മെ ഐ കമിന്‍ ടീച്ചര്‍?
ഒരു കളകൂജനം….
ഞാന്‍ കോളേജില്‍ ചേര്‍ന്ന ആദ്യ ദിവസമാണ്. മാത്രമല്ല ക്ലാസില്‍ വന്ന് ചേര്‍ന്നതു തന്നെ കോളെജ് എല്ലാം തുറന്ന് 10-15 ദിവസങ്ങള്‍ക്ക് ശേഷവുമാണ്, ആരെയും പരിചയമില്ല. അതുപോലെ ഞാന്‍ തന്നെ വളരെ വൈകിയുമാണ് അന്ന് കോളെജില്‍ വന്ന് ചേര്‍ന്നത്. വൈകിവന്ന എന്നെയും തോല്‍പ്പിച്ചുകൊണ്ട് ഒരു കളകൂജനമാണ് ക്ലാസിന്റെ വാതില്‍ നിന്നും കേള്‍ക്കുന്നത്.. തലതിരിച്ച് ആ കളകൂജനം കേട്ട വശത്തേക്ക് നോക്കുന്നതിനു മുമ്പ് മറ്റു പല കാര്യങ്ങളുമാണ് മനസ്സില്‍ വന്നത്. കരുവാരക്കുണ്ട് നിന്നും ഷോര്‍ണൂര്‍ പള്ളിപുറം പോവുന്ന മയില്‍ വാഹനത്തിലാണ് ഞാന്‍ അന്ന് കോളെജില്‍ വന്നത്. പിന്നീട് അതായിരുന്നു എന്റെ പ്രിയപ്പെട്ട ബസ്സ് സര്‍വീസ്. ഒരു മാതിരി പെട്ട വിദ്യാര്‍ത്ഥികള്‍ ഒന്നും മയില്‍ വാഹനത്തില്‍ കയറില്ല. അതിന്റെ സ്പീഡ് കൊണ്ട് തന്നെ. അതുകൊണ്ടും, റബ്ബര്‍ വെട്ട്, പാലൂറ്റല്‍ തുടങ്ങിയ അസാരം ജോലികള്‍ രാവിലെ ഉള്ളതുകൊണ്ടുമാണ് ക്ലാസില്‍ ഏറ്റവും അവസാനം വന്നത്, അതിനാല്‍ തന്നെ എന്നെക്കാള്‍ താമസിച്ച് ക്ലാസില്‍ വന്ന കളകൂജനത്തെ ഒന്ന് കാണണമായിരുന്നു.. തല തിരിച്ച് നോക്കുമ്പോള്‍ അതായിരുന്നു മനസ്സില്‍ വന്ന ആദ്യത്തെ കൌതുകം.
പ്രൈമറി ക്ലാസില്‍ പഠിച്ച പാഠത്തെ ഓര്‍മ്മിച്ചുകൊണ്ട്, ക്ലാ….ക്ലാ….ക്ലി….ക്ലീ……ക്ലൂ…..ക്ലൂ…….. ഞാന്‍ തിരിഞ്ഞു നോക്കി…..സംശയമില്ല പെണ്‍ക്കുട്ടി തന്നെ, തത്തമ്മപച്ച കലര്‍ന്ന വെളുത്ത പുള്ളികള്‍ ഉള്ള പാവാട, പിന്നെ ആ പാവാടയ്ക്ക് യോജിക്കുന്ന ഒരു വെളുത്ത കളറുള്ള ഒരു ജാക്കറ്റ്, നല്ല മുഖശ്രീയുള്ള കൊലുന്നനെയുള്ള ഒരു പെണ്‍ക്കുട്ടി. ആ രൂപം ഇപ്പോഴും മറക്കാന്‍ കഴിയില്ല. ചില പെണ്‍ക്കുട്ടികളുടെ സുന്ദരരൂപങ്ങള്‍ അങ്ങിനെയാണ്, ജീവിതത്തില്‍ ആദ്യം കാണുന്ന അത്തരം ചില സുന്ദരമുഖങ്ങള്‍ അവസാനശ്വാസം വരെ മനസ്സില്‍ നിന്ന് പോവില്ലല്ലോ. ഇന്നെനിക്ക് വിവാഹം കഴിഞ്ഞ് 2 കുട്ടികള്‍ ആയി, എന്നിട്ടും ആ തത്തമ്മപച്ച വസ്ത്രധാരിയായ പെണ്‍ക്കുട്ടിയുടെ രൂപം ഇന്നും മനസ്സില്‍ ഉണ്ട്, ഇതു വരെ അവിടെനിന്നും പോയിട്ടില്ല.. പണ്ട് മാത്യൂമറ്റത്തിന്റെ നോവല്‍ മംഗളം ആഴ്ചപ്പതിപ്പില്‍ കുഞ്ഞുനാളില്‍ വായിച്ചത് ഇപ്പോഴും മനസ്സിലുണ്ട്, അതില്‍ പറഞ്ഞിരുന്നത് ചില പെണ്‍ക്കുട്ടികളെ ആദ്യമായി കാണുമ്പോള്‍ എന്തോ ഒരു വൈബ്രേഷന്‍ നമ്മള്‍ ആണുങ്ങളുടെ ഉള്ളില്‍ ഉണ്ടാവുമെന്ന് അദ്ദേഹത്തിന്റെ നിത്യഹരിത ജോഡികളായ ജോര്‍ജ്ജ് കുട്ടി-ജാന്‍സി, ജയിംസ്-സിസിലി, ഫിലിപ്പ്-അമ്മിണിക്കുട്ടി, പൊറിഞ്ചു-ജൂലിയറ്റ് തുടങ്ങിയ ജോഡികളെ മുന്‍ നിറുത്തി എനിക്ക് പറയാന്‍ കഴിയും, മംഗളത്തില്‍ പണ്ടത് വായിച്ചറിഞ്ഞത് ആ പെണ്‍ക്കുട്ടിയെ കണ്ടപ്പോള്‍. ഞാനും ജീവിതത്തില്‍ ആദ്യമായിട്ടന്ന് അനുഭവിച്ചു.
മഞ്ചേരി എന്‍.എസ്.എസ് കോളെളില്‍ നിന്നും കയ്യിലിരിപ്പുകൊണ്ട് മലയാളത്തിന് വരെ തോറ്റമ്പി പ്രീഡിഗ്രി കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍, ചേട്ടന്റെ വക മഹിഷാസുരമര്‍ദ്ദനവും, അമ്മയുടെ വക തിരുവിളയാട്ടവുമായിരുന്നു എനിക്ക് കിട്ടിയത്. ഒപ്പം എന്റെ സ്വന്തമായിരുന്ന എല്ലാ സര്‍വ്വ മൂലധനങ്ങളും മുറ്റത്തെ ചെന്തങ്ങിന്‍ ചുവട്ടില്‍ പറന്നിറങ്ങി.. ആകെയുള്ള ആശ്വാസം പ്രാക്ടിക്കല്‍ പരീക്ഷയില്‍ നല്ല മാര്‍ക്ക് കിട്ടിയിരുന്നുവെന്നതാണ്.. അത് കൊണ്ട് കാര്യമില്ലല്ലോ. എല്ലാ വിഷയവും സെപ്തബറില്‍ എഴുതിയെടുത്തുകൊള്ളാമ്മെന്ന് വീട്ടിലെ അന്നത്തെ എ.ഡി.ബി ബാങ്കായ അമ്മച്ചിയോട് ഏതോ ഒരു മഞ്ഞുരുകിയ ദിവസം പറഞ്ഞപ്പോള്‍, മലയാളസിനിമയിലെ ഫിലോമിന ചേച്ചിയ്ക്ക് പോലും അത്ര നല്ല ഒരു ഡയലോഗ് നമ്മുടെ സിദ്ദീഖ്-ലാല്‍ പോലും പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല.. എന്റെ വളര്‍ത്തമ്മയായ പൂതംക്കോടന്‍ ആയിച്ചാത്ത പോലും അത്ര കടുപ്പത്തില്‍ ആരെയും കളിയാക്കിയിട്ടുണ്ടാവില്ല.. പിന്നെ സ്വന്തമായി വട്ടചിലവിനുള്ള പൈസയുണ്ടാക്കുക, സ്വന്തമായി ഫീസ് സംഘടിപ്പിച്ച് സെപ്റ്റബറില്‍ തന്നെ പരീക്ഷ പാസാവുക എന്നതായിരുന്നു. മുഖ്യ അജണ്ടയും വാശിയും. അങ്ങിനെയാണ് പിന്നെ ഞാനെന്റെ ജീവിതത്തില്‍ ഒരു പെറ്റിബൂര്‍ഷ്വാ ആയി മാറുന്നത്.
