്‍ സ്നേഹിച്ച്, കളിതമാശകള്‍ പറയുന്നത് കണ്ടിട്ടില്ല, പക്ഷെ അതിലേറെ അവര്‍ നിസാരകാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുന്നത് ഒത്തിരി കണ്ടിട്ടുണ്ടുമുണ്ട്. മക്കളുടെ മുമ്പില്‍ മാതാപിതാക്കള്‍ സ്നേഹത്തോടെ കഴിയുന്നതും, പെരുമാറുന്നതും മക്കളുടെ ജീവിതത്തില്‍ എത്ര സന്തോഷമുണ്ടാക്കുമെന്ന് അല്ലെങ്കില്‍ അവരുടെ വ്യക്തിജീവിതത്തില്‍ എത്രമാത്രം ഉപകരപ്പെടുമെന്ന് അവര്‍ക്ക് അറിയില്ലായിരിക്കും, ഇന്നും ഇതറിയാത്ത ഒത്തിരിപേരെ നമ്മുക്ക് നമ്മുടെയെല്ലാം ജീവിതത്തില്‍ കാണം. അല്ലെങ്കില്‍ അവരുടെ സ്നേഹപ്രകടനമെല്ലാം അവരുടെ സ്വകാര്യതകളില്‍ ആയിരുന്നിരിക്കും, (പക്ഷെ പിന്നീട് ഞാന്‍ മനസ്സിലാക്കിയിരുന്നു., ഒരു സ്ത്രീയുടെ ജീവിതത്തീലെ ഏറ്റവും ഇരുണ്ട സമയം, വിധവയായി പറക്കമുറ്റാത്ത മക്കളെ വളര്‍ത്തുന്നതാണെന്ന്. അതിനാല്‍ തന്നെയായിരിക്കും. ഈ ലോകത്തിലെ ഏറ്റവും വിശുദ്ധമായത് “അമ്മ”യെന്ന നാമമായതും., അമ്മയുടെ തലോടല്‍ കിട്ടുമ്പോള്‍ ദൈവികമായ ഒരു ആശ്വാസം നമ്മുക്ക് കിട്ടുന്നതും.). പ്രണയമെന്ന അത്തരം വികാരങ്ങളോ, വിചാരങ്ങളോ എനിക്ക് മുമ്പ് കണ്ടുമുട്ടിയിട്ടുള്ളതോ, അല്ലെങ്കില്‍ നാട്ടിലെയോ, അതുമലെങ്കില്‍ മറിച്ച് ക്ലാസിലെ ഒരു കുട്ടികളോടും തോന്നിയിരുന്നില്ല.. പക്ഷെ സംസാരിച്ച് എല്ലാവരുമായി നല്ല ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാന്‍ ഞാന്‍ മിടുക്കനായിരുന്നെന്ന് എന്നെ പറ്റി എല്ലാവരും പറയാറുണ്ട്, ക്ലാസ്സില്‍ പെണ്‍ക്കുട്ടികളോടുള്ള എന്റെ സംസാരം തെറ്റിദ്ധരിക്കപ്പെട്ട് “പരക്കപഞ്ചാര”യെന്ന പേരും വീണു. എന്നിട്ടും ആ തത്തമ്മ പച്ചയോട് സംസാരിക്കാന്‍ എനിക്ക് മടിയും നാണവുമായിരുന്നു. പ്രണയമില്ലെങ്കിലും….എന്തോ ഒരു ആകര്‍ഷണീയത എനിക്ക് ആ തത്തമ്മപ്പച്ചയോട് തോന്നിയിരുന്നു എന്നത് സത്യമാണ് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍..

തോട്ടത്തിലെ അടയ്ക്കപറിയ്ക്കാന്‍ ആളെ വിളിക്കുന്നതിലും, അതില്‍ നിന്ന് ചില അവിഹിത വീതം പറ്റുന്നതിനാലും, റബ്ബര്‍വെട്ട്, അതിലെ ഒട്ട്പാലിന്റെ മൊത്തവ്യാപാരം എന്നിങ്ങനെയുള്ള ആഭ്യന്തരവരുമാനമാര്‍ഗ്ഗത്താല്‍ പെരിന്തല്‍മണ്ണ കോളേജില്‍ പടിക്കുന്ന സമയത്ത് “ജോര്‍ജ്ജ്കുട്ടിയ്ക്ക്” അധികം പ്രശ്നമുണ്ടായിരുന്നില്ല.. എല്ലാം കൂടി ഒത്ത് കിട്ടി നല്ല ഒരു തുകയുണ്ടെങ്കില്‍ ക്ലാസ്സ് കഴിഞ്ഞ് ആരുമറിയാതെ പെരിന്തല്‍മണ്ണ സബ്രീനയില്‍ രാത്രി ഒരു മുറിയെടുക്കുക, അലങ്കാര്‍ തീയറ്ററില്‍ പോയി സെക്കന്റ് ഷോ കാണുക. “പകലരുത്, പലരതുത്” എന്ന വിശ്വാസസംഹിതയില്‍ വിശ്വസിക്കുന്നതിനാല്‍,, സബ്രീനഹോട്ടലിന്റെ താഴെയുള്ള “മുത്തപ്പന്‍ ബാറില്‍/“ പോയി രണ്ടെണ്ണം വീശി, റോഡ് സൈഡില്‍ തന്നെയുള്ള തട്ടുകടയില്‍ നിന്നും ബീഫ് ഫ്രൈയും, പറോട്ടയും കഴിച്ച് സുഖമായി രാത്രി കിടന്നുറങ്ങുക.. പിറ്റേന്ന് കോളെജില്‍ നേരത്തെയെത്തുക അതായിരുന്നു പരിപാടി.

ദിവസങ്ങള്‍ അങ്ങിനെ കടന്ന് പോയി, അപ്പോഴെയ്ക്കും, നല്ല ഒത്തിരി കൂട്ടുകാരെയും എനിക്ക് കിട്ടിയിരുന്നു. സജി, സന്തോഷ്, ദിവാകരന്‍, ലത്തീഫ്, ഹനീഫ, ശ്രീനിവാസന്‍, രാജേഷ്, എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. അങ്ങിനെയിരിക്കെ കോളേജില്‍ ഓണത്തിന് പൂക്കളമത്സരം നടത്തി, പൂക്കളമത്സരം നടന്ന് ഉച്ച കഴിഞ്ഞപ്പോള്‍ എല്ലാവരും ഫ്രീ. അങ്ങിനെയാണെങ്കില്‍ സിനിമയ്ക്ക് പോവാം എന്നായി എല്ലാവരും, പക്ഷെ കോളെജില്‍ നിന്നും സിനിമയ്ക്ക് പോവുമ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം ഒപ്പം ഓരോ കൂട്ടുകാരികളും ഉണ്ടായിരുന്നു, എനിക്കും ഹനീഫയ്ക്കും മാത്രം ടച്ചിംഗിനായി കൂട്ടുകാരികള്‍ ഉണ്ടായിരുന്നില്ല.. മഹിളകളുടെ നിര്‍ബന്ധത്താല്‍ “മായാമയൂരം“ എന്ന മോഹന്‍ലാല്‍ സിനിമയായിരുന്നു അന്ന് അലങ്കാറില്‍ കളിച്ചിരുന്നത്.. മോഹന്‍ലാലിന്റെ കിടിലന്‍ ഗെറ്റപ്പും , മനോഹരമായ ഹൈയര്‍സ്റ്റൈലും ആയിരുന്നു മായാമയൂരം കാണാനായി തിരെഞ്ഞെടുക്കാന്‍ കാരണം. അന്ന് ബൂര്‍ഷ്വ ഞാനായതിനാല്‍ ടിക്കറ്റെല്ലാം എന്റെ വക, ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പെണ്‍ക്കുട്ടികളുടെ ഇടയില്‍ പോങ്ങച്ചം കാണിച്ചതായിട്ടാണ് എനിക്കത് തോന്നുന്നത്. കൂടെ വന്ന കൂട്ടുകാരികളും, കൂട്ടുകാരികളും, മായാമയൂരത്തിലെ സ്റ്റൈലന്‍ മോഹന്‍ലാലും, രേവതിയുമായി സ്വയം മാറി ആസദിച്ചിരിക്കുന്നു. അങ്ങിനെ സിനിമ കണ്ടിരിക്കേ, ഹനീഫ എന്നോട് പറഞ്ഞു, അവന് ക്ലാസില്‍ പടിക്കുന്ന സലീമയെ ഒന്ന് ലൈനാക്കണം, ഒന്ന് റെഡിയാക്കി കൊടുക്കാന്‍ എന്നോട് പറഞ്ഞു, എന്റെ കൂട്ടുകാരെല്ലാം ഓരോരുത്തരെ ലൈനാക്കിയതില്‍ എന്റെ വാക്കുകളാലുള്ള മധുരമനോക്ഞവും, പ്രണയസുരഭിലവുമായ ദൂതും ഉണ്ടായിരുന്നു. അപ്പോള്‍ അവനോട് ഞാന്‍ ഒരു പെണ്‍കുട്ടിയെ വളയ്ക്കാനുള്ള ആ പരമരഹസ്യം അവന് അലങ്കാര്‍ തിയ്യറ്ററിന്റെ ശീതളിമയില്‍ മനസ്സിലാക്കി കൊടുത്ത അത് പരീക്ഷിക്കാന്‍ പറഞ്ഞു.  അത് കേട്ടനേരം അവനെന്നോട് പറഞ്ഞത് “എടാ സാജൂ അതാണല്ലെജ്ജ് ആ തത്തമ്മപ്പച്ചേണോട് മുണ്ടാത്തത്………ജ്ജ് ആ റസിയനോട് വര്‍ത്താനം പറയുമ്പൊള് ആ തത്തമ്മപച്ച അന്നെ തന്നെ നോക്കിയിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജ്ജ് അതാ ഓളോട് മുണ്ടാത്തത്? ഞാന്‍ ആ സമയത്ത് എന്റെ നയം വ്യക്തമാക്കി. കണ്ടിഷന്‍ഡ് ആയ പ്രണയം അത് ഒരു സ്വാര്‍ത്ഥതയാണെങ്കിലും;. എന്നിരിക്കിലും , മനസ്സിന് ഇഷ്ടപ്പെട്ട് ഒരു പെണ്‍ക്കുട്ടിയെ പ്രണയിച്ചാല്‍, അവളുടെ സ്നേഹം അറിഞ്ഞ് നടപ്പ്സമൂഹത്തില്‍ ജീവിക്കണമെങ്കില്‍ കല്ല്യാണം കഴിക്കണം, അല്ലാതെ വെറുതെയുള്ള ഒരു പ്രണയത്തിന് എനിക്ക് താല്പര്യമില്ലെന്ന് ഞാന്‍ ഹനീഫയോട് പറഞ്ഞു, (ഇന്ന് ഹനീഫ ജിദ്ദയില്‍ ജോലി ചെയ്യുന്നു). മാത്രമല്ല എന്റെ അമ്മച്ചി പറയാറുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്, അനാവശ്യമായി സ്ത്രീകളുടെ കണ്ണിരു വിഴ്ത്തുകയോ, ശാപങ്ങളില്‍ ഏറ്റവും വലുതായ സ്ത്രീശാപം വാങ്ങുകയോ ചെയ്യരുതെന്ന്.

മായാമയൂരം കണ്ട് എല്ലാവരും ഓണാവധിക്ക് പോയി, ഇന്നെത്തെപോലെ മൊബൈല്‍ ഇല്ലാതിരുന്നതിനാല്‍ എല്ലാവരും, നോട്ട്ബുക്കില്‍ തപാല്‍ വിലാസം കുറിച്ചെടുത്തു. അവധിക്ക് കത്തുകളെഴുതാന്‍ പരസ്പരം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഒരാ‍ഴ്ച കഴിഞ്ഞു കോളെജ് തുറന്നു. അന്നേരം ആ തത്തമ്മപച്ച ക്ലാസിലും മറ്റും എന്നെ കാണുമ്പോള്‍ ചെറുതായി സ്വയം ഉള്‍വലിയാന്‍ ശ്രമിക്കുന്നതായി മനസ്സിലാക്കാന്‍ സാധിച്ചു, മാത്രമല്ല തത്തമ്മപച്ചയുടെ ഒപ്പമുള്ള റസിയ എന്നെ നോക്കി ഒരു കളിയാക്കലും, കാര്യത്തില്‍ എന്തോ ഒരു പന്തികേട് എനിക്കും തോന്നിതുടങ്ങി.. പിന്നീട് ഒരാഴ്ച ആ തത്തമ്മപച്ച ക്ലാസിലും വന്നില്ല.എന്റെ കണ്ണുകള്‍ അവളെ പ്രതീക്ഷിച്ച് എന്നും വഴിയിലേക്ക് നോക്കും., അന്നേരം എനിക്ക് മനസ്സിലായി, അവളെ കാണാന്‍ എന്റെ മനസ്സ് തുടിക്കുന്നുണ്ടെന്ന്., എന്റെ മനസ്സില്‍ അവള്‍ക്ക് ഒരു സ്ഥാനമുണ്ടെന്ന്.. ഒരാഴ്ച കഴിഞ്ഞ് അവള്‍ ക്ലാസില്‍ വന്നപ്പോള്‍ പതിവിലും സുന്ദരിയായി എനിക്ക് തോന്നി. അത് പിന്നെ നമ്മള്‍ക്ക് ഇഷ്ടപ്പെടുന്ന പെണ്‍ക്കുട്ടിയാ‍യിരിക്കുമല്ലോ ഈ ലോകത്തിലെ ഏറ്റവും സുന്ദരിയാ‍യ പെണ്‍ക്കുട്ടി. എന്റെ ചെറുതമാശകള്‍ ആ പെണ്‍കുട്ടിയ്ക്ക് ഇഷ്ടമാണെന്ന് ഞാനറിഞ്ഞു. പിന്നീട് പതുക്കെ പതുക്കെ ഞങ്ങള്‍ നല്ല കൂട്ടുകാര്‍ ആയി, ഒത്തിരി കാര്യത്തില്‍ ഞങ്ങളുടെ ഇഷ്ടങ്ങളും ഒന്നായിരുന്നു. ആകെയുള്ള ഒരു വിത്യാസം ടെന്നീസ് കളിക്കാരിയില്‍ ആയിരുന്നു. എനിക്കിഷ്ടം മോണിക്ക സെലസിനെയും, ആ പച്ചപാവാടക്കാരിക്ക് ഗബ്രിയേല സബാറ്റിനിയേയും ആയിരുന്നു. ഇടയ്ക്ക് ഞാന്‍ ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ അനിയത്തിക്ക് പ്രിഡിഗ്രിസെക്കന്റ് ഗ്രൂപ്പിലെ റെക്കോര്‍ഡ് വരച്ച് കൊടുത്തത് കണ്ട്, ആ തത്തമ്മപ്പച്ചയും ആ ആവിശ്യം ആ കുട്ടിയുടെ അനിയത്തിക്കായി ചെയ്തുകൊടുക്കുമോ എന്നു ചോദിച്ചു. ഏതൊരു അനുരാഗവിലോചനന്‍ ചെയ്യുന്നത് പോലെ ഞാനും ചെയ്തുകൊടുക്കുകയും, എനിക്ക് വളരെയധികം ഇഷ്ടപെട്ട പാര്‍ലെയുടെ “മാംഗോ ബയിറ്റ്” ഒരു പായ്ക്കറ്റ് എനിക്ക് സമ്മാനമായി നല്‍കി. എനിക്ക് മാംഗോ ബയിറ്റ് ഒത്തിരിയിഷ്ടമാണെന്നറിഞ്ഞതിനാല്‍ ആ മിഠായി മിക്കദിവസവും ആ പെണ്‍ക്കുട്ടി സ്നേഹത്തോടെ വാങ്ങിതന്നിരുന്നു. തിരിച്ച് ആ തത്തമ്മപ്പച്ചയ്ക്കും, റസിയക്കും, കാന്റീനില്‍ നിന്നും പരിപ്പ് വടയും, പഴമ്പൊരിയും എന്റെ വകയും,

അതിനിടയില്‍ കോളെജ് മാ‍ഗസിനില്‍, ചില ചെറുലേഖനങ്ങള്‍, കുഞ്ഞുകഥകള്‍ എല്ലാം ഞാന്‍ എഴുതിയിരുന്നു. ഒരു ദിവസം ആ തത്തമ്മപ്പച്ച പെണ്‍ക്കുട്ടി എന്നോട് ചോദിച്ച് എങ്ങിനെയാണ് സാജു ഈ കഥകള്‍ ഒക്കെ എഴുതുന്നത്. ഇതൊക്കെ വെറും കഥകള്‍ ആണോ, അതോ ഈ എഴുത്തുകാര്‍ എഴുതുന്നതെല്ലാം സ്വന്തം ജീവിതത്തില്‍ നിന്ന് തന്നെയാണോയെന്ന്.. ഞാനോരു ചിരിയില്‍ അതിന്റെ ഉത്തരം ഒതുക്കി.

