കേരളത്തിലെ മുസ്ലിം ജനതയിലെ ഭൂരിപക്ഷം മതവിശ്വാസികളും, പൊതുസമൂഹത്തില്‍ നിന്നും ഒരു ഒരു വേര്‍തിരിവ് സ്വയം കണ്ടെത്തിയ സംഭവമായിരുന്നു ബാബറി മസ്ജിത് തകര്‍ക്കപ്പെട്ട കുപ്രസിദ്ധമായ 1992 ലെ ഡിസംബര്‍ 6 എന്ന ദിവസം. അതിന് ശേഷം കേരള ജനതയിലെ ഭൂരിപക്ഷം , മുസ്ളിം സമൂദായത്തെ ഒരു വേര്‍തിരിവില്‍ എത്തിച്ച ഒരു സംഭവമാണ് കുപ്രസിദ്ധമായ മൂവാറ്റുപുഴ കൈവെട്ട് കേസ്.
കേരളജനതയിലുള്ള നാനാമതസ്ഥരായ ജനസമൂഹം പൊതുവിലും, തമ്മില്‍ തമ്മിലും ജാതിയമായതും, മതപരവുമായ വേര്‍തിരിവിന്റെ വേലിക്കെട്ടുകള്‍ ഉണ്ടാക്കുന്നെങ്കില്‍ അതിന് കേരളത്തിലെ ജനത കൊടുക്കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. ഞാന്‍ വിശ്വസിക്കുന്ന എന്റെ മതവിശ്വാസം ഈശ്വരനെ അറിയാനും, എന്റെ ആത്മീയമായ ചോദനകള്‍ക്ക് ഉത്തരം തരാനും മാത്രം ഉപയോഗിക്കുന്ന ഒരു സാധാരണമനുഷ്യനെന്ന നിലക്ക്, കേരളത്തില്‍ ഇന്ന് രൂപപ്പെട്ടുവരുന്ന മതധൃവീകരണം ഒരു മലയാളിയെന്ന നിലയില്‍, നാളെ എന്റെ മക്കളും ജീവിക്കേണ്ട എന്റെ നാട് കൂടിയാണെന്നുള്ള ഒരു ബോധമുള്ളതിനാലും എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു. ഒരു പക്ഷെ മതാതിതമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന ഏതൊരു മലയാളിയുടെ മനസ്സിലും ഉണ്ടാവുന്ന പേടിയായിരിക്കാം എന്റെ മനസ്സിലും....
ഇത് എഴുതുമ്പോള്‍...... എന്റെ കുട്ടികാലം എനിക്ക് ഓര്‍ക്കാതിരിക്കാന്‍ വയ്യ...... അന്നത്തെ കൊച്ചുകൊച്ചു സംഭവങ്ങളെ ഇന്നത്തെ ജനതയുടെ രീതി വച്ചു നോക്കുമ്പോള്‍ എത്ര നിര്‍മലവും, ഓര്‍ക്കുമ്പോള്‍ നൈര്‍മല്യവും തോന്നുന്ന സംഭവങ്ങള്‍ ആയിരുന്നു. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന മാപ്പിളപ്പാട്ടുഎഴുത്തുകാരനായ ശ്രീ. ഒ.എം. കരുവാരകുണ്ട് എന്നറിയപ്പെടുന്ന അധ്യാപകന് ഞങ്ങളുടെ കരുവാരകുണ്ടിലെ ചേറുമ്പ് പ്രൈമറി സ്കൂളില്‍ അറബി മാഷായി പഠിപ്പിക്കുന്ന സമയം. ഒരു ദിവസം ഉണ്ട് എന്റെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന അനിയത്തി അന്ന് നാലില്‍ പഠിക്കുന്ന എന്റെ അടുത്ത് വന്ന് പറയുന്നു. “ചേട്ടായി.... നാസറും ജമീലയും എല്ലാം മദ്രസയില്‍ പഠിക്കുന്ന ഖുറാന് ഓതാന്‍ ഞാന്‍ പഠിച്ചു...