സെപ്തബറില്‍ എല്ലാ വിഷയവും എഴുതിയെടുത്തു. അടുത്ത വര്‍ഷം വീണ്ടും ഡിഗ്രിയ്ക്ക് മഞ്ചേരി എസ്. എസ്സ്. എസ്സില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, എന്റെ മുന്‍കാലപരിചയം വച്ച് വീട്ടുകാര്‍ അതിന് മുടക്കം പറഞ്ഞു. അടുത്ത അധ്യായാ വര്‍ഷം വരെയുള്ള വെറുതെയുള്ള സമയം കളയണ്ടല്ലോ എന്ന് കരുതി, മണ്ണാര്‍ക്കാട് എം. ഇ. എസ്സ് കോളെജില്‍ പുതിയതായ തുടങ്ങിയ കമ്പ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്നു.(പ്രി.ഡിഗ്രി സമയത്ത് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവര്‍ക്ക് അനുകൂലമായിരുന്നു എന്റെ മനസ്സ്. ബൂര്‍ഷ്വ ആയാല്‍ പിന്നെ എല്ലാം തള്ളീപ്പറയാമല്ലോ). പ്രീഡിഗ്രിക്ക് എന്റെ കൂട്ടുകാരായ അനിലും, ഹംസയും യഥാക്രമം. പട്ടാളത്തിലും, സൌദിയ്ക്കും പോയതിനാല്‍ തിരിച്ച് വീണ്ടും മഞ്ചേരി കോളേജില്‍ ചേരാന്‍ ഒരു മാനസീകമായ ഒരാഗ്രഹവും എനിക്കുണ്ടായിരുന്നില്ല. പിന്നെ എന്തായാലും ഒരു ഡിഗ്രി എഴുതിയെടുക്കണമെന്ന് കരുതിയാണ് പെരിന്തല്‍മണ്ണയിലുള്ള കോ.ഓപ്പറേറ്റിവ് കോളേജില്‍ പ്രൈവറ്റായി ബി. കോമിന് ചേര്‍ന്നത്, പെരിന്തല്‍മണ്ണ തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണമായിട്ടുണ്ടായിരുന്നത്. ഹോട്ടല്‍ സബ്രീനയിലെ മുത്തപ്പന്‍ ബാര്‍, ഏതു സിനിമയും റിലീസിംഗ് നടത്തുന്ന അലങ്കാര്‍(കെ/സി), ജഹനറ, സവിത, സംഗീത, എന്തിന് അങ്ങാടിപ്പുറം ചിത്രാലയ എങ്ങിനെ പരന്ന് കിടക്കുന്ന തിയ്യറ്ററുകള്‍. പിന്നെ ഒരു ഫസ്റ്റ് ഷോ കണ്ടാലും, ആ ആളുകളെയെല്ലാം സ്വീകരിച്ച് രാത്രി ഒമ്പതര കഴിഞ്ഞു നടത്തുന്ന പെരിന്തല്‍മണ്ണ-കരുവാരകുണ്ട് ബസ്സ് സര്‍വീസ്. വിദ്യാര്‍ത്ഥിക്കള്‍ക്കുള്ള ഇത്തരം സൊഫിസ്റ്റിക്കേറ്റഡ് യൂസര്‍ ഫ്രണ്ട് ലി കസ്റ്റമര്‍ സെര്‍വീസ് ഉണ്ടായത് കൊണ്ടാണ് പെരിന്തല്‍മണ്ണ പഠിക്കാനായിട്ട് തിരഞ്ഞെടുത്തത്. അങ്ങിനെ കോളെജില്‍ ചേര്‍ന്ന ആദ്യ ദിവസത്തെ കാര്യമാണ് മുകളില്‍ എഴുതിയത്.
അന്നും ഇന്നും പഞ്ചാരയെന്റെ ഒരു വീക്ക്നെസ് ആയതിനാലും, ക്ലാസിലെ കുട്ടികളെക്കാള്‍ ഒരു വയസ്സ് കൂടിയതിനാലും, ആ ഗുണങ്ങള്‍ വളരെ സ്വതസിദ്ധമായി ഉപയോഗിച്ച് കുറച്ച് ദിവസ്സത്തിനുള്ളില്‍ ക്ലാസിലെ എല്ലാ പെണ്‍കുട്ടികളോടും ഞാന്‍ പരിചയപ്പെടുകയും, സംസാരിക്കുകയും ചെയ്തെങ്കിലും ആ “തത്തമ്മപച്ച”യോട് എനിക്ക് സംസാരിക്കാന്‍ നാണവും, സംസാരിക്കാന്‍ ശ്രമിക്കുന്ന സമയത്ത് തന്നെ തോണ്ടയിലെ വെള്ളം വറ്റും, ഒരു വിധത്തില്‍ പറഞ്ഞാല്‍ ചിന്നവൈക്ലബ്യം. അതിനാല്‍ തന്നെ ആ കുട്ടിയോട് ഒന്ന് സംസാരിക്കണമെന്ന ആഗ്രഹം ഗണപതിയുടെ വിവാഹം പോലെ സോറി കോഴിക്ക് മുല വരുന്നത് പോലെ നീണ്ടു പോയി,
വിവാഹം എന്ന ബന്ധത്തോട് ചെറുപ്പത്തില്‍ തന്നെ എതിര്‍പ്പായിരുന്നു എനിക്ക്, എന്റെ കണ്ണില്‍ ഇതു പോലെ വിവാഹജീവിതം കഴിച്ച് സ്നേഹത്തോടെ ജീവിക്കണമെന്ന് കരുതുന്ന തരത്തിലുള്ള ഒരു കുടുംബമോ, കുടുംബബന്ധമോ ഞാന്‍ നേരില്‍ കണ്ടിരുന്നില്ല. എന്തിന് എന്റെ അച്ഛനും അമ്മയും, ഞങ്ങള്‍ മക്കളുടെ മുമ്പില്‍ സ്നേഹിച്ച്, കളിതമാശകള്‍ പറയുന്നത് കണ്ടിട്ടില്ല, പക്ഷെ അതിലേറെ അവര്‍ നിസാരകാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുന്നത് ഒത്തിരി കണ്ടിട്ടുണ്ടുമുണ്ട്. മക്കളുടെ മുമ്പില്‍ മാതാപിതാക്കള്‍ സ്നേഹത്തോടെ കഴിയുന്നതും, പെരുമാറുന്നതും മക്കളുടെ ജീവിതത്തില്‍ എത്ര സന്തോഷമുണ്ടാക്കുമെന്ന് അല്ലെങ്കില്‍ അവരുടെ വ്യക്തിജീവിതത്തില്‍ എത്രമാത്രം ഉപകരപ്പെടുമെന്ന് അവര്‍ക്ക് അറിയില്ലായിരിക്കും, ഇന്നും ഇതറിയാത്ത ഒത്തിരിപേരെ നമ്മുക്ക് നമ്മുടെയെല്ലാം ജീവിതത്തില്‍ കാണം. അല്ലെങ്കില്‍ അവരുടെ സ്നേഹപ്രകടനമെല്ലാം അവരുടെ സ്വകാര്യതകളില്‍ ആയിരുന്നിരിക്കും, (പക്ഷെ പിന്നീട് ഞാന്‍ മനസ്സിലാക്കിയിരുന്നു., ഒരു സ്ത്രീയുടെ ജീവിതത്തീലെ ഏറ്റവും ഇരുണ്ട സമയം, വിധവയായി പറക്കമുറ്റാത്ത മക്കളെ വളര്‍ത്തുന്നതാണെന്ന്. അതിനാല്‍ തന്നെയായിരിക്കും. ഈ ലോകത്തിലെ ഏറ്റവും വിശുദ്ധമായത് “അമ്മ”യെന്ന നാമമായതും., അമ്മയുടെ തലോടല്‍ കിട്ടുമ്പോള്‍ ദൈവികമായ ഒരു ആശ്വാസം നമ്മുക്ക് കിട്ടുന്നതും.). പ്രണയമെന്ന അത്തരം വികാരങ്ങളോ, വിചാരങ്ങളോ എനിക്ക് മുമ്പ് കണ്ടുമുട്ടിയിട്ടുള്ളതോ, അല്ലെങ്കില്‍ നാട്ടിലെയോ, അതുമലെങ്കില്‍ മറിച്ച് ക്ലാസിലെ ഒരു കുട്ടികളോടും തോന്നിയിരുന്നില്ല.. പക്ഷെ സംസാരിച്ച് എല്ലാവരുമായി നല്ല ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാന്‍ ഞാന്‍ മിടുക്കനായിരുന്നെന്ന് എന്നെ പറ്റി എല്ലാവരും പറയാറുണ്ട്, ക്ലാസ്സില്‍ പെണ്‍ക്കുട്ടികളോടുള്ള എന്റെ സംസാരം തെറ്റിദ്ധരിക്കപ്പെട്ട് “പരക്കപഞ്ചാര”യെന്ന പേരും വീണു. എന്നിട്ടും ആ തത്തമ്മ പച്ചയോട് സംസാരിക്കാന്‍ എനിക്ക് മടിയും നാണവുമായിരുന്നു. പ്രണയമില്ലെങ്കിലും….എന്തോ ഒരു ആകര്‍ഷണീയത എനിക്ക് ആ തത്തമ്മപ്പച്ചയോട് തോന്നിയിരുന്നു എന്നത് സത്യമാണ് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍..
