മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Thursday, October 29, 2009

സഖാവ് കുഞ്ഞിരാമേട്ടന്റെ വിസ്മയചിന്തകള്‍



സമര്‍പ്പണം

“എരിഞ്ഞടങ്ങിയും, കത്തിജ്ജ്വലിച്ചതുമായ ഒരു പറ്റം കറയറ്റ സഖാക്കള്‍ക്ക്”

*****************

അച്ഛാ.....മുത്തച്ഛനെ വിളിക്കുന്നില്ലേ നമ്മള്‍ വാട്ടര്‍ തീം പാര്‍ക്ക് കാണാന്‍ പോവുമ്പോള്‍?

മോന്‍ പോയി ചോദിക്ക്, മുത്തച്ഛന്‍ വരുന്നുണ്ടോയെന്ന്...വരുന്നുണ്ടെങ്കില്‍ നമ്മുക്ക് കൊണ്ടുപോവാം..

എട്ടുവയസ്സുകാരന്‍ കിരണ്‍, ജില്ലാ കമ്മറ്റി മെമ്പറും റബ്ബ്കോയില്‍ ജോലിയുള്ള സ. അശോകന്റെയും, ലോക്കല്‍ കമ്മറ്റി മെമ്പറും, പരിയാരം മെഡിക്കല്‍ കോളേജില്‍ യു.ഡി. ക്ലര്‍ക്കുമായ സ. പുഷ്പയുടെയും മകനാണ്. അവര്‍ മൂന്നും, പാര്‍ട്ടിയുടെ പുതിയ വാട്ടര്‍തീം പാര്‍ക്കിന്റെ ഉദ്ഘാടനത്തിന് പോവാനുള്ള തിരക്കിലാണ്, ആ തിരക്കിനിടയിലാണ് കൊച്ചുമകന്‍, മുത്തച്ഛന്റെ അഭാവത്തെ പറ്റി ഓര്‍ത്തതും, അശോകനോട് ചോദിച്ചതും.

അശോകേട്ടാ..അല്ലെങ്കില്‍ തന്നെ, ജില്ലാക്കമ്മറ്റിയില്‍ നിങ്ങളെ പുറത്താക്കാനുള്ള തിരക്കിലാണ് പാര്‍ട്ടി, എന്റെ ഏട്ടന്റെ സപ്പോര്‍ട്ട് എന്നും ഉണ്ടായെന്ന് പറയാന്‍ പറ്റില്ല. മാത്രമല്ല ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനത്തിന് വരുന്നില്ല എന്നാണിപ്പോള്‍ ആളുകള്‍ പറയുന്നത്; ഇനി അതിന്റെ കൂടെ അച്ഛനെ അവിടെ കൊണ്ടുപോയി, അച്ഛന്‍ നേതാക്കന്മാരോട് ചോദ്യങ്ങള്‍ ചോദിച്ച് വല്ല പ്രശ്നവുമുണ്ടാക്കിയാല്‍, അച്ഛനെ വെട്ടിനിരത്തിയത് പോലെ മകനെയും വെട്ടിനിരത്താന്‍ എളുപ്പമാവും എതിരാളികള്‍ക്ക്..അത് ഓര്‍മ്മ വച്ചോ? പുഷ്പ പതിവ് പോലെ അളന്ന് മുറിച്ച് അശോകനോട് പറഞ്ഞു.

എടീ, എന്നാലും, അച്ഛന്‍ കമ്മ്യൂണിസ്റ്റ് അല്ലാതാവുമോ?, ആ ശരീരം ഏറ്റുവാങ്ങിയ മര്‍ദ്ദനത്തിന്റെ വിലകൂടി കൂട്ടിയതല്ലേ നമ്മുടെ പാര്‍ട്ടി.

ഞാന്‍ പറഞ്ഞൂന്ന് മാത്രം; അല്ലെങ്കിലും, പാര്‍ട്ടിമെമ്പറാണെങ്കിലും, ചില സമയത്തെ നിങ്ങളുടെ സംസാരം തനി മൂരാച്ചി കോണ്‍ഗ്ഗ്രസ്സ് നേതാവിന്റെ പോലാണ്.ഒരു തനി മൂരാച്ചി.

മിണ്ടാതിരി.......അതാ അച്ഛന്‍ വരുന്നൂ...........

കണ്ണിലും, ശരീരത്തിലും, തന്റെ ഉള്‍ത്തുടിപ്പിലും, ഒരു സഖാവിന്റെ ജീവിത നൈര്‍മ്മല്യത്തിന് മകുടോദോരണമായ സ.കുഞ്ഞിരാമേട്ടന്‍, കൊച്ചുമകന്റെ കയ്യും പിടിച്ച് അവരുടെ അടുത്തേക്ക് വന്നു......

എന്താ...അശോകാ......മുഖ്യന്‍ വരുന്നില്ല്യാ എന്നു കേട്ടു...പിന്നാരാ ഉദ്ഘാടനത്തിന് വര്യാ...

പാര്‍ട്ടി സെക്രട്ടറിയാവുമത് നടത്തുക..........അശോകന്‍ പറയുന്നത് മുമ്പേ പുഷ്പ മറുപടി പറഞ്ഞു..........

ആഹ്.......എന്തായാലും ഞാന്‍ വരുന്നില്ല.....നിങ്ങള്‍ പൊയ്ക്കോ......പിന്നെ അശോകാ.....ഈ വാട്ടര്‍ തീം പാര്‍ക്കും ഓഹരി പിരിച്ചാ‍ണോ ഉണ്ടാക്കിയത്?

അതെ.....കുറയൊക്കെ...

എനിക്കിപ്പോള്‍ ഇതോക്കെ കേള്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്....

എന്തിനാണാച്ഛാ..???

പണ്ട് നിങ്ങള്‍ പറഞ്ഞ്, ആ ചാനലിന് വേണ്ടി ഞാന്‍ ദിനേശ് ബീഡിയില്‍ നിന്നും പിരിഞ്ഞു പോന്നപ്പോള്‍ കിട്ടിയ പൈസ വച്ച് കുറേ ഓഹരികള്‍ വാങ്ങിയിരുന്നല്ലോ, അതിനു പകരമരമായിട്ട് ഞാനൊക്കെയിപ്പോള്‍ ചാനലില്‍ കാണുന്നത് ആ പ്രസിദ്ധമായ പരസ്യമാണ്.....

