മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Tuesday, September 29, 2009

പ്ലീസ്......

പ്രിയപ്പെട്ട എന്റെ ഭാര്യയുടെ പഴയ സുഹൃത്തിന്‌,

ഞാന്‍ പിന്നെ എന്തു ചെയ്യണം, നാലഞ്ചാളുകള്‍ കയറിയിറങ്ങിയ അവളുടെ ശരീരം പൂവിട്ടു പൂജിക്കണോ? അവളുടെ മാറിടത്തില്‍, കഴുത്തില്‍, നാഭിയില്‍ കാണുന്ന കടിച്ച പാടുകളും, നഖത്തിന്റെ നീണ്ട പാണ്ടുകളും കണ്ടു ഞാന്‍ കോള്‍മയിര്‍ കൊള്ളണോ? നിങ്ങള്‍ക്ക് ആശ്വസിപ്പിക്കാന്‍ എന്തും പറയാം, പക്ഷെ ഞാന്‍ അനുഭവിക്കുന്ന മനോവേദന ആരോട്‌ പറയും, എന്നെ കാണുമ്പോള്‍ അവള്‍ മുഖം തിരിച്ച് വിതുമ്പുമ്പോള്‍ എന്റെ നിസഹായത ഒന്ന് ആലോചിച്ചു നോക്കൂ.

ബന്ധുക്കളും, സുഹൃത്തുക്കളും അവളെ വന്നു കാണുമ്പോള്‍ അവര്‍ മനസിന്റെ ഭാവനയില്‍ കണ്ടു രമിക്കുന്ന ആ വേഴ്ചയുടെ രംഗം എനിക്കവരുടെ മുഖത്ത് നിന്നും വായിക്കാം. കൌണ്‍സിലിംഗ് എന്ന് പറഞ്ഞുകൊണ്ട് നടന്നു അവളെയൊരു കാഴ്ചവസ്തുവായി സമൂഹത്തിന്റെ, പരിചയക്കാരുടെ മുമ്പിലോ പ്രദര്‍ശിപ്പിക്കാന്‍ എനിക്ക് താല്പര്യമില്ല. വിഷയപരമായ ഒരു ആഗ്രഹവും എനിക്കിന്ന് അവളോടോ എന്തിനു മറ്റാരു പെണ്ണിനോടോ തോന്നുന്നില്ല.....എല്ലാം കൂട്ടികിഴിച്ചു നോക്കിയാല്‍ ഒരു ഭര്‍ത്താവ് എന്ന നിലയില്‍ ഞാനിന്നോരു പരാജയമാണ്.

പണ്ട് നിങ്ങളുടെ യൌവ്വനകാലത്ത്‌ നിങ്ങളും എന്റെ ഭാര്യയും പ്രണയിച്ചിരുന്നുവല്ലോ. ജീവിതത്തിന്റെ ഒരു നിര്‍ണായക ഘട്ടത്തില്‍, അവള്‍ക്കായി നീട്ടാന്‍ ഒരു ജീവിതം നിങ്ങള്‍ക്കുണ്ടയിരിക്കില്ല, അല്ലെങ്കില്‍ താങ്കളെക്കാള്‍ നല്ലൊരു ജീവിതം അവള്‍ക്ക് കിട്ടട്ടെയെന്ന് കരുതി നിങ്ങള്‍ മാറി നിന്നിരിക്കാം. ഒരു തരത്തില്‍ പറഞ്ഞാല്‍ എനിക്ക് കിട്ടിയത് നിങ്ങളുടെ ഭിക്ഷ. മനസ്സ് കൊടുക്കുന്നിടത്ത് ശരീരം കൊടുക്കുമ്പോഴേ ജീവിതത്തില്‍ ആനന്ദം കിട്ടുകയുള്ളൂവന്ന്, നിങ്ങളെ പോലെ ഫിലോസഫി പഠിച്ചില്ലെങ്കിലും എനിക്കറിയാം. അവളുടെ മനസ്സ്‌ എനിക്കൊരിക്കലും കിട്ടിയിട്ടില്ല, അതിനാല്‍ തന്നെ മറ്റൊന്നും, പക്ഷെ ഏതൊരു ആണിനേയും മോഹിപ്പിക്കുന്ന അവളുടെ ശരീരത്തിന്റെ ഉടമ അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ്‌ എന്ന നിലയില്‍ സമൂഹത്തില്‍ എനിക്കിത്തിരി അഹംഭാവം ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ഉടമസ്ഥതയും ആരൊക്കെയോ വന്നു കവര്‍ന്നെടുത്തിരിക്കുന്നു.

ഒരു ഭര്‍ത്താവ്‌ എന്ന നിലയില്‍ ആ മനുഷ്യരുടെ ആക്രമണത്തില്‍ നിന്നും അവളെ എനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഞാനൊരു സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ഒന്നുമല്ല, നാലഞ്ചു പേരെ ഒറ്റയ്ക്ക് നേരിട്ട് അവളെ രക്ഷിക്കാന്‍. എല്ലാം സംഭവിച്ചു. പക്ഷെ അവളുടെ കണ്ണില്‍ നിന്നും ഞാനറിയുന്ന അവജ്ഞ, അതെന്റെ ഉറക്കം കളയുന്നു. രാത്രികളില്‍ ഉറക്കമില്ലാതെ ഞാനെന്തിനു ജീവിക്കുന്നു.

ഒരു പക്ഷെ നിങ്ങള്‍ പറയുമായിരിക്കും ഒരു ഡെറ്റോള്‍ കുളിയില്‍ ശരീരത്തില്‍ നിന്ന് കഴുകിമാറ്റാവുന്ന കറയല്ലേ അവളുടെ ശരീരത്തില്‍ പറ്റിയതെന്നു, പക്ഷെ ആ കറ, അതെന്റെ ഹൃദയത്തില്‍ നിന്നും പോവേണ്ടേ. നിങ്ങളുടെ മനസ്സില്‍ നിന്നും പോവുമോ? എല്ലാവരും പറയുന്നു ജീവിതം വിജയിക്കുന്നവര്‍ക്ക് മാത്രമാണെന്ന്. എനിക്കും ഒരു ദിവസം, അല്ലെങ്കില്‍ ഒരു പ്രാവിശ്യം ഈ ജീവിതത്തില്‍ ഒന്ന്‍ ജയിക്കണം. അതിനാല്‍ ഞാന്‍ അവളെ കൊന്നു ഞാനും മരിക്കുന്നു.എന്റെ ജീവിതത്തിലെ ആദ്യത്തെ വിജയം............

എന്ന്...............ഞാന്‍

കൂട്ടിച്ചേര്‍ക്കലുകള്‍

ഈ കത്തിലെ “ഞാന്‍, അയാള്‍ & അവള്‍” എന്നിവര്‍ ജീവിച്ചിരുന്നവരായിരുന്നു. ആരെയും മനപൂര്‍വ്വം വേദനിപ്പിക്കാന്‍ ആയിരുന്നില്ല. ആ സംഭവം ഒരു കഥയായി ഞാന്‍ രൂപപ്പെടുതിയതും ഈ ബ്ലോഗില്‍ മുമ്പ് ഒരു പോസ്റ്റായി പ്രസിദ്ധികരിച്ചതും. മറിച്ച്, യാഥാര്‍ത്യങ്ങള്‍ ചിലപ്പോള്‍ കഥകളെക്കാള്‍ അവിശ്വസ്നീയമായിരിക്കും, കാരണം അങ്ങിനെയാണ് ജീവിതത്തില്‍ ചിലര്‍ അഭിനയിക്കുന്നത് അല്ലെങ്കില്‍ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഈ കഥയിലെ യഥാര്‍ത്ഥജീവിതത്തിനു ഒരു മറുപുറവും ഉണ്ടാവാം.

മൂന്നാഴ്ചകള്‍ക്ക് ശേഷം, ഒരു വൈകുന്നേരം

അയാളുടെ പ്രവൃത്തികള്‍ തീര്‍ത്തും വ്യത്യസ്തങ്ങളായിരുന്നു, അതോ എനിക്ക് തോന്നുന്നതോ, ഞാന്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് അയാള്‍ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച സിഡികള്‍ പരതുകയായിരുന്നു.,

നിങ്ങള്‍ക്ക് ദൈവവിശ്വാസമില്ലെ.....?????

അതെന്താ.....ഞാന്‍ ചിരിച്ച് കൊണ്ട് ചോദിച്ചു.

നിങ്ങളുടെ കാറില്‍ ഒരു ഡെവോഷണന്‍ സോങ്ങിന്റെ സിഡിപോലും കാണാനില്ല.

