മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, May 16, 2010

ചെറുചന്ദനാദിയെണ്ണ

ജീവിതത്തിലെ ഏറ്റവും സുഖകരമായ അവസ്ഥയാണ്, അല്ലെങ്കില്‍ ഭാഗ്യം ചെയ്തവരാണ് രാത്രി ജോലിയെല്ലാം കഴിഞ്ഞുവന്ന് കിടക്കുമ്പോള്‍ മനസമാധാനത്തോടുകൂടി, അല്ലെങ്കില്‍ മനസ്സിനെ യാതൊന്നും അലോസരപ്പെടുത്താതെ കിടന്നുറങ്ങാന്‍ കഴിയുകയെന്നുള്ളത്.

പണ്ട് നാലിലോ, അഞ്ചിലോ പഠിക്കുന്ന സമയത്ത്, അടുത്ത വീട്ടിലെ ഹരിദാസേട്ടന്റെ വീട്ടില്‍ എല്ലാ ആഴ്ചയും മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രത്തിനോപ്പം വരുമായിരുന്നു. അന്നെല്ലാം മാതൃഭൂമിവാരികയിലെ പേജുകളെല്ലാം “സ്ഥലത്തെ പ്രധാനപയ്യന്മാരാണ്” അടക്കിവാണിരുന്നത്. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ക്കതൊന്നും അന്ന് വായിച്ചാല്‍ മനസ്സിലാവാത്തതിനാല്‍ ഞങ്ങള്‍ അവസാനപേജില്‍നിന്നാണ് മാതൃഭൂമി മറിക്കാന്‍ തുടങ്ങുക, കാരണം അവസാനപേജുകളിലാണ് “കുട്ടേട്ടന്‍” കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള “ബാലപക്തി”യുള്ളത്. പിന്നിട്ട് വളര്‍ന്നപ്പോഴാണ് നമ്മുടെ “കുഞ്ഞുണ്ണിമാഷായിരുന്നു കുട്ടേട്ടന്‍” എന്നറിയുന്നത്. അങ്ങിനെയുള്ള ഏതോ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുട്ടേട്ടന്‍ കുട്ടികള്‍ക്കായി ഒരു കഥയെഴുതിയിരുന്നു. ആ കഥയിലെ രത്നച്ചുരുക്കം ഇതാണ്. ഒരു ദിവസം ഒരു അദ്ധ്യാപകന്‍ കുട്ടികളോടായി ചോദിച്ചു നിങ്ങള്‍ക്ക് വലുതായിതീരുമ്പോള്‍ ആരായിത്തീരണമെന്ന്. ഓരോരോ കുട്ടികള്‍ പറഞ്ഞു, ഡോക്ടര്‍, എഞ്ചിനീയര്‍, പൈലറ്റ്, പോലീസ്, ടീച്ചര്‍ എങ്ങിങ്ങനെയെല്ലാം. അവസാനം ക്ലാസ്സിന്റെ അവസാനബഞ്ചിലിരുന്ന, ക്ലാസ്സില്‍ മണ്ടനെന്ന് അറിയപ്പെടുന്ന “മൊട്ട അബു”വിനോട് ചോദിച്ചു നിനക്കാരായിത്തീരണമെന്ന്. മൊട്ട അബു പറഞ്ഞു, എനിക്ക് നന്നായി ഉറങ്ങുന്നവനായിതീര്‍ന്നാല്‍ മതിയെന്ന്. അദ്ധ്യാപകനൊപ്പം ക്ലാസ്സ് മൊത്തം ചിരിച്ചു. ഒന്ന് വിശദമായി പറയാന്‍ മൊട്ട അബുവിനോട് പറഞ്ഞപ്പോള്‍ അബു പറഞ്ഞതിപ്രകാരമാണ്, ഇവരെല്ലാം പറഞ്ഞപ്രകാരം ജോലികിട്ടിയാലും, വീട്ടിലെ പ്രശ്നങ്ങളാലും, ജോലി സംബന്ധമായ പ്രശ്നങ്ങളാലും ചിലപ്പോള്‍ ഉറങ്ങാന്‍ പറ്റില്ലായിരിക്കാം…..അതിനാല്‍ എനിക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്നവനാവണമെന്ന് പറയുമ്പോള്‍ ഞാന്‍ മാനസീകമായും, ശാരീരികമായും, സാമ്പത്തീകമായും എല്ലാ സുഖവും അനുഭവിക്കുന്നവനായിരിക്കുമെന്നാണ് അതിനര്‍ത്ഥമെന്നും, അതിനാണ് അവര്‍ കഷ്ടപ്പെട്ട് ഓരോ ജോലിക്ക് ഇപ്പോഴെ ആഗ്രഹിക്കുന്നതെന്നും മൊട്ടയബു പറഞ്ഞപ്പോള്‍ വലിയ വായില്‍ “വാ” പൊളിച്ചത് ചോദ്യം ചോദിച്ച അദ്ധ്യാപകനായിരുന്നു.

