മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, September 28, 2008

പ്രണയവും, ദാമ്പത്യവും............പിന്നെ........

പ്രണയം മനുഷ്യനു എത്തിച്ചേരാന്‍ കഴിയുന്ന ദൈവവസ്ഥയാണെങ്കില്‍ ദാമ്പത്യം മനുഷ്യനു ആയി്ത്തീരാന്‍ കഴിയുന്ന ഏറ്റവും ഉദാത്തമായ മനുഷ്യവസ്ഥയാണു. പ്രണയം ഉരുവാക്കപ്പെടുമ്പോള്‍ ആ വ്യക്തിയില്‍ ദൈവം പിറക്കുന്നു എന്നര്‍ത്ഥം. ദൈവം വിശ്വാസമാണു. ആ‍ നിറവ് വ്യക്തിയെ ദൈവത്തെപ്പോലെ സ്വയം സ്നേഹിക്കാനും തന്നില്‍നിന്നും വേര്‍പ്പെട്ടുപോയിനില്‍ക്കുന്നവയെല്ലാം തന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിയാനും സഹായിക്കുന്നു. ഭുമിയെ സ്വര്‍ഗ്ഗമാക്കി മാറ്റുന്ന പ്രണയകാലം അന്ത്യം വരെ നിലനിര്‍ത്താന്‍ ഒരിക്കല്‍ പ്രണയത്തില്‍ അകപ്പെട്ട ആരും കൊതിച്ചു പോവും.

ദൈവികമായ ആനന്ദം - ആത്മാവിന്റെ നിറവ്, ഇവ ഒരാള്‍ക്ക് അനുഭവിക്കാന്‍ കഴിയുക വ്യക്തി സ്വയം പൂര്‍ണ്ണമാകുമ്പോഴാണു. ഇവ ഒരുമിച്ചാണു സംഭവിക്കുക. ഒരാള്‍ പൂര്‍ണ്ണമാവുമ്പോള്‍ പ്രണയാതുരമാവുന്നു.പ്രണയാതുരമാവുമ്പോള്‍ പൂര്‍ണ്ണമാവുന്നു. ആണും പെണ്ണൂം പരസ്പരം പൂരിപ്പിക്കപെടുമ്പോള്‍ മാത്രം പൂര്‍ണ്ണമാവും വിധമാണു മനുഷ്യന്‍ എന്ന സൃഷ്ടി. ഈ പൂര്‍ണ്ണതയെ, ആനന്ദത്തെ നിത്യമായി നിലനിര്‍ത്താ‍ന്‍ ആഗ്രഹിച്ച മനുഷ്യന്‍ തങ്ങളാവും വിധം സമൂഹജീവിതത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു ക്രമമാണു ദാമ്പത്യവും, കുടുംബവും. അത് മനോഹരമാവുന്നത്....ആ വ്യക്തികള്‍ തമ്മിലുള്ള സ്നേഹബന്ധത്തിലാണു.

