മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Saturday, June 28, 2008

ആ ഗോതമ്പ് ഉപ്പുമാവ് ഇപ്പോഴും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?????

ആ ഗ്രാമത്തില്‍ നിന്നും അന്നവര്‍ മൂന്ന് പേരും (അലവി, മധു, വര്‍ഗീസ്) ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്. അവരെയൊന്ന് ഇഴപിരിച്ചാല്‍ കിട്ടുക ഒരു പണക്കാരനായ ഒരു മേനോന്‍ കുട്ടിയും, ഇടത്തരക്കാരനായ ഒരു നസ്രാണി പയ്യനും, പിന്നെ ഒരു മുസ്ലിമായ കൂലിപണിക്കാരന്റെ മകനുമായിരുന്നു. ഒരുമിച്ച് ചിരിച്ചും കളിച്ചുമാണു അവര്‍ പള്ളിക്കുടത്തിലേക്ക് പോയിരുന്നതെങ്കിലും, രാവിലെ പള്ളിക്കുടത്തിലെ പ്രാ‍ര്‍ത്ഥനയ്ക്ക് മുമ്പേ അവരെത്തിയിരുന്നു. രാവിലെ ബിന്ദുവും, സുനിലും, ഖദീജയും കൂടി പാടുന്ന “അഖിലാണ്ഢമണ്ഢലമണിയിച്ചോരുക്കി.....അതിനുള്ളിലാനന്ദ ദീപം കൊളുത്തി.........“ എന്ന പ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു അവരുടെ പള്ളിക്കൂടത്തിലെ ഒരു ദിവസം ആരംഭിച്ചിരുന്നത്. പിന്നെ ഉച്ചക്ക് സ്കൂളില്‍ നിന്നും കിട്ടുന്ന ഗോതമ്പ് ഉപ്പുമാവ് കൊതിയോടെ പങ്കിട്ടും അവര്‍ കഴിച്ചിരുന്നു..... വൈകുന്നേരമാവുമ്പോള്‍ കളിച്ച് ചിരിച്ച് വീണ്ടും വീടുകളിലേക്ക്.....


ഇന്ന് മധുവിന്റെ കുട്ടി പോവുന്നത് “വിശ്വഭാരതി പബ്ലിക്ക് സ്കൂളില്‍”

അലവിയുടെ കുട്ടി പഠിക്കുന്നത് “ദാറുല്‍ നജ്ജാത്ത് ഇസ്ലാമിക് സ്കൂളില്‍”

വര്‍ഗീസിന്റെ കുട്ടി പഠിക്കുന്നത് “സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍”

അങ്ങിനെ മധുരമനോഹരമായ ഒരു നാളെയ്ക്ക് വേണ്ടി അവര്‍ അവരുടെ കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നു........ പക്ഷേ ആ പിഞ്ചുമനസ്സുകളില്‍ വന്നു നിറയുന്നതോ... ദുഷ്ടമനുഷ്യര്‍ ചവച്ചു തുപ്പുന്ന മതത്തിന്റെ കാളകൂടവിഷം.

ഹേയ്..“പിരാന്താ..അല്ലെങ്കില്‍ പിരാന്തി” ഈ വിഷം പരത്തുന്നതില്‍ എനിക്കും നിനക്കും പങ്കില്ലേ ???????????????

8 comments:

മാപ്ല said...

ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ സ്ക്കൂളില്‍ തന്നെപഠിക്കട്ടെ എന്ന് അരമനയില്‍ നിന്ന് പരിശുദ്ധ പിതാവിന്റെ വാറോല.

അതും പോരാഞ്ഞ്, പേറെണ്ണം കൂട്ടിയാല്‍ കുമ്പസാരിക്കാതെ കുര്‍ബ്ബാന കൈക്കൊള്ളാം..

“ഞമ്മ“ന്റെ കാര്യങ്ങള്‍ പറഞ്ഞ്
ആയുസ്സ് കുറക്കാന്‍ ഞാനില്ല..

എല്ലാവര്‍ക്കും പിരാന്ത്..

കുഞ്ഞന്‍ said...

മൊട്ടേട്ടാ...