കേക്കണോ?” ഇതും പറഞ്ഞ് അവള് സൂറത്തുല്‍ ഫ്വാത്തിഹ “ബിസ്മിലാഹി റഹ്മാനുറഹീം......” എന്ന് വളരെ ഈണത്തില്‍ ചോല്ലുന്നു. ഇത് മദ്രസയില്‍ നിന്നും ഞാനൊക്കെ സ്ഥിരം കേള്‍ക്കാറുള്ളതാണ്. അവളെ അത് പഠിപ്പിച്ചത് മേല്‍ പറഞ്ഞ ആ മാഷാണ്. ശ്രീ. ഒ.ഏം. മാഷ് വന്നതിന് ശേഷം എല്ലാ കുട്ടികളെയും ക്ലാസില്‍ ഇരുത്തി അറബി പഠിപ്പിക്കും. (ഇന്നാണെങ്കില്‍ അത് ഒരു മതവിശ്വാസം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ബഹളമുണ്ടാക്കാന്‍ മതിയായ കാരണമായി). എനിക്കും അത് ഒരു പുതു അറിവായിരുന്നു. കാരണം അത് വരെ എന്റെ കൂടെ പഠിച്ചിരുന്ന, എന്റെ കൂടെ കളിച്ചിരുന്ന നാസറും, ഫിറോസും എല്ലാം പറഞ്ഞ് പേടിപ്പിച്ചിരുന്നത് അറബി എന്നത് ദൈവ ഭാഷയാണെന്നും, മുസ്ലീങ്ങള്‍ അല്ലാത്ത കുട്ടികള്‍ മുസായബ് തൊട്ടാല്‍ കണ്ണ് പൊട്ടിപോവും എന്നായിരുന്നു. അതിനാല്‍ തന്നെ മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് തൊടാന്‍ പേടിയായിരുന്നു. ശ്രീ. ഒ.എം മാഷിനോട് ഞങ്ങള്‍ക്കൊക്കെ നല്ല ഇഷ്ടമായിരുന്നു. ക്ലാസില്‍ വന്നാല്‍ വളരെ മനോഹരമായി മാപ്പിളപ്പാട്ടുകള്‍ പാടിതരും.....(എന്നെ മാപ്പിളപാട്ട് പഠിപ്പിച്ച് വണ്ടൂര്‍ ഉപജില്ല കലോത്സവത്തിന് മാഷ് കൊണ്ടുപോയിട്ടുണ്ട്, അന്ന് ഇമ്പമുള്ള പാട്ടുകള്‍ കേട്ടതിനാലാവാം എരഞ്ഞോളി മൂസ എന്റെ പ്രിയപ്പെട്ട പാട്ടുകാരന് ആയതും) ആ സമയത്ത് എന്താ മുസായബില്‍ തൊട്ടാല്‍ കണ്ണുപോട്ടുമെന്ന് പറയുന്നതെന്ന് മാഷോട് ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞ ഉത്തരം..... അത് കുട്ടികള്‍ പുസ്തകം വൃത്തിയായി സുക്ഷിക്കാനും, അലക്ഷ്യമായി മദ്രസയിലെ പുസ്തകങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും ആരോക്കെയോ പറഞ്ഞുപേടിപ്പിക്കുന്നതിനായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞൂ (എല്ലാവരും പേടിപ്പിച്ചാണല്ലോ വരുതിയില്‍ വരുത്തുന്നത്) തന്നു. കുഞ്ഞുമനസ്സുകളില്‍ ഒരു മതത്തിനെയും, മതഗ്രന്ഥങ്ങളെപ്പറ്റിയും പേടിപ്പെടുത്തുന്ന അറിവുകള്‍ ഉണ്ടായിരിക്കുന്നത് നല്ലതല്ല എന്നുള്ള സദുദ്ദേശ്യത്തിലാണ് മാഷ് അത് പറഞ്ഞ് മനസ്സിലാക്കി തന്നത്. പക്ഷെ എത്ര മനസ്സുകളില്‍ ഇന്നും മുസ്ലിം ജനതയും വി.ഖുറാനും ഒരു പേടിസ്വപ്നമായി കരുതുന്നു. പക്ഷെ കേരളത്തില്‍ ജമായത്ത് ഇസ്ലാമിയിലൂടെയും, മുജാഹിദ് സംഘടനകളും നടത്തിയ പരിഷ്ക്കരണ പ്രക്രിയയിലൂടെ വി.