തോട്ടത്തിലെ അടയ്ക്കപറിയ്ക്കാന്‍ ആളെ വിളിക്കുന്നതിലും, അതില്‍ നിന്ന് ചില അവിഹിത വീതം പറ്റുന്നതിനാലും, റബ്ബര്‍വെട്ട്, അതിലെ ഒട്ട്പാലിന്റെ മൊത്തവ്യാപാരം എന്നിങ്ങനെയുള്ള ആഭ്യന്തരവരുമാനമാര്‍ഗ്ഗത്താല്‍ പെരിന്തല്‍മണ്ണ കോളേജില്‍ പടിക്കുന്ന സമയത്ത് “ജോര്‍ജ്ജ്കുട്ടിയ്ക്ക്” അധികം പ്രശ്നമുണ്ടായിരുന്നില്ല.. എല്ലാം കൂടി ഒത്ത് കിട്ടി നല്ല ഒരു തുകയുണ്ടെങ്കില്‍ ക്ലാസ്സ് കഴിഞ്ഞ് ആരുമറിയാതെ പെരിന്തല്‍മണ്ണ സബ്രീനയില്‍ രാത്രി ഒരു മുറിയെടുക്കുക, അലങ്കാര്‍ തീയറ്ററില്‍ പോയി സെക്കന്റ് ഷോ കാണുക. “പകലരുത്, പലരതുത്” എന്ന വിശ്വാസസംഹിതയില്‍ വിശ്വസിക്കുന്നതിനാല്‍,, സബ്രീനഹോട്ടലിന്റെ താഴെയുള്ള “മുത്തപ്പന്‍ ബാറില്‍/“ പോയി രണ്ടെണ്ണം വീശി, റോഡ് സൈഡില്‍ തന്നെയുള്ള തട്ടുകടയില്‍ നിന്നും ബീഫ് ഫ്രൈയും, പറോട്ടയും കഴിച്ച് സുഖമായി രാത്രി കിടന്നുറങ്ങുക.. പിറ്റേന്ന് കോളെജില്‍ നേരത്തെയെത്തുക അതായിരുന്നു പരിപാടി.
ദിവസങ്ങള്‍ അങ്ങിനെ കടന്ന് പോയി, അപ്പോഴെയ്ക്കും, നല്ല ഒത്തിരി കൂട്ടുകാരെയും എനിക്ക് കിട്ടിയിരുന്നു. സജി, സന്തോഷ്, ദിവാകരന്‍, ലത്തീഫ്, ഹനീഫ, ശ്രീനിവാസന്‍, രാജേഷ്, എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. അങ്ങിനെയിരിക്കെ കോളേജില്‍ ഓണത്തിന് പൂക്കളമത്സരം നടത്തി, പൂക്കളമത്സരം നടന്ന് ഉച്ച കഴിഞ്ഞപ്പോള്‍ എല്ലാവരും ഫ്രീ. അങ്ങിനെയാണെങ്കില്‍ സിനിമയ്ക്ക് പോവാം എന്നായി എല്ലാവരും, പക്ഷെ കോളെജില്‍ നിന്നും സിനിമയ്ക്ക് പോവുമ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം ഒപ്പം ഓരോ കൂട്ടുകാരികളും ഉണ്ടായിരുന്നു, എനിക്കും ഹനീഫയ്ക്കും മാത്രം ടച്ചിംഗിനായി കൂട്ടുകാരികള്‍ ഉണ്ടായിരുന്നില്ല.. മഹിളകളുടെ നിര്‍ബന്ധത്താല്‍ “മായാമയൂരം“ എന്ന മോഹന്‍ലാല്‍ സിനിമയായിരുന്നു അന്ന് അലങ്കാറില്‍ കളിച്ചിരുന്നത്.. മോഹന്‍ലാലിന്റെ കിടിലന്‍ ഗെറ്റപ്പും , മനോഹരമായ ഹൈയര്‍സ്റ്റൈലും ആയിരുന്നു മായാമയൂരം കാണാനായി തിരെഞ്ഞെടുക്കാന്‍ കാരണം. അന്ന് ബൂര്‍ഷ്വ ഞാനായതിനാല്‍ ടിക്കറ്റെല്ലാം എന്റെ വക, ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പെണ്‍ക്കുട്ടികളുടെ ഇടയില്‍ പോങ്ങച്ചം കാണിച്ചതായിട്ടാണ് എനിക്കത് തോന്നുന്നത്. കൂടെ വന്ന കൂട്ടുകാരികളും, കൂട്ടുകാരികളും, മായാമയൂരത്തിലെ സ്റ്റൈലന്‍ മോഹന്‍ലാലും, രേവതിയുമായി സ്വയം മാറി ആസദിച്ചിരിക്കുന്നു. അങ്ങിനെ സിനിമ കണ്ടിരിക്കേ, ഹനീഫ എന്നോട് പറഞ്ഞു, അവന് ക്ലാസില്‍ പടിക്കുന്ന സലീമയെ ഒന്ന് ലൈനാക്കണം, ഒന്ന് റെഡിയാക്കി കൊടുക്കാന്‍ എന്നോട് പറഞ്ഞു, എന്റെ കൂട്ടുകാരെല്ലാം ഓരോരുത്തരെ ലൈനാക്കിയതില്‍ എന്റെ വാക്കുകളാലുള്ള മധുരമനോക്ഞവും, പ്രണയസുരഭിലവുമായ ദൂതും ഉണ്ടായിരുന്നു. അപ്പോള്‍ അവനോട് ഞാന്‍ ഒരു പെണ്‍കുട്ടിയെ വളയ്ക്കാനുള്ള ആ പരമരഹസ്യം അവന് അലങ്കാര്‍ തിയ്യറ്ററിന്റെ ശീതളിമയില്‍ മനസ്സിലാക്കി കൊടുത്ത അത് പരീക്ഷിക്കാന്‍ പറഞ്ഞു. അത് കേട്ടനേരം അവനെന്നോട് പറഞ്ഞത് “എടാ സാജൂ അതാണല്ലെജ്ജ് ആ തത്തമ്മപ്പച്ചേണോട് മുണ്ടാത്തത്………ജ്ജ് ആ റസിയനോട് വര്‍ത്താനം പറയുമ്പൊള് ആ തത്തമ്മപച്ച അന്നെ തന്നെ നോക്കിയിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജ്ജ് അതാ ഓളോട് മുണ്ടാത്തത്? ഞാന്‍ ആ സമയത്ത് എന്റെ നയം വ്യക്തമാക്കി. കണ്ടിഷന്‍ഡ് ആയ പ്രണയം അത് ഒരു സ്വാര്‍ത്ഥതയാണെങ്കിലും;. എന്നിരിക്കിലും , മനസ്സിന് ഇഷ്ടപ്പെട്ട് ഒരു പെണ്‍ക്കുട്ടിയെ പ്രണയിച്ചാല്‍, അവളുടെ സ്നേഹം അറിഞ്ഞ് നടപ്പ്സമൂഹത്തില്‍ ജീവിക്കണമെങ്കില്‍ കല്ല്യാണം കഴിക്കണം, അല്ലാതെ വെറുതെയുള്ള ഒരു പ്രണയത്തിന് എനിക്ക് താല്പര്യമില്ലെന്ന് ഞാന്‍ ഹനീഫയോട് പറഞ്ഞു, (ഇന്ന് ഹനീഫ ജിദ്ദയില്‍ ജോലി ചെയ്യുന്നു). മാത്രമല്ല എന്റെ അമ്മച്ചി പറയാറുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്, അനാവശ്യമായി സ്ത്രീകളുടെ കണ്ണിരു വിഴ്ത്തുകയോ, ശാപങ്ങളില്‍ ഏറ്റവും വലുതായ സ്ത്രീശാപം വാങ്ങുകയോ ചെയ്യരുതെന്ന്.