എന്റെ മറുപടി വീണ്ടും ഒരു ചിരിയായിരുന്നു., പിന്നെ അയാളെ ഒന്നു വേദനിപ്പിക്കണം എന്നു കരുതിതന്നെയാണു ഞാന്‍ ആ ചോദ്യം അയാള്‍ക്ക് നേരെ ചോദിച്ചത്.

നിങ്ങള്‍ ഇത്രത്തോളം ഒരു ദൈവവിശ്വാസിയാണെങ്കില്‍ അവളെ കൊന്നു നിങ്ങള്‍ എന്തിനു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു?”

ഞാനതിന്റെ കാരണം ആ മെസ്സേജില്‍ എഴുതിയിരുന്നല്ലോ, ആ ദുര്‍ബലനിമിഷത്തില്‍ എനിക്കങ്ങനെ തോന്നി. സത്യമായിട്ടും നിങ്ങള്‍ തിരിച്ച് വിളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അവളെ കൊന്ന് ആത്മഹത്യ ചെയ്തേനെ”.

ആത്മഹത്യ ജീവിതത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം ആണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് സ്വന്തംജീവനെക്കാള്‍ തന്റെ ജീവിതത്തെ അത്രമേല്‍ സ്നേഹിക്കുന്നവര്‍ക്കെ ആത്മഹത്യ ചെയ്യാന്‍ കഴിയുകയുള്ളു എന്നാണ് എന്റെ വിശ്വാസം”.

തീര്‍ത്തും അപ്രതീക്ഷമായിരുന്നു മൂന്നാഴ്ച മുമ്പ് അയാളുടെ മെസ്സേജ്, എനിക്കെഴുതിയ ഒരു കത്തായി എന്റെ ബ്ലാക്ക്ബെറിയില്‍ വന്നത്, വായിച്ചപ്പോള്‍ ശരീരമാസകലം ഒരു വിറയല്‍ ആണ് അനുഭവപ്പെട്ടത്, ആലോചിച്ച് നോക്കുമ്പോള്‍ എനിക്കുതന്നെ മനസ്സിലാവുന്നില്ല എന്തുപറഞ്ഞാണു ഞാനിയാളുടെ മനസ്സ് മാറ്റിയതെന്ന്. പക്ഷെ ഒന്നുറപ്പായിരുന്നു, ഇയാള്‍ അവളെ അത്രമേല്‍ സ്നേഹിച്ചിരുന്നെന്ന്, ഒരു പക്ഷെ ഞാന്‍ അവളെ പണ്ട് സ്നേഹിച്ചതിനെക്കാള്‍.. പണ്ട് യൌവ്വനകാലത്ത് അവളെ എന്റെ സ്വപ്നരഥത്തിലേറ്റി ലോകത്തിന്റെ ഏതെല്ലാം കോണിലേക്ക് ഞങ്ങള്‍ പറന്നിരുന്നു, എന്നിരുന്നാലും ഒരു വേള ഞാന്‍ ആഗ്രഹിച്ചിരുന്നു. ദൈവം എനിക്ക് പറക്കാനുള്ള കഴിവ് തന്നിരുന്നെങ്കില്‍ ആകാശത്തിലെ പ്രകാശം വിതറിനില്‍ക്കുന്ന ആ നക്ഷത്രങ്ങളെയെല്ലാം കൊണ്ട് വന്ന് അവളിരിക്കുന്ന ആ ഉദ്യാനത്തില്‍ തോരണമായി ഞാന്‍ തൂക്കിയിടുമായിരുന്നുവെന്ന്. അല്ലെങ്കില്‍ മധുരമനോജ്ഞവും പ്രണയസുരഭിലമായ ആ പ്രണയകാലഘട്ടത്തില്‍, കാമിനിയായ അവളുടെ പ്രണയാദ്രമായ കടക്കണ്ണില്‍ നിന്നുള്ള ഒരു നോട്ടത്തില്‍ ഏത് മലയും എനിക്ക് ഒരു കടുകായി മാത്രമേ തോന്നിയിരുന്നുള്ളു.

പക്ഷേ പ്രണയജീവിതത്തിലെ കാല്പനികത, യാഥാര്‍ത്യവുമായി പൊരുത്തപെടാതെ വന്നപ്പോള്‍ അനിവാര്യമായ വിടപറയല്‍ അതായിരുന്നു ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്. അല്ലെങ്കില്‍ പ്രണയത്തിന്റെ മിനുമിനുപ്പില്‍ നിന്നും, എന്റെ ജീവിതത്തിന്റെ പരുപരിപ്പിലേക്ക് അവളെ കൂട്ടികൊണ്ടു വരാനുള്ള എന്റെ വൈമുഖ്യമായിരിക്കാം. പക്ഷെ എതൊരു കാമുകന്റെയും ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ്, വര്‍ത്തമാനജീവിതത്തില്‍ തനിക്ക് ലഭിച്ച സമ്പന്നതയില്‍, താന്‍ സ്നേഹിച്ച പെണ്‍ക്കുട്ടിയെ, തന്റെ നഷ്ടപ്രണയിനിയെ വളരെ ദുരിതപൂര്‍ണമായ ഒരു ജീവിതചുറ്റുപാടില്‍ കാണെണ്ടിവരികയെന്നത്. ഒരു പക്ഷെ, ആലോചിക്കുമ്പോള്‍ സ്വയം തോന്നുമായിരിക്കും. പണ്ട് എന്റെ വിരലോന്ന് നീട്ടിയാല്‍, ആ വിരലിലൂടെ എന്റെ ജീവിതത്തെ ചുറ്റി അവള്‍ ഇന്നും തളിര്‍ത്ത് നിന്നിരുന്നേനെയെന്ന്.. ആ വിങ്ങല്‍ എത്ര വേദനാജനകമായിരിക്കും., അത് കൊണ്ടായിരിക്കാം പുരുഷന്‍, ലോകത്തിനു മുമ്പില്‍ തന്റെ പ്രണയത്തിന്റെ കാവ്യബിംബമായി ഒരു താജ് മഹല്‍ ഉയര്‍ത്തികാണിക്കുമ്പോള്‍, സ്ത്രീ തന്റെ മനസ്സിന്റെ ശ്മശാനത്തില്‍ അനേകായിരം നഷ്ട പ്രണയത്തിന്റെ താജ് മഹലുകള്‍ കുഴിച്ച് മൂടുന്നത്.

നിങ്ങള്‍ എന്തുകൊണ്ട് ഇത് വരെ വിവാഹം കഴിച്ചില്ല. അവളെ നിങ്ങള്‍ക്ക് അത്ര ഇഷ്ടമായിരുന്നോ? അവള്‍ക്ക് പകരം ഒരു പെണ്ണിനും നിങ്ങളുടെ ഹൃദയത്തില്‍ ഇതുവരെ ഇടം കിട്ടിയില്ലെ? അയാളുടെ ആ ചോദ്യമാണ് എന്നെ ചിന്തകളില്‍ നിന്നും ഉയര്‍ത്തിയത്. അതിനും എന്റെ ഉത്തരം ഒരു ചിരിയായിരുന്നു.

ഒപ്പം അയാള്‍ കയ്യില്‍ പിടിച്ച് വച്ചിരിക്കുന്ന സിഡികളില്‍ നിന്നും ഞാന്‍ ഒരു സിഡി പ്രത്യേകം നോക്കിയെടുത്ത് പ്ലെയറില്‍ ഇട്ടു. നേര്‍ത്ത സ്വരത്തില്‍ നളചരിതം ആട്ട കഥയിലെ പ്രണയാദ്രമായ പദങ്ങള്‍ കാറില്‍ ഉയര്‍ന്നു.

..പ്രിയമാനസാ നീ പോയ് വരേണം
പ്രിയയോടെന്റെ വാര്‍ത്തകള്‍ ചൊല്‍വാന്‍....

ഒരു വ്യക്തിക്ക്‌ മുമ്പ്‌ പ്രണയം ഉണ്ടായിരുന്നെങ്കില്‍, ആ പ്രണയത്തിന്റെ അവസാനം ഒരു തോല്‍വി ഉണ്ടായാല്‍, ആ തോല്‍‌വിയില്‍ തന്നെ ജീവിക്കുകയാണോ വേണ്ടത്. വേറെ ഒരു വിവാഹത്തിന് ശ്രമിച്ചൂടെ?” അയാള്‍ വീണ്ടും ചോദ്യങ്ങളിലൂടെ എന്നെ അറിയാന്‍ ശ്രമിക്കുകയായിരുന്നു..