ഇതെല്ലാം ഇവിടെ പറയാന്‍ കാരണം, എനിക്കും കുറച്ച് നാളായി ഉറക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സൂത്രപ്പണികളിലൂടെ എങ്ങിനെയുറക്കം വീണ്ടെടുക്കാമെന്ന് ഭാര്യയുമായി ആലോചിച്ചപ്പോള്‍ പുള്ളിക്കാരി പറഞ്ഞു വേഗം നാട്ടില്‍ വരാന്‍. അങ്ങിനെ 15 ദിവസത്തെ അവധിക്കായി നാട്ടില്‍ ഈയടുത്ത സമയത്ത് വന്നു. ഞാന്‍ ചെല്ലുന്നതിനുമുമ്പേ എനിക്ക് വേണ്ടി “രാസ്നാദിപ്പൊടി, മൂത്രച്ചുട് പോവാന്‍ കുറുക്കുണ്ടാക്കിക്കഴിക്കാന്‍ കൂവപ്പൊടി, വെള്ളത്തിലിട്ട് കുടിക്കാന്‍ ബാര്‍ളിപ്പൊടി, ഗള്‍ഫില്‍ സോപ്പ് ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന മൊരിച്ചില്‍ ഒഴുവാക്കാന്‍ “നെന്മേനി സ്നാനചൂര്‍ണം” പിന്നെ പുള്ളിക്കാരി സ്വന്തമായി തയ്യാറാ‍ക്കിയ നെല്ലിക്കാരിഷ്ടം ഇത്യാദി അനുസാരികളുമായി കാത്തിരിക്കിക്കുകയായിരുന്നു. പുള്ളിക്കാരി ഒരു ആയുര്‍വേദസ്നേഹിയായതിനാല്‍ എനിക്കിതെല്ലാം മനസ്സിലാവുന്നതാണ്. പക്ഷെ ഇപ്പോഴും കുട്ടികള്‍ക്ക് അസുഖം വന്നാല്‍ പുള്ളിക്കാരി ആയുര്‍വേദമരുന്നോ, അല്ലെങ്കില്‍ കൂടിവന്നാല്‍ ഹോമിയോപ്പതി മരുന്നുകള്‍ മാത്രമാണ് ഉപയോഗിക്കുക. അതിന് പുള്ളിക്കാരിയുടെ ന്യായികരണം അലോപ്പതിക്ക് മരുന്നുകളും, ആന്റിബയോട്ടിക്ക് മരുന്നുകളും കൊടുത്താല്‍ കുട്ടികളുടെ രോഗപ്രതിരോധശേഷി കുറയുമെന്നാണ്. ആദ്യമെല്ലാം ഞാന്‍ എതിരുപറയുമെങ്കിലും അത് സത്യമാണെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.കുട്ടികള്‍ക്ക് വിശപ്പുണ്ടാവാന്‍ ടോണിക്കിനെക്കാള്‍ നല്ലതാണ് “ബാലജീവാരിഷ്ടം”

അങ്ങിനെ അവധിക്കാലത്ത് പുള്ളിക്കാരി ഒരു ദിവസം പറയുന്നു, ആരോ പറഞ്ഞ് അറിഞ്ഞതാണ് പാവം, തലയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയം കഴിഞ്ഞു കുളിച്ചാല്‍ നല്ല ഉറക്കം കിട്ടുന്ന ഒരു എണ്ണയുണ്ട്, “ചെറുചന്ദനാദിയെണ്ണ”; അത് മറക്കാതെ വാങ്ങണമെന്ന് പുള്ളിക്കാരി ഓര്‍മ്മിപ്പിച്ചു. ഭാര്യ വെറുതെയൊന്നും പറയില്ലയെന്നുള്ളതുകൊണ്ടും, ചന്ദനത്തിന്റെ മണമായിരിക്കുമല്ലോ ആ എണ്ണയ്ക്ക് എന്നുകരുതിയും, ഞാന്‍ കരുവാരക്കുണ്ടുള്ള ഞങ്ങളുടെ പ്രിയപ്പെട്ട “വിജയലക്ഷ്മി വൈദ്യശാലയില്‍” പോയി ചെറുചന്ദനാദിയെണ്ണ വാങ്ങാന്‍.