മായാമയൂരം കണ്ട് എല്ലാവരും ഓണാവധിക്ക് പോയി, ഇന്നെത്തെപോലെ മൊബൈല്‍ ഇല്ലാതിരുന്നതിനാല്‍ എല്ലാവരും, നോട്ട്ബുക്കില്‍ തപാല്‍ വിലാസം കുറിച്ചെടുത്തു. അവധിക്ക് കത്തുകളെഴുതാന്‍ പരസ്പരം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞു കോളെജ് തുറന്നു. അന്നേരം ആ തത്തമ്മപച്ച ക്ലാസിലും മറ്റും എന്നെ കാണുമ്പോള്‍ ചെറുതായി സ്വയം ഉള്‍വലിയാന്‍ ശ്രമിക്കുന്നതായി മനസ്സിലാക്കാന്‍ സാധിച്ചു, മാത്രമല്ല തത്തമ്മപച്ചയുടെ ഒപ്പമുള്ള റസിയ എന്നെ നോക്കി ഒരു കളിയാക്കലും, കാര്യത്തില്‍ എന്തോ ഒരു പന്തികേട് എനിക്കും തോന്നിതുടങ്ങി.. പിന്നീട് ഒരാഴ്ച ആ തത്തമ്മപച്ച ക്ലാസിലും വന്നില്ല.എന്റെ കണ്ണുകള്‍ അവളെ പ്രതീക്ഷിച്ച് എന്നും വഴിയിലേക്ക് നോക്കും., അന്നേരം എനിക്ക് മനസ്സിലായി, അവളെ കാണാന്‍ എന്റെ മനസ്സ് തുടിക്കുന്നുണ്ടെന്ന്., എന്റെ മനസ്സില്‍ അവള്‍ക്ക് ഒരു സ്ഥാനമുണ്ടെന്ന്.. ഒരാഴ്ച കഴിഞ്ഞ് അവള്‍ ക്ലാസില്‍ വന്നപ്പോള്‍ പതിവിലും സുന്ദരിയായി എനിക്ക് തോന്നി. അത് പിന്നെ നമ്മള്‍ക്ക് ഇഷ്ടപ്പെടുന്ന പെണ്‍ക്കുട്ടിയായിരിക്കുമല്ലോ ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍ക്കുട്ടി. എന്റെ ചെറുതമാശകള്‍ ആ പെണ്‍കുട്ടിയ്ക്ക് ഇഷ്ടമാണെന്ന് ഞാനറിഞ്ഞു. പിന്നീട് പതുക്കെ പതുക്കെ ഞങ്ങള്‍ നല്ല കൂട്ടുകാര്‍ ആയി, ഒത്തിരി കാര്യത്തില്‍ ഞങ്ങളുടെ ഇഷ്ടങ്ങളും ഒന്നായിരുന്നു. ആകെയുള്ള ഒരു വിത്യാസം ടെന്നീസ് കളിക്കാരിയില്‍ ആയിരുന്നു. എനിക്കിഷ്ടം മോണിക്ക സെലസിനെയും, ആ പച്ചപാവാടക്കാരിക്ക് ഗബ്രിയേല സബാറ്റിനിയേയും ആയിരുന്നു. ഇടയ്ക്ക് ഞാന്‍ ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ അനിയത്തിക്ക് പ്രിഡിഗ്രിസെക്കന്റ് ഗ്രൂപ്പിലെ റെക്കോര്‍ഡ് വരച്ച് കൊടുത്തത് കണ്ട്, ആ തത്തമ്മപ്പച്ചയും ആ ആവിശ്യം ആ കുട്ടിയുടെ അനിയത്തിക്കായി ചെയ്തുകൊടുക്കുമോ എന്നു ചോദിച്ചു. ഏതൊരു അനുരാഗവിലോചനന്‍ ചെയ്യുന്നത് പോലെ ഞാനും ചെയ്തുകൊടുക്കുകയും, എനിക്ക് വളരെയധികം ഇഷ്ടപെട്ട പാര്‍ലെയുടെ “മാംഗോ ബയിറ്റ്” ഒരു പായ്ക്കറ്റ് എനിക്ക് സമ്മാനമായി നല്‍കി. എനിക്ക് മാംഗോ ബയിറ്റ് ഒത്തിരിയിഷ്ടമാണെന്നറിഞ്ഞതിനാല്‍ ആ മിഠായി മിക്കദിവസവും ആ പെണ്‍ക്കുട്ടി സ്നേഹത്തോടെ വാങ്ങിതന്നിരുന്നു. തിരിച്ച് ആ തത്തമ്മപ്പച്ചയ്ക്കും, റസിയക്കും, കാന്റീനില്‍ നിന്നും പരിപ്പ് വടയും, പഴമ്പൊരിയും എന്റെ വകയും,
അതിനിടയില്‍ കോളെജ് മാഗസിനില്‍, ചില ചെറുലേഖനങ്ങള്‍, കുഞ്ഞുകഥകള്‍ എല്ലാം ഞാന്‍ എഴുതിയിരുന്നു. ഒരു ദിവസം ആ തത്തമ്മപ്പച്ച പെണ്‍ക്കുട്ടി എന്നോട് ചോദിച്ച് എങ്ങിനെയാണ് സാജു ഈ കഥകള്‍ ഒക്കെ എഴുതുന്നത്. ഇതൊക്കെ വെറും കഥകള്‍ ആണോ, അതോ ഈ എഴുത്തുകാര്‍ എഴുതുന്നതെല്ലാം സ്വന്തം ജീവിതത്തില്‍ നിന്ന് തന്നെയാണോയെന്ന്.. ഞാനോരു ചിരിയില്‍ അതിന്റെ ഉത്തരം ഒതുക്കി.
ഇതിനിടയില്‍ ഒരു വിദ്യാഭ്യാസവര്‍ഷം കഴിയാറായി, ഞാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബി.കോമിന് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അത് ഈ അവസരത്തില്‍ നിരസിക്കപ്പെട്ടു,. കാരണം തിരക്കി യൂണിവേഴ്സിറ്റിയില്‍ പോയി അന്വേഷിച്ചപ്പോള്‍ നിരസിക്കാന്‍ കാരണം പ്രിഡിഗ്രി സെക്കന്റ് ഗ്രുപ്പ് എടുത്ത് പാസായ ഒരു കുട്ടി ബി.കോമിന് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മിനിമം 55% മാര്‍ക്ക് വേണം, പട്ടികജാതി പട്ടികവര്‍ഗമാണെങ്കില്‍ ഇത് പ്രശ്നമല്ല, മാത്രമല്ല എന്റെ ജാതിക്കോളത്തില്‍ “കെ.പി.സി.ആര്‍” എന്നാണ് മഞ്ചേരി കോളെജില്‍ നിന്നും പ്രിഡിഗ്രി സമയത്ത് യൂണിവേഴ്സിറ്റിയില്‍ പോയ രജിസ്റ്റര്‍ പേപ്പറില്‍ എഴുതിയിരുന്നത്. പിന്നെ അത് തിരുത്താന്‍ മഞ്ചേരി കോളെജിലേക്ക് ഓടി…..എങ്ങിനെ എല്ലാവരും പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് ഞാന്‍ യൂണിവേഴ്സിറ്റിയുടെ തിണ്ണയില്‍കൂടി നിരങ്ങിനടന്നു. അവസാനം “കെ.പി.സി.ആര്‍” എന്ന ജാതിക്കോളത്തില്‍ എഴുതിയതിന്റെ ഫുള്‍ഫോം മനസ്സിലായി “കെ.പി. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്:“ എന്നത് ലോപിപ്പിച്ച് ആണ് അവര്‍ എന്റെ ജാതിക്കോളത്തില്‍ “കെ.പി.സി.ആര്‍” എന്നെഴുതിയത്. അത് തിരുത്തി വന്നപ്പോള്‍ വീണ്ടും ശതമാനക്കണക്കില്‍ ഞാന്‍ വീണു. 55% ശതമാനത്തിന് പകരം എനിക്ക് പ്രിഡിഗ്രിക്ക് ഉണ്ടായിരുന്നത്. 53.75% ആയിരുന്നതിനാല്‍ എന്നെ ബി.കോം എഴുതുന്നതില്‍ നിന്നും പുറത്താക്കി,, വീണ്ടും ഒരു വര്‍ഷം കളയാന്‍ ഇല്ലാതിരുന്നതിനാല്‍ ബി.എ. ഇക്കോണോമിക്സിന് ചേര്‍ന്നു. അതിന് ചേരാന്‍ ഈ ശതമാനക്കണക്ക് ബാധകവുമല്ല. എന്തെല്ലാം വിദ്യാഭ്യാസപരിഷ്ക്കാരങ്ങള്‍.. അങ്ങിനെ ക്ലാസ് തീരാന്‍ മാസങ്ങള്‍ ഉണ്ടായിരിക്കേ ഞാന്‍ ബീ.കോം ക്ലാസില്‍ നിന്നും ബി.എ ക്ലാസിലേക്ക് മാറി…….അങ്ങിനെ തത്തമ്മപ്പച്ചയെ കണ്ട് വെള്ളമിറക്കിയുള്ള എന്റെ പഠനം തീര്‍ന്നു. പിന്നെ ടീച്ചര്‍മ്മാരുടെ സഹായവും, കൂട്ടുകാരുടെ സഹായവും ഒക്കെയായി……ബി.എ നന്നായി എഴുതിയെടുക്കണമെന്ന് എനിക്കും വാശിയായി. സ്റ്റഡിലീവ് ആരംഭിച്ചു.. ഹാള്‍ടിക്കറ്റ് എത്തിയിരിക്കുന്നുവെന്ന് പത്രത്തില്‍ വാര്‍ത്ത വന്നത് കണ്ട്, ഹാള്‍ടിക്കറ്റ് വാങ്ങാന്‍ പോയപ്പോള്‍ എനിക്ക് എന്റെ പേരില്‍ ഹാള്‍ടിക്കറ്റ് വന്നിട്ടില്ല. അന്നേരം തന്നെ മഞ്ചേരിയില്‍ നിന്നും യൂണിവേഴ്സിറ്റിയിലെക്ക് വിട്ടടിച്ചു. അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍, എന്റെ പേരിലുള്ള ഹാള്‍ടിക്കറ്റ് പോയിരിക്കുന്നത് കണ്ണൂര്‍ ബ്രണ്ണന്‍ കോളെജിലേക്ക്.. അതിന്റെ റിപ്പോര്‍ട്ടും വാങ്ങി തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ എനിക്ക് തോന്നി…….