ഇതിനിടയില്‍ ഒരു വിദ്യാഭ്യാസവര്‍ഷം കഴിയാറായി, ഞാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബി.കോമിന് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അത് ഈ അവസരത്തില്‍ നിരസിക്കപ്പെട്ടു,. കാരണം തിരക്കി യൂണിവേഴ്സിറ്റിയില്‍ പോയി അന്വേഷിച്ചപ്പോള്‍ നിരസിക്കാന്‍ കാരണം പ്രിഡിഗ്രി സെക്കന്റ് ഗ്രുപ്പ് എടുത്ത് പാസായ ഒരു കുട്ടി ബി.കോമിന് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മിനിമം 55% മാര്‍ക്ക് വേണം, പട്ടികജാതി പട്ടികവര്‍ഗമാണെങ്കില്‍ ഇത് പ്രശ്നമല്ല, മാത്രമല്ല എന്റെ ജാതിക്കോളത്തില്‍ “കെ.പി.സി.ആര്‍” എന്നാണ് മഞ്ചേരി കോളെജില്‍ നിന്നും പ്രിഡിഗ്രി സമയത്ത് യൂണിവേഴ്സിറ്റിയില്‍ പോയ രജിസ്റ്റര്‍ പേപ്പറില്‍ എഴുതിയിരുന്നത്. പിന്നെ അത് തിരുത്താന്‍ മഞ്ചേരി കോളെജിലേക്ക് ഓടി…..എങ്ങിനെ എല്ലാവരും പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് ഞാന്‍ യൂണിവേഴ്സിറ്റിയുടെ തിണ്ണയില്‍കൂടി നിരങ്ങിനടന്നു. അവസാനം “കെ.പി.സി.ആര്‍” എന്ന ജാതിക്കോളത്തില്‍ എഴുതിയതിന്റെ ഫുള്‍ഫോം മനസ്സിലായി “കെ.പി. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്:“ എന്നത് ലോപിപ്പിച്ച് ആണ് അവര്‍ എന്റെ ജാതിക്കോളത്തില്‍ “കെ.പി.സി.ആര്‍” എന്നെഴുതിയത്. അത് തിരുത്തി വന്നപ്പോള്‍ വീണ്ടും ശതമാനക്കണക്കില്‍ ഞാന്‍ വീണു. 55% ശതമാനത്തിന് പകരം എനിക്ക് പ്രിഡിഗ്രിക്ക് ഉണ്ടായിരുന്നത്. 53.75% ആയിരുന്നതിനാല്‍ എന്നെ ബി.കോം എഴുതുന്നതില്‍ നിന്നും പുറത്താക്കി,, വീണ്ടും ഒരു വര്‍ഷം കളയാന്‍ ഇല്ലാതിരുന്നതിനാല്‍ ബി.എ. ഇക്കോണോമിക്സിന് ചേര്‍ന്നു. അതിന് ചേരാന്‍ ഈ ശതമാനക്കണക്ക് ബാധകവുമല്ല. എന്തെല്ലാം വിദ്യാഭ്യാസപരിഷ്ക്കാരങ്ങള്‍.. അങ്ങിനെ ക്ലാസ് തീരാന്‍ മാസങ്ങള്‍ ഉണ്ടായിരിക്കേ ഞാന്‍ ബീ.കോം ക്ലാസില്‍ നിന്നും ബി.എ ക്ലാസിലേക്ക് മാറി…….അങ്ങിനെ തത്തമ്മപ്പച്ചയെ കണ്ട് വെള്ളമിറക്കിയുള്ള എന്റെ പഠനം തീര്‍ന്നു. പിന്നെ ടീച്ചര്‍മ്മാരുടെ സഹായവും, കൂട്ടുകാരുടെ സഹായവും ഒക്കെയായി……ബി.എ നന്നായി എഴുതിയെടുക്കണമെന്ന് എനിക്കും വാശിയായി. സ്റ്റഡിലീവ് ആരംഭിച്ചു.. ഹാള്‍ടിക്കറ്റ് എത്തിയിരിക്കുന്നുവെന്ന് പത്രത്തില്‍ വാര്‍ത്ത വന്നത് കണ്ട്, ഹാള്‍ടിക്കറ്റ് വാങ്ങാന്‍ പോയപ്പോള്‍ എനിക്ക് എന്റെ പേരില്‍ ഹാള്‍ടിക്കറ്റ് വന്നിട്ടില്ല. അന്നേരം തന്നെ മഞ്ചേരിയില്‍ നിന്നും യൂണിവേഴ്സിറ്റിയിലെക്ക് വിട്ടടിച്ചു. അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍, എന്റെ പേരിലുള്ള ഹാള്‍ടിക്കറ്റ് പോയിരിക്കുന്നത് കണ്ണൂര്‍ ബ്രണ്ണന്‍ കോളെജിലേക്ക്.. അതിന്റെ റിപ്പോര്‍ട്ടും വാങ്ങി തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ എനിക്ക് തോന്നി…….എന്നെ പിന്തുടരുന്ന ഓരോരോ പ്രശ്നങ്ങള്‍. ഹാള്‍ ടിക്കറ്റ് ഇല്ലാതെ എങ്ങിനെ പരീക്ഷ എഴുതും…….അന്നാണ് ഞാന്‍ ആദ്യമായി ദൈവത്തോട് പ്രാര്‍ത്ഥിച്ചതെന്ന് തോന്നുന്നു ഈ വിഷമസന്ധിയില്‍ നിന്നും ഒന്ന് രക്ഷിക്കാന്‍. നട്ട്സ് പോയ അണ്ണാനെപ്പോലെ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. നാളെ ഇംഗ്ലീഷ് പരീഷയാണ്. ഇനി ഒരു പരീക്ഷ തോല്‍വി താങ്ങാനുള്ള മനക്കരുത്ത് എനിക്കും ഉണ്ടായിരുന്നില്ല., ഒപ്പം ഒരു വര്‍ഷവും. എന്തായാലും അങ്ങിനെ ആ ദിവസം ഞാന്‍ അമ്മച്ചിയുടെ കൂടെ ആദ്യമായി സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ചേര്‍ന്നു. എത്രയോ ദിവസങ്ങള്‍ക്ക് ശേഷം അമ്മച്ചി അത് കണ്ട് എന്നോട് ചിരിക്കുകയും…അമ്മച്ചിയുടെ ആ സന്തോഷം..എനിക്കിഷ്ടമുള്ള കറികള്‍ ഉണ്ടാക്കിതന്ന് ഒരു അമ്മയുടെ സ്നേഹം എങ്ങിനെ പ്രകടിപ്പിക്കാമെന്ന് കാണിച്ചുതരികയും ചെയ്തു. അമ്മച്ചിയോട് എന്റെ സങ്കടം പറയുകയും, എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുക. അത് പോലെ എല്ലാം നല്ലെതിനെന്ന് കരുതി സന്തോഷിക്കാനും പറഞ്ഞ് അമ്മച്ചി ആശ്വസിപ്പിച്ചൂ. അന്ന് ഞാന്‍ അമ്മയുടെ കൂടെ കിടന്നുറങ്ങുകയും ചെയ്തൂ……രാവിലെ എഴുന്നേറ്റ് പത്രം നോക്കിയപ്പോള്‍ എനിക്ക് എന്നെ തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ പരീക്ഷ മാറ്റിവച്ചിരിക്കുന്നു. എന്നെപ്പോലെ ഹാള്‍ടിക്കറ്റ് കിട്ടാ‍ത്ത കുട്ടികള്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെക്ക് ഉത്തരക്കടലാസ് കൊണ്ടുവന്ന യൂണിവേഴ്സിറ്റിയുടെ വാഹനം തല്ലിപ്പോളിച്ച് ഉത്തരകടലാസുകള്‍ വലിച്ച്കീറിയതിനാല്‍ പരീക്ഷ മാറ്റി വച്ചിരിക്കുന്നു. ഞാന്‍ നിന്ന നിലയില്‍ എട്ട് ചാട്ടം……അന്ന് തന്നെ യുണിവേഴ്സിറ്റിയില്‍ പോയി ഹാള്‍ടിക്കറ്റിന്റെ കാര്യം ശരിയാക്കി തിരിച്ചുവന്നു. ഈ വിവരം ഞാന്‍ എല്ലാ കൂ‍ട്ടുകാര്‍ക്കും കത്തയച്ച് അറിയിച്ചു. അത് പോലെ ആ തത്തമ്മപ്പച്ചയ്ക്കും. അങ്ങിനെ ഞാന്‍ ആദ്യമായി ഒരു പെണ്‍ക്കുട്ടിക്ക് കത്തെഴുതുകയാണ്. എഴുതി…….ഒരാഴ്ച കഴിഞ്ഞില്ല…ആ തത്തമ്മപ്പച്ചക്കാരിയുടെ മറുപടി കത്ത് ഒരു കവറില്‍ എന്റെ വിലാസത്തില്‍, ഞാന്‍ ആകെ “വികാരവിശ്വംഭരനായി” ആദ്യമായി എന്റെ വിലാസത്തില്‍ ഒരു പെണ്‍ക്കുട്ടിയുടെ കത്ത്.. കത്ത് പോട്ടിച്ചപ്പോള്‍ കുത്ത് കിട്ടിയപോലെയായി ഞാന്‍. ഞാന്‍ അയച്ച കത്ത് ചുമരില്‍ അടിച്ച പന്തുപോലെ എനിക്ക് തിരിച്ച് അയച്ചിരിക്കുന്നു. ഒപ്പം ഒരു വാചകവും. “ഇത് സാജു അയച്ചതാണോ എന്ന് എനിക്കറിയില്ല. അതിനാല്‍ മറുപടിയ്ക്കായി എഴുതിയ വിലാസത്തില്‍ ഈ കത്ത് തിരിച്ചയക്കുന്നു” ഞാന്‍ ബൈബിള്‍ എടുത്ത് ഉത്തമഗീതം എഴാം അധ്യായം, പ്രത്യേകിച്ച് അതിലെ 12 മുതല്‍ 13 വരെയുള്ള വാചകങ്ങള്‍ വായിച്ച് എന്റെ ഹൃദയവേദനയുടെ ശക്തി കുറച്ചു.

പരീക്ഷയെല്ലാം കഴിഞ്ഞ് വീണ്ടും എല്ലാവരും ക്ലാസില്‍ എത്തി, ഞാന്‍ ആ തത്തമ്മപ്പച്ചയെ കാത്തിരുന്നു. പതിവ് പോലെ രണ്ട് മൂന്ന് ദിവസം ആളെ കാണാനില്ല. ഞാന്‍ കൂട്ടിലടച്ച വെരുകിനെ പോലെ, കൂട്ടുകാരോട് ഇത് പറയാന്‍ പറ്റുമോ…….കുളിപ്പിച്ച് കിടത്തും. മൂന്ന് ദിവസം കഴിഞ്ഞപ്പോഴുണ്ട് പുള്ളിക്കാ‍രി വരുന്നു. എന്നെ കണ്ടപ്പൊഴെ മുഖം താഴ്ത്തിയാണ് ക്ലാസിന്റെ വരാന്തയിലൂടെ നടന്നത്. ഞാന്‍ അടുത്ത് ചെന്ന് പറഞ്ഞു… ഞാന്‍ ജീവിതത്തില്‍ ആദ്യമായീട്ടാണ് ഒരു പെണ്‍ക്കുട്ടിയ്ക്ക് കത്തെഴുതുന്നത്. അത് അതുപോലെ തിരിച്ച് അയച്ചുതന്ന് എന്നെ സന്തോഷിപ്പിച്ചതിന് ഞാന്‍ ഒരു നന്ദിയും പറഞ്ഞു. പക്ഷെ ആ പെണ്‍ക്കുട്ടിയുടെ മറുപടിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്……”സാജുവിന്റെ കത്താണോ എന്നെനിക്കറിയില്ലായിരുന്നു….. ഞാന്‍ കരുതി ആരോ എന്നെ കളിപ്പിക്കുവാന്‍ കത്തെഴുതിയതായിരിക്കുമെന്ന്, അത് സാജുവെഴുതിയതാണെങ്കില്‍ എനിക്ക് തന്നേരെ ഞാന്‍ സൂക്ഷിച്ചുവച്ചോളാം” ഞാനതിന് മറുപടി പറഞ്ഞത്. “ആ കത്ത് ഞാന്‍ ആര്‍ക്കും തരില്ല….ഞാന്‍ ജീവിതകാലം മുഴുവന്‍ അത് സൂക്ഷിക്കും…..ഞാന്‍ അയച്ച കത്ത് എനിക്ക് തന്നെ തിരിച്ചുകിട്ടിയതല്ലേ…അത് ഞാന്‍ തന്നെ സുക്ഷിച്ചോളാം”

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും, ഇന്നും ആ കത്ത് എടുത്ത് വായിക്കുമ്പോള്‍ പഴയ സംഭവങ്ങള്‍ മനസ്സിലേക്ക് ഓടിവരും, ഒപ്പം ആ പെണ്‍ക്കുട്ടിയുടെ നിഷ്കളങ്കതയും.