ബൈബിളിലെ ഉത്തമഗീതത്തിലെ പ്രണയമോ, കൈലാസത്തിലെ പ്രണയതുരമായ ദാമ്പത്യമോ എല്ലാം നമ്മള്‍ സങ്കല്‍പ്പിക്കാറുണ്ട്. അര്‍ദ്ധഭാഗം നാരിയായിരിക്കുമ്പോള്‍, മനുഷ്യന്‍ ഈശ്വരനാവുന്നു എന്ന സങ്കല്‍പ്പം പോലും നമ്മള്‍ ഉണ്ടാക്കിയതാണു. ഈ രണ്ട് ദാമ്പത്യങ്ങളും, എല്ലാ ദമ്പതികള്‍ക്കും പ്രണയത്തിലൂടെ മാത്രം എത്തിച്ചേരാ‍വുന്ന ഒരു സാദ്ധ്യതയായി പൂര്‍വ്വികര്‍ നമ്മുക്ക് മുമ്പില്‍ തുറന്ന് വച്ച അനുഭവമാണു. ഇപ്രകാരം സാദ്ധ്യതകള്‍ സ്വര്‍ഗത്തിലേക്കുള്ള വാ‍തിലായി തുറന്ന്കിടക്കുമ്പോഴും ദാമ്പത്യവും, കുടുംബവും ഒരു തടവറയാണെന്നും മനുഷ്യജീവിതത്തെ ഇത്രയേറെ ദുരന്തപൂര്‍ണ്ണമാക്കുന്നത് ഈ ദാമ്പത്യ-കുടുംബ വ്യവസ്ഥയാണു എന്നൊക്കെയുള്ള ചിന്തകള്‍ ആദ്യം മുതല്‍ക്കേ പ്രബലമാണു. എന്നാല്‍ ബദലായി ഉയര്‍ന്ന് വന്ന സങ്കല്‍പ്പങ്ങള്‍ക്കൊന്നും കാര്യമായ സാദ്ധ്യതകളെ തുറന്നു വയ്ക്കാനായില്ല. ആ സ്ഥിതിക്ക് മനുഷ്യന്റെ പരിമിതികളെ കൂടി പരിഗണിച്ച് ഇനിയും ഏറെനാള്‍ നാം നിലനില്‍ക്കുന്നത് നമ്മുടെ കുടുംബങ്ങളില്‍ തന്നെയായിരിക്കും. എന്നിരുന്നാലും ഇന്നത്തെ കുടുംബത്തിലെ പുരുഷാധിപത്യവും, ഹിംസയും, ആര്‍ത്തിയും ദുരയും വിമര്‍ശനവിധേയമാക്കപ്പെട്ടുകതന്നെ വേണം.

മനുഷ്യനിര്‍മ്മിതമായ ദാമ്പത്യത്തിനും കുടുംബത്തിനും ദൈവപരിവേഷം കല്‍പ്പിക്കുമ്പോള്‍ തന്നെ അവ കാലദേശങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത രൂപഭാവങ്ങള്‍ കൈക്കൊള്ളുന്നതും വെല്ലുവിളികള്‍ നിറഞ്ഞതുമാണു. മനുഷ്യന്റെതായ എല്ലാ പരിമിതികളും സാദ്ധ്യതകളും ഇതിന്റെ ഭാഗമാണു. പ്രണയവിവാഹത്തിലും, നിശ്ചയിക്കപ്പെട്ട വിവാഹത്തിലും ഇത് ഒരു പോലെ ബാധിക്കപ്പെടുന്നു.അതിനാല്‍ തന്നെ നിരന്തരം പുനര്‍നിര്‍മ്മിക്കപ്പെടുകയും, ശുശ്രൂഷിക്കപ്പെടുകയും ചെയ്യുക എന്നത് ഇവരുടെ സ്ഥായിയായ സ്വഭാവമാണു. അത് കൊണ്ടാവാം വിവാഹം പോലെതന്നെ വിവാഹമോചനവും ഒരു ആചാരമാവുന്നത്.

ദമ്പതിമാര്‍ പ്രണയാതുരമാണെങ്കില്‍ ആ കുടുംബം സ്വര്‍ഗ്ഗവും, അവിടെ കുഞ്ഞുങ്ങള്‍ മാലാഖമാരുമായിരിക്കും. എന്നാല്‍ അവര്‍ക്കിടയിലെ പ്രണയം നഷ്ടമാവുമ്പോള്‍ അവിടം മഹാനരകവും, കുഞ്ഞുങ്ങള്‍ക്കും നരകതുല്യമായ അവസ്ഥയായിരിക്കും വീട്ടില്‍. മൂന്ന് കാര്യങ്ങളാണു ലോകത്തില്‍ സുന്ദരമായിരിക്കുന്നത്. ഒന്ന്. സഹോദരങ്ങള്‍ സ്നേഹത്തോടെ വസിക്കുന്നത്, രണ്ട്: അയല്‍ക്കാര്‍ സ്നേഹത്തോടെ വസിക്കുന്നത്, മൂന്ന്: ദമ്പതികള്‍ സ്നേഹത്തോടെ വസിക്കുന്നത്. ആദ്യത്തെ രണ്ടും സാധ്യമാവണമെങ്കില്‍ മൂന്നാമത്തേത് ആദ്യത്തില്‍ സാദ്ധ്യമാവണം.