ഖുറാന് ഏവര്‍ക്കും വായിക്കാന്‍ പറ്റുന്ന പുസ്തകമാണെന്നും, അതിന് പാരായണ യോഗ്യമായ മലയാള പരിഭാഷയൊരുക്കി കേരളിയര്‍ക്ക് വായിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. ഞാന്‍ വളര്‍ന്നതും, ഇന്ന് ജീവിക്കുന്നതും ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ പാര്‍ക്കുന്ന മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിലാണ്. പണ്ട് എന്റെ കുട്ടികാലത്ത് പരസ്പരം ആശ്രയിച്ചും മനസ്സിലാക്കിയും ജീവിച്ചിരുന്ന മലപ്പുറം ജില്ലയിലെ ജീവിതചുറ്റുപാടിലല്ല, കേരളത്തില്‍ മലപ്പുറം ജില്ലയെ ഒരു രണ്ടാം നിര ജില്ലയായി കണക്കാക്കുന്ന വിദ്യാസമ്പന്നരെന്ന് മേനി നടിക്കുന്ന ഇതര ജില്ലക്കാര്‍ കഴിയുന്നത്. കൂട്ടുകാരുടെ നിക്കാഹിന് കൂട്ടുപോവാനും, പരിശുദ്ധ റംസാന് മാസത്തില്‍ നോമ്പുതുറക്കാനും വിളിക്കുന്നവരായിരുന്നു എന്റെ കൂട്ടുകാരും, അയല്‍വാസികളും, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പത്തിരിയും, പച്ചതേങ്ങയിട്ട് വച്ച് കോഴിക്കറിയും ആയത് പൂതംക്കോടന്‍ ആയിച്ചാത്ത ഉണ്ടാക്കിതന്ന കറികളിലൂടെയാണ്. കൂട്ടുകാരുമൊത്ത് രാത്രിയില്‍ ഒഴിപ്പുഴയുടെ തീരത്തിരുന്ന് പാട്ട് പാടിയിരിക്കുമ്പോള്‍, പാടാന്‍ ഒരു പാട്ടും ഇല്ലെങ്കില്‍ “മൌലൂദിനു” പാടുന്ന “ഇന്ന ബൈയ്ത്തന്‍ അന്ത സാക്കിനഹു....ലൈസ മുഹ്താജന്‍ നുല്വറുജി......” എന്റെ കൌമാരക്കാലത്ത് പാടിയ ആ പാട്ടുകള്‍ ഇന്നും എന്റെ മനസ്സില്‍ ഉണ്ടെങ്കില്‍, എത്ര സുന്ദരസുരഭിലമായി ഒരു നാടായിരിക്കും ഞങ്ങളുടെ ഗ്രാമവും, അതിലെ സ്നേഹത്തോടെയുള്ള നാട്ടുകാരും.
പണ്ട് ഉണ്ടായിരുന്ന ആ സാഹോദര്യവും, സഹിഷ്ണുതയും എവിടെ പോയിയോളിച്ചു നമ്മുക്കിടയില്‍ നിന്നും. ഇത്തരം ഒരു സാഹോദര്യത്തിലും, സഹവര്‍ത്ത്വത്തിലും വസിച്ചിരുന്ന ഒരു ജനതയുടെ ഇന്നത്തെ അവസ്ഥ ആലോചിക്കുമ്പോള്‍ എനിക്ക് പേടിയാവുന്നു. എവിടെയാണ് ജനങ്ങള്‍ക്ക് ഇതര മതവിഭാഗങ്ങളില്‍ അവിശ്വാസവും, അസഹിഷ്ണുതയും, ഹിസയുടെ ത്വരയും വന്നുപെട്ടത്. ഇതിന്റെയെല്ലാം കാരണങ്ങള്‍ ചികയുമ്പോള്‍ പരസ്പരം പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുന്നത് അന്ത്യന്തം അപകടകരവും, പ്രത്യഘാതങ്ങള്‍ ഉളവാക്കുന്ന അവസ്ഥയിലായിരിക്കും നമ്മളെയെല്ലാം കൊണ്ടുപോവുന്നത്.