ഒരു ദിവസം കൂട്ടുകാര്‍ക്കെല്ലാം കരുവാരക്കുണ്ട് കാണാനും, എന്റെ വിട്ടില്‍ വരാനും ആഗ്രഹം പ്രകടിപ്പിച്ച്, എന്റെ പ്രിയപ്പെട്ട എല്ലാ കൂട്ടുകാരെയും തത്തമ്മപ്പച്ചക്കാരിയടക്കമുള്ള കൂട്ടുകാരികളെയും ഞാന്‍ വിളിച്ചു. പക്ഷെ വീട്ടില്‍ വന്നത് 10 കൂട്ടുകാരും…….ഒപ്പം ആ ഒരോറ്റ തത്തമ്മപ്പച്ചക്കാരിയും. ഭക്ഷണം എല്ലാം കഴിഞ്ഞ് 5 കൂട്ടുകാര്‍ എന്റെ വീട്ടില്‍ താമസിക്കുകയും, ആ കുട്ടിയും, മറ്റു കൂട്ടുകാര്‍ തിരിച്ച് പോവുകയും ചെയ്തു. ഇത് കണ്ട് എന്റെ അമ്മച്ചിയും അനിയത്തിയും എന്നെ കളിയാക്കി, ഈ പെണ്ണിനെയെങ്ങാനുമാണോടാ നീ കല്യാണം കഴിക്കുന്നതെന്ന് ചോദിച്ചുകൊണ്ട്……..ഞാന്‍ അതിന് മറുപടിയായി പറഞ്ഞത് അമ്മച്ചിയുടെ ആഗ്രഹം പോലെ ഞാന്‍ പള്ളിലച്ചന്‍ ആവാന്‍ പോവുകയാണെന്നായിരുന്നു…….സഭ നശിപ്പിക്കരുത് എന്ന ഉദ്ദേശത്തോടെ അമ്മച്ചി എന്റെ ആഗ്രഹം അവിടെ വച്ചേ നുള്ളിക്കളഞ്ഞു…….എന്തായാലും എന്നെ വിശ്വസിച്ചിച്ച് എന്റെ വീട്ടില്‍ കാല് കുത്തിയ ആദ്യത്തെ പെണ്ണും ആ തത്തമ്മപ്പച്ചക്കാരിയാണ്.

അങ്ങിനെയിരിക്കെ ഞങ്ങളുടെ ക്ലാസില്‍ ഉള്ള രജിനിയെന്ന ഒരു കുട്ടിയ്ക്ക് കല്ല്യാണമായി, അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം……വിവാഹം കഴിഞ്ഞ് പെണ്ണും ചെറുക്കനും പോയശേഷം എല്ലാവരും കൂടിയാലോചിച്ച് സിനിമയ്ക്ക് പോവാന്‍ തീരുമാനിച്ചു…..അതും ഭാവിയിലെ മിസ്റ്റര്‍ ആന്റ് മിസിസ്സ് ആവാന്‍ കാത്തിരിക്കുന്നവരുടെ കൂടെയായിരുന്നു. ഞാനും പോയിരുന്നത്.. ജഹനറയില്‍ “മണിചിത്രത്താഴ്” കളിക്കുന്നു.. ആ തത്തമ്മപ്പച്ചയും അവളുടെ രണ്ട് കൂട്ടുകാരികളും വന്ന് പറഞ്ഞു അവര്‍ക്ക് കൂടി ടിക്കറ്റ് എടുക്കുമോ…..നാളെ ക്ലാസില്‍ വരുമ്പോള്‍ പൈസ തിരിച്ചുതരാമെന്ന്….ഇത്തരം സഹായങ്ങള്‍ നമ്മള്‍ വാരിക്കോരി നല്‍ക്കാന്‍ സന്നദ്ധനാണെന്ന് അവര്‍ക്കറിയില്ലല്ലോ……എന്റെ ഒരു സീറ്റ് മുമ്പില്‍ ആയിരുന്നു. ആ കുട്ടിയും, ആ കുട്ടിയുടെ കൂട്ടുകാരികളും ഇരുന്നിരുനത്. ഞാന്‍ സിനിമയല്ലായിരുന്നു കണ്ടിരുന്നത്….പകരം ആ കുട്ടിയെ തന്നെയായിരുന്നു. നോക്കിക്കൊണ്ടിരുന്നത്. . അങ്ങിനെ ഞാന്‍ ആദ്യമായി സിനിമയ്ക്ക് ടിക്കറ്റ് എടുത്ത് കൊടുത്ത പെണ്ണും ആ തത്തമ്മപ്പച്ച പെണ്‍ക്കുട്ടിയായി… പക്ഷെ…..ആ പെണ്‍ക്കുട്ടി ഇന്ന് വരെ മണിചിത്രത്താഴ് സിനിമയ്ക്ക് എടുത്ത് കൊടുത്ത ടിക്കറ്റിന്റെ പൈസ ഇതുവരെ തന്നിട്ടില്ല…….. മണിചിത്രത്താഴ് കാണുമ്പോള്‍ ആ കുട്ടി തരാനുള്ള കടത്തിന്റെ കുടിശിക ആണ് എനിക്ക് ഓര്‍മ്മ വരിക.

അങ്ങിനെ അവസാനം മലരമ്പന്‍ എന്റെ മനസ്സും കീഴടക്കി……എന്റെ ഊണിലും ഉറക്കത്തിലും ആ പെണ്‍ക്കുട്ടിയായി ചിന്ത…….എനിക്ക് ആ കുട്ടിയോട് ഇഷ്ടമാണെന്ന് ഞാനെന്റെ കൂട്ടുകാരോടും പറഞ്ഞു. പക്ഷെ എന്റെ “പരക്കപഞ്ചാര” എന്നുള്ള കോളെജിലെ പേര് ഒരു വിഗ്നമായി മാറുമോയെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു…..അങ്ങിനെ ആറ്റിയും കുറുക്കിയും…..ഞാന്‍ മനസ്സില്‍ നെയ്തെടുത്ത എന്റെ ഹൃദയവികാരങ്ങള്‍ ഞാന്‍ ആ പെണ്‍ക്കുട്ടിയോട് തുറന്ന് പറയാന്‍ തീരുമാനിച്ചു………അങ്ങിനെ ഒരു 20-5-1994 ന് ഞാന്‍ ആ തത്തമ്മപ്പച്ചയോട് അരുകില്‍ ചെന്ന്, എനിക്ക് ഒരു പ്രത്യേക കാര്യം പറയാനുണ്ട്…ക്ലാസ് കഴിഞ്ഞ് നില്‍ക്കണമെന്ന് ഞാന്‍ ആവിശ്യപ്പെട്ടു. എന്നും ചിരിച്ച് സംസാരിക്കാറുള്ളത് പോലെ; ആ പെണ്‍ക്കുട്ടി ചിരിച്ച് സമ്മതം അറിയിക്കുകയും ചെയ്തു…..ക്ലാസ്സുകള്‍ കഴിയാന്‍ മണിക്കൂറുകള്‍ ഉള്ളത് എനിക്ക് വര്‍ഷങ്ങള്‍ ദീര്‍ഘമുള്ളതായി തോന്നി…..അങ്ങിനെ അവസാനം ആ നിമിഷം വന്നെത്തി………ജീവിതത്തില്‍ ആദ്യമായി ഒരു പെണ്‍ക്കുട്ടിയോട് ഇഷ്ടമാണെന്ന് പറയാന്‍ പോവുന്നു……ക്ലാസ് കഴിഞ്ഞതും എന്നെ തിരക്കി ആ പെണ്‍ക്കുട്ടി വന്നു…..മനസ്സില്‍ പറയാന്‍ വിചാരിച്ചെതെല്ലാം മറന്ന് പോവുകയോ, ക്രമം തെറ്റിപ്പോവുകയോ ചെയ്തിരിക്കുന്നു……വെറുതെ പഞ്ചാരയടിക്കുന്നതുപോലെ അത്ര എളുപ്പമല്ല പ്രണയവികാരം കൈമാറുകയെന്ന് ആദ്യമായി ഞാന്‍ മനസ്സിലാക്കി….എന്നാലും ധൈര്യം സംഭരിച്ച് ഞാന്‍ ആ പെണ്‍ക്കുട്ടിയെ ഒരു ഒഴിഞ്ഞ ക്ലാസിലേക്ക് വിളിച്ചു……കൂട്ടുകാര്‍ പുറത്ത് കാത്തുനില്‍ക്കുന്നു……..ഞാന്‍ മലരമ്പ് എയ്ത് വന്നശേഷം എന്നെക്കൊണ്ട് കെ.ആര്‍ ബേക്കറിയില്‍ വച്ച് നടത്തിക്കേണ്ട പാര്‍ട്ടിയുടെയും. കണെക്കെടുപ്പ് പുറത്ത് നടത്തുന്നു. ശരിയായാല്‍ എന്തിന് കെ. ആര്‍…….സബ്രീനതന്നെയെന്ന് ഞാന്‍….

ഞാന്‍ ഒന്നും പറയാതെ നില്‍ക്കുന്നത് കണ്ട് ആ കുട്ടി ചോദിച്ചു. “എന്താ സാജുവിന് പറയാനുണ്ട് എന്നു പറഞ്ഞത്”

ജീവിതത്തില്‍, ആ തത്തമപ്പച്ചയോട് അനുബന്ധിച്ച് എല്ലാം എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുമെങ്കിലും……ഞാന്‍ ആ കുട്ടിയോട് എന്റെ പ്രണയാ‍ഭ്യത്ഥന നടത്തിയത് എനിക്ക് എത്ര ആലോചിച്ചിട്ടും ഓര്‍മ്മ കിട്ടുന്നില്ല. ഒരു പക്ഷെ എന്റെ തൊണ്ടയില്‍ നിന്നും ഒന്നും വന്നിരിക്കില്ല. അല്ലാതെ അങ്ങിനെ സംഭവിക്കാന്‍ സാധ്യതയില്ല. എങ്കിലും അവസാനം ഞാന്‍ എന്തിന്റെയൊക്കെയൊ കൂടെ ആ കുട്ടിയോട് പറഞ്ഞു….. “ഐ….ലൈക്ക് യു”….

ഞാനത് പറഞ്ഞതും…..പിന്നെ അവിടെ നടന്നതുമായ സംഭവം പണ്ട് …..ത്രേതയുഗത്തില്‍ നടന്നതും, .രാമായണത്തില്‍ വിവരിച്ചിരിക്കുന്നതുപോലെയുമാണ് സംഭവിച്ചിച്ചത്…. ഹൃദയഭേദകമായ വാര്‍ത്തയും, ദുഖവും കാരണം സീത ഭൂമി പിളര്‍ന്ന് താഴ്ന്ന് പോവുകയാണല്ലോ ഉണ്ടായത്……അതു പോലെ എനിക്കും സംഭവിച്ചു….പക്ഷെ ക്ലാസ് സിമന്റ് ഇട്ട തറയായതിനാല്‍ ഞാന്‍ ഭൂമിയില്‍ തന്നെ നിന്നു. നിഷ്ക്കരണം എന്റെ പ്രണയാഭ്യര്‍ത്ഥന ആ തത്തമ്മപ്പച്ച നിരസിച്ചു… ഒപ്പം…….ഛേയ്….എന്ന് പറഞ്ഞ് കഴുത്ത് വെട്ടിച്ച് എന്റെ അരികില്‍ നിന്നും ഇറങ്ങിയോടി…… പിന്നെ തിരിഞ്ഞു നിന്നു…..സാജു കരുതുന്നത് പൊലെയല്ല ഞാന്‍ സാജുവിനെ കരുതിയിരുന്നത്… പരസ്പരമുള്ള ചിരിയില്‍ പ്രണയം മാത്രമല്ല ഉള്ളത്…… ഇത് നിങ്ങള്‍ ആണ്‍ക്കുട്ടികളുടെ ഒരു പ്രത്യേകതയാണ്. പിന്നെ സാജു കരുതുന്നതുപോലെ എനിക്ക് സാജുവിനെ തിരിച്ച് പ്രണയിക്കാനും കഴിയില്ല” ഇതും പറഞ്ഞു……ആ പെണ്‍ക്കുട്ടി ക്ലാസില്‍ നിന്നും ഇറങ്ങിയോടി…

കൂട്ടുകാര്‍ ക്ലാസിലേക്ക് ഇരച്ച് കയറി…എന്റെ മുഖം കണ്ടപ്പോഴെ അവര്‍ക്ക് കാര്യം മനസ്സിലായി….. അവര്‍ അവര്‍ക്ക് അറിയാവുന്ന ആ പ്രേമരഹസ്യം വെളിപ്പെടുത്തി .അതായത്… എല്ലാവരെയും പഞ്ചാരയടിച്ച് നടക്കുന്ന ഒരു ആണ്‍ക്കുട്ടിയേയും ഒരു പെണ്‍ക്കുട്ടിയും സ്നേഹിക്കുകയില്ലെന്ന്……..” പക്ഷെ….എനിക്ക് മാത്രമല്ലേ അറിയൂ അവളെ മാത്രമേ ഞാന്‍ എന്റെ ഹൃദയത്തില്‍ വച്ച് ഇഷ്ടപ്പെട്ടിരുന്നതെന്നും….. എന്റെ ഓരോ ശ്വാസത്തിലും,…….എന്റെ ഓരോ അണുവിലും ആ പെണ്‍ക്കുട്ടിയോടുള്ള സ്നേഹമായിരുന്നെന്നും.,……എന്റെ അവസാനശ്വാസം വരെ അവളെ മറക്കിലെന്നും……..ആര്‍ക്കും അത് മനസ്സിലായില്ല…….

തിരിച്ച് കോളെജ് വിട്ട്….സബ്രീനയുടെ മുമ്പിലൂടെ നടക്കുമ്പോള്‍...മുത്തപ്പന്‍ ബാറിന് മുമ്പിലുള്ള കാനായിയുടെ കറുത്ത രതിശില്പം എന്നെ അകത്തേക്ക് ക്ഷണിച്ചു...പക്ഷെ അവിടെ ഒതുക്കാവുന്നതായിരുന്നില്ല എന്റെ സങ്കടം.

അന്ന് രാത്രി……ഞാന്‍ ഉറങ്ങിയില്ല…… ഇനി ജീവിതത്തില്‍ മറ്റോരു സ്ത്രീയോടും ഇഷ്ടമാണെന്ന് പറയില്ലെന്ന് ഞാന്‍ ശപഥം ചെയ്തു ആ രാത്രിയില്‍……മാത്രമല്ല……കോളെജില്‍ പോയി…..ആ തത്തമ്മപ്പച്ചയോട് മാപ്പ് പറയുക….ഒപ്പം അത്തരം ഒരു മാനസികാവസ്ഥയില്‍ കോളെജില്‍ തുടര്‍ന്ന് പഠിക്കുന്നതിന് എനിക്കു കഴിയില്ല…. അത്തരം ഒരു മാനസീകാവസ്ഥയില്‍ ഞാന്‍ അവിടെ തുടര്‍ന്ന് പഠിച്ചാല്‍ അത് വീണ്ടും എന്റെ ഒരു പരാജയത്തിലേ കലാശിക്കുവെന്ന് ഉറപ്പയതിനാല്‍ എന്റെ പഠനം ഉപേക്ഷിക്കാനും ഞാനന്ന് രാത്രി തീരുമാനിച്ചു.