പ്രണയാതുരമായ ദമ്പതികള്‍ പരസ്പരം അഗ്നിയും കാറ്റും എന്നപോലെ ഒരാള്‍ മറ്റോരാളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും, പ്രണയം നഷ്ടമാവുമ്പോള്‍ അവര്‍ പരസ്പരം അഗ്നിയും ജലവും പോലെ പ്രണയത്തെ തല്ലിക്കെടുത്തുന്നു. അതുകൊണ്ട് തങ്ങളില്‍ ഉരുവാക്കപ്പെട്ട പ്രണയത്തെ നിലനിര്‍ത്തേണ്ടതും, അത് നിലനിര്‍ത്തുക എന്നതും മണ്‍കുടത്തിലെ നിധി കാക്കും പോലെ ശ്രദ്ധയേറിയ ഒന്നാണു.

പ്രണയം നഷ്ടമാവുമ്പോള്‍, പരസ്പരം പൂരകങ്ങളും, അനന്യരുമായി കഴിഞ്ഞവര്‍, അപരിചിതരും, ശത്രുക്കളുമായി മാറുന്നു. ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല്ല, മറിച്ച് ഒരു വലിയ മരത്തിന്റെ വേരു നിത്യവും കരണ്ട് കരണ്ട് എലി മരത്തെയുണക്കും പോലാണിത്. നമ്മളില്‍ തന്നെയുള്ള അഹന്ത ഇത് നിരന്തരം ഈ ജോലി ചെയ്യുന്നുണ്ട്. സ്നേഹം പോലെ തിന്മയും മനുഷ്യമനസ്സിലുണ്ട്.

പ്രണയികള്‍ വിവാഹിതരാവുമ്പോള്‍, അവരിലെ പ്രണയം അവസാനിക്കുന്നു, അവരുടെ ചരിത്രം അവിടെ ആരംഭിക്കുന്നു. പ്രണയം സ്വാതന്ത്ര്യവും, വിവാഹം ഉത്തരവാദിത്തവുമാണു എന്നോക്കെ നമ്മള്‍ സങ്കല്‍പ്പിക്കുന്നത് ഇത് മൂലമാവാം. എന്നാല്‍ വിവാഹത്തിന്റെ രണ്ട് ചിറകുകളാണ് സ്വാതന്ത്ര്യവും, ഉത്തരവാദിത്തവും. സ്വാതന്ത്ര്യത്തെ നേരിടാന്‍ സ്വാതന്ത്ര്യം തന്നെ ഉപയോഗിക്കണമെന്ന് നമ്മള്‍ മറന്ന് പോവുന്നു. ഉപേക്ഷിച്ച് പോവലല്ല ചേര്‍ത്ത്പിടിക്കലാണ് സ്വാതന്ത്യം.

ദമ്പതികള്‍ പ്രണയാതുരരെങ്കില്‍ കുഞ്ഞുങ്ങള്‍ എത്രമാത്രം ശാന്തപ്രകൃതരും സന്തുഷ്ടരുമായിരിക്കുമെന്ന് ഒരിക്കലെങ്കിലും അനുഭവിക്കാത്ത മാതാപിതാക്കന്മാരുണ്ടാവില്ല. എന്നാല്‍ കുട്ടികളെ വലിയവരുടെ ജീവിതം ജീവിക്കാന്‍ നാം നിര്‍ബന്ധിക്കുമ്പോള്‍ അവര്‍ കുട്ടികള്‍ അല്ലാതാവുകയും, അവര്‍ നമ്മുക്കൊരു ഭാരമാവുകയും ചെയ്യുന്നു. ദമ്പതികളില്‍ പ്രണയം നഷ്ടപെടുമ്പോഴാണു അവര്‍ അവര്‍ കുഞ്ഞുങ്ങളില്‍ അമിത പ്രതീക്ഷയര്‍പ്പിക്കുന്നതും മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുന്നതും ഇത് കുട്ടികളില്‍ അധികഭാരമാണു ഏല്‍പ്പിക്കുന്നത്. അവിടെ സ്നേഹമെന്ന പേരില്‍ നാം അവര്‍ക്ക് നല്‍ക്കുന്നത് ഇണയോടുള്ള ശത്രുതയായിരിക്കും.

