മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Wednesday, September 01, 2010

കാരണവര്‍ വധം : “ഷെറിന്‍ ഒരു പുനര്‍വായന”

നമ്മുടെ സമൂഹത്തില്‍ ചില കാര്യങ്ങള്‍, ചോദ്യങ്ങള്‍ക്ക് വിധേയമാവാതെ സനാതനമായി തുടരുന്നതാണെന്ന ബോധം പൊതുവേയുണ്ട്. അത്തരത്തില്‍ മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള (crime) ബോധം. എന്നാല്‍ അങ്ങിനെ മാറ്റമില്ലാതെ തുടരുന്നതാണോ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പൊതുബോധം? അല്ല എന്നുള്ളതാണ് സത്യം.

എന്താണ് ക്രൈം? ഓരോ വ്യവസ്ഥിതിയിലും ആ വ്യവസ്ഥിതിയുടെ നിലനില്‍പ്പിനാധാരമായ ധര്‍മ്മങ്ങളെയും അധര്‍മ്മങ്ങളെയും വ്യവഛേദിച്ചിട്ടുണ്ട്. വ്യാവസായികവിപ്ലവത്തിന്റെ ഉദയത്തോടെ ആരംഭിച്ച നവോത്ഥാന മാനുഷീകമുല്യങ്ങള്‍, മുതലാളിത്തകാലത്തിന്റെ ധര്‍മ്മാധര്‍മ്മങ്ങളെ വളരെ വ്യക്തമായി വകഞ്ഞിട്ടിട്ടുണ്ട്. ഇന്ന് നാം കുറ്റകൃത്യമെന്നും, അസാന്മാര്‍ഗികമെന്നും വിളിക്കുന്ന പലതും ഈ വേര്‍തിരിവിന്‍പ്രകാരം സമൂഹത്തില്‍ പൌരന് വന്നുചേര്‍ന്ന ബോധത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്.

ഒരു കുറ്റകൃത്യത്തെ സൃഷ്ടിക്കുന്നതില്‍ വ്യക്തിഗതമായ കര്‍തൃത്വത്തേക്കാള്‍‍, സാമൂഹിക സാഹചര്യങ്ങള്‍ക്കാണ് കൂടുതല്‍ പങ്കെന്ന് നവോത്ഥാനം അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുള്ളതാണ്. ഈ ആശയത്തെ ലോകമനസാക്ഷിക്ക് മുമ്പില്‍ കൊണ്ടുവരികയും, ഫ്യൂഡലിസത്തിന്റെ ചടവ് വിട്ടുമാറിയിട്ടില്ലാത്ത ഇന്ത്യന്‍ ജനതയെപ്പോലും ചിന്തിപ്പിക്കുകയും പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുകയായിരുന്നു മഹാനായ വിക്ടര്‍ ഹ്യൂഗോ ചെയ്തത്. “പാവങ്ങള്‍” എന്ന അദ്ദേഹത്തിന്റെ വിഖ്യാത നോവലിലൂടെ സമൂഹം എങ്ങിനെയാണ് വ്യക്തിയില്‍ കുറ്റകൃത്യം സൃഷ്ടിക്കുന്നതെന്നും, അവനെ അതില്‍ നിന്നും പുറത്തു കടക്കാനനുവദിക്കാതെ കുറ്റവാളിയായിത്തന്നെ തളച്ചിച്ചിടുന്നതെങ്ങിനെയെന്നും ഭംഗിയായി വിവരിക്കുന്നുണ്ട്.

നവോത്ഥാന ആശയങ്ങള്‍ വന്നിട്ട് 3 നൂറ്റാണ്ടുകളായിരിക്കുന്നു. എന്നാല്‍ ഇന്നും സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഏറ്റവുമെളുപ്പം ഏതെങ്കിലുമൊരാളില്‍ ആരോപിച്ച് അവനെ/അവളെ കല്ലെറിഞ്ഞു വീഴ്ത്തി, ഈ രക്തത്തിലെനിക്ക് പങ്കില്ലയെന്ന് പറയുവാനുള്ള തത്രപ്പാടിലാണ് ഏവരും. ഈ കൈകഴുകലില്‍ മാധ്യമങ്ങളും, പോലിസും, കോടതിയും ജനങ്ങള്‍ക്ക് മുമ്പേ നടക്കുന്നുവെന്നതാണ് നമുക്ക് മുന്നിലുള്ള വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം.