ഇതെന്നാ ഭാവിച്ചാ..ഞങ്ങളുടെ സ്കൂളില്‍ മാത്രമെ മികച്ച പഠന നിലവാരം ഉള്ളത്..അവിടെ ഞങ്ങള്‍ക്കിഷ്ടമുള്ളത് പഠിപ്പിക്കും അത് നല്ലൊരു നാളേക്കു വേണ്ടിയാണ്..അതായിത് മതമെന്നാല്‍ സ്നേഹം ആ സ്നേഹത്തിലൂടെ മാത്രം മറ്റൊരു മതസ്ഥനെ നോക്കി കാണാന്‍‍ പഠിപ്പിക്കും. അങ്ങിനെ ലോകം മുഴുവന്‍ സ്നേഹം നിറക്കും..!

ഗോതമ്പ് ഉപ്പുമാവൊ..അയ്യേ...ഛീ...

പിരാന്താ..തീര്‍ച്ചയായും ആ നല്ല നാളെ വീണ്ടും വരെട്ടെ..മതം ഒന്നുമാത്രം മനുഷ്യമതം മാത്രം. പരസ്പരം കൈകോര്‍ത്ത് നമ്മുടെ കുട്ടികള്‍ കളിച്ച് പഠിച്ച് വളരട്ടെ..മതമില്ലാത്ത പരസ്പരം ബഹുമാനവും സ്നേഹവും നിറഞ്ഞ ഒരു നല്ല നാളെ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു.

Anonymous said...

ഇന്നു സ്ക്കൂളില്‍: ഉപ്പുമാവോ?? What's that?

വീട്ടില്‍: അമ്മേ ഉപ്പുമാവോ, കഞ്ഞിയോ എന്തെങ്കിലും ഒന്ന് തായോ...

കുളിച്ചിലെങ്കിലും കോട്ടണ്‍ റ്റൈ പുരപ്പുറത്തിടുന്ന സ്വഭാവം അത്‌ നമ്മള്‍ മലയാളിക്ക്‌ സ്വന്തം..

പഴമ്പുരാണംസ്‌.

രസികന്‍ said...

സംഗതി മൊട്ടത്തലയിലെ നട്ടപിരാന്തുകളാണെങ്കിലും എനിക്ക് പിരാന്തുകൾ പെരുത്ത് ഇഷ്ടമായി
സമകാലിക സംഭവങ്ങൾ തനിമയോടെ അവതരിപ്പിച്ചു
ആശംസകൾ

ശ്രീ said...

നല്ല ചിന്ത തന്നെ, മാഷേ
:)

ഞാന്‍ ഇന്നും എന്നും ഓര്‍ക്കാറുണ്ട് ചെറു ചൂടോടെ കയ്യിലേയ്ക്ക് കിട്ടിയിരുന്ന ഗോതമ്പുപ്പുമാവ്...

Pongummoodan said...

ചെറിയ ഒരു പോസ്റ്റില്‍ വലിയൊരു ചിന്ത.
മൊട്ടേട്ടാ,
വളരെ നന്നായിരിക്കുന്നു

..:: അച്ചായന്‍ ::.. said...

മാഷേ അതൊക്കെ സ്കൂള്‍ ആണോ ??
പണ്ടത്തെ govt: സ്കൂള്‍ അതിന്റെ സുഖം വേറെ അല്ലേ ഇതു പിള്ളേരെ ആവിശ്യം ഉള്ളതും ഇല്ലാത്തതും കുത്തി നിറക്കാന്‍ ഉള്ള സ്ഥലം എന്ന് പറയുന്നതാവും നല്ലത് കാരണം പിള്ളേര് മൊത്തം തല തിരഞ്ഞു പോകുവാ

ഹാപ്പി ബാച്ചിലേഴ്സ് said...

നട്സേട്ടാ,
അവിടെ വന്നു, പഴയതൊക്കെ ഓര്‍മിച്ചു എന്ന്‍ പറഞ്ഞത് ,ഇവിടെ വന്നു അലവിയെയും, വര്‍ഗീസ്‌ -നെയും, മധുവിനെയും കണ്ടപ്പോ മനസ്സിലായി.
ഗോതമ്പ് ഉപ്പുമാവ് ഓര്‍മയില്ലെങ്കിലും, ഹാജിയാര്‍ കഥയില്‍ പറഞ്ഞ പോലെ ഉച്ചക്കഞ്ഞി ഓര്‍മയുണ്ട്. അതൊക്കെയല്ലേ ഒരു കാലം.
വിഷം പരത്തുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ആണയിട്ടു പറയാന്‍ ഈ അവസരം ഉപയോഗിച്ച് കൊള്ളട്ടെ..
ഹാപ്പി ബാച്ചിലേര്‍സ്
ജയ് ഹിന്ദ്