ഏത് പരസ്യാച്ഛാ.....പുഷ്പ ചോദിച്ചു........

അനിസ്പ്രേ..........അറിയില്ലേ..ഓഹരിയുടെ പോടി പോലുമില്ല കണ്ടുപിടിക്കാന്‍!!!!!!!!..കുഞ്ഞിരാമേട്ടന്‍ ചിരിച്ച് കൊണ്ട് ഉത്തരം പറഞ്ഞു.

ആ ക്രൂരമായ ഫലിതത്തിനു മുമ്പില്‍ ചിരിക്കാകാതിരിക്കാന്‍ അശോകനും, പുഷ്പയ്ക്കും കഴിഞ്ഞില്ല.

പിന്നെ കൊച്ചുമകന്‍ കിരണിനോടായി പറഞ്ഞു " വെള്ളത്തില്‍ ചാടി മറിഞ്ഞു കളിയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം, ചില വലിയ ആണുങ്ങളും, ആണ്‍ക്കുട്ടികളും, വായില്‍ വെള്ളമെടുത്ത് വെറുതെ വായില്‍ കൂടി തുപ്പികൊണ്ടിരിക്കുമ്പോഴോ, അല്ലെങ്കില്‍ ചില പെണ്ണുങ്ങള്‍, വെറുതെ കൈ കെട്ടിനിന്ന് അനങ്ങാ‍തെ നില്‍ക്കുന്നത് കാണുമ്പോഴോ...എന്റെ മോന്‍ വെള്ളത്തില്‍ നിന്നും വേഗം കയറി പോന്നോണം

അതെന്താ മുത്തച്ഛാ......?

എടാ കുട്ടാ........അതവരു വെള്ളത്തില്‍ ആരുമറിയാതെ മൂത്രമൊഴിക്കുന്നതിന്റെ ലക്ഷണമാണത്. പൈസ കൊടുത്ത് എന്തിനാ നമ്മള്‍ മൂത്രത്തില്‍ കുളിക്കുന്നത്. സാരമില്ല....ഈ വേനല്‍ കഴിയട്ടെ....നമ്മുക്ക് നമ്മുടെ കുളം ഒന്ന് കോരി വൃത്തിയാക്കണം, എന്നിട്ട് മുത്തച്ഛന്‍ മോനെ നന്നായി നീന്തല്‍ പഠിപ്പിക്കാം"

പിന്നെ അശോകനോടും, പുഷ്പയോടുമായി പറഞ്ഞു......"നിങ്ങള്‍ പൊയ്ക്കോള്ളു....ഞാ‍ന്‍ എന്തായാലും വരുന്നില്ല"

"അച്ഛന്റെ അവൈലബിള്‍ പോളിറ്റ് ബ്യൂറോ മീറ്റിംഗ് ഇന്നുണ്ടാവും" അവര്‍ നടന്ന് പോവുന്നതിനിടയില്‍, പുഷ്പ പതുക്കെ അശോകന്റെ ചെവിയില്‍ മന്ത്രിച്ചു.....

അവര്‍ കണ്ണില്‍ നിന്നും നടന്ന് മറഞ്ഞപ്പോള്‍ സ.കുഞ്ഞിരാമേട്ടന്‍ തന്റെ വായന മുറിയിലേക്ക് നടന്നു.....മുറിയില്‍ കയറി വാതില്‍ അടച്ചു.....

ലാല്‍ സലാം സഖാവേ......ലാല്‍ സലാം........സ.കുഞ്ഞിരാമേട്ടന്‍ കേറി വന്നപ്പോള്‍ ആ റൂമിലുണ്ടായിരുന്ന സഖാക്കള്‍ ഒന്നിച്ച് പറഞ്ഞു.

ലാല്‍ സലാം.....കുഞ്ഞിരാമേട്ടന്‍ തന്റെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് ഓരോരുത്തര്‍ക്കായി തന്റെ അഭിവാദനങ്ങള്‍ തെര്യപ്പെടുത്തി. എല്ലാ സഖാക്കളും പതിവ് പോലെ ചിരിയിലും, നല്ല സന്തോഷത്തിലുമായിരുന്നു അവരുടെ മുഖഭാവങ്ങളില്‍........ചുമരില്‍ തൂങ്ങി നിന്നിരുന്ന ആ സഖാക്കള്‍ ഇവരായിരുന്നു....മാര്‍ക്സ്, ഏ.കെ.ജി, കൃഷ്ണപിള്ള, ഇ. എം. എസ്, നാ‍യനാര്‍. കണ്ണന്‍, പിന്നെ സ. കുഞ്ഞാലി......

സ. എ.കെ.ജിയ്ക്കും, സ. കൃഷ്ണപിള്ളയ്ക്കും നടുവിലായിരുന്നു സ.മാര്‍ക്സ് ഇരുന്നിരുന്നത്, സ.ഇ.എം.എസ്സും, സ.നായനാരും ഇത്തിരി മാറി ഒന്നിച്ച്.....അതു പോലെ സ.കണ്ണനും, സ.കുഞ്ഞാലിയും ഇത്തിരി മാറിയാണ് ഇരുന്നിരുന്നത്..........ഒരു മൂലയില്‍ സ.കുഞ്ഞിരാമേട്ടന്റെ പരേതയായ ഭാര്യ കുഞ്ഞുലക്ഷി.

സ.കുഞ്ഞിരാമേട്ടന്‍ തന്നെയാണ്.....സംസാരത്തിന് തുടക്കമിട്ടത്.........

അല്ല....ഇന്ന് നമ്മുടെ സ.മാര്‍ക്സ് നല്ല സന്തോഷത്തിലാണല്ലോ.........