ഞാനാ പെണ്‍ക്കുട്ടിയെ കാത്തിരുന്നെങ്കിലും…….അവള്‍ വന്നില്ല…….ഇതിനിടയില്‍ ബോംബെയില്‍ ഉള്ള ഒരു കൂട്ടുകരന്റെ അടുത്ത് പോവാന്‍ തീരുമാനിച്ചു……വീട്ടില്‍ ഞാന്‍ എന്റെ തീരുമാനം പറഞ്ഞപ്പോള്‍ അതും എന്റെ പതിവ് ഭ്രാന്തന്‍ വര്‍ത്തമാനമായിട്ടെ അവര്‍ക്ക് തോന്നിയുള്ളു…….പക്ഷെ….ഞാന്‍ ഉറച്ചുതന്നെയെന്ന് കരുതിയപ്പൊള്‍ എന്റെ ചേട്ടന്‍ മുന്‍കൈയെടുത്ത്…എന്റെ ഭാവിക്ക് നല്ലതായിരിക്കുമെന്ന് കരുതി…5-6 ദിവസത്തിനകം സൌദിയിലേക്കുള്ള വിസ ശരിയാക്കി…മലപ്പുറം ജില്ലയില്‍ നിന്നും സൌദിയിലേക്കുള്ള വിസ സംഘടിപ്പിക്കുക അന്ന് അത്ര പ്രശ്നമായിരുന്നില്ല…ആരുടെ കണ്ണിലും അത്രവേഗം എത്തിപ്പെടാത്ത ഒരു സ്ഥലമായിരുന്നു. എനിക്കേറെയിഷ്ടം…..

ഇതെല്ലാം ശരിയാക്കി ഒരാഴ്ച കഴിഞ്ഞു ഞാന്‍ വീണ്ടും കോളെജില്‍ ചെന്നപ്പോള്‍ ആ തത്തമ്മപ്പച്ച കോളെജില്‍ ഉണ്ടായിരുന്നു….ക്ലാസ് വിട്ട് പുറത്തിറങ്ങാതെ ആ പെണ്‍ക്കുട്ടി ക്ലാസില്‍ തന്നെയിരിക്കുകയായിരുന്നു…അവസാനം കോളെജ് വിട്ട് ആ പെണ്‍ക്കുട്ടി കൂട്ടുകാരികള്‍ക്കിടയില്‍ നില്‍ക്കുന്ന സമയത്ത്…ഞാന്‍ പോയി ആ പെണ്‍ക്കുട്ടിയോട് സംഭവിച്ചതിന് മാപ്പ് പറയുകയും… ഞാന്‍ കോളെജ് നിറുത്തി പോവുകയാണെന്നു പറഞ്ഞു. മുമ്പ ഞാന്‍ പറഞ്ഞത് കൂട്ടുകാരികള്‍ക്ക് മനസ്സിലാവാതിരിക്കാനായിരിക്കാം.  എനിക്ക് സാജു പറയുന്നതൊന്നും മനസ്സിലായില്ല എന്ന് ആ പെണ്‍ക്കുട്ടി എന്നോട് കള്ളം പറഞ്ഞു….

അങ്ങിനെ അന്ന് ആ കോളെജിലെ പഠനവും ഉപേക്ഷിച്ച് പടിയിറങ്ങി…പിന്നെ സൌദിക്ക് പോവുന്ന തിരക്കിലായിരുന്നു………ഒരു മാസത്തിനകം എല്ലാ പേപ്പറും റെഡിയായി…..സൌദിക്ക് പോവുന്നതിനതിന്റെ 3 ദിവസം മുമ്പ് പെരിന്തല്‍മണ്ണയില്‍ നിന്നും ഡ്രെസ്സെല്ലാം എടുത്ത് വരുന്ന സമയത്ത്, അവിചാരിതമായി ബസ്സ് സ്റ്റാന്‍ഡില്‍ വച്ച് തത്തമ്മപ്പച്ച എന്റെ മുമ്പില്‍…… ഒന്നും പറയാതെ ഇത്തിരി നേരം ഞങ്ങള്‍ നിന്നു. ..പിന്നെ ഒരു നിമിഷം നില്‍ക്കൂവെന്ന് പറഞ്ഞു……… അടുത്തുള്ള ഒരു ബുക്ക്സ്റ്റാളില്‍ പോയി ഒരു കുഞ്ഞുഡയറി വാങ്ങി എനിക്ക് തന്നു…..എന്നിട്ട് പറഞ്ഞു…“ഇതില്‍ ഞാന്‍ എന്റെ വിലാസം എഴുതിയിട്ടുണ്ട്…….അവിടെ പോയി സമയം കിട്ടുമ്പോള്‍ കത്തെഴുതു…തിരിച്ചയക്കുമെന്ന് പേടി വേണ്ട” ഇതും പറഞ്ഞു ആ പെണ്‍ക്കുട്ടി നടന്നു മറഞ്ഞു.. അവള്‍ ആള്‍ക്കുട്ടത്തില്‍ മറയുന്നത് വരെ ഞാനും നോക്കി നിന്നു. തിരിച്ച് ബസ്സില്‍ കയറി ആ ഡയറി മറിച്ച് നോക്കിയപ്പോള്‍…വിലാസത്തിന്റെ കൂടെ…അവസാനം ഒരു “ ഏ പ്ലസ്” എന്നെഴുതിയിരിക്കുന്നു, എനിക്കൊന്നും മനസ്സിലായില്ല അത് കണ്ടിട്ട് എങ്കിലും…ആ വിലാസത്തിലൂടെ എന്റെ വിരലുകള്‍ ചലിച്ചു………

എതാനും ദിവസങ്ങള്‍ക്കകം……..അതായത് പ്രിയപ്പെട്ടതെല്ലാം വിട്ട്….1994.ഓഗസ്റ്റ് 15 ന് ഞാന്‍ സൌദിയില്‍ വന്നു…………..ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയ ആ ദിവസം എന്റെ സ്വാതന്ത്യത്തില്‍ ഒരു ചെറിയ കടിഞ്ഞാണ്‍ വീഴുകയായിരുന്നു.

വര്‍ഷങ്ങള്‍…1,2,3,4 അങ്ങിനെ കടന്നുപോവുന്നു. തികച്ചും ഏകാന്തമായ അനേകം വര്‍ഷങ്ങള്‍…. എന്റെ ആ ഏകാന്തതയിലും എന്റെ തലയിണകള്‍ മാത്രം സന്തോഷിച്ചിരുന്നു….കാരണം ആ തത്തമ്മപച്ചയ്ക്ക് കിട്ടേണ്ടിയിരുന്ന ഉമ്മകള്‍ എല്ലാം ആ തലയിണകളായിരുന്നു വാങ്ങിയിരുന്നത്.

2004 മാര്‍ച്ച് 18 എനിക്ക് “ഇസബെല്ല; 2006 സെപ്തംബര്‍ 24ന് “ഗബ്രിയേല” എന്നിങ്ങനെ രണ്ടു പെണ്‍ക്കുട്ടികള്‍ സൌദിയില്‍ വച്ച് ജനിച്ചു………..

ആ രണ്ട് കുട്ടികളെയും എനിക്ക് തന്നത്…………. ആ പഴയ തത്തമ്മപ്പച്ച പെണ്‍ക്കുട്ടി തന്നെയായിരുന്നു.

വാല്‍കഷ്ണം:

ആ തത്തമ്മപ്പച്ചയെ സൌദിയില്‍ ഇരുന്നുകൊണ്ട് എങ്ങിനെ കറക്കിയെടുത്തെന്നും, ഒരിക്കലും നടക്കില്ലെന്ന് കരുതിയ വിവാഹം എങ്ങിനെ നടന്നുവെന്നും ഞാന്‍ എഴുതുന്നില്ല കാരണം അത് പ്രിയദര്‍ശന്‍ സിനിമയാക്കുവാന്‍ ചോദിച്ചതിനാല്‍……. ശേഷം വെള്ളിത്തിരയില്‍

Tuesday, May 25, 2010

ഞാന്‍ കണ്ട നെറ്റിലെ മാലാഖമാര്‍



നിങ്ങള്‍ ആര്‍ക്കെങ്കിലും ബോറടിക്കുമ്പോള്‍ എന്തു ചെയ്യും? പല പരിപാടികള്‍ ആയിരിക്കും പലര്‍ക്കും, എനിക്ക് ബോറടിക്കുമ്പോള്‍ ഞാന്‍ സന്ദര്‍ശിക്കുന്ന ഒരു വെബ് സൈറ്റ് ഉണ്ട്. ഞാന്‍ ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വെബ് സൈറ്റ് ആണത്. ഞാന്‍ കല്യാണം കഴിക്കുന്നതിനു മുമ്പ്, സൌദിയില്‍ വച്ചാണ് ആ വെബ്‌ സൈറ്റ് ആദ്യമായി കണ്ടത്, പിന്നെ ഞാന്‍ ഒത്തിരി വിസിറ്റ് ചെയ്തത് ട്രാക്ക് ചെയ്തിട്ടാണോ എന്നറിയില്ല ഒരു ദിവസം ആ സൈറ്റ് സൌദിയില്‍ കട്ടയും പടവും മടക്കി തന്നു. (ഇന്ന് അത് അവിടെ കാണുന്നുണ്ടോ എന്നറിയില്ല). ആ സമയത്ത് ഞാന്‍ കല്യാണപ്രായമായതിനാലാവാം ഈ സൈറ്റ് നോക്കി വെള്ളം ഇറക്കാരുണ്ടായിരുന്നു, അതിലും രസം പിന്നെ കല്യാണം കഴിഞ്ഞു ഞാന്‍ പ്രത്യുല്പാദനം നടത്തി കൊണ്ടിരിക്കുമ്പോള്‍ ആ സൈറ്റില്‍ കണ്ട "മാലാഖമാര്‍" ആയിരുന്നു എന്റെ മനസ്സില്‍. ദൈവം സഹായിച്ചു അതിനു ഗുണം കിട്ടുകയും ചെയ്തു.

അതിനാല്‍ ആര്‍ക്കെങ്കിലും ബോറടിക്കുന്നുണ്ടെങ്കില്‍. താഴെ കാണുന്ന സൈറ്റ് വിസിറ്റ് ചെയ്യുക. എന്നിട്ട് അതിലെ "മാലാഖമാരുടെ" ചിത്രം കാണുക. നിങ്ങളുടെ ചുണ്ടില്‍ ഒരു നനുത്ത ചിരി വരുന്നത് എനിക്ക് കാണാം. ഓരോരുത്തര്‍ക്കും ഓരോ രുചികള്‍ ആണല്ലോ.

http://www.annegeddes.com

ആനി ചേച്ചി
*****

നട്ടപ്പിരാന്തന്റെ മുന്നറിയിപ്പ്.

ഈ സൈറ്റ് ഞാന്‍ അടുത്ത് വിവാഹം കഴിച്ചവര്‍ക്കും, ഇനി കഴിക്കാന്‍ പോവുന്നവര്‍ക്കും...ശുപാര്‍ശ ചെയ്യുന്നു.

മുകളില്‍ എഴുതിയ വിവരണം വായിച്ചു, ആരെങ്കിലും തെറ്റിദ്ധരിച്ചാലോ, സമയം കളഞ്ഞതിനോ ഞാന്‍ ഉത്തരവാദിയല്ല.


Sunday, May 16, 2010

ചെറുചന്ദനാദിയെണ്ണ

ജീവിതത്തിലെ ഏറ്റവും സുഖകരമായ അവസ്ഥയാണ്, അല്ലെങ്കില്‍ ഭാഗ്യം ചെയ്തവരാണ് രാത്രി ജോലിയെല്ലാം കഴിഞ്ഞുവന്ന് കിടക്കുമ്പോള്‍ മനസമാധാനത്തോടുകൂടി, അല്ലെങ്കില്‍ മനസ്സിനെ യാതൊന്നും അലോസരപ്പെടുത്താതെ കിടന്നുറങ്ങാന്‍ കഴിയുകയെന്നുള്ളത്.

പണ്ട് നാലിലോ, അഞ്ചിലോ പഠിക്കുന്ന സമയത്ത്, അടുത്ത വീട്ടിലെ ഹരിദാസേട്ടന്റെ വീട്ടില്‍ എല്ലാ ആഴ്ചയും മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രത്തിനോപ്പം വരുമായിരുന്നു. അന്നെല്ലാം മാതൃഭൂമിവാരികയിലെ പേജുകളെല്ലാം “സ്ഥലത്തെ പ്രധാനപയ്യന്മാരാണ്” അടക്കിവാണിരുന്നത്. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ക്കതൊന്നും അന്ന് വായിച്ചാല്‍ മനസ്സിലാവാത്തതിനാല്‍ ഞങ്ങള്‍ അവസാനപേജില്‍നിന്നാണ് മാതൃഭൂമി മറിക്കാന്‍ തുടങ്ങുക, കാരണം അവസാനപേജുകളിലാണ് “കുട്ടേട്ടന്‍” കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള “ബാലപക്തി”യുള്ളത്. പിന്നിട്ട് വളര്‍ന്നപ്പോഴാണ് നമ്മുടെ “കുഞ്ഞുണ്ണിമാഷായിരുന്നു കുട്ടേട്ടന്‍” എന്നറിയുന്നത്. അങ്ങിനെയുള്ള ഏതോ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുട്ടേട്ടന്‍ കുട്ടികള്‍ക്കായി ഒരു കഥയെഴുതിയിരുന്നു. ആ കഥയിലെ രത്നച്ചുരുക്കം ഇതാണ്. ഒരു ദിവസം ഒരു അദ്ധ്യാപകന്‍ കുട്ടികളോടായി ചോദിച്ചു നിങ്ങള്‍ക്ക് വലുതായിതീരുമ്പോള്‍ ആരായിത്തീരണമെന്ന്. ഓരോരോ കുട്ടികള്‍ പറഞ്ഞു, ഡോക്ടര്‍, എഞ്ചിനീയര്‍, പൈലറ്റ്, പോലീസ്, ടീച്ചര്‍ എങ്ങിങ്ങനെയെല്ലാം. അവസാനം ക്ലാസ്സിന്റെ അവസാനബഞ്ചിലിരുന്ന, ക്ലാസ്സില്‍ മണ്ടനെന്ന് അറിയപ്പെടുന്ന “മൊട്ട അബു”വിനോട് ചോദിച്ചു നിനക്കാരായിത്തീരണമെന്ന്. മൊട്ട അബു പറഞ്ഞു, എനിക്ക് നന്നായി ഉറങ്ങുന്നവനായിതീര്‍ന്നാല്‍ മതിയെന്ന്. അദ്ധ്യാപകനൊപ്പം ക്ലാസ്സ് മൊത്തം ചിരിച്ചു. ഒന്ന് വിശദമായി പറയാന്‍ മൊട്ട അബുവിനോട് പറഞ്ഞപ്പോള്‍ അബു പറഞ്ഞതിപ്രകാരമാണ്, ഇവരെല്ലാം പറഞ്ഞപ്രകാരം ജോലികിട്ടിയാലും, വീട്ടിലെ പ്രശ്നങ്ങളാലും, ജോലി സംബന്ധമായ പ്രശ്നങ്ങളാലും ചിലപ്പോള്‍ ഉറങ്ങാന്‍ പറ്റില്ലായിരിക്കാം…..അതിനാല്‍ എനിക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്നവനാവണമെന്ന് പറയുമ്പോള്‍ ഞാന്‍ മാനസീകമായും, ശാരീരികമായും, സാമ്പത്തീകമായും എല്ലാ സുഖവും അനുഭവിക്കുന്നവനായിരിക്കുമെന്നാണ് അതിനര്‍ത്ഥമെന്നും, അതിനാണ് അവര്‍ കഷ്ടപ്പെട്ട് ഓരോ ജോലിക്ക് ഇപ്പോഴെ ആഗ്രഹിക്കുന്നതെന്നും മൊട്ടയബു പറഞ്ഞപ്പോള്‍ വലിയ വായില്‍ “വാ” പൊളിച്ചത് ചോദ്യം ചോദിച്ച അദ്ധ്യാപകനായിരുന്നു.