മാഷേ, തോല്‍വിയടയാന്‍ പ്രണയം എന്നത് ഒരു പരീക്ഷയോന്നുമല്ലല്ലോ. അത് ഒരു തരം ഫീലിങ്ങ്സ്‌ അല്ലേ. ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ ഒരു ഫീലിങ്ങ്സ്‌ വന്നാല്‍, അത് എപ്പോഴും മാറ്റികൊണ്ടിരിക്കാന്‍ കഴിയില്ലല്ലോ നമ്മള്‍ക്ക്”

പ്രണയം നഷ്ടപ്പെട്ടവരായ എത്രപേര്‍, വീണ്ടും വിവാഹം കഴിച്ചു ജീവിക്കുന്നു?

തീര്‍ച്ചയായും, പക്ഷെ അവര്‍ സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്ന് നമ്മള്‍ക്ക്‌ എങ്ങിനെ പറയാന്‍ കഴിയും, ഉദാഹരണത്തിന് ദൂരെ എങ്ങും പോവേണ്ടല്ലോ. വിവാഹം കഴിച്ചവര്‍ അവരുടെ നെഞ്ചില്‍ കൈ വച്ച് പറയട്ടെ എന്റെ മനസ്സില്‍ ആ പഴയ പ്രേമത്തിന്റെ ഒരു തരിമ്പും ഇല്ലെന്ന്, കാരണം ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്‍മ അവരെ വേട്ടയാടികൊണ്ടിരിക്കും.

ഒരു നഷ്ടപ്രണയത്തിനു ഇത്രയും നിങ്ങള്‍ ഫീല്‍ ചെയ്യണോ? ഒരു ചെടിയിലെ പുഷ്പം അടര്‍ന്ന്‍ വീണാല്‍ ആ ചെടിയില്‍ വീണ്ടും പുഷ്പങ്ങള്‍ വിടരാറില്ലെ?

ശരിയാണ്, പക്ഷെ അടര്‍ന്ന്‍ വീണ പൂവിനെ നിങ്ങള്‍ക്ക് വീണ്ടും ഒട്ടിക്കാന്‍ കഴിയുമോ? കഴിയില്ല. അത് പോലെയാണ് എന്റെ പ്രണയവും,

ഇതാണോ നിങ്ങളുടെ മറുപടി?

അല്ല ഇതാണ് എന്റെ ജീവിതം, എന്റെ അവസ്ഥ നിങ്ങള്‍ക്ക് ശോകമായിരിക്കാം. പക്ഷെ ഈ ശോകം പോലും എനിക്ക് സുഖമുള്ള അവസ്ഥയാണ്.“ അത് പറഞ്ഞ് കഴിഞ്ഞു ഞാനിത്തിരി ഉച്ചത്തില്‍ ചിരിച്ചു.

നിങ്ങള്‍ ഈ ചിരികൊണ്ട് എന്താണ്‍ അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ക്കറിയുമോ, നിങ്ങളുടെ വിരഹജീവിതം അവളെ എത്രത്തോളം അസ്വസ്ഥ ആക്കിയിരുന്നെന്ന്. ടെലിവിഷനില്‍ നിങ്ങളുടെ അഭിമുഖമോ, അല്ലെങ്കില്‍ വാര്‍ത്തയോ വരുമ്പോള്‍ അവള്‍ എണീറ്റ് അടുക്കളയിലേക്ക് പോവുമായിരുന്നു., ഞാനപ്പോള്‍ മനപ്പൂര്‍വ്വം അവള്‍ കേള്‍ക്കാനായി നിങ്ങളുടെ സ്വരം ഉച്ചത്തില്‍ വയ്ക്കും......അതിനെ അവള്‍ പ്രതിരോധിക്കുന്നത്, അടുക്കളയിലെ പാത്രങ്ങള്‍ പരസ്പരം ശക്തിയായി മുട്ടിച്ചും അല്ലെങ്കില്‍ അതെല്ലാം മനപ്പുര്‍വ്വം താഴെക്കിട്ടുമാണ്.. അവള്‍ മാത്രമല്ല ഒരു വിധം സ്ത്രീകള്‍ എല്ലാം അങ്ങിനെയായിരിക്കാം അടുക്കളയില്‍ വച്ച് പ്രതിഷേധിക്കുന്നത്..ഭൂരിപക്ഷം പുരുഷന്മാരും ആ ശബ്ദം വെറുക്കുമ്പോള്‍, ഞാനത് ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്.“.

നിങ്ങള്‍ ചെയ്യുന്നത് ഒരു തരം സെക്കിക്ക് ടോര്‍ച്ചറിംഗ് ആണ്, അതറിയുമോ? പരുഷമായിട്ടാണ് ഞാനതിനു അയാളോട് പ്രതികരിച്ചത്.

അറിയാം.......പുറത്ത് കാണുന്ന മോടിക്ക് അപ്പുറം ഞങ്ങളുടെ ജീവിതം പരസ്പരം ഒരു തരം ടോര്‍ച്ചറിംഗ് ആയിരുന്നു. അവളാ‍യിരുന്നു ഒരു പക്ഷെ അതിന്റെ വേദന കൂടുതല്‍ അനുഭവിച്ചിരുന്നത്., വളരെ ഇന്റലക്ചല്‍ ആയ അവള്‍ സ്വയം ഇഷ്ടപെട്ടിരുന്ന, അല്ലെങ്കില്‍ കണ്ടെത്തിയ അവളുടെ ഏകാന്തത, അത് അവള്‍ ആസ്വദിച്ചിരുന്ന ഒരു തരം ആത്മരതിയാണ്. ഫലം ഉത്പാദിപ്പിക്കാനാവാന്‍ കഴിവില്ലാത്ത ഞാന്‍ അവളില്‍ ചെയ്യുന്ന ശാരീരീകരതിയും അവള്‍ക്ക് ഒരു തരം ടോര്‍ച്ചറിംഗ് ആണ്. അല്ലെങ്കില്‍ അങ്ങിനെ ആയിരുന്നിരിക്കും.

സോറി......ഞാന്‍ ആ വിധത്തില്‍ അല്ല ഉദ്ദേശിച്ചത്” അയാളുടെ മുഖഭാവം മാറുന്നത് കണ്ട് എനിക്ക് തന്നെ കുറ്റബോധം തോന്നി.

നിങ്ങള്‍ എന്തും പറഞ്ഞോ......എനിക്ക് യാതൊരു വിരോധവുമില്ല, മാത്രമല്ല നിങ്ങളുടെ നന്മയെ ഞാന്‍ സ്നേഹിക്കുന്നു. മാത്രമല്ല ബന്ധങ്ങള്‍ നിങ്ങള്‍ സ്വന്തം സുഖത്തിനായി മുതലെടുക്കാറില്ല എന്നും എനിക്കറിയാം.

അതെങ്ങിനെ നിങ്ങള്‍ക്കറിയാം. അത്തരമൊരു ബന്ധം നമ്മള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലല്ലോ? ഞാന്‍ അത്ഭുതത്തോടെ അയാളോട് പറഞ്ഞു. പക്ഷെ അയാളുടെ മറുപടി ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു..

അവള്‍ തന്നെ അതിനു ഉത്തമ ഉദാഹരണമല്ലെ...... ഒരു ആവറേജ് പുരുഷന്‍ തന്റെ ഭാര്യയുടെ കന്യകാത്വത്തിലേക്ക് ഇറങ്ങുമ്പോള്‍, അവള്‍ക്ക് വേദനിക്കുമെങ്കിലും, ഒരു പുരുഷന്‍ അനുഭവിക്കുന്ന ആ സുഖം അവള്‍ എനിക്കായി കാത്ത് വച്ചിരുന്നു. മറ്റോരു തരത്തില്‍ പറഞ്ഞാല്‍ അവളില്‍ നിന്നും എനിക്ക് കിട്ടിയ സമ്മാനം. അല്ലെങ്കില്‍ നിങ്ങള്‍ അവളില്‍ സുക്ഷിച്ച് വച്ചതായിരിക്കാം. പുരുഷന്റെ നിഷ്കളങ്കമായ സ്നേഹത്തിനു അല്ലെങ്കില്‍ നമ്മുടെ നാട്യത്തിനു മുമ്പില്‍ സര്‍വ്വവും സമര്‍പ്പിക്കുന്നവരല്ലെ സ്തീകള്‍.