"ങാ‍....ഓന്റെ സന്തോഷത്തിന്റെ കാര്യം ഞാമ്പറയാം....." പതിവ് ശൈലിയില്‍.....നായനാര്‍ തുടങ്ങി....."ഇപ്പോ.....അമേരിക്കേലും, യൂറോപ്പിലും.. ടപ്പേ.....ടപ്പേന്നല്ലേ കീപ്പോട്ടിക്കിടിഞ്ഞ് ഓന്റെയൊക്കെ മൊതലാളിത്തവും, ബാങ്കും കൂപ്പ് കുത്തണത്.... അതിന്റെ സന്തോഷത്തിലാണ് നമ്മുടെ സഖാവ്....നമ്മുടെ സഖാവ് ഇത് എന്ന് പറഞ്ഞീണ്....വേറൊരു വല്യ ബര്‍ത്താനം കേട്ടോ......ഇപ്പോള്‍ യൂറോപ്പിലോന്നും, നമ്മുടെ മൂലധനം ആര്‍ക്കും വായിക്കാന്‍ കിട്ടിണുല്യാത്രേ....ഇനി എബെട്യേങ്കിലും, വിക്കാന്‍ വെച്ചാ.......ചൂടപ്പം പോലാത്രേ മൂലധനം വായിക്കാന്‍ ആളുകള്‍ വാങ്ങി പോവുന്നത്. ...ഓര് വീണ്ടും നമ്മുടെ സഖാവിന്റെ വെല മനസില്യാക്കാന്ന് തോന്നുണ്.......അതാണ് നമ്മുടെ സഖാവിന്റെ മൊകത്ത് ഒരു പുഞ്ചിരി"

"പാശ്ചാത്യമുതലാളിത്ത വക്താക്കളെ സ.മാര്‍ക്സിന്റെ ഭൂതം പേടി പെടുത്തികൊണ്ടിരിക്കുന്നു..." സ.കൃഷ്ണപിള്ള ഗൌരവം വിടാതെ പറഞ്ഞു......

പെട്ടെന്ന്.....സ. ഇ.എം.എസ്.....ആ ചര്‍ച്ചയില്‍ ഇടപെട്ട് തന്റെ പതിവ് സ്വതസിദ്ധശൈലിയിലേക്ക് ആ ചര്‍ച്ച വഴി തിരിച്ചു..... " സ.മാര്‍ക്സിന്റെ ചില നിരീക്ഷണങ്ങളെ ലളിതവത്കരിച്ച് കൊണ്ട് ഉപരിപ്ലവമായ വിലയിരുത്തലുകളിലേക്ക് എത്തിചേരുന്ന ഒരു തെറ്റായ പ്രവണത ഇടതുപക്ഷ-വലതുപക്ഷ ഭേതമില്ലാതെ ഇപ്പോള്‍ ഉയര്‍ന്ന് വരുന്നുണ്ട്; മാര്‍ക്സിന്റെ പദങ്ങളുടെ ശക്തിയും, ആര്‍ജ്ജവവും, ഉള്‍കാഴ്ചയും, പാടെ ചോര്‍ത്തികളയുന്ന അപകടകരമായ ഒരു പ്രവണതയാണിത്. അതുകൊണ്ട് തന്നെ മാര്‍ക്സിയന്‍ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ചിന്താധാരയുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് ഈ ആഗോള ധനകാര്യ തകര്‍ച്ചയെ നമ്മുക്ക് വിലയിരുത്തേണ്ടതുണ്ട്."

"അതേ ഇ.എം.എസ്സ്..... പിന്നീട് സാമ്രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമെന്ന് സ.ലെനിന്‍ വിശേഷിപ്പിച്ചതും, മുതലാളിത്തതിന്റെ ഈ തകര്‍ച്ചയെ തന്നെയാണ്.... " സ.മാര്‍ക്സ് അതിനു അടിവരയിട്ടു.....

സ.കണ്ണന്‍ ഒന്നും പറഞ്ഞില്ലല്ലോ........കുഞ്ഞിരാമേട്ടന്‍ സ.കണ്ണന്റെ ശ്രദ്ധ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു........പിന്നെ മറുപടിയായി സ.കണ്ണന്‍."ഞാനിപ്പോ എന്താ പറയാ.....തിന്മകളുടെ ലോകം ഒടുവില്‍ നഷ്ടങ്ങളിലേക്ക് കൂപ്പുക്കുത്തിയിരിക്കുന്നു.....ഈ കൂട്ടനാശത്തോടെ മുതലാളിത്തത്തിന്റെ പ്രചാരകര്‍ക്ക് പോലും, മുതലാളിത്തത്തിന്റെ അന്ത്യമാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു."

അതാ വേറോരാള്‍......അതും......പാര്‍ട്ടിയെ ഹൃദയം കൊണ്ട് നയിച്ച ഒരു നേതാവ്.......ഒന്നും മിണ്ടാതെയിരിക്കുന്നു......സ.എ.കെ.ജിയെ ചൂണ്ടി സ.കുഞ്ഞാലി പറഞ്ഞു..........

"സ. കുഞ്ഞാലി......അത്തരം പ്രയോഗം ഒഴുവാക്കുന്നതല്ലേ നല്ലത്......." സ. ഇ.എം.എസ്സ് പറഞ്ഞു.......

"ഏത് പ്രയോഗമാണ് സഖാവേ.........." സ. കുഞ്ഞാലി...തിരിച്ച് ചോദിച്ചു...........

മറുപടിയായി ഇം.എം.എസ്സ്. "നിങ്ങള്‍ പറഞ്ഞ 'പാര്‍ട്ടിയെ ഹൃദയം കൊണ്ട് നയിച്ച ഒരു നേതാവ്' എന്ന പ്രയോഗം......"

പക്ഷേ നമ്മുടെ എല്ലാ സഖാക്കള്‍ക്കും അറിയാവുന്നതല്ലേ ആ കാര്യം.......നിങ്ങളുടേ രണ്ടാളുടെയും നേതൃത്വത്തില്‍ പാര്‍ട്ടി അതിന്റെ സുവര്‍ണ്ണ ദിശയിലായിരുന്നെന്ന്, പക്ഷേ.....ഒന്നുണ്ട് സ. ഇ.എം.എസ്സ്..........നിങ്ങള്‍ പാര്‍ട്ടിയെ നയിച്ചത് തലച്ചോറ് കൊണ്ടും, സ. എ.കെ.ജി പാര്‍ട്ടിയെ നയിച്ചത് ഹൃദയം കൊണ്ടും..... അതിന്റെ ഗുണദോഷങ്ങള്‍ നമ്മുടെ പാര്‍ട്ടിയില്‍ ഇന്നുണ്ട്.."..