ഇതെല്ലാം ഇവിടെ പറയാന്‍ കാരണം, എനിക്കും കുറച്ച് നാളായി ഉറക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സൂത്രപ്പണികളിലൂടെ എങ്ങിനെയുറക്കം വീണ്ടെടുക്കാമെന്ന് ഭാര്യയുമായി ആലോചിച്ചപ്പോള്‍ പുള്ളിക്കാരി പറഞ്ഞു വേഗം നാട്ടില്‍ വരാന്‍. അങ്ങിനെ 15 ദിവസത്തെ അവധിക്കായി നാട്ടില്‍ ഈയടുത്ത സമയത്ത് വന്നു. ഞാന്‍ ചെല്ലുന്നതിനുമുമ്പേ എനിക്ക് വേണ്ടി “രാസ്നാദിപ്പൊടി, മൂത്രച്ചുട് പോവാന്‍ കുറുക്കുണ്ടാക്കിക്കഴിക്കാന്‍ കൂവപ്പൊടി, വെള്ളത്തിലിട്ട് കുടിക്കാന്‍ ബാര്‍ളിപ്പൊടി, ഗള്‍ഫില്‍ സോപ്പ് ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന മൊരിച്ചില്‍ ഒഴുവാക്കാന്‍ “നെന്മേനി സ്നാനചൂര്‍ണം” പിന്നെ പുള്ളിക്കാരി സ്വന്തമായി തയ്യാറാ‍ക്കിയ നെല്ലിക്കാരിഷ്ടം ഇത്യാദി അനുസാരികളുമായി കാത്തിരിക്കിക്കുകയായിരുന്നു. പുള്ളിക്കാരി ഒരു ആയുര്‍വേദസ്നേഹിയായതിനാല്‍ എനിക്കിതെല്ലാം മനസ്സിലാവുന്നതാണ്. പക്ഷെ ഇപ്പോഴും കുട്ടികള്‍ക്ക് അസുഖം വന്നാല്‍ പുള്ളിക്കാരി ആയുര്‍വേദമരുന്നോ, അല്ലെങ്കില്‍ കൂടിവന്നാല്‍ ഹോമിയോപ്പതി മരുന്നുകള്‍ മാത്രമാണ് ഉപയോഗിക്കുക. അതിന് പുള്ളിക്കാരിയുടെ ന്യായികരണം അലോപ്പതിക്ക് മരുന്നുകളും, ആന്റിബയോട്ടിക്ക് മരുന്നുകളും കൊടുത്താല്‍ കുട്ടികളുടെ രോഗപ്രതിരോധശേഷി കുറയുമെന്നാണ്. ആദ്യമെല്ലാം ഞാന്‍ എതിരുപറയുമെങ്കിലും അത് സത്യമാണെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.കുട്ടികള്‍ക്ക് വിശപ്പുണ്ടാവാന്‍ ടോണിക്കിനെക്കാള്‍ നല്ലതാണ് “ബാലജീവാരിഷ്ടം”

അങ്ങിനെ അവധിക്കാലത്ത് പുള്ളിക്കാരി ഒരു ദിവസം പറയുന്നു, ആരോ പറഞ്ഞ് അറിഞ്ഞതാണ് പാവം, തലയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയം കഴിഞ്ഞു കുളിച്ചാല്‍ നല്ല ഉറക്കം കിട്ടുന്ന ഒരു എണ്ണയുണ്ട്, “ചെറുചന്ദനാദിയെണ്ണ”; അത് മറക്കാതെ വാങ്ങണമെന്ന് പുള്ളിക്കാരി ഓര്‍മ്മിപ്പിച്ചു. ഭാര്യ വെറുതെയൊന്നും പറയില്ലയെന്നുള്ളതുകൊണ്ടും, ചന്ദനത്തിന്റെ മണമായിരിക്കുമല്ലോ ആ എണ്ണയ്ക്ക് എന്നുകരുതിയും, ഞാന്‍ കരുവാരക്കുണ്ടുള്ള ഞങ്ങളുടെ പ്രിയപ്പെട്ട “വിജയലക്ഷ്മി വൈദ്യശാലയില്‍” പോയി ചെറുചന്ദനാദിയെണ്ണ വാങ്ങാന്‍.

വൈദ്യര്‍ക്കാണെങ്കില്‍ എന്നെ ചെറുപ്പം തൊട്ടേ അറിയാം, ഞാന്‍ വലിയ ഗമയില്‍ “കുറച്ച് ചെറുചന്ദനാദിയെണ്ണ” വേണമെന്ന് പറഞ്ഞപ്പോള്‍, പുള്ളിക്കാരന്റെ മുഖത്ത് ഒരു ഊളിയ ചിരി വന്നത് ഞാന്‍ ശ്രദ്ധിച്ചു…….ഒപ്പം മരുന്ന് എടുത്ത് കൊടുക്കുന്ന ജോലിക്കാരുടെ മുഖത്തും ഒരു ചിരി പടരുന്നു.

പിന്നെ വൈദ്യന്‍ എന്നോട് ചോദിക്കുന്നു. “ആര്‍ക്കാണ് എണ്ണ?”.

“എനിക്ക് തന്നെ”

വൈദ്യശാലയില്‍ ചിരിയുടെ ശബ്ദം കൂടുന്നു….

“എത്രവേണം എണ്ണ?”

വാങ്ങിയാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും കൂടി ഉപയോഗിക്കാമല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു “ഒരു 500 മില്ലി എടുത്തോള്ളു….വീട്ടില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാമല്ലോ”

പിന്നെ അവിടെ വൈദ്യശാലയില്‍ കൂട്ടച്ചിരിയാണ് നടന്നത്,,,,എന്നിട്ട് ചിരിച്ച് കൊണ്ട് വൈദ്യന്‍ മരുന്ന് എടുത്തുകൊടുക്കുന്ന ജോലിക്കാരനോട് പറഞ്ഞു “നമ്മുടെ മാഷിന് ഒരു 100 മില്ലി ചെറുചന്ദനാദിയെണ്ണ കൊടുക്കൂ!!!!”

“വൈദ്യരെ 100 മില്ലിയല്ല 500 മില്ലിയാണ് ഞാന്‍ പറഞ്ഞത്!!!!!!!”

പിന്നെ വൈദ്യര്‍ ചിരിച്ച്കൊണ്ട് എന്റെ അടുത്ത് വന്ന് ചെവിയില്‍ പറഞ്ഞു….”എന്റെ മാഷെ……അധികം ഉറക്കെ പറയാതെ…ഈ ചെറുചന്ദനാദിയെണ്ണ സാധാരണ ഉപയോഗിക്കുന്നത്, ഇത്തിരി നൊസ്സുള്ള അല്ലെങ്കില്‍ പ്രാന്തുള്ള ആളുകളുടെ തലയില്‍ തേച്ച് കുളിപ്പിക്കാനുള്ളതാണ്… അവരുടെ തല തണുപ്പിക്കാനാണ് ചെറുചന്ദനാദിയെണ്ണയുപയോഗിക്കുന്നത്”

അപ്പോള്‍ എന്റെ മുഖത്ത് വിരിഞ്ഞ ഭാവാദികള്‍ എതെങ്കിലും സംവിധായന്‍ കണ്ടിരുന്നെങ്കില്‍ എന്നെ തീര്‍ച്ചയായും സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിളിച്ചേനെ.

ഞാനിത് വന്ന് ഭാര്യയോട് പറഞ്ഞപ്പോള്‍, അവളും പൊട്ടിപ്പൊട്ടിച്ചിരിച്ചു………..അവളുടെ ആ ചിരികണ്ട് ഞാനും ഒത്തിരി സന്തോഷിച്ചു…..കാരണം എല്ലാം മറന്ന് ചിരിക്കാന്‍ കഴിയുക എന്നതും ജീവിതത്തിലെ ഒരു ഭാഗ്യമാണ്.

അടിക്കുറിപ്പ്:

കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ചെറുചന്ദനാദിയെണ്ണ തേച്ച് കുളിച്ചു…..സാധനം കിടിലോല്‍ക്കിടിലം.

Tuesday, September 01, 2009

K.P. നമ്പൂതിരിസ് ദന്തധാവനചൂര്‍ണവും, ഒരു പെറ്റി ബൂര്‍ഷ്വയുടെ ഉദയവും

1987 ല്‍- എറണാകുളം ജില്ലയിലെ പിറവം എന്ന സ്ഥലത്തിനടുത്തുള്ള വെളിയനാട് സെന്റ് പോള്‍സ് ഹൈസ്കൂളില്‍ സ്കൂള്‍ ഷൈനിങ്ങിനുള്ള ലാസ്റ്റ്‌ ചാന്‍സിനു പഠിച്ചിരുന്ന സമയം ( SSLC- യെ അങ്ങിനെയും നിര്‍വചിക്കാമായിരുന്നു). ഇപ്പോഴത്തെ ബേബിച്ചാ‍യനോട് കിടപിടിക്കുന്ന ജേക്കബ്ബച്ചായന്‍ ആയിരുന്നു അന്നു വിദ്യ കൊണ്ട് അഭ്യാസമാടിയിരുന്നത്. അതിനാല്‍ തന്നെ പുള്ളിക്കാരന്‍ ഞങ്ങളുടെ “എല്ല്” ഊരി SSC ആക്കി ഒരു പാള പുസ്തകവും തന്ന് ഞങ്ങളെ പടിയിറക്കിവിട്ടപ്പോഴാണ് വ്യവസ്ഥിയോട് പ്രതികരിച്ച് ജീവിതത്തിലാദ്യമായി സ്വയം പിന്‍തിരിപ്പനായി തീര്‍ന്നത്. മാത്രമല്ല മുറിച്ചാല്‍ കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണരക്തം മാത്രം ഒഴുകിവരുന്ന ഞങ്ങളുടെ കുടുംബത്തില്‍ നിന്നും ആദ്യമായി രക്തത്തിന് ചെഞ്ചോര നിറം കൂടിയുണ്ടെന്ന് മൊട്ട തിരിച്ചറിഞ്ഞു. അത് കുടുംബത്തില്‍ മനസ്സിലാക്കികൊടുത്തതിനാല്‍ ആദ്യമായി കുടുംബത്തില്‍ ഞാന്‍ പിന്തിരിപ്പനായി. പിന്നെ അതൊരു തുടര്‍കഥയാവുകയായിരുന്നു.

എല്ലു കളഞ്ഞ SSC യുമായി KSRTC യുടെ മൂവാറ്റുപുഴ ഫാസ്റ്റില്‍ ഞാന്‍ കരുവാരക്കുണ്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബസ്സിറങ്ങി. മാലാഖയുടെ വിശുദ്ധിയും, ഒരു മാടപ്രാവിന്റെ ഹൃദയമുള്ള (പണ്ട് അങ്ങിനെയായിരുന്നുവെന്ന് ചരിത്രം പറഞ്ഞിരുന്നു) മൊട്ടയെ പത്താം ക്ലാസ് കഴിഞ്ഞ് ഒരു പട്ടക്കാരനാക്കണമെന്ന് എന്റെ അമ്മച്ചി ആഗ്രഹിച്ചിരുന്നത് മാത്രമല്ല പള്ളിക്കാരുമായി ചേര്‍ന്ന് കോട്ടയത്തെ തിയൊളൊജിക്കല്‍ സെമിനാരില്‍ ചേര്‍ക്കാനുള്ള അച്ചാരവും വാങ്ങിയിരുന്നു. പണ്ടത് എന്നൊടും സൂചിപ്പിച്ചിരുന്നു. അന്നൊക്കെ മാതൃഹൃദയം വേദനിക്കണ്ടയെന്നു കരുതി അതിന് മറുപടി അന്നൊന്നും നല്‍കിയിരുന്നില്ല, മറുപടി ഒരു ചിരിയിലൊതുക്കി. കാര്യത്തോടു അടുത്തപ്പോള്‍ മൊട്ട കാലു മാറി. ചോരക്ക് കമ്മ്യുണിസ്റ്റ് ചെഞ്ചോര നിറം കണ്ട ഞാന്‍ പള്ളിയിലെ പാതിരി വന്ന് സെമിനാരിയുടെ കാര്യം പറഞ്ഞപ്പോള്‍ ഉത്തരത്തിന് പകരം “മൊട്ട പട്ടക്കാരനായി സഭ മൊത്തം കേട് വരണോ?” എന്ന ചോദ്യമാണ് പറഞ്ഞത്, ആ കന്നന്തരം പിടിക്കാതെ പള്ളിക്കും ഞാന്‍ പിന്തിരിപ്പനായി.

തലത്തിരിഞ്ഞ മൊട്ടയെ തല നേരെയാക്കാന്‍ അമ്മച്ചിയും എന്റെ ചേട്ടനും ഒത്തിരി ശ്രമിച്ചു, ശരിയാവാതെ വന്നപ്പോള്‍ ചുങ്കത്തറ മാര്‍ തോമ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ക്കനായി തീരുമാനിച്ചു, ആ പാവങ്ങള്‍ കരുതിയത് ഏതെങ്കിലും പുണ്യവാന്റെ പേരിലൊരു കോളേജുണ്ടെങ്കില്‍ അവിടെ ദൈവവചനമാണ് കൂടുതലും പഠിപ്പിക്കുക എന്നായിരിക്കും, അതും എതിര്‍ത്തപ്പോള്‍ അവസാനം എന്റെ ഇഷ്ടത്തിന് മഞ്ചേരി NSS കോളേജില്‍ ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. Second Group എടുക്കണമെന്ന് ഉടമ്പടിയോടെ.