ഒരു പക്ഷേ കേരളത്തില്‍ മുസ്ലിം രാഷ്ടീയധാരമാറിയതുതന്നെ.... മദനിക്ക് മുമ്പും, മദനിയ്ക്ക് ശേഷവും എന്നു പറയുന്നതായിരിക്കും ഉചിതം... മദനി പ്രാവര്‍ത്തികമാക്കിയെന്നു പറയുന്ന തീവ്രനിലപാടുകള്‍ ഒരു യുവതയെ തെറ്റായമാര്‍ഗ്ഗത്തില്‍ കൊണ്ടുപോയിരിക്കാം.....എങ്കില്‍ പോലും, അത്തരം നിലപാടുകള്‍ മലപ്പുറം ജില്ലയില്‍ അധികം വേരോട്ടം പിടിച്ചില്ല എന്നുള്ളത് പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. മുസ്ലിം ലീഗിന്റെ മിതവാദ നിലപാടുകളില്‍ എതിര്‍പ്പുള്ള ഒരു കൂട്ടം ആളുകള്‍ മറുചേരികളിലേക്ക് പോയിരിക്കാം... പക്ഷെ നീതിന്യായ വ്യവസ്ഥയാണ് ഇന്ത്യന്‍ ജൂഡിഷറിയുടെ അന്തിമവാക്കെങ്കില്‍ കോയമ്പത്തൂര്‍ കലാപത്തില്‍ മദനി വിചാരണ കൂടാതെ കിടന്ന ആ നീണ്ട സംവത്സരങ്ങള്‍ ഇന്ത്യന്‍ ജൂഡിഷ്യറിയ്ക്ക് ഒരു കളങ്കമാണ്. ഒരു പുതിയ മനുഷ്യനും, ഒരു പുതിയ രാഷ്ടീയപ്രവര്‍ത്തനവും ആയിരിക്കും എന്റെ വഴിയെന്ന് പ്രഖ്യാപിച്ച് വന്ന മദനിയെ വീണ്ടും ചില ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ കേസിലെക്ക് വലിച്ചിഴച്ച് കൊണ്ടുപോവുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ ജൂഡിഷ്യറിയും, ഭരണകൂടവും ഒരു ജനതയുടെ സംശയത്തില്‍ വരുന്നതിനെ ന്യായികരിക്കാന്‍ കഴിയില്ലെങ്കിലും, അവിശ്വസിക്കാന്‍ കഴിയില്ല എന്നാണ് എന്റെ വിശ്വാസം. ഇനി സ്വന്തം ജീവിതത്തില്‍ നിന്നും മദനി പാഠം പഠിച്ചില്ലെങ്കില്‍ അദ്ദേഹമായിരിക്കും കേരളത്തിലെ മുസ്ലിം ജനനേതാക്കളില്‍ ഏറ്റവും വലിയ വിഡ്ഡി. ശ്രീ. ബഷീര്‍ വള്ളിക്കുന്ന് എഴുതിയ ചില ബ്ലോഗ് പോസ്റ്റുകള്‍ ഈയൊരു വിഷയത്തില്‍ വളരെ പോസിറ്റീവ് ആയ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. ഒരു പക്ഷെ എന്റെ ഈ പോസ്റ്റു പോലും.....അതിനെ ചുവട് പിടിച്കാവണം. സൂഫിയ മദനിയെപ്പോലും (സഫിയ എന്ന ഒരു സാധാരണ സ്ത്രീയെ സൂഫിയ മദനിയെന്ന വ്യാജനാമത്തില്‍ മാധ്യമങ്ങള്‍ കൊണ്ടാടിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് എന്തുകൊണ്ട് മദനി അത് തിരുത്തുന്നില്ലെന്ന്). ഇതെല്ലാം കണ്ട് ശ്രീ. അബ്ദുള്‍നാസര്‍ മദനിയുടെ ആദ്യഭാര്യ ചിരിക്കുകയായിരിക്കുമോ. സഫിയയുടെ അറസ്റ്റും ജയില്‍വാസവും, മാധ്യമങ്ങള്‍ കൊണ്ടാടിയതില്‍ നമ്മുടെ മുമ്പില്‍ ഒളിഞ്ഞിരിന്നു പല്ലിളിച്ചത്.....