"നിങ്ങള്‍ നിറുത്തൂ........" തന്റെ ഗാംഭിര്യസ്വരത്തില്‍ സ. എ.കെ.ജി പറഞ്ഞു.......പിന്നെ ഇങ്ങനെ തുടര്‍ന്നു.....ഈ ആഗോളപ്രശ്നങ്ങളെയെല്ലാം നമ്മുടെ സ്വന്തം ജീവിതത്തിലേക്ക്, അല്ലെങ്കില്‍ കേരളത്തിന്റെ ഇന്നത്തെ ജീവിതചുറ്റുപ്പാടുകളിലേക്ക് കൊണ്ടുവരൂ....അവിടെ നിന്നും നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, ഇത്തരം ചര്‍ച്ചകള്‍ക്ക് അതിന്റെതായ വിലയുണ്ടാവും"......സ. എ.കെ.ജി പറഞ്ഞു നിറുത്തി.

അതിനു മറുപടി പറഞ്ഞത് സ.കുഞ്ഞിരാമേട്ടനാണ്, " സമാന രീതിയില്‍ പ്രത്യയശാസ്തപരമോ, സാമൂഹികപരമോ....രാഷ്ടീയപരമോ, മൂല്യസംബന്ധിയോ ആയ വല്ല സന്ദേശവും മലയാളിയുടെ ജീവിതത്തില്‍ ഇന്ന് സംഭവിക്കുന്നുണ്ടോ....അല്ലെങ്കില്‍ നമ്മുടെ പാര്‍ട്ടി അത്തരം ആശയങ്ങള്‍ക്ക് ചെവികൊടുക്കുന്നുണ്ടോ?

പെട്ടെന്നാണു............ആര്‍ക്കും ഒന്നും മനസ്സിലാക്കാന്‍ സാധിക്കാത്ത അത്ര വേഗത്തില്‍...........അവിടെ തൂക്കിയിട്ടിരുന്ന എല്ലാ സഖാക്കളുടെ ചിത്രങ്ങളെയും തകര്‍ത്ത് കൊണ്ട്, പാര്‍ട്ടി സെക്രട്ടറിയുടെ ആ മുറി നിറയുന്ന തരത്തിലുള്ള ഒരു വലിയ ഫൊട്ടോ എവിടെ നിന്നോ അവിടെ പ്രത്യക്ഷമായി..........

തകര്‍ന്ന് കിടക്കുന്ന തന്റെ പ്രിയ സഖാക്കളുടെ ചിത്രങ്ങള്‍, സ. കുഞ്ഞിരാമേട്ടന്‍ പതുക്കെ പെറുക്കി കൂട്ടാ‍ന്‍ തുടങ്ങി.....ആ സമയത്ത് തന്റെ അളന്ന് മുറിച്ച വാക്കുകള്‍ കൊണ്ട് പാര്‍ട്ടി സെക്രട്ടറി, സ. കുഞ്ഞിരാമേട്ടനെ നോക്കി പറഞ്ഞു...........

"എടോ.....കുഞ്ഞിരാമാ.......താന്‍‍ എവിടെത്തെ കുഞ്ഞിരാമനാടോ......തനിക്ക് ഇപ്പോ പാര്‍ട്ടിയെക്കുറിച്ച് എന്തറിയാം....താനൊരു കുഞ്ഞിരാമന്‍ വിചാരിച്ചാല്‍ തകരുന്നതാണോ പാര്‍ട്ടിയുടെ പാരമ്പര്യം ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് താനൊക്കെ എന്താണ് വിചാരിച്ചു വച്ചിരിക്കുന്നത് ? ആര്‍ക്കും കയറി മേയാമെന്ന് കരുതിയോ? കേരളത്തിലെ പാര്‍ട്ടിക്ക് ചിട്ടയായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്.....അതിനെതിരെ നില്‍ക്കുന്ന ആരായാലും ഞങ്ങള്‍ വെട്ടിവീഴ്ത്തും"

എന്നാല്‍ കേട്ടോ......സെക്രട്ടറി.......നവോത്ഥാനകാ‍ലത്ത് ഉഴുത് മറിച്ച മണ്ണില്‍ നിന്നും, ഉയര്‍ന്ന് വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, എത്ര തവണ കേരളത്തില്‍ അധികാ‍രത്തില്‍ വന്നു....ഇപ്പോഴും ഭരിക്കുന്നു......കേരളീയ ജീവിതത്തെ അതിഗാഢം സ്വാധിനിച്ചതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാ‍നം... വ്യക്തിജീവിതത്തിലും, അതു വഴി കുടുംബജീവിതത്തിലും അതു നിര്‍ണായകമായി.....ഈ പോട്ടി തകര്‍ന്ന് കിടക്കുന്ന, എ.കെ.ജി, ഇ.എം.എസ്സ്, നായനാര്‍, കൃഷ്ണപ്പിള്ള, കണ്ണന്‍, കുഞ്ഞാലി തുടങ്ങിയര്‍ ജനമനസ്സില്‍ വിഗ്രഹങ്ങളായി.....അവരുടെ നിര്‍മ്മലവും, ത്യാഗസുരഭിലവുമായ ജീവിതം മാതൃകാരൂപമായി. ഇന്ന് അവരെയെല്ലാം, നിങ്ങള്‍ ഇന്നലകളുടെ തടവറയിലാക്കിയിരിക്കുന്നു....പകരം എത്തി നില്ക്കുന്നവരാകട്ടെ ദുരഹാങ്കാരികളും, മനുഷ്യസ്നേഹസ്പര്‍ശമില്ലാത്തവരുമായി മാറിയിരിക്കുന്നു....ഞങ്ങള്‍ ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനം ഇന്ന് മരിച്ച് കൊണ്ടിരിക്കുന്നു..."

അതേ ഞങ്ങള്‍ക്ക് ചില കണക്ക്കൂട്ടലുകള്‍ ഉണ്ട്.........അതിനെന്താ കുഞ്ഞിരാമനു പ്രശ്നം....