എന്നെ പിന്തുടരുന്ന ഓരോരോ പ്രശ്നങ്ങള്‍. ഹാള്‍ ടിക്കറ്റ് ഇല്ലാതെ എങ്ങിനെ പരീക്ഷ എഴുതും…….അന്നാണ് ഞാന്‍ ആദ്യമായി ദൈവത്തോട് പ്രാര്‍ത്ഥിച്ചതെന്ന് തോന്നുന്നു ഈ വിഷമസന്ധിയില്‍ നിന്നും ഒന്ന് രക്ഷിക്കാന്‍. നട്ട്സ് പോയ അണ്ണാനെപ്പോലെ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. നാളെ ഇംഗ്ലീഷ് പരീഷയാണ്. ഇനി ഒരു പരീക്ഷ തോല്‍വി താങ്ങാനുള്ള മനക്കരുത്ത് എനിക്കും ഉണ്ടായിരുന്നില്ല., ഒപ്പം ഒരു വര്‍ഷവും. എന്തായാലും അങ്ങിനെ ആ ദിവസം ഞാന്‍ അമ്മച്ചിയുടെ കൂടെ ആദ്യമായി സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ചേര്‍ന്നു. എത്രയോ ദിവസങ്ങള്‍ക്ക് ശേഷം അമ്മച്ചി അത് കണ്ട് എന്നോട് ചിരിക്കുകയും…അമ്മച്ചിയുടെ ആ സന്തോഷം..എനിക്കിഷ്ടമുള്ള കറികള്‍ ഉണ്ടാക്കിതന്ന് ഒരു അമ്മയുടെ സ്നേഹം എങ്ങിനെ പ്രകടിപ്പിക്കാമെന്ന് കാണിച്ചുതരികയും ചെയ്തു. അമ്മച്ചിയോട് എന്റെ സങ്കടം പറയുകയും, എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുക. അത് പോലെ എല്ലാം നല്ലെതിനെന്ന് കരുതി സന്തോഷിക്കാനും പറഞ്ഞ് അമ്മച്ചി ആശ്വസിപ്പിച്ചൂ. അന്ന് ഞാന്‍ അമ്മയുടെ കൂടെ കിടന്നുറങ്ങുകയും ചെയ്തൂ……രാവിലെ എഴുന്നേറ്റ് പത്രം നോക്കിയപ്പോള്‍ എനിക്ക് എന്നെ തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ പരീക്ഷ മാറ്റിവച്ചിരിക്കുന്നു. എന്നെപ്പോലെ ഹാള്‍ടിക്കറ്റ് കിട്ടാത്ത കുട്ടികള്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെക്ക് ഉത്തരക്കടലാസ് കൊണ്ടുവന്ന യൂണിവേഴ്സിറ്റിയുടെ വാഹനം തല്ലിപ്പോളിച്ച് ഉത്തരകടലാസുകള്‍ വലിച്ച്കീറിയതിനാല്‍ പരീക്ഷ മാറ്റി വച്ചിരിക്കുന്നു. ഞാന്‍ നിന്ന നിലയില്‍ എട്ട് ചാട്ടം……അന്ന് തന്നെ യുണിവേഴ്സിറ്റിയില്‍ പോയി ഹാള്‍ടിക്കറ്റിന്റെ കാര്യം ശരിയാക്കി തിരിച്ചുവന്നു. ഈ വിവരം ഞാന്‍ എല്ലാ കൂട്ടുകാര്‍ക്കും കത്തയച്ച് അറിയിച്ചു. അത് പോലെ ആ തത്തമ്മപ്പച്ചയ്ക്കും. അങ്ങിനെ ഞാന്‍ ആദ്യമായി ഒരു പെണ്‍ക്കുട്ടിക്ക് കത്തെഴുതുകയാണ്. എഴുതി…….ഒരാഴ്ച കഴിഞ്ഞില്ല…ആ തത്തമ്മപ്പച്ചക്കാരിയുടെ മറുപടി കത്ത് ഒരു കവറില്‍ എന്റെ വിലാസത്തില്‍, ഞാന്‍ ആകെ “വികാരവിശ്വംഭരനായി” ആദ്യമായി എന്റെ വിലാസത്തില്‍ ഒരു പെണ്‍ക്കുട്ടിയുടെ കത്ത്.. കത്ത് പോട്ടിച്ചപ്പോള്‍ കുത്ത് കിട്ടിയപോലെയായി ഞാന്‍. ഞാന്‍ അയച്ച കത്ത് ചുമരില്‍ അടിച്ച പന്തുപോലെ എനിക്ക് തിരിച്ച് അയച്ചിരിക്കുന്നു. ഒപ്പം ഒരു വാചകവും. “ഇത് സാജു അയച്ചതാണോ എന്ന് എനിക്കറിയില്ല. അതിനാല്‍ മറുപടിയ്ക്കായി എഴുതിയ വിലാസത്തില്‍ ഈ കത്ത് തിരിച്ചയക്കുന്നു” ഞാന്‍ ബൈബിള്‍ എടുത്ത് ഉത്തമഗീതം എഴാം അധ്യായം, പ്രത്യേകിച്ച് അതിലെ 12 മുതല്‍ 13 വരെയുള്ള വാചകങ്ങള്‍ വായിച്ച് എന്റെ ഹൃദയവേദനയുടെ ശക്തി കുറച്ചു.
പരീക്ഷയെല്ലാം കഴിഞ്ഞ് വീണ്ടും എല്ലാവരും ക്ലാസില്‍ എത്തി, ഞാന്‍ ആ തത്തമ്മപ്പച്ചയെ കാത്തിരുന്നു. പതിവ് പോലെ രണ്ട് മൂന്ന് ദിവസം ആളെ കാണാനില്ല. ഞാന്‍ കൂട്ടിലടച്ച വെരുകിനെ പോലെ, കൂട്ടുകാരോട് ഇത് പറയാന്‍ പറ്റുമോ…….കുളിപ്പിച്ച് കിടത്തും. മൂന്ന് ദിവസം കഴിഞ്ഞപ്പോഴുണ്ട് പുള്ളിക്കാരി വരുന്നു. എന്നെ കണ്ടപ്പൊഴെ മുഖം താഴ്ത്തിയാണ് ക്ലാസിന്റെ വരാന്തയിലൂടെ നടന്നത്. ഞാന്‍ അടുത്ത് ചെന്ന് പറഞ്ഞു… ഞാന്‍ ജീവിതത്തില്‍ ആദ്യമായീട്ടാണ് ഒരു പെണ്‍ക്കുട്ടിയ്ക്ക് കത്തെഴുതുന്നത്. അത് അതുപോലെ തിരിച്ച് അയച്ചുതന്ന് എന്നെ സന്തോഷിപ്പിച്ചതിന് ഞാന്‍ ഒരു നന്ദിയും പറഞ്ഞു. പക്ഷെ ആ പെണ്‍ക്കുട്ടിയുടെ മറുപടിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്……”സാജുവിന്റെ കത്താണോ എന്നെനിക്കറിയില്ലായിരുന്നു….. ഞാന്‍ കരുതി ആരോ എന്നെ കളിപ്പിക്കുവാന്‍ കത്തെഴുതിയതായിരിക്കുമെന്ന്, അത് സാജുവെഴുതിയതാണെങ്കില്‍ എനിക്ക് തന്നേരെ ഞാന്‍ സൂക്ഷിച്ചുവച്ചോളാം” ഞാനതിന് മറുപടി പറഞ്ഞത്. “ആ കത്ത് ഞാന്‍ ആര്‍ക്കും തരില്ല….ഞാന്‍ ജീവിതകാലം മുഴുവന്‍ അത് സൂക്ഷിക്കും…..ഞാന്‍ അയച്ച കത്ത് എനിക്ക് തന്നെ തിരിച്ചുകിട്ടിയതല്ലേ…അത് ഞാന്‍ തന്നെ സുക്ഷിച്ചോളാം”
വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും, ഇന്നും ആ കത്ത് എടുത്ത് വായിക്കുമ്പോള്‍ പഴയ സംഭവങ്ങള്‍ മനസ്സിലേക്ക് ഓടിവരും, ഒപ്പം ആ പെണ്‍ക്കുട്ടിയുടെ നിഷ്കളങ്കതയും.
ഒരു ദിവസം കൂട്ടുകാര്‍ക്കെല്ലാം കരുവാരക്കുണ്ട് കാണാനും, എന്റെ വിട്ടില്‍ വരാനും ആഗ്രഹം പ്രകടിപ്പിച്ച്, എന്റെ പ്രിയപ്പെട്ട എല്ലാ കൂട്ടുകാരെയും തത്തമ്മപ്പച്ചക്കാരിയടക്കമുള്ള കൂട്ടുകാരികളെയും ഞാന്‍ വിളിച്ചു. പക്ഷെ വീട്ടില്‍ വന്നത് 10 കൂട്ടുകാരും…….ഒപ്പം ആ ഒരോറ്റ തത്തമ്മപ്പച്ചക്കാരിയും. ഭക്ഷണം എല്ലാം കഴിഞ്ഞ് 5 കൂട്ടുകാര്‍ എന്റെ വീട്ടില്‍ താമസിക്കുകയും, ആ കുട്ടിയും, മറ്റു കൂട്ടുകാര്‍ തിരിച്ച് പോവുകയും ചെയ്തു. ഇത് കണ്ട് എന്റെ അമ്മച്ചിയും അനിയത്തിയും എന്നെ കളിയാക്കി, ഈ പെണ്ണിനെയെങ്ങാനുമാണോടാ നീ കല്യാണം കഴിക്കുന്നതെന്ന് ചോദിച്ചുകൊണ്ട്……..ഞാന്‍ അതിന് മറുപടിയായി പറഞ്ഞത് അമ്മച്ചിയുടെ ആഗ്രഹം പോലെ ഞാന്‍ പള്ളിലച്ചന്‍ ആവാന്‍ പോവുകയാണെന്നായിരുന്നു…….സഭ നശിപ്പിക്കരുത് എന്ന ഉദ്ദേശത്തോടെ അമ്മച്ചി എന്റെ ആഗ്രഹം അവിടെ വച്ചേ നുള്ളിക്കളഞ്ഞു…….എന്തായാലും എന്നെ വിശ്വസിച്ചിച്ച് എന്റെ വീട്ടില്‍ കാല് കുത്തിയ ആദ്യത്തെ പെണ്ണും ആ തത്തമ്മപ്പച്ചക്കാരിയാണ്.