ഇത് വെറും ഒരു പുരുഷന് മാത്രം കിട്ടുന്ന സുഖമല്ല മാഷെ......മറിച്ച് സ്ത്രീകളും അനുഭവിക്കുന്നുണ്ട് അത്തരം സ്വകാര്യമായ സുഖങ്ങള്‍, അതിനെക്കുറിച്ച് നമ്മള്‍ പുരുഷന്മാര്‍ അധികം ചിന്തിക്കാറില്ലായിരിക്കാം.. ഒരു പുരുഷന്‍ അറിഞ്ഞ ആദ്യത്തെ സ്ത്രീ ഞാനാണെന്നറിയുന്ന ഏതൊരു സ്ത്രീയിലും ഇത്തരം മാനസീകമായ സന്തോഷം ഉണ്ടാവും, വഴിയില്‍ പകച്ച് നില്‍ക്കുന്ന അവനെ കൈപിടിച്ച് തന്നിലേക്ക് കൊണ്ടുപോവുമ്പോള്‍ സ്തീകളും അനുഭവിക്കുന്നുണ്ട് അത്തരം സുഖം. അത്തരം സുഖം തന്നില്‍ നിന്നും തന്റെ ഭാര്യയ്ക്ക് കിട്ടിയിട്ടുണ്ടോ എന്ന് പുരുഷനും ചിന്തിക്കട്ടെ, എന്നിട്ടുമതിയല്ലോ, സ്തീയുടെ കന്യകാത്വത്തിന്റെ മഹത്വം പറയാന്‍.

അയാള്‍ ഒന്നും മിണ്ടാതെ താഴെക്ക് നോക്കിയിരുന്നു എന്റെ ആ സംസാരം കേട്ടപ്പോള്‍, പിന്നെ കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്നിട്ട്, എന്നോട് പറഞ്ഞു.

എനിക്ക് നിങ്ങളോട് ഒരു സഹായം ചോദിക്കാനുണ്ട്, അതുപോലെ എന്റെ മനസ്സിനെ ഒന്ന് പരുവപ്പെടുത്താനുണ്ട് അവളുടെ അടുത്ത് എത്തുന്നതിനു മുമ്പ്. ഞാനത് പറയുമ്പോള്‍ അവളുടെ മുഖം തുടുക്കുമോ, അതോ പതിവ് നിര്‍വികാരികത തന്നെയാവുമോ എന്നെനിക്കൊരു ആകാംഷ. അതിനാല്‍ തന്നെ ഇനി അവളുടെ മുമ്പില്‍ എത്തുമ്പോള്‍ എനിക്കോരു പുതിയ മനുഷ്യനായി വേണം ചെല്ലാന്‍. നടന്നത് നടന്നു. നിങ്ങള്‍ മുമ്പ് പറഞ്ഞ പോലെ ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകി മാറ്റാവുന്ന കറയല്ലെ അവളുടെ ശരീരത്തില്‍ പറ്റിയത്. എനിക്കുറപ്പുണ്ട് എന്റെ മനസ്സിലെ കറയും നിങ്ങളുമായുള്ള തുറന്ന സംസാരത്തില്‍ തുടച്ച് നീക്കപ്പെടുമെന്ന്.

അപ്രതീഷിതമായിട്ടാണു അവരുടെ ജീവിതത്തില്‍ ആ സംഭവം നടന്നത്. എനിക്ക് ആ മെസ്സേജ് കിട്ടിയ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരത്തിലെ ഒരു പാര്‍ട്ടി കഴിഞ്ഞു രാത്രി പോവുന്ന സമയത്ത് അവരുടെ കാര്‍ വഴിയില്‍ ബ്രേക്ക് ഡൌണ്‍ ആയത്. ആ സമയം അവള്‍ കാറില്‍ മയങ്ങുകയായിരുന്നു. അവളാണെങ്കില്‍ അന്ന് സോഷ്യല്‍ ഡ്രിംഗ്സ് എന്ന ലേബലില്‍ നല്ല വണ്ണം ആ പാര്‍ട്ടിയില്‍ വച്ച് മദ്യപിച്ചിരുന്നു. ആദ്യമെല്ലാം പാര്‍ട്ടികളില്‍ അത്തരം മദ്യപാനം അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അവള്‍ കുടിച്ചിരുന്നത്. പിന്നിടെപ്പോഴോ അവളും അതില്‍ എന്തോ സ്വയം മറക്കാന്‍ കണ്ടെത്തി.

മരണാസന്നനായി വഴിയില്‍ കിടന്നാല്‍ പോലും സഹായിക്കാത്ത സമൂഹം, അയാള്‍ വേച്ച് വേച്ച് റോഡില്‍ വച്ച് കാണിച്ച സഹായഹസ്തങ്ങള്‍ക്ക്... അലറിവിളിച്ച് കടന്നു പോയ വാഹനങ്ങളുടെ ഹോണ്‍ ശബ്ദങ്ങളാണ് ഉത്തരം പറഞ്ഞത്. ഏതോ ഒരു അഭിശപ്തനിമിഷത്തില്‍, ഉറക്കം തെളിഞ്ഞ അവളും, മദ്യലഹരിയില്‍ കാറില്‍ നിന്നും റോഡിലേക്ക് ഇറങ്ങി, പാര്‍ട്ടിവെയറില്‍ അന്നവള്‍ അതീവസുന്ദരിയായിരുന്നു. അവളെ ആരാധനയോടെ പാര്‍ട്ടിയില്‍ വച്ച് ഓരൊരുത്തര്‍ നോക്കുന്നത് ഒരു തരത്തില്‍ സ്വയം അയാളും ആസ്വദിച്ചിരുന്നു.. പക്ഷെ അഴിഞ്ഞും, സ്ഥാനം തെറ്റിയതുമായ വസ്ത്രം ധരിച്ച് അവള്‍ കാറില്‍ നിന്നും റോഡില്‍ ഇറങ്ങിയപ്പോള്‍ അന്നേരം അതിലെ പോയ ഒരു കാര്‍ വേഗത കുറച്ച് കടന്ന് പോയതും, പതിയെ ആ കാര്‍ പുറകോട്ട് തിരിച്ച് മടങ്ങിവന്നതും അയാള്‍ക്കൊര്‍മ്മയുണ്ട്..

പിറ്റേന്ന് നഗരം ഉയരുന്നത്, ആ ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുമായിട്ടാണു, സമൂഹത്തിലെ ഉന്നതനായ ഒരു പുരുഷന്റെ ഭാര്യ, അതും ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി ഒരു സംഘം യുവാക്കള്‍ ബലാത്സംഗം ചെയ്തത് മാധ്യമങ്ങള്‍ക്ക് ഒരു സെന്‍സേഷണല്‍ വാര്‍ത്തയായിരുന്നു.. അവളെന്റെ പൂര്‍വ്വകാമുകിയായിരുന്നുവെന്ന് ഈ ലോകം മുഴുവന്‍ അറിയുന്നത് കൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ആ സംഭവത്തെക്കുറിച്ച് എന്റെ അഭിപ്രായം ചോദിച്ചത്. എന്റെ ഉത്തരം ഇത്രമാത്രമായിരുന്നു.. “ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകികളയാവുന്ന അഴുക്ക്“.

ഇരുട്ട് പതുക്കെ വഴിയില്‍ വീഴാന്‍ തുടങ്ങി, അയാള്‍ വാച്ചിലേക്ക് നോക്കി എന്നിട്ട് “ നമ്മള്‍ ഈ സ്പീഡില്‍ പോയാല്‍ ഒരു മണിക്കൂറിനകം ഹോസ്പിറ്റലില്‍ എത്താമായിരിക്കുമല്ലെ.”.

സമയത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട, എത്ര വൈകിയാലും ഡോക്ടര്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും, ഞാന്‍ രാവിലെ ഡോക്ടറിനെ വിളിച്ചിരുന്നു. അവള്‍ ഒത്തിരി ഇന്‍പ്രൂവ് ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു. മാത്രമല്ല ഞങ്ങളെല്ലാം ഒന്നിച്ച് കോളെജില്‍ വച്ച് ഒരു ക്ലാസ്സില്‍ പഠിച്ചിരുന്നവരല്ലേ. മാത്രമല്ല അവന്‍ ഇന്ന് കേരളത്തിലെ ഏറ്റവും മിടുക്കനായ സൈക്യാട്രിക്ക് ഡോക്ടര്‍ ആണ്. അവനറിയാം അവളെ എങ്ങിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണമെന്നത്...”

അത് പറഞ്ഞപ്പോള്‍ അയാള്‍ എന്റെ മുഖത്തേക്ക് വല്ലാത്തൊരു ഭാവത്തോടെ നോക്കി, പിന്നെ പതുക്കെ എന്റെ കൈയില്‍ അയാള്‍ കൈത്തലമമര്‍ത്തി.

ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അവളുടെ സ്വഭാവം ഒത്തിരി മാറുമായിരുന്നു., അവളുടെ ഏകാന്തതയ്ക്കും ഒരു പരിഹാരമായിരുന്നേനെ.. ഞാന്‍ പലവട്ടം പറഞ്ഞതാണ്, ഒരു കുട്ടിയെ ദത്ത് എടുക്കാമെന്ന്. അവള്‍ സമ്മതിക്കുന്നില്ല.. എനിക്കാണെങ്കില്‍ കുട്ടികളെ വലിയ ഇഷ്ടവുമാണ്. പ്രത്യേകിച്ച് പെണ്‍ക്കുട്ടികളെ, കളര്‍ ഉടുപ്പെല്ലാം ധരിപ്പിച്ച് അവരെ കൊണ്ടുനടക്കാന്‍ എന്തു രസമാണ്.

ഇന്ന് പലവിധത്തില്‍ ഉള്ള പുതിയ ടെക്നോളാജികള്‍ ഉണ്ടല്ലോ, അതൊന്നും ശ്രമിച്ചില്ലെ. ഞാന്‍ ചോദിച്ചു

അവള്‍ പറയുന്നത്, അതെല്ലാം വെറുതെ പണം കളയുന്ന പരിപാടികള്‍ ആണെന്നാണ്, ഇന്ന് ഫെര്‍ട്ടിലിറ്റി ഹോസ്പിറ്റലും ഒരു തരം പുതിയ ബിസിനസ്സ് ആണല്ലോ. പിന്നെ എന്റെയൊരു ഗിനിപന്നിയായി അവളെ ആശുപത്രികള്‍ തോറും കെട്ടിയെഴുന്നെള്ളിക്കാന്‍ എനിക്കൊട്ട് ആഗ്രഹവുമില്ല. കാരണം എന്നില്‍ നിന്നും ഒരു ഫലവും ഉത്പാദിപ്പിക്കാന്‍ കഴിയില്ല. അത് മറ്റാരെക്കാളും എനിക്കും അവള്‍ക്കും നന്നായറിയാം..”

ഒന്നും മിണ്ടാതെ ഡ്രൈവിംഗില്‍ മാത്രമായിരു ന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്.

ഞാനോരു കാര്യം ചോദിച്ചാല്‍ നിങ്ങള്‍ അതിനു സമ്മതിക്കുമോ?

താങ്കള്‍ ചോദിക്കൂ, ചോദ്യം കേള്‍ക്കാതെ എങ്ങിനെ ഞാന്‍ സമ്മതം മൂളും, പറ്റില്ലെങ്കില്‍ പറ്റില്ല എന്നും ഞാന്‍ പറയും.

അതല്ല, നിങ്ങള്‍ക്ക് മാത്രമേ അതിനു കഴിയൂ, നിങ്ങളെ മാത്രമേ എനിക്കതിനു അംഗികരിക്കാന്‍ കഴിയൂ.

നിങ്ങള്‍ കാര്യം പറയൂ......ഞാന്‍ നിര്‍ബന്ധിച്ചു.

താങ്കള്‍ നേരത്തെ പറഞ്ഞല്ലോ, വിവാഹം കഴിച്ചവര്‍ ആണെങ്കിലും മനസ്സില്‍ ആ പഴയ പ്രണയത്തിന്റെ ഒരു തരിമ്പെങ്കിലും ഉണ്ടാവുമെന്ന്. അല്ലെങ്കില്‍ ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്‍മ അവരെ വേട്ടയാടികൊണ്ടിരിക്കുമെന്ന്..

അതെ, അങ്ങിനെ പറഞ്ഞു!!!! അത് ഇവിടെ പറയാന്‍?

നിങ്ങള്‍ വണ്ടി നിറുത്തൂ......ഞാന്‍ പറയാം.

അയാള്‍ പറഞ്ഞ പ്രകാരം വണ്ടി റോഡിന്റെ അരികിലേക്ക് മാറ്റി നിര്‍ത്തി, പിന്നെ എന്റെ രണ്ടു കയ്യും അയാളുടെ കയ്യിലേക്ക് ചേര്‍ത്ത് പിടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ അവളെ ഇന്നും പ്രണയിക്കുന്നുവെന്ന് എനിക്കറിയാം, നിങ്ങളുടെ ഒറ്റയ്ക്കുള്ള ജീവിതം തന്നെ അതിനുദാഹരണമാണു,, എന്റെ ഭാര്യയാണെങ്കിലും അവളും നിങ്ങളെ ഹൃദയത്തിന്റെ ഒരു കോണില്‍ വച്ച് പൂജിക്കുന്നുണ്ട്..

ഞാന്‍ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി, അയാള്‍ തുടര്‍ന്നു.

അനുവാദമില്ലാതെ അവളുടെ ഗര്‍ഭപാത്രത്തില്‍ പതിച്ച ആ കറകള്‍ മാറ്റി, അവളെ ശുദ്ധികരിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ, അതിലൂടെ നിങ്ങള്‍ രണ്ടാളും ചേര്‍ന്ന് എനിക്കോരു കുഞ്ഞിനെ തരുമോ?........അല്ലെങ്കില്‍ നമ്മുക്ക് മൂന്ന് പേര്‍ക്കും ജീവിതത്തില്‍ അവകാശപ്പെടാവുന്ന ഒരു കുഞ്ഞ്.............സ്വന്തമെന്ന് പറഞ്ഞ് ഒരു കുഞ്ഞിനെ ലാളിക്കാനുള്ള കൊതികൊണ്ടാണു....പ്ലീസ്...അവള്‍ സമ്മതിക്കും.......ഞാന്‍ അവളെ സമ്മതിപ്പിക്കാം......പ്ലീസ്.“

ശക്തിയായി ഒഴുകുകയായിരുന്നു.......മുമ്പോട്ട്.......അത് ഞാനോ, അതോ കാറോ എന്നെനിക്കറിയില്ല.

37 comments:

saju john said...

അലിയാത്തതും, അലിയിക്കുന്നതാണ് മനുഷ്യന്റെ മനസ്സ്

സജി said...

വരികള്‍ല്‍ക്കിടയിലെവിടെയൊക്കെയോ, നല്ല പരിചയമുള്ള ഒരു മുഖം!,

അല്ല പലമുഖങ്ങള്‍!

ഒരാളെ ഇന്നു രാവിലെയും കണ്ടു, മുടി ചീകുമ്പോള്‍!

രഞ്ജിത് വിശ്വം I ranji said...

അച്ചായാ.. നിങ്ങള്‍ക്ക് പിരാന്തില്ല എന്നു മാത്രമല്ല ഒരു പക്ഷെ നിങ്ങളായിരിക്കും ഏറ്റവും സ്വബോധമുള്ള മനുഷ്യരിലൊരാള്‍ .. :)
അപ്രതീക്ഷിതമായ ഒരന്ത്യം ഒന്നുമല്ലെങ്കിലും കഥ നന്നായി പറഞ്ഞിരിക്കുന്നു..
ഒരു സംശയം. ഇങ്ങനെയൊക്കെ ചെയ്യാന്‍ മാത്രം ഹ്രുദയ വിശാലതയുള്ളവരാണോ പുരുഷന്മാര്‍ ..
അയിരിക്കും അല്ലേ സാഹചര്യങ്ങള്‍ അല്ലേ ഒരോന്ന് തീരുമാനിക്കുന്നത് .. മനുഷ്യനല്ലല്ലോ..

SUNIL V S സുനിൽ വി എസ്‌ said...

ഹൊ..അസംഭവ്യം...
ഞാൻ ഇതുവായിച്ച്‌
വല്ലാത്തൊരവസ്ഥയിലായിപോയി..
ഹൃദയത്തിൽ ഒന്നു
മുറിവേൽപ്പിച്ചു ഈ പോസ്റ്റ്‌.
അസ്സലായി...,
പ്രതീക്ഷിച്ചതിനുമപ്പുറം.
കൂടുതൽ എഴുതണമെന്നുണ്ടായിരുന്നു.
കഴിയുന്നീല.....

തിരൂര്കാരന്‍ said...

പണ്ട് കണ്ട പല സിനിമകളും മനസിലൂടെ കടന്നു പോയ്‌. ദശരഥം ഉള്‍പെടെ...
കൊള്ളാം ..നല്ല വായന..

Jayesh/ജയേഷ് said...

pranthettaaa...

അനില്‍ വേങ്കോട്‌ said...