കണക്ക്കൂട്ടലുകള്‍ ജീവിതത്തില്‍ പ്രധാനമാണ്....എന്നാല്‍ നിങ്ങളുടെ കണക്ക്കൂട്ടലുകള്‍ കിഴിച്ച് ബാക്കിയുള്ളതെന്താണോ അതാണ് ഞങ്ങളുടെ ജീവിതമല്ലേ...താങ്കള്‍ ഒരു നല്ല നേതാവ് തന്നെ സഖാവേ.......

പാര്‍ട്ടിയാവുമ്പോള്‍ ഇന്നത്തെ ഭൌതീക സാഹചര്യങ്ങള്‍ക്കനുസരിച്ച്, മാറേണ്ടിവരും.......അത് ആര്‍ക്കും തടയാന്‍ കഴിയില്ല.....

"ഈ ലോകത്ത് ഭൌതീക സാഹചര്യങ്ങള്‍ക്കനുസരിച്ച് ആഹ്ലാദവും, മനസമാധാനവും വര്‍ദ്ധിക്കണമെന്നില്ല സഖാവേ....ഇത് ഒരു നൈസര്‍ഗ്ഗീകമായ സമത്വമാണ്. മനുഷ്യയുസ്സ് അപരിമിതമായിരുന്നെങ്കില്‍, ഭൌതികസുഖസൌകര്യങ്ങള്‍ക്കനുസരിച്ച് ആനന്ദം വര്‍ദ്ധിച്ചിരുന്നെങ്കില്‍, ഈ ലോകം കൂടുതല്‍ ക്രൂരമായി പോയേനെ, ദുസ്സഹമായേനെ"

ഞങ്ങള്‍ക്ക് മൂല്യങ്ങള്‍ ഇല്ലായെന്നാണോ അപ്പോള്‍ കുഞ്ഞിരാമന്‍ പറഞ്ഞുവരുന്നത്.......

അതെ....നിങ്ങളെ പോലുള്ള പുത്തന്‍ പ്രഭുക്കളുടെ പാര്‍ട്ടിയിലെ ഭരണത്തില്‍........ആദ്യം കുടിയിറക്കിയത് മൂല്യങ്ങളെയാണ്....പിന്നെ പീഢിതരെയും...

ആരെ മുമ്പില്‍ നിര്‍ത്തിയാണു കുഞ്ഞിരാമന്‍ ഈ പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള കഴിവെല്ലാം എനിക്കുണ്ട്......നിങ്ങള്‍ പറയുമ്പോലെ ദരിദ്രബാല്യമുള്ളവര്‍ പില്‍ക്കാലം സുമന്‍സ്സുക്കളായിമാറുമെന്ന ചൊല്ല് വെറുതെയാണ്...ആത്മാനുരാഗികളായ നീചന്മാരാണു കൂടുതലും......

അതേ സെക്രട്ടറി......ജനാധിപത്യത്തില്‍ ഇന്ന് ശോഭിക്കുന്നതിനുള്ള മാനദണ്ഢം ജനകീയബന്ധമല്ല....മറിച്ച്.....ഇന്ന് പ്രഫണലിസവും, മാനേജ്മെന്റ് വൈഭവുമാണല്ലോ......

പിന്നെന്താ.....പണ്ടത്തെ പോലെ......കട്ടന്‍ ചായയും, ബീഡിയും, പരിപ്പ് വടയും, പാര്‍ട്ടി ഓഫിസ്സിലെ ബഞ്ചിലെ ഉറക്കവും മതിയെന്നാണോ........

സഖാവേ.....അവിടെയാണ് നിങ്ങളുടെ ചിന്തകളുടെ നയവ്യതിയാനം.......കട്ടന്‍ ചായയും, ബീഡിയും, പരിപ്പ് വടയും എല്ലാം, പണ്ടത്തെ സഖാക്കളുടെ ജീവിതത്തിന്റെ, മൂല്യങ്ങളുടെ......അവരുടെ സമര്‍പ്പണങ്ങളുടെ പകര്‍പ്പുകളായിരുന്നു.....അത് മനസ്സിലാക്കാതെ പറയുമ്പോഴാണ് നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നത്..

പക്ഷെ കുഞ്ഞിരാമന്റെ മകനും, മരുമകളും..........ഞങ്ങളുടെ കൂടെയുണ്ടല്ലോ.........

പണ്ട് രാജ്യം അടിമയും, ജനം സ്വാതന്ത്രരുമായിരുന്നു.....പക്ഷേ ഇന്ന് രാജ്യം സ്വാതന്ത്രവും, ജനം അടിമയുമായിരിക്കുന്നു, അതിനുദാഹരമാണു എന്റെ മകനും, മരുമകളും.....

എടോ.....കുഞ്ഞിരാമാ.......എന്നാല്‍ നിന്റെ ഗീര്‍വാണങ്ങളില്‍ നീ എന്നെ നേര്‍വഴിയ്ക്ക് നടത്തൂ.......

എന്നാല്‍ കേട്ടോ.....സഖാവേ........ഈ പൊട്ടിതകര്‍ന്ന് കിടക്കുന്ന A.K.G പണ്ട്, മദിരാശിയിലേക്കുള്ള പട്ടിണിജാഥ മുതല്‍ അമരാവതിയിലെ കുടിയിറക്കിനെതിരെ ദുഷ്കരസമരം വരെ നയിച്ച കര്‍ഷകരുടെയും, കര്‍ഷക തൊഴിലാളികളുടെയും നെഞ്ചിടിപ്പില്‍ നിന്നും പോരാട്ടവീര്യം ഉള്‍കൊണ്ട് നടപ്പാക്കിയ ഭൂപരിഷ്കാരം അട്ടിമറിക്കാന്‍, നിങ്ങളുടെ കൂടെയുള്ള ഒരു മന്ത്രിയല്ലേ മുതിര്‍ന്നത്???? അതും ഒരു ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയില്‍ നിന്നും ഉണ്ടാവുന്നത് ഒരു നീറുന്ന ദുഖമാണ് സഖാവേ, പാര്‍ട്ടി അണികള്‍ക്ക്.