സമീപകാലത്തായി മലയാളമാധ്യമങ്ങളും, ഭരണകൂടവും നമ്മുടെ മുമ്പിലേക്ക് കൊണ്ടുവന്ന് ആഘോഷിച്ച കുറ്റകൃത്യങ്ങളെ ഈ നിലയ്ക്ക് അവ നില്‍ക്കുന്ന സാമൂഹികപരിസരത്തുവച്ച് പഠിക്കാനും, അവ സൃഷ്ടിച്ച സാമൂഹിക സാഹചര്യങ്ങളോട് തന്റെ പ്രതികരണമറിയിക്കുവാനും, ചിന്തിക്കുന്ന ഏതൊരു പൌരനും ബാധ്യതയുണ്ട്. ഭരണകൂട ഏജന്‍സിയെന്ന നിലയില്‍, പോലിസ് ഒരു കേസ് അന്വേഷിക്കുന്നതുതന്നെ യഥാര്‍ത്ഥത്തില്‍ ഈയൊരു സങ്കല്‍പ്പത്തോടെയാണ്. അല്ലാതെ ഏറ്റവും എളുപ്പം കുറ്റം ചെയ്ത ആളെ കണ്ടെത്തി തുറുങ്കിലടക്കുകയോ, തൂക്കിക്കൊല്ലുകയോ ചെയ്യുകയെന്ന ലക്ഷ്യം വച്ചല്ല, മറിച്ച് കുറ്റവാളിയെ പിടിക്കുന്നതോടോപ്പം കുറ്റകൃത്യത്തിന് വഴിവച്ച സാമൂഹിക സാഹചര്യങ്ങള്‍ വിവൃതമാക്കുകയും, അവ ശാശ്വതമായി പരിഹരിക്കാന്‍ ഉതകുന്ന തരത്തില്‍ സമൂഹത്തിന്റെ പൊതുമന:സാക്ഷിക്ക് മുമ്പില്‍ കൊണ്ടുവരികയെന്ന ലക്ഷ്യമാണ്, കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുവാനുള്ള ബാധ്യത സ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ട് പോലിസിലൂടെ നിര്‍വഹിക്കപ്പെടേണ്ടത്.

ഈയൊരു സന്ദര്‍ഭത്തിലാണ് ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന പ്രമാദമായ, “കാര്‍ണവര്‍ വധക്കേസിലെ” പ്രതിയെന്ന് നീതിന്യായകോടതി വിധിയെഴുതിയ ശ്രീമതി. ഷെറിന്റെ കുറ്റവും വിചാരണയും വായനക്കാര്‍ക്ക് മുമ്പില്‍ ഇവിടെ തുറക്കപ്പെടുന്നത്. ഒരു വിഷയത്തെ ആളുകളുടെ മനോഭാവത്തിനനുസരിച്ച് “എങ്ങിനേയും” വിശകലനം ചെയ്യാ‍മെന്നുള്ളതും, മസാലകളും ഇക്കിളികഥകളും ചേര്‍ത്ത് അവതരിപ്പിക്കുകയും ചെയ്യാമെന്നതും ഇന്നത്ര പ്രയാസമുള്ള കാര്യമല്ല. അത്തരത്തില്‍ മന:പൂര്‍വ്വം ഫാബ്രിക്കേറ്റ് ചെയ്ത ഒരു പോസ്റ്റാണ്, നട്ടപ്പിരാന്തുകളില്‍ പ്രസിദ്ധികരിച്ചതും, ഈ പോസ്റ്റിന് ഉപോത്ബലകമായി വര്‍ത്തിക്കുന്ന ഈ ബ്ലോഗിലെ തന്നെ “വൈശാലിയുടെ ക്രൂരകൃത്യങ്ങള്‍ എന്ന പോസ്റ്റ്.