മലയാളിയുടെ ലൈംഗികപട്ടിണിയായിരുന്നു. അങ്ങിനെയാണിന്ന് കേരളത്തിലെ പത്രചാനല്‍ മാധ്യമങ്ങള്‍........ സഫിയയുടെ മുഖത്തേക്കും, ഷെറിന്റെ ഉടലളവുകളിലേക്കും, വ്യഭിചാരകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രികളുടെ ശരീരം ക്യാമറക്കണ്ണിലൂടെ നമ്മുടെ മുമ്പിലേക്ക് ഇട്ടുതന്ന് നമ്മുടെ ലൈംഗീകപട്ടിണി മാറ്റിതരുന്നത്. ന്യുസ് അവറുകളില്‍ 5-10 മിനുട്ടില്‍ വാദിച്ച് ജയിക്കാനായി ഓരോ രാഷീയപാര്‍ട്ടിയുടെയും മതസംഘടനകളുടെയും നേതാക്കള്‍ വന്ന് ആക്രോശിച്ച് വന്ന് തുപ്പിയിട്ട് പോവുന്നതും നമ്മള് യഥേഷ്ടം സഹിക്കുന്നു.
മലപ്പുറം വിദ്യാഭ്യാസത്തില്‍ കൈവരിച്ച വിജയത്തെ സംശയദൃഷ്ടിയോടെ കമന്റുകള്‍ പാസാക്കിയതും ഒരു ജനതയുടെ യഥാര്‍ത്ഥമനസ്സ് അറിയാതെയായിരുന്നു. (സ. വി.എസ്. എന്റെ കൂടെ നേതാവാണെങ്കിലും അദ്ദേഹം നടത്തിയ ഒരു കമന്റ് അനുചിതമായിരുന്നു. മാത്രമല്ല അത് പിന്നീട് അദ്ദേഹം തന്നെ തിരിത്തി. അതു ഒരു പക്ഷെ ശ്രീ. സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ കൈകൊണ്ട ചില തെറ്റായ നിയമനങ്ങളെ സാധുകരിച്ചുകൊണ്ടായിരിക്കാം). ഒരു ജനതയുടെ മാധ്യമസംസ്ക്കാരം അത് നല്ല രീതിയിലോ, തെറ്റായ രീതിയിലൊ വായനക്കാര്‍ക്ക് വിവഷിക്കാം, എന്നിരുന്നാലും, “മാധ്യമം“ എന്നെ പത്രവും, ജമായത്ത്, മുജാഹിദ് സംഘടനകളും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസരംഗത്ത് നല്‍കേണ്ട ഉത്തരവാദിത്വവും, ആവിശ്യകതയും ഒരു തിരിച്ചറിവായി നല്‍കിയതിനാലാണ് മുസ്ലിം സമൂഹത്തില്‍ വിദ്യാഭ്യാസത്തില്‍ വളരെ മുമ്പില്‍ വരാനും ഏതോരു കുട്ടിയോടും മത്സരിക്കാനുള്ള വീര്യവും അവന് നല്‍കിയത്. അത്തരം ഒരു ബോധമാണ് മലപ്പുറം ജില്ലയെ വിദ്യാഭ്യാസമേഖലയില്‍ ഏവരേയും അസൂയപ്പെടുത്തുന്ന ഒരു നിലയില്‍ ഇന്ന് എത്തിച്ചിരിക്കുന്നത്.