ഇവിടെ.......വ്യവസാ‍യങ്ങള്‍ വേണ്ടേ......അതിനു സ്ഥലങ്ങള്‍ വേണ്ടേ........നിങ്ങളുടെ മൊട്ടത്തലയില്‍ കൊണ്ടുപോയി വ്യവസായം തുടങ്ങുവാന്‍ പറ്റുമോ?

പക്ഷേ.....കൃഷിഭൂമിയോടൊപ്പം നഷ്ടപെടുന്നത്, സ്വന്തം നിലനില്‍പ്പും, സംസ്കാരവുമാണ്, കുത്തകകള്‍ക്ക് വേണ്ടി നമ്മള്‍ മണ്ണിനെ ബലി നല്‍കുന്നു. കുറെ വയലുകള്‍ പോയി എന്നു പറന്ന് അതിനെ ലളിതവത്കരിക്കരുത്.... പോയത് വയലുകളല്ല..അവിടെ പണയപ്പെടുന്നത്, പണിയെടുക്കുന്നവന്റെ ഭക്ഷണവും, ജീവിതവും, നിലനില്‍പ്പുമാണ്.പാര്‍ശ്വവല്‍കരിക്കപെടുന്നവര്‍ക്ക് വേണ്ടിയാവണം ഒരു നല്ല ഇടത്പക്ഷ ഗവണ്മെന്റ്..... അതിനാണു ജനങ്ങള്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്.

അതാണു ഞാന്‍ നേരത്തെ പറഞ്ഞത്.....കുഞ്ഞിരാമന്‍..ആരെയൊ മുമ്പില്‍ നിര്‍ത്തിയാണ് എന്നോട് കളിക്കാന്‍ വരുന്നത്...അയാളുടെ ഇന്നത്തെ ഗതിയറിയാമല്ലോ കുഞ്ഞിരാമന്?

ഇനി അങ്ങിനെ തന്നെ കരുതിക്കോ.......എന്നാല്‍........

ഞാന്‍ ഒരു കഥ പറഞ്ഞുതരാം കുഞ്ഞിരാമന്.....സോറി.....സ.കുഞ്ഞിരാമന്....കൊച്ചുമകന് പറഞ്ഞുകൊടുക്കാന്‍ പറ്റിയ കഥ.....പണ്ട് ശ്രീരാമന്‍ ബാലിയെ കൊന്ന കഥയറിയില്ലെ.....നല്ല കഥയാണത്...കൊച്ചുമകന് പറഞ്ഞുകൊടുത്തുകൊള്ളു.....

പക്ഷേ..പുതിയ നീതി ശാസ്തത്തിന്റെ വക്താവായ മാരുതിയോട്, കിഷ്കിന്ധയിലെ യുവാക്കള്‍ ഒരു ദിവസം ചോദിക്കും... ബാലിയെ കൊന്നത് ശരിയോ എന്ന്?

പുതിയ നീതികള്‍ക്ക് വേണ്ടി.പഴയ ശരികളെ ചിലപ്പോള്‍ കൊല്ലേണ്ടിവരും.....

അപ്പോള്‍ ബാലി ശരിയല്ലേ.......

കാലഹരണപെട്ട ശരിയാണ് ബാലി, കാലഹരണപ്പെട്ട ശരികള്‍ തിന്മകളാണ്....അത്തരം തിന്മകളാണ് രാമനാല്‍ കൊല്ലപ്പെട്ടത്...അത്തരം ഒരു പുതിയ മറയുമായി ഞാന്‍ വരും സ. കുഞ്ഞിരാമാ..നിന്നെ കൊല്ലാന്‍. കാത്തിരിക്കൂ.

ഇതും പറഞ്ഞു.....സെക്രട്ടറിയുടെ ആ വലിയ പടം അവിടെ നിന്നും അപ്രത്യക്ഷമായി......ആ മുറിയില്‍ സ.കുഞ്ഞിരാമേട്ടനും..പൊട്ടിതകര്‍ന്ന സ്വന്തം സഖാക്കളുടെ ചിത്രങ്ങളും....ആ കാഴ്ച കണ്ട് സ.കുഞ്ഞിരാമേട്ടന്‍ പൊട്ടികരഞ്ഞു............

ആ സമയത്ത് ഒഴുകി വരുന്ന തഴുകലായി.........ഒരു സ്വരം സ.കുഞ്ഞിരാമേട്ടന്റെ കാതില്‍ വീണും...........സ്വന്തം ഭാര്യ കുഞ്ഞുലക്ഷ്മിയുടെ.........ചുമരില്‍ തൂങ്ങുന്ന ആ ചിത്രത്തില്‍ നിന്നും, കുഞ്ഞുലക്ഷ്മി പറഞ്ഞു..

"എന്തിനാന്റെ കുഞ്ഞിരാമേട്ടന്‍ കര്യണത്.......ഇക്കത് കാ‍ണാന്‍ വയ്യട്ടാ........നോക്ക്....നല്ല കാലത്ത് ഇന്നേയും, കുട്ട്യോളേയും, നോക്കാതെ....പാര്‍ട്ടിയ്ക്ക് വേണ്ടീട്ട് എത്ര കഷ്ടപ്പെട്ടീണ്.....എത്ര കാലായി ഞാനിവിടെയിങ്ങനെ ഒറ്റയ്ക്ക്....വാ..കുഞ്ഞിരാമേട്ടാ......അവരു കൊല്ലുന്നതിന് മുമ്പായി........തലവെട്ടിയും, കാലു വെട്ടിയും, വെട്ടിക്കീറിയ ഒരു ശവമായി എനിക്ക് കുഞ്ഞിരാമേട്ടനെ കാണാന്‍ വയ്യ്യാ......വാ......ഇനിയെന്തിനാ....കുഞ്ഞിരാമേട്ടന്‍ ജീവിക്കണത്......അശോകന്‍ അവന്‍ ഒരു വഴിയ്കായില്ലേ.....അവനായി.....അവന്റെ കുടുംബായി.... ഇനിയെങ്കിലും...ഞാനെന്റെ കുഞ്ഞിരാമേട്ടന്റെ കൂടെ സന്തോഷായി ഇരിക്കട്ടെ....ഇങ്ങട്ട് പോരൂ..ആരുമില്ല നമ്മളെ ശല്യപെടുത്താന്‍.........