അങ്ങിനെയിരിക്കെ, കേരളത്തില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ വന്നു. കരുവാരക്കുണ്ട്‌ പഞ്ചായത്തിലെ ഞങ്ങളുടെ വാര്‍ഡ്‌ ലീഗിന്റെ പച്ചക്കോട്ടയായിരുന്നു. പുതിയാപ്ലനെക്കാള്‍ ബീവിമാരു ഞങ്ങളുടെ വാര്‍ഡില്‍ കൂടിയതിനാല്‍ അതൊരു വനിത വാര്‍ഡായി മാറി. മെമ്പറാവാന്‍ ഒത്തിരി ലീഗിന്റെ കുണ്ടാന്മാരു കുപ്പായം തുന്നിയിരുന്നു. അവരുടെ തലക്കിടിത്തീയായിട്ടാണു വനിതാവാര്‍ഡിന്റെ വാര്‍ത്ത വന്നത്‌. ഈമാനും, ദീനിബോധവുമുള്ള ഒരു മുസ്ലിം പെണ്ണും ലീഗിന്റെ സ്ഥാനാര്‍ഥിയായി മുന്നോട്ട്‌ വരാനുണ്ടായിരുന്നില്ല. യു.ഡി.ഫ്‌ കൂലംകഷമായി ആലോചിച്ചു, കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവായിരുന്ന എന്റെ ചേട്ടനും ആ ആലോചനയില്‍ ഉണ്ടായിരുന്നു.അങ്ങിനെ ആലോചനയുടെ അവസാനം നിരപ്പേല്‍കുടിലില്‍ മേരി ജോണ്‍‌, അതായത്‌ എന്റെ അമ്മച്ചി സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടു. കുടുംബയോഗത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ മൊട്ട അമ്മച്ചിയുടെ സ്ഥാനാര്‍ഥിത്വം എതിര്‍ത്തു. കാരണം പണ്ടത്തെ രണ്ടാം ക്ലാസ്‌ വീദ്യാഭ്യാസം മാത്രമുള്ള മേരി ജോണ്‍ ഒരിക്കലും ജനങ്ങളുടെ കാര്യവും, വാര്‍ഡിന്റെ കാര്യവും പഞ്ചായത്ത് യോഗത്തില്‍ ഉന്നയിച്ച്, ഒരു നല്ല മെന്‍പറാവാന്‍ കഴിയില്ല എന്നുള്ളത് കൊണ്ടും; മക്കളും (ഞങ്ങളുടെ ചാച്ചന്‍ 1983-ല്‍ ഒരപകടത്തില്‍ നേരത്തെ മരിച്ചിരുന്നു), അടുക്കളയും; മനോരമ, മംഗളം വാരികയിലെ നോവലും, പള്ളിയുമല്ലാതെ അമ്മച്ചിക്കു മറ്റൊരു ലോകവും, അറിവും, ജീവിതമുണ്ടായിരുന്നില്ലാത്തതിനാലുമായിരുന്നു ഞാന്‍ സ്ഥാനാര്‍ഥിത്വം എതിര്‍ത്തത്. ഇന്ത്യാവിഷനും, ഏഷ്യാനെറ്റും ഇല്ലാത്തതിനാല്‍ എന്റെ വിപ്ലവം ഒന്‍പതാം വാര്‍ഡില്‍ മാത്രം ഒതുങ്ങി. സ്ഥാനാര്‍ഥിത്വം എതിര്‍ത്തതിലുടെ വീട്ടില്‍ ഞാന്‍ വീണ്ടും പിന്തിരിപ്പനായി. പക്ഷെ ജനാധിപത്യത്തില്‍ ഭൂരിപക്ഷം വിജയിക്കുന്നത്‌ പോലെ അമ്മച്ചിയുടെ സ്ഥാനാര്‍ഥിത്വം എന്റെ ചേട്ടനും അനിയത്തിയും കൂടി വിജയിപ്പിച്ചെടുത്തു. പിന്തിരിപ്പനായ എന്റെ മേല്‍ ഒരു വിജയവും. ചന്തു പറഞ്ഞത് പോലെ മോട്ടക്ക് തോല്‍ക്കാന്‍ വീണ്ടും കഥകള്‍ ബാക്കി.

അതിനു പ്രതികാരമായി ഏല്‍.ഡി.ഫ്‌ സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനു സഹായിക്കുകയും, പോസ്റ്റ് എഴുതികൊടുക്കുകയും ചെയ്ത്‌ എന്റെ വിപ്ലവം ഞാന്‍ നടത്തിക്കൊണ്ടിരുന്നു. ഈ പരിപാടിയെല്ലാം കഴിഞ്ഞ് ഒരു ദിവസം വീട്ടില്‍ ചെന്നപ്പോഴുണ്ട്, വാര്‍ഡിലെ വീരാംഗനയായ പൂതംക്കോടന്‍ ആയിഷാത്തയും എന്റെ അമ്മച്ചിയും സംസാരിക്കുന്നു. എന്റെ നടപടികള്‍ പറഞ്ഞ് അമ്മച്ചി കരയുന്നുമുണ്ട്. ജീവിതത്തില്‍ ആരെയും നേരിടാം പക്ഷെ പൂതംക്കോടന്‍ ആയിച്ചാത്തനെ നേരിടാന്‍ ആര്‍ക്കുമാവില്ലായിരുന്നു നാട്ടില്‍. (പുള്ളിക്കാരത്തിയുടെ വീരചരിതങ്ങള്‍ പിന്നീട് ബ്ലൊഗില്‍ എഴുതാം) എന്നെ കണ്ടപാടെ ആയിച്ചാത്ത ആരംഭിച്ചു “ എട സാജു...അന്നെണ്ടാക്കി പെറ്റ്ങ്ങാണ്ട് ബളര്‍ത്തിയ നേരത്തിന്, അന്റമ്മക്ക് ഒരു തെങ്ങ്ത്തജ്ജ് കുയിച്ച് ബച്ചികണെങ്കില് അയിന്റെ തേങ്ങേങ്കിലും കീ‍ട്ടീന്നു. കള്ള ഹിമാറെ എന്ത്‌ത്ത് പണ്യാജ്ജ് കാട്ടിങ്ങാണ്ട് നടക്കണത്. നാണെല്ലെ അണക്ക് അന്റെ അമ്മണ്ടാക്ക്യ ചോറ് ബയിജ്ജ്ങ്ങാട്ട് ഓള്ക്ക് എതിര്യാട്ട് നടക്കാനായിങ്ങാണ്ട്. റബ്ബിലാ‍ലമീനായ തന്‍പുരാനാണ സത്യം അന്റമ്മച്ചിനെ ഞങ്ങള് ജയിപ്പിച്ചും, അന്റെ മുന്‍പിക്കുടെ ജയിപ്പിച്ചുങ്ങാട്ട് ഞങ്ങള് നടത്തിച്ചും, അപ്പോ അന്റെ ആ ഇളിച്ച മോന്ത ഇച്ചൊന്ന് കാണണെരുന്ന് ” അതിന് മറുപടി പറഞ്ഞാല്‍ അതിലും കൂടുതല്‍ കേള്‍ക്കു എന്നറിയാമെന്നതിനാല്‍ കമാന്നൊരക്ഷരം പറയാതെ ഞാന്‍ വീട്ടില്‍ കേറി, പാത്രത്തിനു മുന്നിലിരുന്ന്. വേണമെങ്കില്‍ തിന്നിട്ട് പോയ്‌ക്കോ എന്ന മട്ടില്‍ അനിയത്തി ഭക്ഷണമെല്ലാം എറിഞ്ഞിട്ട് തന്നു. നക്കിയിട്ട് പോന്നു, അതാണു ശരിക്കും ഉണ്ടായത്.

വോട്ടെടുപ്പ് കഴിഞ്ഞു, ഫലം വന്നു......ആയിച്ചാത്താന്റെ വാക്ക് അച്ചട്ട്....913-ല്‍ 744 വോട്ട് ഭൂരിപക്ഷത്തില്‍ മേരി ജോണ്‍ വിജയിച്ചു. കരുവാരക്കുണ്ടിന്റെ ലിംകാ ബുക്കില്‍ ആരും തകര്‍ത്തിട്ടില്ല ആ റിക്കാര്‍ഡ് (ലീഗിന്റെ ശക്തി മനസ്സിലായില്ലെ). പിന്തിരിപ്പനായ എന്റെ മേല്‍ വീട്ടുകാര്‍ക്ക് ഒരു വിജയവും. പറഞ്ഞ പോലെ മോട്ടക്ക് തോല്‍ക്കാന്‍ വീണ്ടും കഥകള്‍ ബാക്കി.

വേഗം വിപ്ലവം വരുത്താനായി മഞ്ചേരി കോടതിയില്‍ വക്കീലായിട്ടിരിക്കുന്ന അയല്‍ക്കാരന്‍ സോമേട്ടന്റെ പ്രേരണയില്‍ ഡിഫിയില്‍ അംഗമായി, ഒപ്പം സി.പി.യെമ്മിന്റെ അണിയറപ്രവര്‍ത്തകനുമായി. പക്ഷെ അടുത്തെങ്ങും വിപ്ലവത്തിന്റെ ഒരു ലാഞ്ചന പോലും കാണാനായിട്ട് കഴിയുന്നില്ല. മനസ്സില് ഉരുത്തിരിയുന്ന ചോദ്യത്തിന് കറക്ട് ഉത്തരം കിട്ടിയിരുന്നില്ല. പാര്‍ട്ടിക്ലാസില്‍ നിന്നും കിട്ടിയ ഉത്തരങ്ങള്‍ സോമേട്ടന്‍ പറഞ്ഞുതരുമായിരുന്നു സോമേട്ടന്റെ “ചിന്ത” ശേഖരത്തില്‍ തപ്പിയിട്ടും പലതിനും ഉത്തരം കിട്ടിയില്ല. ആയിടക്കാണ് സി.പി.എമ്മിന്റെ ജീവിക്കുന്ന ദൈവമായ ഇ.എം.എസ്സ്, ഗാന്ധിജിയേയും അന്നത്തെ പുലിയും, ഇന്നത്തെ മാന്‍ കുട്ടിയുമായ മദനിയുമായുള്ള നിക്കാഹ് കഴിപ്പിച്ചത്. അത് ചോദ്യം ചെയ്തതിന് പാര്‍ട്ടിക്ലാസ്സില്‍ സ്ഥിരം വരാനായി സേമേട്ടന്റെ ഇടയലേഖനം. (അത്തരം എന്റെ എല്ലാ ചോദ്യത്തിന്റെയും ശരിക്കുള്ള ഉത്തരം കിട്ടിയത് 1991 –ല്‍ സന്ദേശം എന്ന സിനിമയില്‍ ബോബി കൊട്ടാരക്കരയുടെ ചോദ്യത്തിന് ശങ്കരാടിയുടെ “കുമാര പിള്ള” പറഞ്ഞ “പ്രതിക്രിയാവാദികളും, ബൂര്‍ഷ്വാസികളും, തമ്മിലുള്ള അന്തര്‍ധാരയില്‍, അതായത് റാഡിക്കലായുള്ള ഒരു മാറ്റമല്ല ഉദ്ദേശിച്ചത്” എന്നുള്ള ഉത്തരം കേട്ടതോടെയാണ്.) വിപ്ലവം സി.പി.എമ്മിലുടെ ഒരിക്കലും വരില്ലെന്ന് ഗണിച്ച മൊട്ട, പതുക്കെ ഇത്തിരി കൂടി ചുവപ്പനായ, സി.പി.ഐ. (എം.ഏല്‍) റെഡ് ഫ്ലാഗ്ഗില്‍ ചേര്‍ന്ന്,. അതിന്റെ യുവജനവേദിയുടെ സജീവ പ്രവര്‍ത്തകനായി, മഞ്ചേരി കോളെജില്‍ കെ.എസ്.യു വിന്റെ പറമ്പന്‍ റഷീദിന്റെയും, എസ്.എഫ്.ഐ യുടെ അടി പേടിച്ച് ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ മാത്രമായിരുന്നു ഞങ്ങളുടെ പോസ്റ്റര്‍ പ്രചാരണം. (ഏങ്ങിനെയുണ്ട് മൊട്ടയുടെ ധൈര്യം). NCC പരേഡിനു വരുന്ന സമയത്തായിരുന്ന്, പിന്നെയുള്ള പ്രചാരണം. അനില്‍, ഹംസ(ഷെര്‍ലേക്ക് ഹോംസ്), സാജു…ഇതായിരുന്നു….മൂന്ന് വിപ്ലവസഖാക്കള്‍. (എന്തൊരു മതമൈത്രി വിപ്ലവപാര്‍ട്ടിയിലും.)

വിപ്ലവം തോക്കിന്‍ കുഴലീലൂടെ വരുമെന്ന് കരുതി, പ്രീഡിഗ്രിക്ക് NCC-ക്ക് ചേര്‍ന്ന് തോക്ക് പിടിക്കാനും, വെടിവെയ്ക്കാനും പഠിച്ചിരുന്നു. 303 കൊണ്ട് വെടിവെയ്ക്കുന്ന സമയത്തു തോക്കിന്റെ പാത്തി കൈപലയില്‍ വന്നിടിക്കുന്ന ന്യുട്ടന്‍ കണ്ടുപിടിച്ച ആ മൂന്നാം നിയമമായിരുന്നു ഇത്തിരി വേദനാജനകം. പക്ഷെ ആരുടെയും ഉപദേശപ്രകാരമല്ലാതെ തന്നെ ഞങ്ങള്‍ കുത്തക സാധനങ്ങള്‍ എല്ലാം പടേ ഉപേക്ഷിച്ചു, എല്ലാം തനി നാടന്‍ മാത്രം ഉപയോഗിച്ചു തുടങ്ങി.Second Group ആയതിനാല്‍ ക്ലാസിലും, പ്രാക്ടിക്കല്‍ ക്ലാസിലും കയറാതെ ചുറ്റിയടിച്ചു അധികം നടക്കാനും പറ്റില്ലായിരുന്നു. കുത്തകവിരുദ്ധ പ്രചരണത്തിനായി സഖാക്കളുടെ കയ്യില്‍ പൈസയൊന്നും അധികമില്ലായിരുന്നു. വീട്ടില്‍ നല്ല പേരായിരുന്നതിനാല്‍ 1.50 പൈസയായിരുന്നു, അമ്മച്ചിയാവുന്ന IMF ന്റെ കയ്യില്‍ നിന്നും കിട്ടിയിരുന്നത്. 60 പൈസ മഞ്ചേരിവരെ പോവാനും 60 പൈസ വരാനും, 30 പൈസയാണു ദിവസനീക്കിയിരിപ്പു, ഇതു തന്നെയായിരുന്ന് മറ്റു സഖാക്കളുടെയും സ്ഥിതി. അങ്ങിനെയിരിക്കെ “available secretariate” മഞ്ചേരി കോളെജിലെ കശുമാവിന്‍ത്തോപ്പില്‍ കൂടിക്കൊണ്ടിരിക്കുപ്പോള്‍, ന്യൂട്ടന്റെ ആപ്പിളിനു പകരം, കശുവണ്ടിയായി ഞങ്ങളുടെ മുന്‍പില്‍ വന്നു വീണത്, ഹംസയാണു അതിന്റെ ഫിനാന്‍ഷ്യല്‍ വാല്യൂ മനസ്സിലാക്കിയത്. പിന്നെ ഗ്രഹണിപിടിച്ച കുട്ടികള്‍ ചക്കക്കുട്ടാന്‍ കണ്ട പോലെ ഒരു പൂന്ത് വിളയാടല്‍ ആയിരുന്നു കശുമാവിന്‍ത്തോപ്പില്‍ . NCC യുടെ വസ്ത്രം കൊണ്ടുവന്ന കൂടില്‍ അണ്ടി നിറച്ച്, മഞ്ചേരി പിക്നിക്ക് ബാറിന്റെ മുന്‍പിലുണ്ടായിരുന്ന ബീരാങ്കാക്കയുടെ കടയില്‍ കൊടുത്ത് 100 രൂപക്ക് അടുത്ത് കിട്ടി. കട്ട അണ്ടിയാണ്ടെന്നറിഞ്ഞ് ബീരാങ്ക മറ്റോരു വഴികൂടി ഞങ്ങള്‍ക്ക് പറഞ്ഞ് തന്നു. മഞ്ചേരി ഗവ. ആശുപത്രിയില്‍ , ആവശ്യക്കാര്‍ക്ക് രക്തം കൊടുക്കുക. 200 രുപ പുള്ളിവാങ്ങിതരും, 50 രൂപ പുള്ളിക്ക് കമ്മീഷന്‍. അന്നു തന്നെ മൂന്നു പേരും രക്തം വിറ്റ് 200 രൂപക്കു സ്വന്തകാരനായി.പിന്നിടൊരിക്കലും പൈസക്ക് ഞങ്ങള്‍ക്ക് മുട്ട് വന്നിട്ടില്ല. പൈസ കൂടിയപ്പോള്‍, ഇടക്കു മട്ടന്‍ ബിരിയാണി അടിച്ചു തുടങ്ങി, എവിടെയോ ഒരു ബൂര്‍ഷ്വാസിയുടെ ബീജം ഞാനറിയാതെ ഉണ്ടാകുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല.