ഇത്തരമൊരു കാഴ്ചപാടില്‍ നിന്നുകൊണ്ട് മാധ്യമങ്ങളും, ഒപ്പം മലയാളികളും ആഘോഷപൂര്‍വ്വം വിചാരണ ചെയ്ത “കാരണവര്‍ വധക്കേസിനെ” പുനര്‍വിചാരണ ചെയ്യുകയാണിവിടെ.

2009 നവംബര്‍ 8 നു ഭാസ്കര കാരണവര്‍ എന്ന അമേരിക്കന്‍ മലയാളി ചെങ്ങന്നൂര്‍ ചെറിയനാട് എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടില്‍ വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. കവര്‍ച്ചാ ശ്രമത്തിനിടയിലാണ് കൊലയെന്ന് തോന്നിപ്പിക്കും വിധമാണ് സംഭവങ്ങള്‍ ആദ്യം പുറത്തുവന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ ഈ കൊലപാതകം നടത്തുമ്പോള്‍ കൂടെ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞിരുന്ന, കാരണവരുടെ രണ്ടാമത്തെ മകന്റെ ഭാര്യ ഷെറിനു നേരെ പോലീസിന്റെ സംശയ ദൃഷ്ടി നീളുകയും ഷെറിന്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. ഷെറിനു കൊലപാതകത്തിലുള്ള പങ്ക് തിരിച്ചറിഞ്ഞ പോലീസ് ഡിസംബര്‍ ആദ്യവാരം കര്‍ണ്ണാടകയില്‍ വച്ച് കൂട്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. കൊലപാതകം(302) ഗൂഡാലോചന(120) തെളിവ് നശിപ്പിക്കല്‍(201) തുടങ്ങിയ പ്രധാന ചാര്‍ജ്ജുകളോടെ പോലീസ് ദ്രുതഗതിയില്‍ കോടതിലെത്തിച്ച ഈ കേസില്‍ മാവേലിക്കര അതിവേഗ സെഷന്‍സ് കോടതി 2010 ജൂണ്‍ 8നു ഷെറിനെയും കൂട്ട് പ്രതികളെയും കുറ്റക്കാരണെന്നു കണ്ട് ശിക്ഷവിധിച്ചു.

ദൃക്സാക്ഷികളെ അവശേഷിപ്പിക്കാതെ നടന്ന ഒരു കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ആ പ്രതികളെയും തെളിവുകളെയും കോടതിയുടെ മുന്നിലെത്തിക്കുന്നതിലും കേരളാ പോലീസ് കാണിച്ച വേഗതയും സൂക്ഷ്മതയും അഭിനന്ദനാര്‍ഹമാണ്. അനന്തമായി നീട്ടി വയ്ക്കുന്നതിലൂടെ നിരന്തരം നീതി നിഷേധം നടത്തുന്നുവെന്ന് മിക്കപ്പോഴും ആക്ഷേപം ഏറ്റ് വാങ്ങിയിട്ടുള്ള ഇന്ത്യന്‍ ജുഡിഷറിയാകട്ടെ, കാലതാമസമെന്ന അതിന്റെ കുപ്രസിദ്ധിയെ മറികടന്ന് അതിവേഗത്തില്‍ ഈ കേസ് മെരിറ്റില്‍ വിധിക്കുകയായിരുന്നു. അങ്ങനെ അന്വേഷണ ഏജന്‍സിയും നീതി പീഠവും മാതൃകാപരമായി അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കിയ ഈ സംഭവത്തിനു ഈ കണ്ടതിനപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളുണ്ടോ?