വൈദ്യര്‍ക്കാണെങ്കില്‍ എന്നെ ചെറുപ്പം തൊട്ടേ അറിയാം, ഞാന്‍ വലിയ ഗമയില്‍ “കുറച്ച് ചെറുചന്ദനാദിയെണ്ണ” വേണമെന്ന് പറഞ്ഞപ്പോള്‍, പുള്ളിക്കാരന്റെ മുഖത്ത് ഒരു ഊളിയ ചിരി വന്നത് ഞാന്‍ ശ്രദ്ധിച്ചു…….ഒപ്പം മരുന്ന് എടുത്ത് കൊടുക്കുന്ന ജോലിക്കാരുടെ മുഖത്തും ഒരു ചിരി പടരുന്നു.

പിന്നെ വൈദ്യന്‍ എന്നോട് ചോദിക്കുന്നു. “ആര്‍ക്കാണ് എണ്ണ?”.

“എനിക്ക് തന്നെ”

വൈദ്യശാലയില്‍ ചിരിയുടെ ശബ്ദം കൂടുന്നു….

“എത്രവേണം എണ്ണ?”

വാങ്ങിയാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും കൂടി ഉപയോഗിക്കാമല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു “ഒരു 500 മില്ലി എടുത്തോള്ളു….വീട്ടില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാമല്ലോ”

പിന്നെ അവിടെ വൈദ്യശാലയില്‍ കൂട്ടച്ചിരിയാണ് നടന്നത്,,,,എന്നിട്ട് ചിരിച്ച് കൊണ്ട് വൈദ്യന്‍ മരുന്ന് എടുത്തുകൊടുക്കുന്ന ജോലിക്കാരനോട് പറഞ്ഞു “നമ്മുടെ മാഷിന് ഒരു 100 മില്ലി ചെറുചന്ദനാദിയെണ്ണ കൊടുക്കൂ!!!!”

“വൈദ്യരെ 100 മില്ലിയല്ല 500 മില്ലിയാണ് ഞാന്‍ പറഞ്ഞത്!!!!!!!”

പിന്നെ വൈദ്യര്‍ ചിരിച്ച്കൊണ്ട് എന്റെ അടുത്ത് വന്ന് ചെവിയില്‍ പറഞ്ഞു….”എന്റെ മാഷെ……അധികം ഉറക്കെ പറയാതെ…ഈ ചെറുചന്ദനാദിയെണ്ണ സാധാരണ ഉപയോഗിക്കുന്നത്, ഇത്തിരി നൊസ്സുള്ള അല്ലെങ്കില്‍ പ്രാന്തുള്ള ആളുകളുടെ തലയില്‍ തേച്ച് കുളിപ്പിക്കാനുള്ളതാണ്… അവരുടെ തല തണുപ്പിക്കാനാണ് ചെറുചന്ദനാദിയെണ്ണയുപയോഗിക്കുന്നത്”

അപ്പോള്‍ എന്റെ മുഖത്ത് വിരിഞ്ഞ ഭാവാദികള്‍ എതെങ്കിലും സംവിധായന്‍ കണ്ടിരുന്നെങ്കില്‍ എന്നെ തീര്‍ച്ചയായും സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിളിച്ചേനെ.

ഞാനിത് വന്ന് ഭാര്യയോട് പറഞ്ഞപ്പോള്‍, അവളും പൊട്ടിപ്പൊട്ടിച്ചിരിച്ചു………..അവളുടെ ആ ചിരികണ്ട് ഞാനും ഒത്തിരി സന്തോഷിച്ചു…..കാരണം എല്ലാം മറന്ന് ചിരിക്കാന്‍ കഴിയുക എന്നതും ജീവിതത്തിലെ ഒരു ഭാഗ്യമാണ്.

അടിക്കുറിപ്പ്:

കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ചെറുചന്ദനാദിയെണ്ണ തേച്ച് കുളിച്ചു…..സാധനം കിടിലോല്‍ക്കിടിലം.

21 comments:

അലി said...

എനിക്കും വേണം ഇത്തിരി ചെറുചന്ദനാദിയെണ്ണ!

Anonymous said...