എന്റെ കുഞ്ഞുലക്ഷ്മി....ഞാന്‍‍ എങ്ങിനെ വരും....വന്നാലും എന്നെ ചിലപ്പോള്‍ രക്തസാക്ഷിയാക്കിയാലോ....

അതിനെന്താ........കുഞ്ഞിരാമേട്ടാ..ആ കണ്ണുകള്‍ ധാനം ചെയ്യു........ആ കിഡ്നി ധാനം ചെയ്യു.....പിന്നെ ആ ശരീരം വല്ല ആശുപത്രിയിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കു..........ആ ശരീരം കൊണ്ട് അങ്ങിനെയും ഉണ്ടല്ലോ ഗുണം........

ശരി....എന്റെ കുഞ്ഞു ലക്ഷി..........ഞാനതിന്റെ സമ്മതപത്രം എഴുതി വയ്ക്കട്ടെ.........ഒപ്പം നമ്മുടെ മുഖ്യനും, സെക്രട്ടറിയ്ക്കും കൂടി ഒരു കത്തെഴുതണം.....

ആ കത്തുകള്‍ എഴുതിക്കൊണ്ടിരിക്കുമ്പൊള്‍........പൊട്ടിതകര്‍ന്ന ആ പഴയ സഖാക്കള്‍ ഒരുമിച്ച് പറഞ്ഞു.....

"സ.കുഞ്ഞിരാമാ....കുട്ടികള്‍ക്ക് പഠിക്കാന്‍ സ്വന്തം ശരീരം സമ്മതപത്രമൊപ്പിട്ട ഒരു റിബല്‍ ഈ കേരളത്തില്‍ പണ്ട് ഉണ്ടായിരുന്നു, അവന്റെ പേര് നവാബ് രാജേന്ദ്രന്‍ എന്നായിരുന്നു.......ആ വ്യക്തിയോടുള്ള കലിയും വൈരാഗ്യവും, ആ മൃതശരീരത്തില്‍ പ്രയോഗിച്ച്, ആ ശരീരം ഒന്നിനുമല്ലാതാക്കി പുഴുപ്പിച്ച് കളഞ്ഞതാണ് കേരളത്തിലെ ചില രാഷ്ട്രീയ പുംഗവന്മാര്‍...അതിനാല്‍ സഖാവ് കുഞ്ഞിരാമാ നീയും സൂക്ഷിക്കുക"

രണ്ട് കത്തുകള്‍ സ.കുഞ്ഞിരാമേട്ടന്‍ എഴുതി....ഒന്നു സ്വന്തം മകനും, പിന്നോന്ന് പാര്‍ട്ടി സെക്രട്ടറിയ്ക്കും മുഖ്യനുമായി ഒരെണ്ണവും...

പിന്നീടെപ്പോഴോ..........ആ ആ ശരീരത്തില്‍നിന്നും കണ്ണുകള്‍ മുകളിലേക്കുയര്‍ന്നു.....ശ്വാ‍സമെടുക്കല്‍ പതുക്കെയില്ലാതായി.....കുറേ കഴിഞ്ഞപ്പോള്‍ ആ ശരീരത്തിനു തണുപ്പേറിവന്നു..........

*************

ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു......സ.കുഞ്ഞിരാമേട്ടന്റെ മൃതശരീരത്തിനു അന്തിമോപചരാമര്‍പ്പിക്കാന്‍.. പക്ഷെ അവര്‍ക്കൊന്നും മനസ്സിലാവാത്തത്.......കുഞ്ഞിരാമേട്ടന്റെ ശരീരം ഏറ്റുവാങ്ങാന്‍.....പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് കിടക്കുന്നത് കണ്ടിട്ടാ‍ണ്...കുഞ്ഞിരാമേട്ടന്റെ ജീവിതശൈലിയും, പുഷ്പഗിരി ശൈലിയും നമ്മില്‍ ഒരു പൊരുത്തവും ആളുകള്‍ക്ക് പിടികിട്ടിയില്ല..........

ആ സമയത്ത്.........പുഷ്പയുടെ ചേട്ടന്‍ അവിടെ വന്ന് പതുക്കെ അശോകനെയും, പുഷ്പയെയും വിളിച്ച് കുറച്ചകലേക്ക് കൊണ്ടുപോയി....പിന്നെ പറഞ്ഞു.......

"സംഭവം ശരിയാണു, പരിയാരം നമ്മുടെ പാര്‍ട്ടിക്ക് ചായ്‌വുള്ള മെഡിക്കല്‍ കൊളെജ് ആണ്....പക്ഷേ......അഞ്ച് പൈസ കിട്ടില്ല മൃതശരീരം അവിടേ കൊടുത്താല്‍...പിന്നെ എന്ത് ഒലയ്ക്കക്കാണ്, നിങ്ങള്‍ കടും പിടുത്തം പിടിക്കണത്. പുഷ്പഗിരികാരാണെങ്കില്‍ രൊക്കം 2 ലക്ഷമായി കാത്തിരിക്കുകയാണ് ആ വണ്ടിയില്, നിങ്ങള്‍ എന്തുപറയുന്നു........"

പക്ഷേ...അച്ഛന്റെ ശരീരം പുഷ്പഗിരിയ്ക്ക് കൊടുക്കുകയെന്ന് വച്ചാല്‍......പാര്‍ട്ടിയിലെ മറുവിഭാഗം.....

"മണ്ണാങ്കട്ട....സ.കുഞ്ഞിരാമേട്ടന്‍......തന്റെ അവസാനസമയത്ത് പാര്‍ട്ടിയില്‍ നടക്കുന്ന പരിഷ്ക്കരണനടപടികളില്‍ സന്തുഷ്ടി രേഖപ്പെടുത്തുകയും, ഒപ്പം പുത്തന്‍ യാഥാര്‍ത്യങ്ങള്‍ മനസ്സിലാക്കി...സ്വന്തം ശവശരീരം തന്നെ ഒരു ഒരു സ്വയാശ്രയ മെഡിക്കല്‍ കോളേജിനു ധാനം നല്‍കിയ മഹാനുഭാവന്‍ എന്ന് നമ്മുക്ക് ഒരു പ്രമേയം ജില്ലാ കമ്മറ്റിയില്‍ പാസാക്കാം...അതോടെ എല്ലാവരുടെയും പ്രശ്നം തീര്‍ന്നില്ലേ........."