അങ്ങിനെയിരിക്കെ ഞങ്ങളുടെ ക്ലാസില്‍ ഉള്ള രജിനിയെന്ന ഒരു കുട്ടിയ്ക്ക് കല്ല്യാണമായി, അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം……വിവാഹം കഴിഞ്ഞ് പെണ്ണും ചെറുക്കനും പോയശേഷം എല്ലാവരും കൂടിയാലോചിച്ച് സിനിമയ്ക്ക് പോവാന്‍ തീരുമാനിച്ചു…..അതും ഭാവിയിലെ മിസ്റ്റര്‍ ആന്റ് മിസിസ്സ് ആവാന്‍ കാത്തിരിക്കുന്നവരുടെ കൂടെയായിരുന്നു. ഞാനും പോയിരുന്നത്.. ജഹനറയില്‍ “മണിചിത്രത്താഴ്” കളിക്കുന്നു.. ആ തത്തമ്മപ്പച്ചയും അവളുടെ രണ്ട് കൂട്ടുകാരികളും വന്ന് പറഞ്ഞു അവര്‍ക്ക് കൂടി ടിക്കറ്റ് എടുക്കുമോ…..നാളെ ക്ലാസില്‍ വരുമ്പോള്‍ പൈസ തിരിച്ചുതരാമെന്ന്….ഇത്തരം സഹായങ്ങള്‍ നമ്മള്‍ വാരിക്കോരി നല്‍ക്കാന്‍ സന്നദ്ധനാണെന്ന് അവര്‍ക്കറിയില്ലല്ലോ……എന്റെ ഒരു സീറ്റ് മുമ്പില്‍ ആയിരുന്നു. ആ കുട്ടിയും, ആ കുട്ടിയുടെ കൂട്ടുകാരികളും ഇരുന്നിരുനത്. ഞാന്‍ സിനിമയല്ലായിരുന്നു കണ്ടിരുന്നത്….പകരം ആ കുട്ടിയെ തന്നെയായിരുന്നു. നോക്കിക്കൊണ്ടിരുന്നത്. . അങ്ങിനെ ഞാന്‍ ആദ്യമായി സിനിമയ്ക്ക് ടിക്കറ്റ് എടുത്ത് കൊടുത്ത പെണ്ണും ആ തത്തമ്മപ്പച്ച പെണ്‍ക്കുട്ടിയായി… പക്ഷെ…..ആ പെണ്‍ക്കുട്ടി ഇന്ന് വരെ മണിചിത്രത്താഴ് സിനിമയ്ക്ക് എടുത്ത് കൊടുത്ത ടിക്കറ്റിന്റെ പൈസ ഇതുവരെ തന്നിട്ടില്ല…….. മണിചിത്രത്താഴ് കാണുമ്പോള്‍ ആ കുട്ടി തരാനുള്ള കടത്തിന്റെ കുടിശിക ആണ് എനിക്ക് ഓര്‍മ്മ വരിക.
അങ്ങിനെ അവസാനം മലരമ്പന്‍ എന്റെ മനസ്സും കീഴടക്കി……എന്റെ ഊണിലും ഉറക്കത്തിലും ആ പെണ്‍ക്കുട്ടിയായി ചിന്ത…….എനിക്ക് ആ കുട്ടിയോട് ഇഷ്ടമാണെന്ന് ഞാനെന്റെ കൂട്ടുകാരോടും പറഞ്ഞു. പക്ഷെ എന്റെ “പരക്കപഞ്ചാര” എന്നുള്ള കോളെജിലെ പേര് ഒരു വിഗ്നമായി മാറുമോയെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു…..അങ്ങിനെ ആറ്റിയും കുറുക്കിയും…..ഞാന്‍ മനസ്സില്‍ നെയ്തെടുത്ത എന്റെ ഹൃദയവികാരങ്ങള്‍ ഞാന്‍ ആ പെണ്‍ക്കുട്ടിയോട് തുറന്ന് പറയാന്‍ തീരുമാനിച്ചു………അങ്ങിനെ ഒരു 20-5-1994 ന് ഞാന്‍ ആ തത്തമ്മപ്പച്ചയോട് അരുകില്‍ ചെന്ന്, എനിക്ക് ഒരു പ്രത്യേക കാര്യം പറയാനുണ്ട്…ക്ലാസ് കഴിഞ്ഞ് നില്‍ക്കണമെന്ന് ഞാന്‍ ആവിശ്യപ്പെട്ടു. എന്നും ചിരിച്ച് സംസാരിക്കാറുള്ളത് പോലെ; ആ പെണ്‍ക്കുട്ടി ചിരിച്ച് സമ്മതം അറിയിക്കുകയും ചെയ്തു…..ക്ലാസ്സുകള്‍ കഴിയാന്‍ മണിക്കൂറുകള്‍ ഉള്ളത് എനിക്ക് വര്‍ഷങ്ങള്‍ ദീര്‍ഘമുള്ളതായി തോന്നി…..അങ്ങിനെ അവസാനം ആ നിമിഷം വന്നെത്തി………ജീവിതത്തില്‍ ആദ്യമായി ഒരു പെണ്‍ക്കുട്ടിയോട് ഇഷ്ടമാണെന്ന് പറയാന്‍ പോവുന്നു……ക്ലാസ് കഴിഞ്ഞതും എന്നെ തിരക്കി ആ പെണ്‍ക്കുട്ടി വന്നു…..മനസ്സില്‍ പറയാന്‍ വിചാരിച്ചെതെല്ലാം മറന്ന് പോവുകയോ, ക്രമം തെറ്റിപ്പോവുകയോ ചെയ്തിരിക്കുന്നു……വെറുതെ പഞ്ചാരയടിക്കുന്നതുപോലെ അത്ര എളുപ്പമല്ല പ്രണയവികാരം കൈമാറുകയെന്ന് ആദ്യമായി ഞാന്‍ മനസ്സിലാക്കി….എന്നാലും ധൈര്യം സംഭരിച്ച് ഞാന്‍ ആ പെണ്‍ക്കുട്ടിയെ ഒരു ഒഴിഞ്ഞ ക്ലാസിലേക്ക് വിളിച്ചു……കൂട്ടുകാര്‍ പുറത്ത് കാത്തുനില്‍ക്കുന്നു……..ഞാന്‍ മലരമ്പ് എയ്ത് വന്നശേഷം എന്നെക്കൊണ്ട് കെ.ആര്‍ ബേക്കറിയില്‍ വച്ച് നടത്തിക്കേണ്ട പാര്‍ട്ടിയുടെയും. കണെക്കെടുപ്പ് പുറത്ത് നടത്തുന്നു. ശരിയായാല്‍ എന്തിന് കെ. ആര്‍…….സബ്രീനതന്നെയെന്ന് ഞാന്‍….
ഞാന്‍ ഒന്നും പറയാതെ നില്‍ക്കുന്നത് കണ്ട് ആ കുട്ടി ചോദിച്ചു. “എന്താ സാജുവിന് പറയാനുണ്ട് എന്നു പറഞ്ഞത്”
ജീവിതത്തില്‍, ആ തത്തമപ്പച്ചയോട് അനുബന്ധിച്ച് എല്ലാം എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുമെങ്കിലും……ഞാന്‍ ആ കുട്ടിയോട് എന്റെ പ്രണയാഭ്യത്ഥന നടത്തിയത് എനിക്ക് എത്ര ആലോചിച്ചിട്ടും ഓര്‍മ്മ കിട്ടുന്നില്ല. ഒരു പക്ഷെ എന്റെ തൊണ്ടയില്‍ നിന്നും ഒന്നും വന്നിരിക്കില്ല. അല്ലാതെ അങ്ങിനെ സംഭവിക്കാന്‍ സാധ്യതയില്ല. എങ്കിലും അവസാനം ഞാന്‍ എന്തിന്റെയൊക്കെയൊ കൂടെ ആ കുട്ടിയോട് പറഞ്ഞു….. “ഐ….ലൈക്ക് യു”….