സാജു,
കഥയെന്ന നിലയിൽ ഇനിയും നന്നാവാനുണ്ട് എന്നാണെന്റെ പക്ഷം. കുറച്ചുകൂടി ഡവലപ്പ് ചെയ്യാവുന്ന ഇടങ്ങൾ ആ കഥയിലുണ്ട്. പക്ഷേ താങ്കൾ ഏറ്റെടുക്കുന്ന ഇതിവൃത്തങ്ങൾ മനോഹരങ്ങളാണു. ജീവിതം അങ്ങനെ ഒഴുകികൊണ്ടിരിക്കുന്നതാണെന്ന ധാരണതന്നെ ഒരു കഥാകരനെന്ന നിലയിൽ നിങ്ങളെ ബഹുദൂരം മുന്നോട്ട് കൊണ്ട് പൊകുന്നു.കഥ പറയുമ്പോൾ അതിനിടയിൽ സബ് ടൈറ്റിൽ ഉപയോഗിക്കാറുണ്ടെങ്കിലും അത് വളരെ അത്യാവശ്യ സമയങ്ങളിൽ മാത്രം വേണ്ടതാണു അല്ലാതെതന്നെ കഥാഗതിയിൽ കാല ബോധവും സ്ഥലബോധവും ഉണ്ടാക്കാൻ കഴിയും. സാങ്കേതികമായി കഥയെ കൂടുതൽ അടുത്ത് നിരീക്ഷിക്കുന്ന തരത്തിലാകണം ഇനിയുള്ള വായനകൾ. ഉപദേശിക്കുകയല്ല...ഞാൻ എന്നോട് തന്നെ സംസാരിക്കുന്നത് ഉച്ചത്തിലായെന്നു മാത്രം

krish | കൃഷ് said...

nalla oru thread.
Very nice.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പുരുഷന്‍, ലോകത്തിനു മുമ്പില്‍ തന്റെ പ്രണയത്തിന്റെ കാവ്യബിംബമായി ഒരു താജ് മഹല്‍ ഉയര്‍ത്തികാണിക്കുമ്പോള്‍, സ്ത്രീ തന്റെ മനസ്സിന്റെ ശ്മശാനത്തില്‍ അനേകായിരം നഷ്ട പ്രണയത്തിന്റെ താജ് മഹലുകള്‍ കുഴിച്ച് മൂടുന്നത്.

ഇത് വളരെ ശരിയാണു പിരാന്താ...അതിനുള്ള പ്രത്യേക കഴിവ് സ്ത്രീക്കു മാത്രമേ ഉള്ളു..എന്നു വച്ച അവൾ എല്ലാം മറന്നു പോകും എന്ന് കരുതാൻ വയ്യ.മനസ്സിന്റെ ഓരു കോണിൽ ആ‍ാരും കാണാതെ ഒരു മയിൽ പ്പീലി ത്തുണ്ട് സൂക്ഷിക്കാൻ അവൾക്കേ അറിയൂ.അതുകൊണ്ടാണു കഥാനായകന്റെ മുഖം ടി.വിയിൽ കാണുമ്പൊൾ അവൾ അടുക്കളയിലേക്ക് കയറിപ്പോകുന്നത്,ആ ശബ്ദം കേൾക്കാതിരിക്കാൻ പാത്രങ്ങൾ കൊണ്ട് ബഹളമുണ്ടാക്കുന്നത്.പക്ഷേ അപ്പോളൂം അവൾ കാണാൻ ആഗ്രഹിക്കുന്നു, കേൾക്കാൻ കൊതിക്കുന്നു.

മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന കഥ.താൻ പരാജിതനാണെന്ന ഭാവമാണ് ഇക്കഥയിലെ ഭർത്താവിനെ നയിക്കുന്നത്.ഒരു കുട്ടിയെ കൊടുക്കാൻ വയ്യാത്തവനായ താൻ അവളെ സംരക്ഷിക്കാൻ പോലും കഴിവില്ലാത്തവൻ എന്ന നിരാശയിൽ നിന്നാണു ഭാര്യയുടെ കാമുകനിൽ അഭയം പ്രാപിക്കാൻ അയാളെ പ്രേരിപ്പിക്കുന്നത്.

വിശ്വസനീയമായ രീതിയിൽ “ആന്റി ക്ലൈമാക്സ് “ അവതരിപ്പിക്കുന്നതിൽ പിരാന്താ, താങ്കൾ വിജയിച്ചിരിക്കുന്നു

ആശംസകൾ!

മുരളി I Murali Mudra said...

മൊട്ടത്തലയില്‍ നട്ടപ്പിരാന്തുകള്‍ മാത്രമല്ല ഉള്ളത് അല്ലെ....വായിച്ചു ലയിച്ചുപോയി...ഒന്ന് ചുറ്റും കണ്ണോടിച്ചു നോക്കിയാല്‍ കാണാം താങ്കള്‍ വരച്ചിട്ട കഥാപാത്രങ്ങളെ....ഹൃദയം എന്നത് ചെമ്പരത്തിപ്പൂവല്ലല്ലോ അല്ലെ..?..
നന്നായി..

അരുണ്‍ കരിമുട്ടം said...

അഭിപ്രായം പറയാന്‍ അശക്തനായി പോയി.ഏത് രീതിയില്‍ കാണണം പറയണം എന്നൊരു കണ്‍ഫ്യുഷന്‍.മൊട്ടച്ചേട്ടാ, ഈ കഴിവ് ദൈവം അനുഗ്രഹിച്ച് നല്‍കിയതാണ്, ഇനിയും എഴുതുക, കുറച്ചൊക്കെ എനിക്ക് പെട്ടന്ന് മനസിലായി

വാഴക്കോടന്‍ ‍// vazhakodan said...

മറക്കാനാവാത്ത പ്രണയം !
കുഴിച്ച് മൂടപ്പെടുന്ന പ്രണയം !
ഒടുവില്‍ മനസ്സിന്റെ ഒരു നേരിയ പാലത്തിലൂടെ നടത്തി ഒരു വല്ലാത്ത വിഷമ വ്ര്യത്തത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നു.
സാജുവേട്ടന്റെ കയ്യൊതുക്കം കഥയിലൂടെ അനുഭവിച്ചു.വളരെ നന്നായി ചിത്രീകരിച്ചു എന്ന് പറയാതെ വയ്യ. അഭിനന്ദനങ്ങള്‍!

മീര അനിരുദ്ധൻ said...

മൊട്ടത്തലയിൽ നിന്നും വന്ന ഈ പിരാന്തും നന്നായി.കൂടുതൽ അഭിപ്രായം പറയാൻ അശക്തയാണു

നിഷാർ ആലാട്ട് said...

പ്രണയം എന്ന അനുഭൂതി

ഇളംതെന്നലായും കൊടുങ്കാറായും
തഴുകിയജീവിതം,

എവിടെയോ ,എന്തിനോ വെണ്ടി
ചില അഡ്ജസ്റ്റ്മെന്റ് .

കുറച്ചുനേരത്തേക്കു
മനസ്സ് പിടയുകയായിരുന്നു
അവസാന ശ്വസത്തിന്നു എന്ന പൊലെ,

ഇല്ല, ഇനി ജീവിതത്തേ സ്നേഹിക്കാം നമ്മുക്കു....

ആശംസകൾ!

മാണിക്യം said...

"ഡെറ്റോള്‍ കുളിയില്‍ അലിയാത്ത കറ"
വായിച്ചപ്പോള്‍ തന്നെ വിത്യസ്തമായ ഒരു രീതിയില്‍
പറയുന്ന കഥ എന്ന തോന്നലുണ്ടായി. "പ്ലീസ് ."അതു സ്ഥിതീകരിച്ചു.ഈ കഥയുടെ സിറ്റുവേഷന്‍ അതിഷ്ടമായി അധികം ആരും പറയാത്ത ഒരു സംഭവം .ശക്തമായി എഴുതി.

പല റേപ്പ് കേസിലും അതു സ്ത്രിയുടെ കൂടെ കുറ്റമാവും ഇവിടെയും അതെ.
:"മദ്യലഹരിയില്‍ കാറില്‍ നിന്നും റോഡിലേക്ക് ഇറങ്ങി, പാര്‍ട്ടിവെയറില്‍ അന്നവള്‍ അതീവസുന്ദരിയായിരുന്നു":

ഒരു റെപ്പ് വിക്‌റ്റിം അനുഭവിക്കുന്ന വിഷമം ആര്‍ക്കെങ്കിലും ഊഹിക്കാനാവുമോ?
ഈ കഥയിലും അവളൂടെ വീക്ഷണമല്ല - മറിച്ച് അവളുടേ ഭര്‍ത്താവിന്റെനില പൂര്‍‌വകാമുകന്റെ വാക്കിലൂടെ പറയുന്നു അവളുടെ മനസ്സ് ഇതില്‍ നിന്നെല്ലാം തികച്ചും വിത്യസ്തമാണ്.