മറ്റാര്‍ക്കും തകര്‍ക്കപ്പെടാനാവാ‍ത്ത വികാരത്തിന്റെ ഭാഷയായിരിക്കണം ദാമ്പത്യം, പ്രണയത്തെ ദാമ്പത്യത്തില്‍ കുടിയിരുത്താനുള്ള ഏകമാര്‍ഗ്ഗമാണത്.

(കടപ്പാട്‍...........ഡോ:റോസി തമ്പി, പിന്നെ തൊട്ടറിഞ്ഞ ഒത്തിരിയാളുകളോടും)

വാ‍ല്‍കഷ്ണം:

ഭര്‍ത്താവ്, പൂജിക്കുന്ന ദേവിയെപ്പോലെ ഭാര്യയെ ഹൃദയത്തില്‍ സുക്ഷിക്കുന്നു. ഹൃദയത്തില്‍ സ്നേഹം ഒളിച്ചുവയ്ക്കുന്നു. പക്ഷേ ഭാര്യയ്കാവശ്യം തുറന്ന സ്നേഹപ്രകടനമാണ്. അത് പ്രകടിപ്പിക്കുന്നവനത്രേ അവര്‍ക്ക് നല്ല ഭര്‍ത്താവ്.

15 comments:

പോങ്ങുമ്മൂടന്‍ said...

മൊട്ടേട്ടാ..

തേങ്ങ ഞാനുടയ്ക്കുന്നു...

:)

സജി said...

പ്രണയം മനുഷ്യനു എത്തിച്ചേരാന്‍ കഴിയുന്ന ദൈവവസ്ഥയാണെങ്കില്‍ ദാമ്പത്യം മനുഷ്യനു ആയി്ത്തീരാന്‍ കഴിയുന്ന ഏറ്റവും ഉദാത്തമായ മനുഷ്യവസ്ഥയാണു.
ഉറപ്പാണോ....

കുറെക്കഴിയുമ്പോള്‍ പറയരുത്..
"പ്രണയം മനുഷ്യനു എത്തിച്ചേരാന്‍ കഴിയുന്ന ദൈവവസ്ഥയാണെങ്കില്‍ ദാമ്പത്യം മനുഷ്യനു ആയി്ത്തീരാന്‍ കഴിയുന്ന ഏറ്റവും അധമമായ മാനുഷികമായ അവസ്ഥയാണ് എന്നു."

സജി said...

ദമ്പതിമാര്‍ പ്രണയാതുരമാണെങ്കില്‍ ആ കുടുംബം സ്വര്‍ഗ്ഗവും, അവിടെ കുഞ്ഞുങ്ങള്‍ മാലാഖമാരുമായിരിക്കും...

എന്റ്ര പൊന്റ്രേ...(തമിഴാണേ)

പാര്‍ത്ഥന്‍ said...

നല്ല ലേഖനം. ഇത്‌ പരിചയപ്പെടുത്തയതിന്‌ നന്ദി. സ്നേഹത്തിന്റെ കാരണവും പ്രകടനവും മാത്രമെ പരാമര്‍ശിച്ചുള്ളൂ. ഭാര്യാഭര്‍ത്തൃബന്ധത്തിലെ കടമകളെക്കുറിച്ച്‌ ഒന്നു പരാമര്‍ശിക്കാമായിരുന്നു. കടമകള്‍ അന്യോന്യം നിറവേറ്റുന്നുണ്ടെങ്കില്‍ അധികം വിവാഹമോചനങ്ങള്‍ ഉണ്ടാവില്ല എന്നു തോന്നുന്നു.