ഞാനത് പറഞ്ഞതും…..പിന്നെ അവിടെ നടന്നതുമായ സംഭവം പണ്ട് …..ത്രേതയുഗത്തില്‍ നടന്നതും, .രാമായണത്തില്‍ വിവരിച്ചിരിക്കുന്നതുപോലെയുമാണ് സംഭവിച്ചിച്ചത്…. ഹൃദയഭേദകമായ വാര്‍ത്തയും, ദുഖവും കാരണം സീത ഭൂമി പിളര്‍ന്ന് താഴ്ന്ന് പോവുകയാണല്ലോ ഉണ്ടായത്……അതു പോലെ എനിക്കും സംഭവിച്ചു….പക്ഷെ ക്ലാസ് സിമന്റ് ഇട്ട തറയായതിനാല്‍ ഞാന്‍ ഭൂമിയില്‍ തന്നെ നിന്നു. നിഷ്ക്കരണം എന്റെ പ്രണയാഭ്യര്‍ത്ഥന ആ തത്തമ്മപ്പച്ച നിരസിച്ചു… ഒപ്പം…….ഛേയ്….എന്ന് പറഞ്ഞ് കഴുത്ത് വെട്ടിച്ച് എന്റെ അരികില്‍ നിന്നും ഇറങ്ങിയോടി…… പിന്നെ തിരിഞ്ഞു നിന്നു…..സാജു കരുതുന്നത് പൊലെയല്ല ഞാന്‍ സാജുവിനെ കരുതിയിരുന്നത്… പരസ്പരമുള്ള ചിരിയില്‍ പ്രണയം മാത്രമല്ല ഉള്ളത്…… ഇത് നിങ്ങള്‍ ആണ്‍ക്കുട്ടികളുടെ ഒരു പ്രത്യേകതയാണ്. പിന്നെ സാജു കരുതുന്നതുപോലെ എനിക്ക് സാജുവിനെ തിരിച്ച് പ്രണയിക്കാനും കഴിയില്ല” ഇതും പറഞ്ഞു……ആ പെണ്‍ക്കുട്ടി ക്ലാസില്‍ നിന്നും ഇറങ്ങിയോടി…
കൂട്ടുകാര്‍ ക്ലാസിലേക്ക് ഇരച്ച് കയറി…എന്റെ മുഖം കണ്ടപ്പോഴെ അവര്‍ക്ക് കാര്യം മനസ്സിലായി….. അവര്‍ അവര്‍ക്ക് അറിയാവുന്ന ആ പ്രേമരഹസ്യം വെളിപ്പെടുത്തി .അതായത്… എല്ലാവരെയും പഞ്ചാരയടിച്ച് നടക്കുന്ന ഒരു ആണ്‍ക്കുട്ടിയേയും ഒരു പെണ്‍ക്കുട്ടിയും സ്നേഹിക്കുകയില്ലെന്ന്……..” പക്ഷെ….എനിക്ക് മാത്രമല്ലേ അറിയൂ അവളെ മാത്രമേ ഞാന്‍ എന്റെ ഹൃദയത്തില്‍ വച്ച് ഇഷ്ടപ്പെട്ടിരുന്നതെന്നും….. എന്റെ ഓരോ ശ്വാസത്തിലും,…….എന്റെ ഓരോ അണുവിലും ആ പെണ്‍ക്കുട്ടിയോടുള്ള സ്നേഹമായിരുന്നെന്നും.,……എന്റെ അവസാനശ്വാസം വരെ അവളെ മറക്കിലെന്നും……..ആര്‍ക്കും അത് മനസ്സിലായില്ല…….
തിരിച്ച് കോളെജ് വിട്ട്….സബ്രീനയുടെ മുമ്പിലൂടെ നടക്കുമ്പോള്‍...മുത്തപ്പന്‍ ബാറിന് മുമ്പിലുള്ള കാനായിയുടെ കറുത്ത രതിശില്പം എന്നെ അകത്തേക്ക് ക്ഷണിച്ചു...പക്ഷെ അവിടെ ഒതുക്കാവുന്നതായിരുന്നില്ല എന്റെ സങ്കടം.
അന്ന് രാത്രി……ഞാന്‍ ഉറങ്ങിയില്ല…… ഇനി ജീവിതത്തില്‍ മറ്റോരു സ്ത്രീയോടും ഇഷ്ടമാണെന്ന് പറയില്ലെന്ന് ഞാന്‍ ശപഥം ചെയ്തു ആ രാത്രിയില്‍……മാത്രമല്ല……കോളെജില്‍ പോയി…..ആ തത്തമ്മപ്പച്ചയോട് മാപ്പ് പറയുക….ഒപ്പം അത്തരം ഒരു മാനസികാവസ്ഥയില്‍ കോളെജില്‍ തുടര്‍ന്ന് പഠിക്കുന്നതിന് എനിക്കു കഴിയില്ല…. അത്തരം ഒരു മാനസീകാവസ്ഥയില്‍ ഞാന്‍ അവിടെ തുടര്‍ന്ന് പഠിച്ചാല്‍ അത് വീണ്ടും എന്റെ ഒരു പരാജയത്തിലേ കലാശിക്കുവെന്ന് ഉറപ്പയതിനാല്‍ എന്റെ പഠനം ഉപേക്ഷിക്കാനും ഞാനന്ന് രാത്രി തീരുമാനിച്ചു.
ഞാനാ പെണ്‍ക്കുട്ടിയെ കാത്തിരുന്നെങ്കിലും…….അവള്‍ വന്നില്ല…….ഇതിനിടയില്‍ ബോംബെയില്‍ ഉള്ള ഒരു കൂട്ടുകരന്റെ അടുത്ത് പോവാന്‍ തീരുമാനിച്ചു……വീട്ടില്‍ ഞാന്‍ എന്റെ തീരുമാനം പറഞ്ഞപ്പോള്‍ അതും എന്റെ പതിവ് ഭ്രാന്തന്‍ വര്‍ത്തമാനമായിട്ടെ അവര്‍ക്ക് തോന്നിയുള്ളു…….പക്ഷെ….ഞാന്‍ ഉറച്ചുതന്നെയെന്ന് കരുതിയപ്പൊള്‍ എന്റെ ചേട്ടന്‍ മുന്‍കൈയെടുത്ത്…എന്റെ ഭാവിക്ക് നല്ലതായിരിക്കുമെന്ന് കരുതി…5-6 ദിവസത്തിനകം സൌദിയിലേക്കുള്ള വിസ ശരിയാക്കി…മലപ്പുറം ജില്ലയില്‍ നിന്നും സൌദിയിലേക്കുള്ള വിസ സംഘടിപ്പിക്കുക അന്ന് അത്ര പ്രശ്നമായിരുന്നില്ല…ആരുടെ കണ്ണിലും അത്രവേഗം എത്തിപ്പെടാത്ത ഒരു സ്ഥലമായിരുന്നു. എനിക്കേറെയിഷ്ടം…..
ഇതെല്ലാം ശരിയാക്കി ഒരാഴ്ച കഴിഞ്ഞു ഞാന്‍ വീണ്ടും കോളെജില്‍ ചെന്നപ്പോള്‍ ആ തത്തമ്മപ്പച്ച കോളെജില്‍ ഉണ്ടായിരുന്നു….ക്ലാസ് വിട്ട് പുറത്തിറങ്ങാതെ ആ പെണ്‍ക്കുട്ടി ക്ലാസില്‍ തന്നെയിരിക്കുകയായിരുന്നു…അവസാനം കോളെജ് വിട്ട് ആ പെണ്‍ക്കുട്ടി കൂട്ടുകാരികള്‍ക്കിടയില്‍ നില്‍ക്കുന്ന സമയത്ത്…ഞാന്‍ പോയി ആ പെണ്‍ക്കുട്ടിയോട് സംഭവിച്ചതിന് മാപ്പ് പറയുകയും… ഞാന്‍ കോളെജ് നിറുത്തി പോവുകയാണെന്നു പറഞ്ഞു. മുമ്പ ഞാന്‍ പറഞ്ഞത് കൂട്ടുകാരികള്‍ക്ക് മനസ്സിലാവാതിരിക്കാനായിരിക്കാം. എനിക്ക് സാജു പറയുന്നതൊന്നും മനസ്സിലായില്ല എന്ന് ആ പെണ്‍ക്കുട്ടി എന്നോട് കള്ളം പറഞ്ഞു….
അങ്ങിനെ അന്ന് ആ കോളെജിലെ പഠനവും ഉപേക്ഷിച്ച് പടിയിറങ്ങി…പിന്നെ സൌദിക്ക് പോവുന്ന തിരക്കിലായിരുന്നു………ഒരു മാസത്തിനകം എല്ലാ പേപ്പറും റെഡിയായി…..സൌദിക്ക് പോവുന്നതിനതിന്റെ 3 ദിവസം മുമ്പ് പെരിന്തല്‍മണ്ണയില്‍ നിന്നും ഡ്രെസ്സെല്ലാം എടുത്ത് വരുന്ന സമയത്ത്, അവിചാരിതമായി ബസ്സ് സ്റ്റാന്‍ഡില്‍ വച്ച് തത്തമ്മപ്പച്ച എന്റെ മുമ്പില്‍…… ഒന്നും പറയാതെ ഇത്തിരി നേരം ഞങ്ങള്‍ നിന്നു. ..പിന്നെ ഒരു നിമിഷം നില്‍ക്കൂവെന്ന് പറഞ്ഞു……… അടുത്തുള്ള ഒരു ബുക്ക്സ്റ്റാളില്‍ പോയി ഒരു കുഞ്ഞുഡയറി വാങ്ങി എനിക്ക് തന്നു…..എന്നിട്ട് പറഞ്ഞു…“ഇതില്‍ ഞാന്‍ എന്റെ വിലാസം എഴുതിയിട്ടുണ്ട്…….അവിടെ പോയി സമയം കിട്ടുമ്പോള്‍ കത്തെഴുതു…തിരിച്ചയക്കുമെന്ന് പേടി വേണ്ട” ഇതും പറഞ്ഞു ആ പെണ്‍ക്കുട്ടി നടന്നു മറഞ്ഞു.. അവള്‍ ആള്‍ക്കുട്ടത്തില്‍ മറയുന്നത് വരെ ഞാനും നോക്കി നിന്നു. തിരിച്ച് ബസ്സില്‍ കയറി ആ ഡയറി മറിച്ച് നോക്കിയപ്പോള്‍…വിലാസത്തിന്റെ കൂടെ…അവസാനം ഒരു “ ഏ പ്ലസ്” എന്നെഴുതിയിരിക്കുന്നു, എനിക്കൊന്നും മനസ്സിലായില്ല അത് കണ്ടിട്ട് എങ്കിലും…ആ വിലാസത്തിലൂടെ എന്റെ വിരലുകള്‍ ചലിച്ചു………
എതാനും ദിവസങ്ങള്‍ക്കകം……..അതായത് പ്രിയപ്പെട്ടതെല്ലാം വിട്ട്….1994.ഓഗസ്റ്റ് 15 ന് ഞാന്‍ സൌദിയില്‍ വന്നു…………..ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയ ആ ദിവസം എന്റെ സ്വാതന്ത്യത്തില്‍ ഒരു ചെറിയ കടിഞ്ഞാണ്‍ വീഴുകയായിരുന്നു.