'ഡെറ്റോള്‍ കുളിയില്‍ അലിയാത്ത കറ'ആ പശ്ചാത്തലത്തില്‍ നിന്ന് ചിന്തിച്ചാല്‍ എത്ര വലിയ ഒരു ദുരന്തമാണ്.ഇവിടെ ആസ്ത്രീയെ സ്നേഹിക്കുന്ന രണ്ട് പുരുഷന്മാരുണ്ടായിട്ടും അവളെ സ്നേഹിക്കാത്തവര്‍ അവളുടെ ശരീരം ആസ്വദിച്ചപ്പോള്‍ സംരക്ഷണം കൊടുക്കാന്‍ ആരുമില്ലാതായി.


**"ഞങ്ങളുടെ ജീവിതം പരസ്പരം ഒരു തരം ടോര്‍ച്ചറിംഗ് ആയിരുന്നു. അവളാ‍യിരുന്നു ഒരു പക്ഷെ അതിന്റെ വേദന കൂടുതല്‍ അനുഭവിച്ചിരുന്നത്., വളരെ ഇന്റലക്ചല്‍ ആയ അവള്‍ സ്വയം ഇഷ്ടപെട്ടിരുന്ന, അല്ലെങ്കില്‍ കണ്ടെത്തിയ അവളുടെ ഏകാന്തത, അത് അവള്‍ ആസ്വദിച്ചിരുന്ന ഒരു തരം ആത്മരതിയാണ്. ഫലം ഉത്പാദിപ്പിക്കാനാവാന്‍ കഴിവില്ലാത്ത ഞാന്‍ അവളില്‍ ചെയ്യുന്ന ശാരീരീകരതിയും അവള്‍ക്ക് ഒരു തരം ടോര്‍ച്ചറിംഗ് ആണ്.**

എങ്കില്‍ അവള്‍ അറിയുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു അനുരാഗവും അന്നുവരെ തോന്നാത്ത ചിലപുരുഷന്മാര്‍ അവളെ ആക്രമിച്ചു സ്ത്രീത്വം തന്നെ പിച്ചി ചീന്തിയാല്‍ അവള്‍ അനുഭവിക്കുന്ന മാനസീക നില ഏതു കൗണ്‍സിലിങ്ങ് കൊണ്ട് മാറും?

ചിലര്‍ ക്രൂരമായ ഒരു തമാശ പറയും ബലാല്‍സംഗതിന്റെ നിമിഷങ്ങളെ ആ സ്ത്രീ ആസ്വദിച്ചിട്ടുണ്ടാവും എന്ന്, വളരെ തെറ്റായാ ഒരു നിഗമനം ആണത്. എങ്ങനെ അതു ശരിയാവും, ചില അവസരത്തില്‍ ഭാര്യ- ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ശാരീരിക ബന്ധത്തിനു തയ്യാറാവും അവള്‍ അന്ന് അതൊട്ടും തന്നെ ആഗ്രഹിച്ചിട്ടുണ്ടാവില്ല ആസ്വദിച്ചിട്ടുമുണ്ടാവില്ല. ഒരു തരം നീറ്റലാവും ആ സന്ദര്‍ഭം നല്‍കിയിട്ടുണ്ടാവുക, അതാണ്
ഒരു ദമ്പതികള്‍ക്കിടയില്‍ എങ്കില്‍ ഒരു കൂട്ടബലാല്‍സംഗത്തിനു ഇരയായ സ്ത്രീക്ക് പിന്നിട് ഭര്‍ത്താവിനോടോ പൂര്‍‌വ്വകാമുകനുമായോ ഒരു ബന്ധം ഒരിക്കലും സാധിക്കില്ല ..
:"അവള്‍ സമ്മതിക്കും.......ഞാന്‍ അവളെ സമ്മതിപ്പിക്കാം......പ്ലീസ്.":...
ഇല്ല. അതു കൊണ്ടു തന്നെ കഥാന്ത്യം പാടെ പൊളിഞ്ഞു.... സ്ത്രീയുടെ മനസ്സിനെ മനസ്സിലാക്കിയില്ല.

സത്യത്തില്‍ ഈ വിധം ഒരു സംഭവം ഉണ്ടായാല്‍.... പിന്നീട് വിവാഹബന്ധം വേര്‍പെടുത്ത പെടില്ലായിരിക്കാം എന്നാലും ഒന്നും മറക്കാനായി എന്നു വരില്ല.

"സ്ത്രീ തന്റെ മനസ്സിന്റെ ശ്മശാനത്തില്‍ അനേകായിരം നഷ്ടങ്ങള്‍കുഴിച്ച് മൂടും " ഇതും അതില്‍ ഒന്ന്

Pongummoodan said...

“പ്ലീസ്...” മൊട്ടേട്ടാ,

ഇടവേളകളുടെ ദൈര്‍ഘ്യം കുറച്ച് ഇനിയും ധാരാളമെഴുതുക. മനോഹരമായ കഥ. നന്നായി ആസ്വദിച്ചു.

സ്നേഹപൂര്‍വ്വം
പോങ്ങു

കുഞ്ഞൻ said...

നട്ടാപ്പി മാഷെ..

അപ്പോൾ പ്രണയിച്ചാൽ, ഒരു നാൾ ഇതുപോലെയൊരു അഭ്യർത്ഥനയുമായി ആരെങ്കിലും വരുമൊ,വരുമായിരുക്കും. പ്രണയത്തിന്റെ ഭാവങ്ങളെ കീറിമുറിച്ച് പകർത്തിയിരിക്കുന്നു. ചില സ്ഥലങ്ങളിൽ പറയുന്ന കാര്യത്തിൽ നിന്നും വഴുതിപ്പോകുന്നുണ്ട് കഥാകാരൻ. അത് വായനയെ തടസ്സപ്പെടുത്തുന്നുണ്ട്. അതായിത് ആരാണ് സംസാരിക്കുന്നതെന്ന് ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്,ഒരു പക്ഷെ അത് എന്റെ വായനയുടെ കുഴപ്പമാകും. അതുകൊണ്ട് വീണ്ടും വീണ്ടും വായിക്കട്ടെ..

അനില്‍ വേങ്കോട്‌ said...

ഞാൻ കരുതുന്നത് മാണിക്യം ഒരു സ്ത്രീയാണെന്നാണ്, അങ്ങനെയെങ്കിൽ ഒന്നു രണ്ട് കാര്യങ്ങൾ അതിലിടപെട്ട് എനിക്ക് പറയാനുണ്ട്.
1. സാജു സ്ത്രീ പക്ഷത്ത് നിന്ന് എഴുതിയ ഒരു കഥയല്ല.ഒരു സ്ത്രീ എഴുതിയ കഥയുമല്ല. അതുകൊണ്ട് എല്ലാ കഥകളും സ്തീയെ അവളുടെ പക്ഷത്ത് നിന്ന് വീക്ഷിക്കണം എന്ന പിടിവാശി നല്ലതല്ല.
2സ്ത്രീയ്ക്ക് ഇങ്ങനെയൊന്നും കഴിയില്ല എന്നാണെങ്കിൽ മാണിക്യം ഓർക്കേണ്ടത് ലോകത്തിൽ ഒരു യൂണിവേഴ്സൽ സ്ത്രീയൊന്നും ഇല്ല. ഓരോ സ്ത്രീയും ഓരോ സന്ദർഭത്തിലും ഓരോ രീതിയിലാണ് പെരുമാറുക. ഭർത്താവ് അരോഗ ദൃഡ ഗാത്രനായി ജീവിച്ചിരിക്കേ പരപുരുഷ ബന്ധം പുലർത്തുന്ന സ്ത്രീകളില്ലേ.. അതെല്ലാം കഥയ്ക്ക് വിഷയമായിക്കൂടന്നാണെങ്കിൽ... ആകാം എന്നാണെന്റെ അഭിപ്രായം. പൂർവ്വ കാമുകനോട് ബന്ധപ്പെടാൻ ഭർത്താവ് പറഞ്ഞെന്നിരിക്കട്ടേ.. അതിനു അവൾ വഴങ്ങുന്നുവെന്ന് കഥ പറയുന്നില്ല. മറിച്ച് സംഭവിക്കാനുള്ള സാധ്യതകൾ നായികാ ചിത്രീകരണത്തിലൂടെ സാജു നൽകിയിട്ടുമുണ്ട്. ഇവിടെ ഒരു ഭർത്താവ് അയാളുടെ ഭാര്യയിൽ ശാരീകമായോ മാനസികമായൊ ഒരു സാബ്രാജ്യം നേടിയെടുക്കാനാകാതെ വരുമ്പോൾ ആ നിസ്സഹായതകളിൽ നിന്ന് വരുന്ന ചില ബഹിർസ്ഫുരണങ്ങളാണ് കഥയിൽ സ്കെച്ച് ചെയ്തിരിക്കുന്നത്. ഭർത്താവിന്റെ മനോവ്യാപാരത്തിൽ കേന്ദ്രീകരിച്ചണ് തികച്ചും ആ കഥ മുന്നേറുന്നത്. അത്തരം നിസ്സഹായത അനുഭവിക്കുന്നവരെ എനിക്ക് ധാരാളം അറിയാം. അത് ഇതിവൃത്തമാക്കിയ സാജു അഭിനന്ദനം അർഹിക്കുന്നു. കഥയിൽ ഉണ്ടാവേണ്ട ചില മാറ്റങ്ങളെ കുറിച്ച് സാജുവിനോട് നേരിട്ടും കമന്റിലൂടെയും ഞാൻ പരാതി പറഞ്ഞിട്ടുണ്ട്.