"സാധനം കിടിലോല്‍ക്കിടിലം"
സാധനം എന്ന് കൊണ്ട് ഉദ്ധേശിച്ചത് എണ്ണ തന്നെ അല്ലേ....?

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
അല്പം എനിക്കും.

ചാണ്ടിച്ചൻ said...

എന്തായിരുന്നു കിടിലോല്‍ക്കിടിലം...ആരാ പറഞ്ഞേ...എണ്ണ തലയില്‍ത്തന്നെയല്ലേ ഉപയോഗിച്ചത്???
രാത്രി ഉറക്കം കിട്ടണേല്‍, ഇപ്പോ താമസിക്കുന്ന വീട്ടില്‍ നിന്നും മാറിയാല്‍ മതി....ഓപ്പോസിറ്റ് ഫ്ലാറ്റില്‍ ഒരു സുന്ദരിപ്പെങ്കുട്ടിയുണ്ടായാല്‍ രാത്രി ഉറങ്ങാന്‍ പറ്റില്ലേ....

Unknown said...

നാട്ടുകാര് പിടിച്ചു തേക്കുന്നത് മുന്പ് സ്വയം തേച്ചത് നന്നായി. എന്നാലും സാജു ചേട്ടാ, ഭാര്യയെ സമ്മതിക്കണം. സാജു ചേട്ടന് വൈദ്യര് പറഞ്ഞ ആ സാധനം കലശലാനന്നു കണ്ടു ഇങ്ങനെ ഒരു പണി പണിയെണ്ടിയിരുന്നില്ല. ഒത്തിരി ചിരിച്ചു. ഞാന്‍ ഭാര്യയോടു പറഞ്ഞു . അവളും ചിരിച്ചു

നീര്‍വിളാകന്‍ said...

എനിക്കു നേരത്തെ തോന്നിയിരുന്നു മൊട്ടക്ക് ചെറു ചന്ദനാദിയല്ല, വലിയ ചന്ദനാദിയുടെ തന്നെ ആവിശ്യമുണ്ടെന്ന്... പോസ്റ്റ് നന്നായി

krishnakumar513 said...

എണ്ണ ഏതായാലും പ്രയോജനപ്പെട്ടല്ലോ?

Unknown said...

നാട്ടപിരാന്തുകാരന് അത് വേണ്ടതുതന്നെ !

"എല്ലാം മറന്ന് ചിരിക്കാന്‍ കഴിയുക എന്നതും ജീവിതത്തിലെ ഒരു ഭാഗ്യമാണ്" അത് സത്യം.

എന്റെ ബ്ലോഗില്‍ നട്സ് എഴുതി, 'രാത്രിയില്‍ മനസ്സമാധാനത്തോടെ ഉങ്ങാന്‍ കഴിയട്ടെ' എന്ന്, അത് വളരെ അര്‍ത്ഥവത്തായ, ഇന്നും എന്റെ മനസ്സില്‍നിന്നു മാഞ്ഞുപോകാത്ത ഒരു കമന്റാണ്!

sivaprasad said...

bahrainil kittumo mottettaaa???

കുഞ്ഞൻ said...

നോക്കൂ എല്ലാവരും മണ്ടനെന്നു വിളിച്ച അബുവിന്റെ കണ്ടെത്തൽ..കിടന്നാൽ ഉറക്കം കിട്ടുകയെന്നത് വളരെയേറെയുള്ള ഒരു അനുഗ്രഹമാണ്. എന്തുകൊണ്ടാണ് നട്ടാപ്പിക്ക് ഉറക്കമില്ലായ്മ വന്നത്,ജോലി സംബന്ധമായ,വീട്ടുകാര്യങ്ങൾ,ശാരീരികപരമായ ഇവയേതെങ്കിലും ഒന്നിന്റെ കാരണം കൊണ്ടായിരിക്കും. ഒരു ചമ്മലിന്റെ കഥയിലൂടെ വളരെ വലിയൊരു കാര്യത്തിലേക്കാണ് മൊട്ടേട്ടൻ വിരൽ ചൂണ്ടിയത് അതും കുഞ്ഞുണ്ണിമാഷിന്റെ കഥയിലൂടെ..

പിന്നേയ്..പണ്ട് നാലിലൊ അഞ്ചിലൊ.. നാലിലൊ അഞ്ചിലൊ എന്നെഴുതിയാൽ അത് പണ്ടാണെന്ന് എല്ലാവർക്കും അറിയാം വളരെ പണ്ട്..!

മൻസൂർ അബ്ദു ചെറുവാടി said...