ഈ കേസിലെ ഒന്നാം പ്രതി ഷെറിന്‍, ഭാസ്കരകാരണവരുടെ രണ്ടാമത്തെമകന്‍ ബിനുവിന്റെ ഭാര്യയാണ്. ശാരീരികമോ മാനസികമോ ആയ യാതൊരുവിധ വൈകല്യങ്ങളും ഇല്ലാത്ത ഷെറിന്‍ എങ്ങിനെ മന്ദബുദ്ധിയും അതിന്റേതായ ശാരീരിക വൈകല്ല്യങ്ങളുമുള്ള ബിനുവിന്റെ ഭാര്യയായി???? അംഗവൈകല്യമുള്ള ഒരാളുടെ സഹധര്‍മ്മിണിയായിരുന്നുകൊണ്ട് തന്റെ ജീവിതം ത്യാഗപൂര്‍ണ്ണമായ ഒന്നാക്കിമാറ്റാമെന്ന് വിചാരിച്ചിട്ടല്ല, ഏതെങ്കിലും തരത്തിലുള്ള ശാരീരികവൈകല്യമുള്ള ഒരാളിനോട് തോന്നാവുന്ന സഹതാപം പ്രണയമായി മാറിയതല്ല. അതുമല്ലെങ്കില്‍, മാംസനിബദ്ധമല്ലാത്ത പ്രേമത്തിന്റെ അലൌകിക പരിമളത്തില്‍ വിരിഞ്ഞതല്ല. ഇത്തരത്തിലെല്ലാം നടക്കുന്ന വിവാഹങ്ങള്‍ വളരെ അപൂര്‍വ്വമായിട്ടെങ്കിലും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. എന്നാല്‍ ഇത് അത്തരത്തിലൊന്നായി കണക്കാനാവില്ല. മനുഷ്യരുടെ ഇടയില്‍ ചരിത്രാതീതകാലം മുതല്‍ ബലിസമ്പ്രദായം നിലവിലുണ്ടായിരുന്നു. കൂട്ടത്തില്‍ മുന്തിയ ഒരെണ്ണത്തെ ബലിനല്‍കികൊണ്ട് കൂട്ടത്തിലുള്ള മറ്റുള്ളവരെ മഹാമാരിയില്‍ നിന്നും പ്രകൃതി കോപങ്ങളില്‍ നിന്നും രക്ഷിക്കുകയെന്നതായിരുന്നു ഈ ബലികളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമിക യുക്തി. ബലിയില്‍ പ്രവര്‍ത്തിച്ച ഈ യുക്തിയുടെ വിവിധതരത്തിലുള്ള ഇടപെടലുകള്‍ നമ്മുടെ മതപരമായ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വര്‍ത്തിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ നമുക്കായി മരിച്ചു വീഴുന്ന പട്ടാളക്കാരനും ചാവേറായി പൊട്ടിത്തെറിക്കുന്ന തീവ്രവാദിയും ആധുനിക ലോകത്തിലെ ബലിയുടെ രണ്ട് വ്യത്യസ്തമായ നിക്ഷേപമേഖലകളാണ്. ഷെറിന്റെ വിവാഹവും ഒരു ബലിയാണ്. ശാരീരികമോ മാനസികമോ ആയി ശേഷിയില്ലാത്ത ഒരാളെ ഭര്‍ത്താവായി സ്വീകരിച്ചുകൊണ്ട് തന്റെ മനസ്സിലെ നിറമുള്ള സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും എറിഞ്ഞുടച്ച ഈ പെണ്‍കുട്ടി സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള തന്റെ കുടുംബത്തിനും അവിടെ തനിക്കു താഴെപിറന്ന കുട്ടികള്‍ക്കും തന്റെ തന്നെ വിശപ്പെന്ന മഹായാഥാര്‍ത്ഥ്യത്തിനും മോചനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ സാമ്പത്തിക ശേഷിയുള്ള ഒരു അമേരിക്കന്‍ മലയാളി കുടുംബത്തില്‍ വധുവായിത്തീരുകയായിരുന്നു. വധുവായ ശേഷം അവിടെ കിട്ടിയ സാഹചര്യങ്ങളെ ചൂഷണം ചെയ്യുകയോ മുതലെടുക്കുകയോ ചെയ്തിരിക്കാം പക്ഷേ വിവാഹം നടക്കുമ്പോള്‍ അത്തരം സാധ്യതകള്‍ വിദൂരമായിരുന്നു. ഇങ്ങനെ സ്വയം ബലിയായി തീര്‍ന്നുകൊണ്ട് അല്ലങ്കില്‍ തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയും കാലമേല്പിക്കുന്ന ബാധ്യതകളേറ്റെടുത്തും ബലിയാടായിത്തീരുന്ന അനേകായിരം പെണ്‍കുട്ടികളുടെ കഥക്ക് നാം പാഴൂര്‍ പടിവരെയൊന്നും പോവേണ്ടതില്ല, നമ്മുടെ കണ്‍‌വെട്ടത്തില്‍ തന്നെ സുലഭമാണ്.