അങ്ങിനെയിരിക്കെ, ‘ഗാട്ട് കരാര്‍” ഇന്ത്യന്‍ രാഷ് ട്രീയത്തെ പിടിച്ചു കുലുക്കുന്നു, “available secretariate” വീണ്ടും കൂടിയാലൊചിക്കുന്നു ഗാട്ടിനെതിരെ. DYFI, SFI, AIYF, SIO തുടങ്ങിയവരും ഗാട്ടിനെതിരെ രംഗത്ത് വന്നു. ഗാട്ടിനെതിരെ എഴുതി എം.പി.വീരേന്ദ്രകുമാര്‍ എന്നൊരു വീരന്‍, കേരളത്തില്‍ വെട്ടിത്തിളങ്ങി. ഇതിനിടയില്‍ ഞങ്ങളുടെ നേതാവായ പെരിന്തല്‍മണ്ണയിലുള്ള പ്രതാപന്‍, വന്ന് പുല്‍പ്പള്ളിയില്‍ പാര്‍ട്ടിയുടെ കുത്തകകള്‍ക്കെതിരെയും, ഗാട്ട് കരാറിനെതിരെയും ഒരു ക്യാമ്പ്, ഉണ്ടെന്നും നിങ്ങള്‍ മൂന്നു പേരും അതില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു. പറഞ്ഞ തീയ്യതി കേട്ട് മൂവരും ഞെട്ടി. PDC പരീക്ഷ തുടങ്ങുന്ന ദിവസം. ഒഴിവ് കഴിവ് പറഞ്ഞേങ്കിലും ഒന്നു വിലപ്പോയില്ല. പുള്ളികാരന്റെ മസ്തിക്കപ്രഷാളനത്തില്‍ ഞങ്ങളുടെ മെഡുല ഒബ്ലാങ്കേറ്റ തരിച്ചു, മാത്രമല്ല ഞങ്ങള്‍ വിപ്ലവത്തിന്റെ വീരയോദ്ധാക്കളായി, പരീക്ഷ ഉപേഷിച്ചു ക്യാമ്പിനു പോവാന്‍ തീരുമാനിച്ചു. കശുവണ്ടിപെറുക്കിയും, ഒരു കുപ്പി ചെഞ്ചോരയും വിറ്റും, ചെലവിനുള്ള കാശുണ്ടാക്കി.കൂട്ടിനു ആരീല്ലെങ്കിലും പോവണമെന്നും, കോഴിക്കോടു ബസ്സ് സ്ന്റാറ്റില്‍ വച്ച് കാണാമെന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞ്. ആ സമയത്ത് മൊബൈല്‍ ഇല്ലാതിരുന്നതിനാല്‍ 20 പൈസയുടെ കാര്‍ഡില്‍ ആയിരുന്ന് പിന്നീട് സഖാക്കളുടെ “ന്യൂസ് ടെലികാസ്റ്റിംഗ്”

ക്യാമ്പിനു പോവാന്‍ ഞാന്‍ എല്ലാം തയ്യാറാക്കി വച്ചു. എന്റെ പ്രിയപ്പെട്ട രാധാസ് സോപ്പ്, K.P. നമ്പൂതിരീസ് ദന്തധാവനചൂര്‍ണം, തോര്‍ത്ത് മുണ്ട്, എന്നിങ്ങനെയുള്ള കുത്തകകള്‍ അല്ലാത്ത അനുസാരികള്‍ എടുത്ത് വീട്ടില്‍ നിന്നും, പരീക്ഷക്കു “കംപയിന്റ് ക്ലാസ്” ഉണ്ടെന്ന് പറഞ്ഞ് വിപ്ലവനേതാക്കളെ ഓര്‍മ്മിച്ച് പടിയിറങ്ങി.

ഫസീലയുടെ 8x2 മാതിരിയുള്ള ഓട്ടം കൊണ്ട് മഞ്ചേരിയില്‍ എത്തിയപ്പോള്‍, ഒത്തിരി വൈകി. ഹംസ മാത്രമുണ്ട് സ്റ്റാന്റില്‍, അനിലിനെ കാണാനില്ല. ചിലപ്പോള്‍ നേരെ കോഴിക്കോടിനു പോവുമെന്നു പറഞ്ഞിരുന്നതിനാല്‍ അവനെ കാത്തുനിന്നില്ല. കോഴിക്കോട് KSRTC Bus Stand ലും ആരെയും കാണാനില്ല. പിന്നെ കിട്ടിയ ബസ്സിനു പുല്‍പ്പള്ളിക്ക് വിട്ടടിച്ചു. പുല്‍പ്പള്ളിയില്‍ എത്തിയപ്പോഴെക്കും വൈകുന്നേരമായി, ചൊദിച്ചു പിടിച്ചു, പാലാകാരനായ തൊട്ടിപ്ലാവില്‍ ദേവസ്യയുടെ തോട്ടത്തില്‍ എത്തി. പണ്ട് ആറാം ക്ലാസില്‍ പഠിച്ച പദ്യം ഓര്‍മ്മ വന്നു. “മാവും പിലാവും, പുളിയും കവുങ്ങും……….” ഒപ്പം കുരുമുളക്, കാപ്പി, എന്നിവയുടെ ഒരുഗ്രന്‍ തോട്ടം. ഞങ്ങള്‍ വിപ്ലവകാരികളുടെ കണ്ണില്‍ ഒരു പെറ്റി ബൂര്‍ഷ്വാ തന്നെ. പക്ഷെ സ്ഥലത്തെത്തിയപ്പോള്‍, പ്രതാപന്‍ ചേട്ടനുമില്ല, അനിലുമില്ല, കരിംകാലികള്‍ ചതിച്ചിരിക്കുന്നു. പ്രതാപനോടായിരുന്നു കൂടുതല്‍ ദേഷ്യം.

ദേവസ്യാ ചേട്ടന്റെ തോട്ടത്തിലെ കാവല്‍ക്കാരനായിരുന്ന കരുണന്‍ ആയിരുന്നു താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്. കുരുമുളക് പറിക്കാനും, കാപ്പിക്കുരു പറിക്കാനുമായി ആളുകള്‍ വരുമ്പോള്‍ താമസിക്കാനായിട്ടുള്ള മുറികളിള്‍ ഓരൊരുത്തരായി സ്ഥാനം പിടിച്ചു, രാത്രി 9 മണിയായപ്പോഴെക്കും 5-6 ആളുകളുടെ ഒരു കൂട്ടവുമെത്തി, രാത്രി ഓരൊരുത്തരായി പരിചയപ്പെടുത്തി, ഞങ്ങളുടെ കാര്യങ്ങള്‍ അറിഞ്ഞ മറ്റു അംഗങ്ങള്‍ ഞങ്ങളെ പറ്റി നല്ലത് പറഞ്ഞത് കേട്ടു ഞാനും ഹംസയും ഒന്നു പൊങ്ങി(തീര്‍ത്തും മനുഷ്യസഹജം). വണ്ടിക്കുലി മുതലായി അതു കേട്ടപ്പോള്‍.ബത്തേരിക്കാരന്‍ പീറ്റര്‍ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചതും, ക്ലാസ് എടുക്കുന്നതും. രാത്രി പുള്ളിയുടെ ക്ലാസ് തുടങ്ങി, ഗാട്ടിനെക്കുറിച്ചും കുത്തകകളുടെ കടന്നുകയറ്റവും അത് ഇന്ത്യന്‍ കര്‍ഷകരില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പുള്ളി പറഞ്ഞു. കാര്യം ശരി.. ചില ചോദ്യങ്ങള്‍ക്ക് പുള്ളിയില്‍ നിന്നും ശങ്കരാടിയുടെ “പ്രതിക്രിയാവാദി” ഉത്തരമാണു കിട്ടുക. തീര്‍ത്തും ഒരു ബുദ്ധിജീവി ജാട, പീറ്ററിന്റെ ജാഡ അത്രക്കു ഞങ്ങള്‍ക്ക് പിടിച്ചില്ല, എല്ലാം അറിയാമെന്ന ഒരു വിചാരവും, ഹംസയുടെ “ഷെര്‍ലേക്ക് ഹോംസ്” പ്രവര്‍ത്തിച്ച്, ഓരൊ കാര്യങ്ങള്‍ പുള്ളിയെ പറ്റി പറയാന്‍ തുടങ്ങി്, എതിര്‍ക്കുമെങ്കിലും ഹംസ വിശദമായി മനസിലാക്കി തരുന്ന സമയത്ത് ഡോക്ടര്‍ വാട്സനെ പോലെ ഞാന്‍ അത്ഭുതമെടുമായിരുന്നു. അത്ഭുതകരമായിരുന്നു, ഹംസയുടെ നീരീക്ഷണശക്തി. ആളുകള്‍ക്ക് ഉറക്കം വരാന്‍ തുടങ്ങിയതിനാന്‍ പീറ്ററിന്റെ ക്ലാസ് നിറുത്തി. രാവിലെ കൂടുതല്‍ പേര്‍ വരുമെന്നും, ക്യാമ്പ് ഉഷാറാവുമെന്നും കരുണേട്ടന്‍ പറഞ്ഞതിനാല്‍ എല്ലാവരും കിട്ടിയ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നു. പ്രഭാതകൃത്യങ്ങള്‍ക്കും, കുളിക്കാനും അടുത്ത് കൂടെ ഒഴുക്കുന്ന ചോലയില്‍ പോയാല്‍ മതിയെന്നും പുള്ളിക്കാരന്‍ പറഞ്ഞു തന്നു. എന്നിലെ വിപ്ലവകാരിയുടെ അവസാനരാത്രിയാണു അതെന്നു അറിയാതെ എപ്പോഴോ ഞാനും ഉറങ്ങി.

രാവിലെ ഹംസയും, ഞാനും, വിശാലമായ തോട്ടത്തില്‍ രാവിലെ ചില കാപ്പിചെടികള്‍ക്ക് ജൈവവളം ഇട്ടിട്ട്, (ഇന്നത്തെ ആളുകളെ പറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് “ജൈവ”ത്തിന്റെ പേരിലാണല്ലോ). കുളിക്കാനും പല്ല് തേക്കാനുമായി, രാധാസ് സോപ്പും, കെ.പി.നമ്പൂതിരീസ് പല്‍പ്പൊടിയും എടുത്ത് അടുത്തുള്ള ചോലയില്‍ കുളിക്കാല്‍ പോയി. ചെന്നപ്പോള്‍ പീറ്ററും, ചിലരും ചോലയില്‍ ഉണ്ട്. അവിടെ കണ്ട കാഴ്ച എന്നിലെ വിപ്ലവകാരിക്കു ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. സഖാവ് പീറ്റര്‍ രാത്രി മുഴുവന്‍ കുത്തകള്‍ക്ക് എതിരെ പറഞ്ഞിട്ട് രാവിലെ ഭൂലോക കുത്തകയായ “കോള്‍ഗേറ്റ്” പേസ്റ്റ് ഉപയൊഗിച്ച് പല്ലു തേക്കുന്നു. നമ്മളിവിടെ നമ്പൂരീസുമായി നടക്കുന്നു. ജീവിതത്തില്‍ ആദ്യമായി നാവില്‍ സരസ്വതി വിളയാടി, “ഏത് അമ്മയുടെ യോനിയിലെ (പര്യായപദം നിങ്ങളുടെ ഇഷ്ടം) പരിപാടിയാടാ കാണിക്കുന്നത്, കുത്തകയെ എതിര്‍ത്ത് പറയുക, എന്നിട്ട് കുത്തക സാധനം ഉപയോഗിക്കുക. നിന്നെപോലുള്ള നേതാക്കളാണു ഏത് പ്രസ്ഥാനത്തിന്റെയും പുഴുക്കുത്തുകള്‍” ഇതും പറഞ്ഞ് കയ്യിലിരുന്ന പല്‍പ്പൊടി അവന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞ് ഞാനും ഹംസയും തിരിച്ചുനടന്നു, ചന്തിപോലും കഴുകാതെ. പോരുന്ന പോക്കില്‍ ഹംസപറഞ്ഞു, “ഇപ്പന്തായി, രാത്രിക്ക് ഞാന്‍ പറഞ്ഞ മാതിരിയായില്ലേ…ഓന്റെ ഒരു ഒലക്കമലത്തെരു കുത്തകവിരുദ്ധം”.എല്ലാം മതിയാക്കി, തിരിച്ച് പോവാനായി ഞങ്ങള്‍ തീരുമാനിച്ചു, കരുണേട്ടനോട് കാര്യങ്ങള്‍ പറഞ്ഞു, പുള്ളി ഒന്നും മിണ്ടിയില്ല. ഞങ്ങള്‍ തിരിച്ചുപോവുന്നത് വരെ പീറ്റര്‍ എത്തിയിരുന്നില്ല. ആ ക്യാമ്പ് തുടര്‍ന്നോയെന്ന് ഇന്നുമറിയില്ല. തിരിച്ചു കോഴിക്കേടിനു ബസ്സിനു പോരുമ്പോള്‍ വീണ്ടും സരസ്വതി വിളയാടി ഞാന്‍ പറഞ്ഞു “ഇനിയൊരു സ്മശ്രുവിന്റെ (വാക്കിനു കടപ്പാട്, ഒ.വി.വിജയന്റെ ധര്‍മ്മപുരാ‍ണം) പരിപാടിക്കും ഞാനില്ല, സ്വന്തം വിശ്വാസത്തിലായിരിക്കും ഞാനിനി ജീവിക്കുക” അതിനു ഹംസയുടെ ഫിലോസഫിക്ക് മറുപടി ഇന്നും എനിക്കു മറക്കാറായിട്ടില്ല “നമ്മള്‍ ഇന്നു എന്തായിരിക്കുന്നുവോ, അത് ഇന്നലെകളുടെ തിരഞ്ഞെടുപ്പിന്റെ ഫലമാണു”.