എന്നിട്ടും എനിക്ക് മനസിലാവാത്ത ചിലകാര്യങ്ങളും ഉണ്ട് ഇന്ന് ഞാന്‍ കാണുന്ന എന്റെ ഗ്രാമത്തിലെ മുസ്ലിം മതവിശ്വാസത്തില്‍. വി.മുഹമ്മദ് (സ) ജീവിതരീതികളും, സുന്നത്തുകളും, ഹദീസുകളും, വി. ഖുറാന് മുന്‍നിറുത്തി ദീനിബോധത്തില്‍ കഴിയുന്ന ആ സമൂഹം എങ്ങിനെ പല ഉപവിഭാഗങ്ങള്‍ ആയി, മുജാഹിത്, ജമായത്ത്, സുന്നി, അതിന്റെ ഉപവിഭാഗങ്ങ്ള്‍ ആയിപ്പിരിഞ്ഞു. ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ക്ക് അതിനുള്ള ന്യായികരണം നല്ക്കാന് കഴിയുമെന്നിങ്കിലും, മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകാമെന്ന് ഒരു വിഭാഗവും, അത് ഹറാമാണെന്ന് ഒരു വിഭാഗവും, അങ്ങിനെ അനേകം ആരോപണപ്രത്യാരോപണങ്ങള്‍. അങ്ങിനെ വിശ്വാസത്തിലെ ചില വാക്കുകളില്‍ പിടിച്ച് സംഘടനയും ഉപസംഘടനയും ആയികഴിയുന്നതെന്തിനാണ്. പണ്ട് എന്റെ കുട്ടികാലത്ത് ഒരു നിസ്കാരപള്ളിയുണ്ടായിരുന്ന എന്റെ കൊച്ചുഗ്രാമത്തില്‍ ഇന്ന് 5 നിസ്കാരപള്ളികള്‍ ആണ്. സ്വന്തം സംഘടനയുടെ പേരും പ്രതാപവും കാണിക്കാന്‍ മാത്രമുള്ള ചില ആരാധനാലയങ്ങള്‍. ആ ഉപവിഭാഗങ്ങള്‍ക്ക് ഇടയില്‍ വേര്‍തിരിവും, മത്സരങ്ങളും എനിക്ക് കാണാന്‍ കഴിയുമ്പോള്‍ ഇതെല്ലാം ശരിക്കും മുതലെടുക്കുന്ന കൂട്ടര് പുറത്തുണ്ടാവില്ലേ.
ഇവിടെയാണ് മുസ്ലിം ജനസമൂഹം ചില പൊയ്മുഖങ്ങളെ തിരിച്ചറിയാതെ പോയത്. മുസ്ലിം സമൂഹത്തിലെ തീവ്രവാദനിലപ്പാടിനെതിരെ സത്യസന്ധമായ അഭിപ്രായങ്ങള്‍ നടത്തുന്ന ആര്യാടന് മുഹമ്മദും , മകനും വെറുക്കപ്പെട്ടവനാവുന്നതും, നാല് വോട്ടിന് വേണ്ടിയും തന്റെ കസേരയ്ക്ക് വേണ്ടിയും കേരളത്തെ ഉമ്മന്‍ ചാണ്ടിയോളവും, പിണറായിയോളവും ചെറുതാക്കുന്ന നേതാക്കള്‍ മുസ്ലിം മതനേതാക്കള്‍ക്ക് പ്രിയങ്കരനാവുന്നതും, രാഷ്ടീയമായ ഒത്തിരി എതിര്‍പ്പുണ്ടെങ്കിലും ഇന്ന് കേരളത്തില്‍ ആര്‍ജവമുള്ള ഒരു യുവനേതാവ് ഒരു പക്ഷെ മുസ്ലിം യൂത്ത് ലീഗിന്റെ ഷാജിയായിരിക്കും. അത് ഒരു പൊയ്മുഖമല്ലെങ്കില്‍ നാളെ ആ യുവാവില്‍ ഒരു നല്ല നേതാവിനെ കേരളത്തിന് കിട്ടാം. ആ ഷാജിയും മുസ്ലിം തീവ്രനിലപാടുകള്‍ എടുക്കുന്ന ചില സംഘടനകള്‍ക്ക് അനഭിമതനാണ്. അദ്ദേഹത്തെ പരാജയപ്പെടുത്തിയത് ചില മുസ്ലിം സംഘടനകള്‍ തന്നെ മുന്നിട്ടിറങ്ങിയാണ്.