ഇനി വിവാഹത്തിലേക്ക് വരാം. നമ്മുടെ സമൂഹത്തില്‍ വിവാഹമെന്നതു കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്താണ്? ഒരാണിനും പെണ്ണിനും പരസ്പരം ശരീരം പങ്കുവച്ച് ജീവിക്കാനുള്ള ലൈസന്‍സുമാത്രമാണോ വിവാഹം. അല്ലേ അല്ല. വിവാഹം ഒരു ഉടമ്പടിയാണ്. ധാരാളം നിബന്ധനകള്‍ നിറഞ്ഞ ഒരു കോണ്‍‌ട്രാക്റ്റ്. ഒരു ഉടമ്പടിയും, അതിലടങ്ങിയിരിക്കുന്ന എല്ലാ മേഖലകളെയും ഒരു പോലെ തൃപ്തിപ്പെടുത്തികൊണ്ട് നടക്കുന്ന ഒന്നല്ല. ചില ഘടകങ്ങളില്‍ ആകര്‍ഷണത്വം കൂടുകയും മറ്റ് ചിലവ ന്യുട്രലുമായിരിക്കും. ചിലപ്പോള്‍ ദോഷമായിതീരാവുന്ന ഒരു ഘടകത്തെപോലും മറ്റ് ചില ഘടകങ്ങളോടുള്ള താത്പര്യത്തില്‍ നമ്മള്‍ സ്വീകരിച്ചെന്നും വരും. ഇത് ഒരു സാധാരണ വസ്തു ഉടമ്പടി മുതല്‍ ആണവകരാറുവരെയുള്ള കാര്യത്തില്‍ ബാധകമാണ്. വഴിയുണ്ട് എന്ന ഗുണം ഫലവൃക്ഷങ്ങളില്ലയെന്ന കുറവിനെ കവിഞ്ഞ് നില്‍ക്കുന്നതായികണ്ട് ഒരാള്‍ ഒരു വസ്തു പ്രമാണംചെയ്ത് വാങ്ങുന്നതു പോലെ എല്ലാ വിവാഹ ഉടമ്പടികളിലൂം പ്രത്യക്ഷവും പരോക്ഷവും ആയ ഘടകങ്ങള്‍ ഉണ്ട്. ഷെറിന്‍- ബിനു വിവാഹത്തില്‍ ഷെറിനു ലഭിക്കുമായിരുന്ന നേട്ടങ്ങള്‍ സാമ്പത്തികമാ‍യി ഉന്നത നിലയില്‍ ഉള്ള ഒരു കുടുംബത്തിലേയ്ക്കുള്ള ബന്ധം, അത് നല്‍കുന്ന സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം എന്നിവയാണ്. എന്നാല്‍ കോട്ടങ്ങള്‍ എന്തൊക്കെയാണ്? തന്റെ ശാരീകവും മാനസികവുമായ ലോകങ്ങളില്‍ തനിക്കു പോന്ന ഒരു ജീവിത പങ്കാളിയുടെ അഭാവം. അങ്ങനെ ഭാഗികമായി മാത്രം ഗുണകരമാവുന്ന ഈ ഉടമ്പടിയിലെ സാമ്പത്തിക സുരക്ഷിതത്വം എന്ന ഏക സാധ്യതകൂടി അവതാളത്തിലാവുന്നതാണ് ഭാസ്കരകാരണവരില്‍ നിന്ന് അവള്‍ അറിയുന്നത്. ഇക്കാലയളവില്‍, കാരണവര്‍കുടുംബത്തിനുള്ളില്‍ അവള്‍ക്ക് നേരിടേണ്ടി വന്ന അവഗണനയുടേയോ മുതലെടുപ്പിന്റെയോ കഥകള്‍ ഇന്ന് ആരു പറയും. ഷെറിനു ഇനി അതാരോടും പറയാനുള്ള അവകാശമില്ല കാരണം ഗുരുതരമായ ഒരു കുറ്റകൃത്യത്തിനു ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് ഇനി തന്റെ പൂര്‍വ്വാനുഭവങ്ങളിലെ ദൂരന്തങ്ങള്‍ പറയാനെന്തവകാശമാണുള്ളത്.