പാര്‍ട്ടി യുവജനവിഭാഗത്തിന്റെ റെഡ് സല്യൂട്ട് കഴിഞ്ഞു.....സ.കുഞ്ഞിരാമേട്ടന്റെ മൃതശരീരം ആ ആംബുലന്‍സില്‍ കയറ്റി വച്ചു.........45-50 ലക്ഷം കൊടുത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് കുത്തിക്കിറി പഠിക്കാന്‍ ആദ്യമായി ഒരു സംശുദ്ധ കമ്മ്യൂണിസ്റ്റിന്റെ മൃതശരീരമായി ആ വാഹനം കുതിച്ച് പാഞ്ഞു........

**************

ആളുകള്‍ പിരിഞ്ഞുപോവാന്‍ തുടങ്ങുന്ന സമയത്താണ് സ.കുഞ്ഞിരാമേട്ടന്റെ ഒരു കത്തെടുത്ത് കൊച്ചുമകന്‍ കിരണ്‍ അവിടെയ്ക്ക് ഓടി വന്നത്...........

അച്ഛാ.....മുത്തച്ഛന്റെ ഒരു കത്ത്, ആ വായന മുറിയില്‍..........

വായിച്ചേ..........മോനേ.........ഞങ്ങളുടെ സഖാവ് അവസാനമായി എഴുതിയ കത്ത്....." അവിടെ കൂടി നിന്നിരുന്ന പഴയകാല സഖാക്കള്‍ കിരണിനോട് പറഞ്ഞു.......കിരണ്‍ ആ കത്ത് ഇപ്രകാരം വായിച്ചു.......

"പ്രിയപ്പെട്ട സെക്രട്ടറി, മുഖ്യമന്ത്രി.....

ഈ നാട്ടിലെ പാവപ്പെട്ടവനും, കര്‍ഷകതൊഴിലാളികള്‍ക്കും, പീഢീതര്‍ക്കും.....ഒന്നുമില്ലെങ്കിലും ഒരു നല്ല നാളെ വരുമെന്ന് പറഞ്ഞു ആശ്വസിപ്പിക്കാന്‍, ആ സ്വപ്നം കാണിക്കാന്‍ നമ്മുടെ പാര്‍ട്ടിയുണ്ടായിരുന്നു....അതിലെ നേതാക്കള്‍ക്ക് കഴിഞ്ഞിരിരുന്നു.....നിങ്ങളതിനെ പരസ്പരം പോരടിച്ച്....മറ്റോരു അരിവാള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാക്കരുത്.....പാര്‍ട്ടിയുടെ മരണമെന്ന് പറയുന്നത് കേരളത്തിന്റെ മരണമാണ്.

സ്നേഹത്തോടെ........

സ.കുഞ്ഞിരാമന്‍"

******************

വാല്‍കഷ്ണം........

രാജ്യത്തും, കുടുംബത്തും, അധികാരത്തിന് വേണ്ടിയുള്ള വടംവലിയും, യുദ്ധവും ആത്യന്തികമായി ബാധിക്കപ്പെടുന്നത് സ്ത്രീകളെയാണ്. കാരണം സ്ത്രീ ശരീരം തടവറയും, ആയുധമായും തീരുന്ന സന്ദര്‍ഭങ്ങള്‍ രാജ്യത്തും, കുടുംബത്തും കൂടിവരുന്നു......

സ്വന്തം സഹോദരനെ വധിച്ച്......ജ്യേഷ്ടഭാര്യയായ താരയെ സ്വന്തം കിടപ്പറയില്‍ എത്തിച്ച സുഗ്രീവന്റെ വാക്കുകള്‍, താരയെന്ന സ്ത്രീക്ക് പ്രലോഭനവും, കിഴടക്കനാവാത്ത യാഥാര്‍ത്ഥ്യവുമാണ്.

"ബാലിയെ ഞാന്‍ കൊന്നുവെങ്കില്‍ അതിന്റെ കാരണം നീയാണ്, നിന്റെ സൌന്ദര്യം"

സ്വന്തം മാറിടത്തിലേക്ക് നിണ്ടുവരുന്ന സുഗ്രീവന്റെ കയ്യ് കണ്ട്, താര സ്വന്തം കഞ്ചുകം ഊരി വലിച്ചെറിയുന്നു.

"സൌന്ദര്യം.......നോക്ക്....ബാലിയുടെ വിരലടയാളങ്ങള്‍, അവന്‍ ഏല്‍പ്പിച്ച ദന്തക്ഷതങ്ങള്‍, എന്റെ മകന്‍ അംഗദന്റെ കുഞ്ഞരി പാല്‍ പല്ലുകള്‍ വീഴ്തിയ തുളകള്‍..ആ അച്ഛന്റെയും മകന്റെയും, ചുംബനമുദ്രകള്‍ കൊണ്ട് അടയാളപെടുത്തിയ ഭൂമിയാണ് ഈ മാറിടം.....നിനക്കായി ഒരൊഴിഞ്ഞ ഇടമുണ്ടൊയിവിടെ കണ്ടുപിടിക്ക്.??? *****
************

കടപ്പാടുകള്‍.......
1. ശ്രീമതി. സാറ ജോസഫ് *****
2. എന്റെ ചിന്തകളില്‍ മേമ്പൊടി വിതറിയ ശ്രീ. അനില്‍ വേങ്കൊട് (തുമ്പി)

Saturday, October 24, 2009

“ബെഞ്ച്” മേറ്റ്സ്

“ബഞ്ച്” മേറ്റ്സ് ലത്തീഫ്, സജി, ശ്രീനി, നട്ട്സ്, സന്തോഷ്, കൃഷ്ണന്‍ നമ്പൂതിരി, ദിവാകരന്‍ ഭട്ടത്തിരിപ്പാട്

ചിത്രം എടുത്തത്
ഞങ്ങള്‍ക്ക് മുമ്പിലുള്ള ബഞ്ചില്‍ ഇരുന്നവളും, പിന്നീട് എന്റെ ചുള്ളിയുമായവള്‍