കലഹം മൂലം നിത്യദു:ഖമനുഭവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങളെപോലാവും, കേരളത്തില്‍ പരസ്പരം മതവിഭാഗങ്ങള്‍ പോരാടിയാല്‍. ഇന്ന് കേരളത്തില്‍ നടക്കുന്ന പോലീസ് റെയ്ഡുകള്‍ തികച്ചും ഏകപക്ഷിയമായ രീതിയില്‍ ആണ് നടക്കുന്നത്. അത് ഒരു ജനസമൂഹത്തെ വിശ്വാസത്തില്‍ എടുത്തിട്ടല്ല നടക്കുന്നത്. അത് കേവലം രാഷ്ടീയലാഭത്തിനാണ് ഇവിടെയുള്ള രാഷ്ടീയപാര്‍ട്ടികള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒരു മദനിയുടെ വര്‍ഷങ്ങളായുള്ള ജയില്‍വാസം ഒരു ജനതയില്‍ ഉണ്ടാക്കിയ മരപ്പിപ്പ് ആയിരിക്കില്ല ഈ റെയ്ഡിലൂടെ അതിന്റെ ഉപഉത്പന്നമായി കേരളത്തില്‍ പടരാന്‍ പോവുന്നത്. ഒരു പക്ഷെ കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ചില സ്ക്കൂളുകളില്‍ നിന്നും സ്കാര്‍ഫ് ധരിച്ച ചില പെണ്‍ക്കുട്ടികളെ പുറത്താക്കിയ സംഭവം ആയിരുന്നിരിക്കാം ഒരു പക്ഷെ ശ്രീ. ജോസഫിലേക്കുള്ള പ്രതികാരനടപടിയായി എത്തിയത്. മതപരമായ സ്ക്കൂളുകള്‍ നടത്തി, മതത്തിന്റെ പേരില്‍ ന്യൂനപക്ഷമെന്ന പദവി നേടി, മതപരപായ വസ്ത്രങ്ങള്‍ ധരിച്ച ഒരു സ്ക്കൂളിലും അധ്യാപികയും എങ്ങിനെ ഇതര മതവിശ്വാസം പുലര്‍ത്തുന്ന ഒരു കുട്ടിയെ വസ്ത്രധാരണത്തിന്റെ പേരില്‍ പുറത്താക്കാന്‍ കഴിയും, എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ അധികം ചര്‍ച്ചചെയ്യാതെ പോവുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തില്‍ വീഴുന്ന വിഷവിത്തുകള്‍ ആണ്. വിഷവിത്തുകള്‍ ഇവിടെ നട്ടുവര്‍ത്തുന്നതില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും, രാഷ്ടീയസാമുദായികസംഘടനകള്‍ക്കും പങ്കുണ്ട്. ഇനി വരുന്ന ഇഫ്താര്‍ വിരുന്നില്‍ ഈ നേതാക്കളെല്ലാം കെട്ടിപ്പിടിച്ച് ചിരിച്ച ചിത്രം നോക്കി നമ്മുക്ക് വിശപ്പടക്കാം.
ഒരു അധ്യാപകന് എന്നനിലയില്‍ ഒരു അര്‍ത്ഥത്തിലും ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളിലൂടെയാണ് ശ്രീ. ജോസഫ് ആ ചോദ്യപേപ്പര്‍ ഉണ്ടാക്കിയത്. പക്ഷെ അതിന് കിട്ടിയ ശിക്ഷ ശരിക്കും ശ്രീ. ജോസഫിനല്ല. മറിച്ച് കേരളസമൂഹത്തിന് നിലവില്‍ ബാക്കിയുണ്ടായിരുന്ന സഹിഷ്ണുതയ്ക്കും, സാഹോദര്യത്തിനുമാണ്.