തറവാടി said...

വളരെ നല്ല കുറിപ്പ്.

വാല്‍‌കഷ്ണം ശരിക്കും രസിച്ചു :)

സഹയാത്രികന്‍ said...

വളരെ നല്ല ഒരു പോസ്റ്റ്...

പ്രണയത്തില്‍ ഒരാളുടെ നല്ലവശങ്ങള്‍ മാത്രമേ കാണുന്നുള്ളൂ...അല്ലെങ്കില്‍ ശ്രദ്ധിക്കുന്നുള്ളൂ... അങ്ങനെയുള്ളവര്‍ ദമ്പതികളാകുമ്പോള്‍ പലപ്പോഴും അതേ പ്രണയം നിലനിര്‍ത്തി കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ളതായാണ് അറിവു... ( വെറും കേട്ടറിവാണ്)

പാര്‍ത്ഥേട്ടന്‍ പറഞ്ഞപോലെ ദമ്പതികള്‍ പരസ്പരം മനസ്സിലാക്കി കടമകള്‍ അന്യോന്യം നിറവേറ്റുന്നുണ്ടെങ്കില്‍ അധികം വിവാഹമോചനങ്ങള്‍ ഉണ്ടാവില്ല എന്നു തോന്നുന്നു.


വാല്‍ക്കഷ്ണം എനിക്കും ശ്ശി ബോധിച്ചു.

:)

smitha adharsh said...

പറഞ്ഞപോലെ വാല്‍കഷ്ണം കീ ജയ്...!!!
നല്ല പോസ്റ്റ്..

Kiranz..!! said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഭര്‍ത്താവ്, പൂജിക്കുന്ന ദേവിയെപ്പോലെ ഭാര്യയെ ഹൃദയത്തില്‍ സുക്ഷിക്കുന്നു. ഹൃദയത്തില്‍ സ്നേഹം ഒളിച്ചുവയ്ക്കുന്നു. പക്ഷേ ഭാര്യയ്കാവശ്യം തുറന്ന സ്നേഹപ്രകടനമാണ്. അത് പ്രകടിപ്പിക്കുന്നവനത്രേ അവര്‍ക്ക് നല്ല ഭര്‍ത്താവ്.


ഏത് സര്‍വേ പ്രകാരമുള്ള കണക്കാണിത്? വാല്‍ക്കഷ്ണം എനിക്കത്ര ബോധിച്ചില്ല

Senu Eapen Thomas, Poovathoor said...

നല്ല കുറിപ്പ്‌...നട്ടപ്രാന്ത്‌ മാറിയെന്ന് തെളിയിക്കുന്ന കുറിപ്പ്‌.

സുകൃതം സിനിമയില്‍ മമ്മൂട്ടി, ഗൗതമിയോടു പറയുന്നുണ്ട്‌:- പ്രേമിച്ച്‌ വിവാഹം കഴിക്കുമ്പോള്‍ ഹിമാലയം കീഴടക്കിയ സംതൃപ്തി...അതിനു ശേഷം...ശൂന്യത. മിഥുനം ചിത്രത്തിലും രസകരമായി പ്രേമവും, കല്യാണവും അതിന്റെ ശേഷിപ്പുകളും കാട്ടുന്നു.

ഭര്‍ത്താവ്‌ സ്നേഹം പ്രകടിപ്പിക്കാന്‍ പിശുക്കു കാട്ടുന്നവരാണു. എന്നാല്‍ ഇതേ ഭര്‍ത്താവ്‌ കാമുകനായിരിക്കുമ്പോള്‍ അവന്‍ സ്നേഹം കടം വാങ്ങിയും പ്രകടുപ്പിക്കുന്നു....