തിരിച്ചു വീട്ടില്‍ വന്നിട്ട്, ഉറക്കവും വരുന്നില്ല. പരീക്ഷ എങ്ങിനെ നേരിടും എന്നതിനെ കൂറിച്ചു ഒരു എത്തും പിടുത്തവുമില്ല. പിന്നീടുള്ള വിഷയങ്ങള്‍ എഴുതി, പ്രാക്ടിക്കലും ചെയ്തു. സബ്ജക്ട് എഴുതാത്തതിനാല്‍ തോല്‍ക്കുമെന്നു ഉറപ്പായിരുന്നു. തോറ്റ് ചെന്നാല്‍, വീട്ടില്‍ എന്താണുണ്ടാവുക എന്നറിയില്ലത്തതിന്റെ ഒരു ശങ്ക വേറെ. വെറുതയല്ല കുട്ടികള്‍ പേടിച്ചു ആത്മഹത്യ ചെയ്യുന്നത്. റിസള്‍ട്ട് വന്നു. “ഫുള്‍ വാഷവുട്ട്“ ജീവിതത്തിലെ ആദ്യത്തെ പരീക്ഷ തോല്‍വി. ഫലം, വീട്ടില്‍ നിന്നും അമ്മച്ചിയും ചേട്ടായിയും എന്റെ പുസ്തകങ്ങള്‍ മൊത്തമെടുത്ത് വായുവില്‍ അമ്മാനമാടി, ഒപ്പമെന്റെ മൂലധനവും, അവസാനമെല്ലാം മുറ്റത്തുള്ള ചെന്തെങ്ങിന്റെ ചുവട്ടില്‍ പറന്നിറങ്ങി. Nut പോയ അണ്ണാനെ പോലെ, വീട്ടില്‍ നിന്നും വീടിനു മുമ്പിലുള്ള പഞ്ചായത്ത് റോഡിലേക്കിറങ്ങി, വീട്ടിലെ കോലാഹലങ്ങള്‍ അറിഞ്ഞ് സോമേട്ടന്‍ വന്നു, വന്നപാടെ ആദ്യമെരു ആപ്പെനിക്ക് “സാജു, നമ്മുടെ എം.വി. രാഘവന്‍ സി.എം.പി എന്നോരു പുതിയ പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ട്. ഒന്നു പോയി നോക്കാന്‍ പാടില്ലായിരുന്നോ?” ദയനീയമായി എന്നൊന്നും പറയാന്‍ പറ്റില്ല, അതിലും ദയനീയമായി ഞാന്‍ സോമേട്ടനെ നോക്കി, മറുത്തൊന്നും പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല. സാരമില്ല അടുത്ത സെപ്തപറില്‍ എല്ലാം എഴുതിയെടുക്കാന്‍ പറഞ്ഞു പുള്ളിപോയി…..

പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണി എന്ന പോലെയായി വീട്ടിലെ എന്റെ അവസ്ഥ, വളരെ പരിതാപകരമായിരുന്നു, ഒരു ചില്ലികാശിനും ഗതിയില്ല, വീട്ടില്‍ നിന്നും പൈസയോ, റബ്ബര്‍ ഷീറ്റോ കക്കാന്‍ മനസ്സനുവദിച്ചില്ല.എപ്പോഴോ ഒരു നല്ല അവസരം കിട്ടിയപ്പോള്‍ ഞാന്‍ അമ്മച്ചിയോട് സെപ്തപറില്‍ പരീക്ഷയെഴുതണം, ഫീസ്സ് കെട്ടാന്‍ പൈസ ചോദിച്ചപ്പോള്‍, “രണ്ട് വര്‍ഷം പഠിച്ചിട്ട് ജയിച്ചിട്ടില്ല, പിന്നെയാണു എല്ലാം സെപ്തപറില്‍ എഴുതി ജയിക്കാന്‍ പോവുന്നത്, നീ പഠിച്ചതോക്കെ മതി” അതിനു തിരിച്ചു മറുപടി പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല.

വീടിനു മുമ്പിലുള്ള പഞ്ചായത്ത് റോഡിലേ മതിലായി പിന്നെയെന്റെ ഇരിപ്പു മുഴുവന്‍, കൊടിച്ചി പട്ടിയെ പോലെ നക്കാന്‍ മാത്രം വീട്ടില്‍ പോവും, അങ്ങിനെയിരിക്കെയാണ് ഒരു ദിവസം “അരിപ്പൊര്യേ………മലര്‍പ്പൊര്യേ…..” എന്ന് വിളിച്ച് ഒരു തമിഴന്‍ അതുവഴി വന്നത്. എന്റെ അടുത്ത് വന്നപ്പോള്‍ പുള്ളിക്കാരന്റെ വിളി ഉച്ചത്തിലായി, അതൊരു കളിയാക്കലായിട്ടാണു എനിക്ക് തോന്നിയത്. പുള്ളിക്കാരന്റെ “അരിപ്പൊര്യേ………മലര്‍പ്പൊര്യേ “ എന്ന വിളിയും, ഹോണിന്റെ “പ്പോ…..പ്പോ…” ഒച്ചയും കേട്ടപ്പോള്‍ കുട്ടികള്‍ റോഡിലേക്കു ഓടിയിറങ്ങി, അപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചത്, മൂന്നാം ക്ലാസില്‍ പഠിക്കുന്ന റൂബീന ഒരു 5-6 മനോരമ വീക്കിലിയുമായി പൊരിക്കാരന്റെ അടുത്തെക്കു ഓടുന്നു. റുബീന അത് കൊടുത്ത്, പകരം അരിപ്പൊരി വാങ്ങുന്നു. ഒരു തരം “ബാര്‍ട്ടര്‍” സമ്പ്രദായം. പെട്ടെന്നാണു ആര്‍ക്കിമിഡീസ് “യൂറേക്ക” എന്നു പറഞ്ഞ് തുണിയില്ലാതെ ചാടിയെഴുന്നേറ്റത് പോലെ, എന്റെ മനസ്സിലും “യൂറേക്ക” തോന്നിയതും ഞാന്‍ തുണിയുടുത്ത് തുള്ളിച്ചാടിയതും. കാരണം വീട്ടില്‍ വാങ്ങുന്ന മനോരമ പത്രവും, അമ്മച്ചി വാങ്ങുന്ന മനോരമ, മംഗളം വീക്കിലികളും വീട്ടില്‍ അട്ടിയട്ടിയായി സൂക്ഷിച്ചിരിക്കുന്നതും അതിന്റെ ഫിനാന്‍ഷ്യല്‍ വാല്യു റുബീനക്കുട്ടി മനസ്സിലാക്കി തന്നതും. സാധാരണ പത്രവും, വീക്കിലിയും ഒത്തിരിയാവുമ്പോള്‍ പൂതംക്കോടന്‍ ആയിഷാത്തക്ക് അമ്മച്ചി കൊടുക്കലാണു പതിവു, അടുത്ത ഞായറാഴ്ച അമ്മച്ചിയും അനിയത്തിയും പള്ളിയില്‍ പോയ തരം നോക്കി, പത്രവും വീക്കിലികളും കെട്ടി, ഞങ്ങള്‍ പലചരക്ക് സാധനങ്ങള്‍ വാ‍ങ്ങിയിരുന്ന കാസിമിന്റെ കടയിലേക്കു ഞാന്‍ വിട്ടടിച്ചു. ചേട്ടമ്മാരോടത്തെ സാജു പത്രം തൂക്കി വില്‍ക്കാന്‍ പോവുന്നത് കണ്ട് ആളുകള്‍ക്ക് ഒരു അതിശയം, അഞ്ചുപൈസ കയ്യിലില്ലാത്ത എന്റെ പോള്ളലുണ്ടോ അവരറിയുന്നു. കടക്കാരന്‍ കാസിമിനും അത്ഭുതം, കൂടുതലോന്നും ചോദിക്കാനോ പറയിക്കാനോ നില്കാതെ കിട്ടിയ പത്ത് നാല്പത് രൂപയും വാങ്ങി പോന്നു. ഒത്തിരി നാളുകള്‍ക്ക് ശേഷം ഇത്തിരി മണികിലുക്കം.

അനിയത്തി പേപ്പറും, വീക്കിലിയും കാണാനില്ലാത്ത കാര്യം വന്നപ്പോഴെ അമ്മച്ചിയെ അറിയിച്ചു, എന്നും കിട്ടാറുള്ള ഡോസിനെക്കാള്‍ ഇത്തിരി ഡോസ് കൂടിയ ചീത്തപറയല്‍. സ്വന്തമായി പൈസയുണ്ടാക്കാനുള്ള ചിന്തയായി പിന്നെ. അതിനാല്‍ രാവിലെഴുന്നേറ്റ് അടുത്തുള്ള ഞങ്ങളുടെ കവുങ്ങിന്‍ തോട്ടത്തില്‍ പോവും, വീണുകിടക്കുന്ന അടയ്ക്ക, രാവിലെ വന്നു, ചെറുമിമാര്‍ പെറുക്കുന്നതിനു മുമ്പ് ഞാന്‍ പോയി പെറുക്കും, അടയ്ക്കക്ക് നല്ല വിലയുള്ള സമയം...അങ്ങിനെയും പോക്കറ്റില്‍ മണികിലുങ്ങി. അടയ്കാപെറുക്കി ജീവിക്കുന്ന ചെറുമിമാരുടെ വരുമാനത്തില്‍ കയ്യിട്ട് വാരി ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരു ബൂര്‍ഷ്വയായി.

അടയ്കാപെറുക്കലൊന്നും ദിവസചിലവിനുള്ള വരുമാനത്തിനപ്പുറം, ഒരു നീക്കിയിരിപ്പുണ്ടാക്കിയിരുന്നില്ല. പിന്നെ അതിനുള്ള ചിന്തയായി, അങ്ങിനെയാണു വീട്ടുപറമ്പിലെ 200 റബ്ബര്‍ സ്വന്തം വെട്ടാനുള്ള ഒരു തീരുമാനത്തിലെത്തിയത്. പക്ഷെ ആദ്യം റബ്ബറുവെട്ട് പഠിക്കണമല്ലോ, അതിനായി വീട്ടില്‍ റബ്ബറുവെട്ടുന്ന അബ്ദുക്കാക്കന്റെ കൂടെ പുള്ളിവെട്ടുന്നത് നോക്കി നടന്നു, മുസ്ല്യാരു മുസ്സയബ്ബ് ഓതിപഠിപ്പിക്കുന്നത് പോലെ പുള്ളിക്കാരന്‍ റബ്ബറുവെട്ടുന്നതിന്റെ തിയറിയും ടെക്നിക്കും പറഞ്ഞുതന്നു. എന്റെ മനസ്സിലെ ഗൂഡതന്ത്രമൊന്നും പുള്ളിക്കാരനു അറിയുമായിരുന്നില്ല. പുള്ളി പഠിപ്പിച്ച തിയറി ഞാന്‍ വീണുകിടക്കുന്ന ഒരു റബ്ബര്‍ മരത്തില്‍ പരീക്ഷിച്ചു.....ഒരാഴ്ചകൊണ്ട് മരത്തില്‍ കൊള്ളിക്കാതെ റബ്ബര്‍ വെട്ടാന്‍ പഠിച്ചു. ഒരു ദിവസം ഇത് അമ്മച്ചി വന്നു കണ്ടിട്ട്, “നിനക്കിനി പഠിച്ചില്ലെങ്കിലും റബ്ബര്‍ വെട്ടി ജീവിക്കാമല്ലൊ”. എന്നിട്ട് ഒരു ഫിലൊമിന സ്റ്റൈല്‍ ചിരിയും.

അങ്ങിനെ അടുത്ത ദിവസം, ഞാനെന്റെ “മാഗ്നകാര്‍ട്ട” വീട്ടിലവതരിപ്പിച്ചു. അടുത്ത ആഴ്ചമുതല്അബ്ദുകാക്കയ്ക് പകരം ഞാന്‍ റബ്ബര്‍ വെട്ടും, പുള്ളിക്ക് കൊടുക്കുന്ന കൂലി ഞാനെടുക്കും, പിന്നെ ഒട്ടുപാലിന്റെ വില്പനയും എനിക്കായിരിക്കും, ആദ്യം ഒന്നും അമ്മച്ചിയും ചേട്ടനും സമ്മതിച്ചില്ല, കാരണം ഇങ്ങനെ ഒത്തിരി വീട്ടില്‍ റബ്ബറുവെട്ടിയായിരുന്നു 5 പെണ്‍ക്കുട്ടികളുള്ള പുള്ളിക്കാരന്‍ ജീവിച്ചിരുന്നത്. പിന്നെ എന്റെ ചില ഭീഷണികള്‍ക്ക് വഴങ്ങി അവരതിനു സമ്മതിച്ചു. അബ്ദുക്കാക്കയൊട് കാര്യം പറഞ്ഞപ്പോള്‍, പുള്ളി മറുത്തോന്നും പറഞ്ഞില്ല. അവാര്‍ഡ് സിനിമയിലെ ഒരു ചിരി മാത്രം പുള്ളിക്കാരന്‍ ചിരിച്ചു.

പിറ്റേ ദിവസം പുലര്‍ച്ചേയെഴുന്നേറ്റ് റബ്ബര്‍ വെട്ടു തുടങ്ങി, അബ്ദുക്ക വെട്ടിയാല്‍ കിട്ടുന്ന അത്ര പാല് കിട്ടണേ എന്ന പ്രാര്‍ത്ഥനയൊടെ, (വിപ്ലവ മനസ്സില്‍ പ്രാര്‍ത്ഥനയൊക്കെ വന്നു തുടങ്ങി) അല്ലെങ്കില്‍ എന്റെ റബ്ബര്‍ വെട്ടു അധികകാലം നീണ്ടുനില്‍ക്കില്ല എന്നെനിക്കറിയാം.

അന്നു അബ്ദുക്ക രാവിലെ വെട്ടാന്‍ പോവുന്ന പോക്കില്‍ എന്റെ റബ്ബര്‍വെട്ട് കാണാന്‍ വന്നു.പോവുന്നപ്പോക്കില്‍ വളരെ വേദനയോടെ അബ്ദുക്ക പറഞ്ഞു “ ജ്ജ് ഒരു കമ്മ്യൂണിസ്റ്റാണെന്നു പറഞ്ഞുങ്കാട്ട്, ഇന്നെപ്പോലുള്ള തൊയ്‌ലാളിന്റെ വയറ്റത്തറ്റടിക്കണ ഒരസ്സല് പെറ്റി ബൂര്‍സ്സെനിജ്ജ്”.

അറം പറ്റിയ പോലെ, അവിടെനിന്നും തുടങ്ങിയതാണു മൊട്ടയെന്ന എന്നിലെ പെറ്റി ബൂര്‍ഷ്വയുടെ തുടക്കം.

വാല്‍കഷ്ണം, “അബ്ദുക്കയുടെ നിലവിളി പടച്ചോന്‍ കേട്ടോ എന്നറിയില്ല, ഒരു മാസം കഴിഞ്ഞപ്പോള്‍ ആഞ്ഞടിച്ച് വന്ന ഒരു കാറ്റില്‍ ഞങ്ങളുടെ റബ്ബര്‍ മൊത്തം….വീണിതല്ലോ കിടക്കുന്നു ധരണിയില്‍ വെളുത്ത പാലുമൊലിപ്പിച്ചയ്യോ ശിവ:…ശിവ:“