വയ്സ്രേലി said...

മൊട്ടേട്ടാ,

വളരെ നന്നായിടുണ്ട്. അഭിപ്രായമായി എന്ത് എഴുതണം എന്ന് വിചാരിച്ചു ഞാന്‍ കുറെ ചിന്തിച്ചു...
-------

പ്രണയവും അതില്‍ നിന്നുടലെടുകുന്ന വികാരങ്ങളും ഇത്രെക്കു നന്നായി അവതരിപിക്കാനുള്ള ഈ കഴിവിന്നെ അഭിനന്തിക്കുനൂ.
---
ബ്ലോഗ്‌ മൂന്ന് വട്ടം വായിച്ചു..

തുടര്‍ന്നും മൊട്ടേട്ടനു ഇത് പോലെ എഴുതാന്‍ ഉള്ള മനസുണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട്

അംജിത്

തല്ലിപ്പൊളി തൊമ്മന്‍ said...

വായിച്ചു വട്ടായല്ലോ നട്ടേ..

VINAYA N.A said...

നന്നായിട്ടുണ്ട്‌.സ്‌ത്രീകള്‍ അമാനുഷരൊന്നുമല്ല.എടുത്താല്‍ പൊങ്ങാത്ത പവിത്രതകള്‍ ഇനിയും അവളില്‍ കെട്ടി ഏല്‍പിക്കരുത്‌.എന്താണ്‌ മഹാഭാരതത്തില്‍ കുന്തി നല്‍കുന്ന സന്ദേശം ? കുന്തിയുടെ മക്കളൊന്നും തന്നെ കുന്തിയുടെ ഭര്‍ത്താവായ പാണ്ഡുവില്‍ നിന്നുമല്ല ജനിച്ചത്‌.പക്ഷേ കുന്തിയുടെ കുടുംബം പാണ്ഡുവും അഞ്ചു മക്കളും തന്നെയാണ്‌.നല്ല പ്രമേയം.പുരുഷന്‌ പുരുഷനായല്ലേ ചിന്തിക്കാനാകൂ.അവന്‍ കണ്ടു ശീലിച്ച ഈ ലോകത്തില്‍ നിന്നും ഇങ്ങനെയൊക്കെ ചിന്തിക്കാനായതുതന്നെ വലിയകാര്യം.അഭിനന്ദനങ്ങള്‍

നീര്‍വിളാകന്‍ said...

വളരെ നല്ല പോസ്റ്റ് മൊട്ടെ... ഞാന്‍ താങ്കളുടെ പോസ്റ്റുകള്‍ പ്രതീക്ഷിച്ച് പലപ്പോഴും ഇവിടെ കയറിയിരങ്ങാറുണ്ടായിരുന്നു...പക്ഷെ ന്‍ഇരാശ്യായിരുന്നു ഫലം.... കാത്തിരിപ്പിനു തക്കതായ പ്രതിഭലം തന്നെയാണ് ഈ പോസ്റ്റ്... മുന്നെയുള്ളവയെ എല്ലാം കടത്തിവെട്ടി ഈ പോസ്റ്റ്!!!

എന്റെ സ്വപ്നങ്ങൾ..... said...

ethu vayikan kazhinjillarunnekil pinne njan enthina akshrangal kooti vaykkan padichathu....oru kalathum ee varikalude prasakthi nashtapedilla.....

gouniyonigouniyo said...

Hello I am new to this Blog ..But this story is moving like "Bhramaram".Ending is super.Just go to any Directors in Malayalam...
I think this is not story.Its happening in this India. No one knows, only three of them..

Best of Luck

ബാജി ഓടംവേലി said...

വളരെ നന്നായി ചിത്രീകരിച്ചു ...
അഭിനന്ദനങ്ങള്‍...

Sabu Kottotty said...

ഇതിവൃത്തം വച്ചു നോക്കുമ്പോള്‍ ഇനിയും ഒരുപാടു നന്നാക്കാമായിരുന്നെന്നു തോന്നുന്നു.
:)

Unknown said...

നല്ല അവതരണം, ആകര്‍ഷകമായി എഴുതിയിരിക്കുന്നു, അഭിനന്ദനങ്ങള്‍
മാണിക്യത്തിന്റെ കമെന്റ്സും വിനയയുടെ കമെന്റ്സും ശ്രദ്ധേയമായി
എത്താന്‍ വൈകി എന്നാലും ആശംസകളോടെ

പ്രേരണ - ബഹ്‌റൈന്‍ said...

enium nannavanudu

sremichal nadakkum nadakkanam


sudhi puthenvelikara

Arun Kumar Pillai said...

nannayittund...

Jyothi Sanjeev : said...

katha nannayirunnu, avasaanam vare, pakshe avasaanam, athil entho oru vishamam thonni. sthree aval ethra thanne oraale pranayicchittundenkilum orikkalum inganeyonninu samathikkila. sthreeye kuracchu koodi manasillaakkan irikkunnu. ente manasil thonniyathaan. thettidharikkaruth.

Midhin Mohan said...

nannaayittundu.

Unknown said...

നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

http://tomskonumadam.blogspot.com/

പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!

മിലാനില്‍ നിന്നും said...

നല്ല അവതരണം,

Anonymous said...

ബലാല്‍സംഗം ഒരിക്കലും ഒരു സ്ത്രീ യോട് മാത്രമുള്ള അനീതിയല്ല. അത് കുടുംബങ്ങലോടാണ്.. സമൂഹത്തോടാണ്.. വിവാഹിതയായ ഒരു സ്ത്രീ യാണ് ഇരയെങ്കില്‍ അവളുടെ ഭര്‍ത്താവ്‌, മക്കള്‍ എല്ലാം പരോക്ഷമായി ഇരകലവുന്നു.. അവിവാഹിതയായ ഒരു സ്ത്രീ യാണെങ്കില്‍ അവളുടെ അച്ചന്‍ അമ്മ സഹോദരന്‍, സഹോദരി. കുടുംബങ്ങളാണ് എല്ലാം അനുഭവിക്കുന്നത്. ഭാര്ടവിന്റെ പക്ഷത് നിന്ന് ചിന്തിക്കുന്ന ഒരു കഥ. വളരെ ടച്ചിംഗ് ആയിരുന്നു. ഇപ്പോഴാണ്‌ ബ്ലോഗ്‌ കളുമായി പരിചയപ്പെടുന്നത് . അത് കൊണ്ട് വായിക്കാന്‍ വൈകി. sindhu Gurgaon

Sulfikar Manalvayal said...

മൊട്ടത്തലയില്‍ നിന്നുദിച്ച ആദ്യ വെളിപാട്.
പതിവ് ശൈലിയില്‍ നിന്ന് മാറി... ഒരു നല്ല വിഷയം.....
നന്നായി.

സ്തംഭിപ്പിക്കും ഞാന്‍ said...

പുരുഷന്‍, ലോകത്തിനു മുമ്പില്‍ തന്റെ പ്രണയത്തിന്റെ കാവ്യബിംബമായി ഒരു താജ് മഹല്‍ ഉയര്‍ത്തികാണിക്കുമ്പോള്‍, സ്ത്രീ തന്റെ മനസ്സിന്റെ ശ്മശാനത്തില്‍ അനേകായിരം നഷ്ട പ്രണയത്തിന്റെ താജ് മഹലുകള്‍ കുഴിച്ച് മൂടുന്നത്.

പൊള്ളിച്ചു സര്‍....
ഒന്നു പരിചയപ്പെടണം എന്നുണ്ടൂ... പക്ഷെ കക്ഷത്ത്‌ ഒരു പിടി അവില്‍ പോലുമില്ല... ഇങ്ങോട്ടു വാങ്ങാനാണെങ്കില്‍ ഇഷ്ടം പോലെയുണ്ട്‌ താനും

ഞാന്‍ രാവണന്‍ said...

ആദ്യമായാണ് ഇവിടെ വരുന്നത് .വെറുതെ ആയില്ല
...നിങ്ങള്‍ അല്ല പിരാന്തന്‍ നമ്മള്‍ ആണ്