ഇപ്പോള്‍ ഇതാ പ്രചരിക്കുന്നു ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളുടെ കടകള്‍ നിശബ്ദമായി ബഹിഷ്ക്കരിക്കുന്നുവെന്ന്. കോയമ്പത്തൂര്‍ തെരുവില്‍ നടന്ന ഒരു ചെറിയ സംഭവത്തില്‍ നിന്നും തുടങ്ങിയ ഇത്തരം ജാതിപരമായ ബഹിഷ്ക്കരണമാണ് കോയമ്പത്തൂര്‍ കലാപമായി മാറിയത്. നമ്മള് ഓരോരുത്തരുഅം ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ കാണുന്നുവെങ്കില്‍ അതു തടയേണ്ടതും, അതിന്റെ ഭവ്യഷിത്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുമാണ്. ഇത്തരം വാര്‍ത്തകള്‍ കൊടുത്ത് മുതലെടുപ്പ് നടത്തുന്ന ദുഷ്ടശക്തികളെയും കരുതിയിരിക്കേണ്ടതാണ്.
എനിക്ക് പറയാനുള്ളത്....കേരളത്തിലെ മുസ്ലിം സഹോദരങ്ങളും, സഹോദരികളും മുന്നിട്ടിറങ്ങി “സലാം=സമാധാനം” എന്ന വാക്കില്‍ നിന്നും ഉത്ഭവിച്ച “ഇസ്ലാം” എന്ന മതത്തിന്റെ സൌന്ദര്യവും, നീതിബോധവും, ആ മതത്തെപ്പറ്റി തെറ്റിദ്ധാരണകള്‍ പുലര്‍ത്തി വളര്‍ന്നുവരുന്ന കേരളജനതയ്ക്ക് മുമ്പില്‍ തുറന്നിടണമെന്നാണ്. അല്ലെങ്കില്‍....... പോലീസ് വീടുകളില്‍ കയറിയിറങ്ങുമ്പോള്‍, അതെന്താ പോലീസ് വന്നതെന്ന ചോദ്യത്തിന് നമ്മള്‍ക്ക് കുട്ടികള്‍ക്ക് ഉത്തരം കൊടുക്കാന്‍ കഴിയില്ല. ഇത് പറയാന്‍ കാരണം...ലുകൌട്ട് നോട്ടിസ് കൊടുത്തു കുറ്റം ആരോപിക്കപെടുന്ന ഒരു വ്യക്തിയുടെ ചിത്രത്തില്‍ ഒരു പിഞ്ചുകുഞ്ഞിന്റെ കയ്യുടെ ഭാഗം കാണാം. ഒരു കുടുംബചിത്രത്തില്‍ നിന്നും ഒരു പിതാവിന്റെ ചിത്രം മുറിച്ച് മാറ്റപ്പെടുമ്പോള്‍ അവിടെ പലതും പിന്നീട് മുറിച്ച് മാറ്റപ്പെടാം......അത്തരം ചിത്രങ്ങള്‍ കൊടുക്കുമ്പോള്‍ പോലീസും വളരെ ജാഗ്രതപാലിക്കേണ്ടതായിരുന്നു.
ജാതിമതചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അനേകായിരം ആളുകള്‍ നിങ്ങള്‍ക്ക് കൂടെയുണ്ടാവും, അതല്ല മറിച്ച് നമ്മുടെയെല്ലാം ലക്ഷ്യബോധമില്ലാത്ത രാഷ്ടീയനേതൃത്വത്തിനും, നാല് വോട്ടിനു വേണ്ടി സ്വന്തം ജനസമൂഹത്തെ വ്യഭിചരിക്കാന്‍ വിടുന്ന സംഘടനനേതൃത്വത്തിനോ ആണ് ഇതിന്റെ ഉദരവാദിത്വമെന്നും, അവര്‍ തീര്‍ക്കട്ടെയെന്ന് പറഞ്ഞിരുന്നാല്‍ പിന്നെ മുഴങ്ങികേള്‍ക്കുന്നത് നമ്മുടെ വീട്ടില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ തേങ്ങല്‍ ആയിരിക്കും.
മുസ്ലിം ജനത... തങ്ങളെ മറ്റുള്ളവര്‍ പച്ചകണ്ണടയിലൂടെ നോക്കികാണേണ്ടവരല്ല എന്ന് തീരുമാനിക്കേണ്ടത് ആ ജനസമൂഹം തന്നെയാണ്.
അതിനാല്‍ ഒരു കണ്ണടയും വയ്ക്കാതെ ജീവിക്കുന്ന ഒരുത്തന്റെ നട്ടപ്പിരാന്തുകള്‍ ആണിത്.