ഇത്തരത്തില്‍ ഒരു വിവാഹത്തില്‍ ഏര്‍പ്പെടാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടിക്ക് എന്ത് സംരക്ഷണമാണ് സ്റ്റേറ്റ് നല്‍കുന്നത്. നമ്മുടെ നാട്ടില്‍ ഒരു കുട്ടിയെ ദത്തെടുക്കണമെങ്കില്‍, ദത്തെടുക്കുന്നവര്‍ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ സാമ്പത്തികമാ‍യ സെക്യൂരിറ്റി കാണിക്കണം. വസ്തുവായോ പണമായോ നല്‍കുന്ന ഈ ഉറപ്പിന്റെ മുകളിലാണ് ദത്ത് അനുവദിക്കുന്നത്. എന്നാല്‍ ഇവിടെ അത്തരം യാതൊരു വിധ സുരക്ഷയും ഈ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. തന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാതെ വരുമ്പോള്‍ കുടുംബത്തിലെ സ്വത്തിന്റെ കൈവശക്കാരായവര്‍ അത് വഴിമാറ്റുകയും പെണ്‍കുട്ടികള്‍ വഴിയാധാരമാവുകയും ചെയ്യുകയാണ് സാധാരണയായി സംഭവിക്കുന്നത്. ഇവിടെയും ഇതെല്ലാമാണ് നടന്നത്.

മനുഷ്യന്റെ ജൈവപരമായ ആവശ്യങ്ങളില്‍ വിശപ്പും സെക്സും ഒരു പോലെ പ്രധാനങ്ങളാണ്. ഇതു രണ്ടും അര്‍ഹമായ രീതിയില്‍ സുരക്ഷിതമായും നിയമപരമായും ലഭ്യമാകാനുള്ള അവകാശം ഏതൊരു പൌരനുമുണ്ട്. എന്നാല്‍ ഭക്ഷണം വിലക്കപ്പെടുന്ന ഒരാള്‍ക്ക് ലഭിക്കുന്ന സഹതാപമോ മാനുഷിക പരിഗണനകളോ സെക്സ് നിഷേധിക്കപ്പെടുന്ന ഒരാള്‍ക്ക് ലഭിക്കുന്നില്ല. അതൊരു സ്ത്രീയാണെങ്കില്‍ പറയാനുമില്ല. ഇതെല്ലാം അനുഭവിക്കേണ്ടവളാണ്, അപ്പോള്‍ മാത്രമാണ് ഒരു സ്ത്രീ കുലീനയായിതീരുന്നത് എന്ന ബോധമാണ് നമ്മുടെ സമൂഹം വച്ച് പുലര്‍ത്തുന്നത്. ഈ ഹിപ്പൊക്രസി നമ്മെ കുടുബബന്ധങ്ങളിലേ ആന്തരികമായ തകര്‍ച്ചയുടെ നെല്ലിപലകയിലെത്തിച്ചിരിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയിലും ജീവിത പങ്കാളിക്ക് സെക്സ് നിഷേധിക്കുന്നത് വിവാഹമോചനത്തിനു വേണ്ട മതിയായ കാരണമാണെന്നു നാമോര്‍ക്കണം. നമ്മുടെ സമൂഹത്തില്‍ നരബലിയുടെ പ്രതീകാത്മകമായ എന്തെല്ലാം പുതിയ രൂപങ്ങള്‍. ക്രിസ്ത്യന്‍ മതത്തില്‍ യുവതികള്‍ കന്യാസ്ത്രീകളാവുന്ന രീതി, എങ്ങനെ പുതിയകാലത്ത് നടപ്പിലാക്കുന്നുവെന്ന് അടുത്ത കാലത്ത് മഠങ്ങളില്‍ നിന്നു വന്ന വാര്‍ത്തകളും പീഢനങ്ങളും നമ്മോട് പറഞ്ഞതാണ്. ഇത്തരം വിവാഹങ്ങളെയും നാം ഈ അവബോധത്തോടെ വേണം നോക്കികാണാന്‍. അതുകൊണ്ട് ഏത് കാരാഗൃഹത്തിലേക്ക്‌ പറഞ്ഞുവിടുമ്പോഴും, ഏത് തൂക്കുകയര്‍ നാം തയ്യാറാക്കി വയ്ക്കുമ്പോഴും ഷെറിന്‍ എന്നോടും നിങ്ങളോടും പറയുന്നതിതാണ്. ഭക്ഷണത്തിനും ശാരീരികാവശ്യങ്ങള്‍ക്കുമായി അകാലമരണം ഇരന്നുവാങ്ങുന്ന പെണ്‍കുട്ടികളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതില്‍ നിങ്ങളുടെ പെങ്ങളുടെ മുഖച്ഛായ ഉള്ളവരുണ്ടാകാതിരിക്കട്ടെ!!!!!!!!!!!