വൈദ്യര് മരുന്ന് അറിഞ്ഞു കൊടുക്കേണ്ട ആളല്ലേ. എന്നിട്ടും എന്തിനാ അളവ് കുറച്ചത്.

ബോണ്‍സ് said...

"സാധനം കിടിലോല്‍ക്കിടിലം" എന്ന് വെച്ചാല്‍ ...നോസ് മാറിയോ അതോ ഉറക്കം കിട്ടിയോ? ഏതായാലും നല്ലത് തന്നെ...നാട്ടില്‍ ഇനി ബ്ലോഗേഴ്സ് മുഴുവന്‍ ഇനി ആയുര്‍വേദ കട അന്വേഷിച്ചു നടക്കുമല്ലോ!!

ഉപാസന || Upasana said...

തലയില്‍ അത്ര മാത്രം മുടിയുണ്ടോ??

Unknown said...

വൈദ്യര്‌ ഈ ബ്ലോഗെഴുത്തിന്റെ കാര്യം അറിഞ്ഞുകാണില്ല!
അല്ലെങ്കില്‍ ഒരു ലിറ്റര്‍ തന്നേനെ.....
ദുബായിലൊന്ന് നോക്കട്ടെ ആവശ്യം വരും...!

ഒഴാക്കന്‍. said...

ആ മൊട്ടത്തലയില്‍ എന്നാ തേച്ചു പിടിപ്പിച്ചു എന്നോ .. അവിശ്വസനീയം!

പാവത്താൻ said...

പിന്നേ.. വൈദ്യര്‍ക്കു ചെറുപ്പം തൊട്ടേ അറിയാമായിരുന്നെങ്കില്‍ ഉടന്‍ തന്നെ ഒന്നും ചോദിക്കാതെ 500 മില്ലി എണ്ണ എറ്റുത്തു തന്നേനേമല്ലോ...

vasanthalathika said...

എന്നും സുഖമായി ഉറങ്ങാനാവുക ഒരു വലിയ
ഭാഗ്യമാണെന്ന് അറിഞ്ഞത് വൈകിയാണ്.
ഉറക്കത്തിന്റെ രാവുകള്‍ ആശംസിക്കുന്നു.

നിരക്ഷരൻ said...

വന്നിരിക്കുന്ന ആള്‍ക്ക് നട്ടപ്രാന്താണെന്ന് മനസ്സിലാക്കാതെ പോയ കടക്കാരനെ പറഞ്ഞാല്‍ മതിയല്ലോ. അദ്ദേഹമത് മനസ്സിലായെങ്കില്‍ കടയ്ക്ക് അകത്തേക്ക് നോക്കി വിളിച്ച് പറയുന്നത് ഇങ്ങനെ. “ഡാ നാരായണാ ആ ചെറുചന്ദനാദിയെണ്ണയുടെ 20 ലിറ്ററിന്റെ പാട്ട രണ്ടെണ്ണം ഇങ്ങെടുത്തോ” :) :)

jayanEvoor said...

ഹ!! ഹ!!!

വലിയ ചന്ദനാദിയിലെത്താതെ തല തണുക്കട്ടെ!

(ഇനി അഥവാ വേണ്ടിവന്നാൽ അതിനൊപ്പം നെല്ലിക്കാത്തളം, ബ്രഹ്മിയും,കുടങ്ങലും,നെല്ലിക്കയും അരച്ചു ചേർത്ത് തലപൊത്തിച്ചിൽ, തക്രധാര....അങ്ങനെ പലതുമുണ്ട്! ആവശ്യമുള്ളപ്പോൾ എന്നോട് പറഞ്ഞാ മതി. എല്ലാം ഫ്രീ!)

അഭി said...

പോസ്റ്റും കിടിലോല്‍ക്കിടിലം.

Sulfikar Manalvayal said...

എന്തോ പറയാനാ...
"ചങ്ങലക്കും ഭ്രാന്തു പിടിച്ചാല്‍ പിന്നെ നാം എന്ത് ചെയ്യും"
"കുടുംബം മുഴുവനും ഉപയോഗിക്കാന്‍ വാങ്ങി വെക്കാംആയിരുന്നെന്നു ഇപ്പോള്‍ തോന്നുന്നു.
കുറച്ചു കാലത്തേക്ക് ഞങ്ങള്‍ക്ക് സമാധാനം കിട്ടിയേനെ.
ഹി ഹി........ നല്ല പോസ്റ്റ്‌.