വര്‍ഷങ്ങള്‍…1,2,3,4 അങ്ങിനെ കടന്നുപോവുന്നു. തികച്ചും ഏകാന്തമായ അനേകം വര്‍ഷങ്ങള്‍…. എന്റെ ആ ഏകാന്തതയിലും എന്റെ തലയിണകള്‍ മാത്രം സന്തോഷിച്ചിരുന്നു….കാരണം ആ തത്തമ്മപച്ചയ്ക്ക് കിട്ടേണ്ടിയിരുന്ന ഉമ്മകള്‍ എല്ലാം ആ തലയിണകളായിരുന്നു വാങ്ങിയിരുന്നത്.
2004 മാര്‍ച്ച് 18 എനിക്ക് “ഇസബെല്ല; 2006 സെപ്തംബര്‍ 24ന് “ഗബ്രിയേല” എന്നിങ്ങനെ രണ്ടു പെണ്‍ക്കുട്ടികള്‍ സൌദിയില്‍ വച്ച് ജനിച്ചു………..
ആ രണ്ട് കുട്ടികളെയും എനിക്ക് തന്നത്…………. ആ പഴയ തത്തമ്മപ്പച്ച പെണ്‍ക്കുട്ടി തന്നെയായിരുന്നു.
വാല്‍കഷ്ണം:
ആ തത്തമ്മപ്പച്ചയെ സൌദിയില്‍ ഇരുന്നുകൊണ്ട് എങ്ങിനെ കറക്കിയെടുത്തെന്നും, ഒരിക്കലും നടക്കില്ലെന്ന് കരുതിയ വിവാഹം എങ്ങിനെ നടന്നുവെന്നും ഞാന്‍ എഴുതുന്നില്ല കാരണം അത് പ്രിയദര്‍ശന്‍ സിനിമയാക്കുവാന്‍ ചോദിച്ചതിനാല്‍……. ശേഷം വെള്ളിത്തിരയില്‍
23 comments:
ഹോ...സസ്പെന്‍സ് പ്രേമകഥ!!
ഇഷ്ടപ്പെട്ടു ..
...പിന്നെ ആദ്യത്തെ കൊച്ചിന് മോണിക്ക എന്നും രണ്ടാമതെതിനു ഗബ്രിയേല എന്നും ആയിരുന്നേല്‍ കറക്റ്റ് ആയേനെ?
അപ്പൊ ഇനി ബാക്കി കഥ കേള്‍ക്കാന്‍ പ്രിയദര്‍ശന്റെ സിനിമക്ക് വേണ്ടി കത്ത് നിക്കണോ? മലയാളം ആണോ അതോ ഹിന്ദി ആയിരിക്കുമോ..:)
“പരക്കപഞ്ചാര”
:))
ഇഷ്ടപ്പെട്ടു ..
തത്തമ്മക്കുട്ടിയെ പിരിയേണ്ടി വന്ന്തു വായിച്ചുകൊണ്ടിരിക്കുമ്പോൾ മനസിൽ പ്രാർഥന പോലെ പ്രതിക്ഷ(മോഹം)ഉണ്ടായിരുന്നു.. ആ കുട്ടി തന്നെ ആവണേ താങ്കളുടെ ജീവിത സഖി എന്ന്.. സസ്പെൻസ് അടിപ്പിച്ച് മുൾ മുനയിൽ നിർത്തിയെങ്കിലും അവസാനം സന്തോഷം നൽകിയല്ലോ.. നന്ദി..
സ്നേഹിക്കുന്നവർക്കൊപ്പമുള്ള ജീവിതം സ്വർഗമാണ്.. ഞാൻ അതിന്റെ വില ശരിക്കും അറിയുന്ന ഒരാളുമാണ്.. അതിനാൽ തന്നെ സ്നേഹിക്കുന്നവർ പിരിയുന്നതു കേൾക്കുമ്പോൾ അറിയാതെ മനസു പിടയും...
ആശംസകൾ...
ശ്ശൊ.. ഫോളൊ അപ് ഇടാൻ മറന്നു.. ഇപ്പോ ശരിയാക്കി ട്ടോ...
സാജൂ,
എന്നെത്തെയും പോലെ ഇതും കലക്കി.
നന്നായിട്ടുണ്ട് ,ആശംസകള്‍ .പോസ്റ്റുകള്‍ മിക്കതും വായിച്ചു വരുന്നു .നാട്ടപിരാതനെ ഒത്തിരി ഇഷ്ട്ടമായി പിന്നെ ആ കഷണ്ടിയും
എന്തൂന്ന ഇത്. ഒരു വക വായിച്ചവരെ മണ്ടന്മാരാക്കി കളഞ്ഞല്ലോ. അടുത്തത് എഴുതൂ എങ്ങനെ കറക്കി എന്ന്. :-)
വളരെ നന്നായിടുണ്ട്. ഇഷ്ട്ടായി!!!!
മുട്ടചെട്ടാ
വീണ്ടും പോസ്ടിയോ....ആശംസകള്‍
മോട്ടേട്ടാ കലക്കീണ്ട്ട്ടാ...അടിപൊളി.
ഒരു നട്സ്ടച്ചിന്‍റെ കുറവനുഭവപ്പെട്ടോ എന്നൊരു സംശയം. ഈയിടെയായി അല്പം അത്മീയം തലയില്‍ കയറിയ ലക്ഷ്ണമുണ്ട്. കഥാന്ത്യം അസ്സലായി.
ആത്മഹര്‍ഷത്തിന്റെ ഭാഗമായത് കൊണ്ടാവാം ഇത്തിരി എന്‍ലാര്‍ജ് ആയി തോന്നി എങ്കിലും അതൊന്നും ഒരു പ്രശ്നമല്ല ഒറ്റയിരിപ്പില്‍ വായിച്ച് തീര്‍ത്തു. രസിച്ചു. ഇമ്മാതിരി ഐറ്റംസ് ഇടക്ക് തന്നൂടേ?
പരക്കപഞ്ചാരേ,
തത്തമ്മപച്ച എന്നാ ബ്ലോഗ് തുടങ്ങുന്നേ?
അയ്യേ!!!! അവസാനത്തെ ആ വരികള്‍ വായിച്ച് എന്റെ കണ്ണ് വരെ നിറഞ്ഞു വരികയായിരുന്നു. അപ്പോഴാ....
“2004 മാര്ച്ച് 18 എനിക്ക് “ഇസബെല്ല; 2006 സെപ്തംബര്‍ 24ന് “ഗബ്രിയേല” എന്നിങ്ങനെ രണ്ടു പെണ്ക്കു ട്ടികള്‍ സൌദിയില്‍ വച്ച് ജനിച്ചു………..
ആ രണ്ട് കുട്ടികളെയും എനിക്ക് തന്നത്…………. ആ പഴയ തത്തമ്മപ്പച്ച പെണ്ക്കു ട്ടി തന്നെയായിരുന്നു”
മനുഷ്യനെ മെനക്കെടുത്താന്‍......... എന്റെ നാട്സേട്ടാ........
സന്തോഷായി ട്ടോ
തത്തമ്മപ്പച്ചയെ കറക്കിയ കഥ കൂടി പറഞ്ഞൂടെ നട്സേട്ടാ
വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു
പച്ചത്തത്തമ്മയുടെ കഥ.
കുട്ടികള്‍ക്കും,പച്ചത്തത്തമ്മക്കും,സ്സജുവിനും
ചിത്രകാരന്റെ ആശംസകള്‍.
മോട്ടേട്ടാ........നന്നായിട്ടുണ്ട്.... തത്തമ്മപ്പച്ചയെ കറക്കിയ കഥ കൂടെ പറഞ്ഞുതാ മാഷേ..
Accidently stumbled upon your page, I liked the humor, helped me relax, thank you.
glad to know that the love story had a happy ending, waiting for the next part.
ഗഡ്യേ തകര്‍ത്തുട്ടാ ഉഗ്രന്‍ എഴുത്ത്
ചില കാര്യങ്ങള്‍ എന്നെ എന്റെ കോളേജ് ജീവിതത്തിലേക്ക് കൊണ്ട് പോയി. പ്രണയ നൈരാശ്യം മൂലം ബോംബെ പോകാന്‍ നിന്ന ഒരു സ്നേഹിതന്‍ എനിക്കും ഉണ്ടായിരുന്നു. ഒരു വിധത്തില്‍ ആണ് തുടര്‍ന്ന് പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്. കക്ഷി ഇപ്പോള്‍ കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറിയില്‍ സ്ഥിര ജീവനക്കാരന്‍ ആണ്. ഇത് വായിച്ചപോള്‍ ഒരു കാര്യം വ്യക്തം ആയി.. സ്ത്രീകള്‍ ആദ്യ പ്രണയത്തോട് പ്രതികരിക്കുന്നത് ഒരുപോലെയാണ് ... :)
പ്രണയിച്ച് വിവാഹിതനായത് കൊണ്ട് പോസ്റ്റ് നല്ല ഇഷ്ടമായി.
Post a Comment