നീതിയുടെ ന്യൂസ് അവറുകളില്‍ സോളമന്റെ വിശുദ്ധിചമയുന്ന നമ്മുടെ ധര്‍മ്മത്തിന്റെ കാവലാളുകളേ പറയുക, ഷെറിന്‍ ആരോടാണ് നീതികാണിക്കേണ്ടത്? ദാരിദ്രത്തിന്റെ ഞെരിപ്പോടില്‍ നിന്ന് മകളെ ബലിനല്‍കിയെങ്കിലും രക്ഷപെടാമെന്ന് കരുതിയ തന്റെ രക്ഷിതാക്കളോടോ? രക്ഷിക്കാനും ശിക്ഷിക്കാനും കഴിവില്ലാതെ കേവലം ഒരു താലിചരടില്‍ തനിക്ക് ഒരു ഹോം നേഴ്സിനു തുല്ല്യമായ ഭാര്യാപദവിതന്ന ഭര്‍ത്താവിനോടോ? മകന്റെ ജീവിതത്തിലേക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ക്ഷണിച്ചിട്ട്, തന്റെ സാമ്പത്തികസുരക്ഷിതത്വമെന്ന പ്രതീക്ഷ കൂടി തെറ്റിച്ച്, ഒപ്പം വിലക്കെടുത്ത അടിമയ്ക്ക് കൊടുക്കുന്ന സുരക്ഷപോലും നിനക്കില്ലെന്ന് പറഞ്ഞ് അര്‍ഹതപ്പെട്ട സ്വത്ത് മാറ്റിയെഴുതിയ ഭര്‍തൃപിതാവിനോടോ? അതോ തിളക്കുന്ന തന്റെ യൌവ്വനത്തിനു ചൂട് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച സമൂഹത്തോടോ? ആരോടാണവള്‍ നീതികാണിക്കേണ്ടത്?????

ഒക്കെ പകര്‍ത്തുവാന്‍ കഴിയില്ല, ആ ഗതികേടില്‍ മാപ്പു ചോദിക്കുന്നുവെന്ന് വയലാര്‍ എഴുതിയതു പോലെ, ഈ നടന്നത് വെറുമൊരു കഥയെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഇതിഹാസങ്ങളാരാരു പകര്‍ത്തും.

ആ ഗതികേടിനു നട്ടപ്പിരാന്തന്‍ മാപ്പ് ചോദിക്കുന്നു.

വാല്‍കഷ്ണം:
ഈ വിഷയത്തില്‍ ഞാനുമായി അഭിപ്രായവും വിമര്‍ശനവും പങ്കുവച്ച എന്റെ ബഹ്റൈന്‍ ബൂലോകം കൂട്ടുകാര്‍ക്ക് നന്ദി.

Download This Post In PDF Format