മൂന്ന് കാര്യങ്ങളാണു ലോകത്തില്‍ സുന്ദരമായിരിക്കുന്നത്. ഒന്ന്. സഹോദരങ്ങള്‍ സ്നേഹത്തോടെ വസിക്കുന്നത്, രണ്ട്: അയല്‍ക്കാര്‍ സ്നേഹത്തോടെ വസിക്കുന്നത്, മൂന്ന്: ദമ്പതികള്‍ സ്നേഹത്തോടെ വസിക്കുന്നത്. ആദ്യത്തെ രണ്ടും സാധ്യമാവണമെങ്കില്‍ മൂന്നാമത്തേത് ആദ്യത്തില്‍ സാദ്ധ്യമാവണം.

നല്ല ചിന്ത. ഇനിയും ഇത്തരം ചിന്തകള്‍ പോരട്ടെ...

സസ്നേഹം.
പഴമ്പുരണംസ്‌

ശ്രീ said...

നല്ല പോസ്റ്റ്.
:)

നട്ടപിരാന്തന്‍ said...

പൊങ്ങുമ്മൂടാ.........നീയല്ലേ എന്റെ ബ്ലോഗില്‍ ആദ്യം കമന്ന്യയത്.

സജിമാഷെ.....ഞാനും എഴുതി ഒരു പുലിയാവട്ടെ..

പാര്‍ത്ഥാ.......താങ്കളുടെ ചോദ്യത്തില്‍ ഉത്തരവും കിടക്കുന്നു.....പിന്നെ ഞാനെന്ത് പറയാന്‍.

തറവാടി......ആ വാലിന്റെ ഒരു പച്ചപ്പിലാണു ജീവിതം.

സഹയാത്രിക.....അങ്ങിനെയല്ലാത്തവരും ഉണ്ട്....10 വര്‍ഷത്തെ പ്രേമവും, 8 വര്‍ഷത്തെ വിവാഹജീവിതത്തിലുമാണു ഞാനിപ്പോള്‍....പിന്നെ..നാളെത്തെ കാര്യം ????

സ്മിതേ....ശ്ശി.....പിടിച്ചല്ലേ....ഗുട്ടന്‍സ് പിടിക്കിട്ടിയല്ലോ..

ഒരു സര്‍വ്വേയുമല്ല പ്രിയേ.....അത് എന്റെ വാമഭാഗത്തിന്റെ സ്വന്തം വാക്യമാണ്.

സീനു.....വരാന്‍ പോവുന്ന പോസ്റ്റുകള്‍ വായിച്ച് വീണ്ടും നട്ടപിരാന്ത് വന്നു എന്നു പറയരുത്...

എന്റെ അനുഭവവും, ഞാന്‍ തൊട്ടറിഞ്ഞ ജീവിതവും ആ വരികളില്‍ ഉണ്ട്....

ശ്രീ.....ആ ചിരിയില്‍ എല്ലാം ഒതുക്കിയല്ലേ...

അനൂപ് തിരുവല്ല said...

:)

യാമിനിമേനോന്‍ said...

നല്ല പോസ്റ്റ്.....നന്നായിരിക്കുന്നു.ഭാര്യാഭര്‍ത്ര്‌ബന്ധത്തെ കുറിച്ച് മനോഹരമായി എഴിതിയിരിക്കുന്നു...അഭിനന്ദനങ്ങള്‍.

kalyani said...

ഭര്‍ത്താവ്‌ സ്നേഹം പ്രകടിപ്പിക്കാന്‍ പിശുക്കു കാട്ടുന്നവരാണു. എന്നാല്‍ ഇതേ ഭര്‍ത്താവ്‌ കാമുകനായിരിക്കുമ്പോള്‍ അവന്‍ സ്നേഹം കടം വാങ്ങിയും പ്രകടുപ്പിക്കുന്നു....

വളരെ നല്ല കുറിപ്പ്.